അടുത്ത ജൂണില്‍ ചീഫ് സെക്രട്ടറി വിരമിക്കും വരെ അഴിമതിക്കെതിരെ പോരാട്ടം നടത്തുന്ന ഐഎഎസുകാരന് സര്‍വ്വീസിന് പുറത്ത് നില്‍ക്കേണ്ടി വരും; ചട്ടങ്ങളെല്ലാം അട്ടിമറിച്ച് അന്വേഷണ പ്രഖ്യാപനം വരുന്നത് സസ്‌പെന്‍ഷന്‍ വീണ്ടും ആറു മാസത്തേക്ക് കൂടി നീട്ടാന്‍ തന്നെ; ജയതിലകിനെതിരായ ആരോപണം അന്വേഷിക്കുന്നത് കീഴ് ഉദ്യോഗസ്ഥന്‍; കേരളം വേറിട്ട വഴിയില്‍ സഞ്ചരിക്കുമ്പോള്‍
തിരുവനന്തപുരം: മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ച സംഭവത്തില്‍ പ്രശാന്ത് ഐഎഎസിനെതിരെ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ഉത്തരവ് പുറത്തിറങ്ങി. അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖൊബ്രഗഡെയാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളാണ് പ്രസന്റിംഗ് ഓഫീസര്‍. പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്ത് ഒമ്പത് മാസങ്ങള്‍ക്കു ശേഷമാണ് നടപടി. നവംബറിലാണ് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. ഇതോടെ അന്വേഷണം തീരും വരെ പ്രശാന്തിനെ പുറത്ത് നിര്‍ത്താനും കഴിയും. അതിനിടെ പ്രശാന്ത് തെളിവുകള്‍ നല്‍കിയാല്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ എന്തു ചെയ്യുമെന്നതും ചോദ്യമായി ഉയരുന്നുണ്ട്.
അന്ന് അഡീഷണല്‍ ചീഫ് സെക്രട്ടറിയായിരുന്ന കെ ജയതിലക്, വ്യവസായ വകുപ്പ് ഡയറക്ടറായ കെ ഗോപാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെയാണ് പ്രശാന്ത് അധിക്ഷേപം നടത്തിയത്. ഇവര്‍ വ്യാജരേഖ ചമച്ചെന്ന ഗുരുതര ആരോപണങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രശാന്ത് നടത്തിയത്. ഇതിനുപിന്നാലെ തന്നെ പ്രശാന്തിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് രണ്ടുതവണ കൂടി സസ്പെന്‍ഷന്‍ നീട്ടുകയും ചെയ്തു. ഇതിനൊടുവിലാണ് പ്രശാന്തിനെതിരെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. നേരത്തെ പ്രശാന്തിനെതിരെ സര്‍ക്കാര്‍ ചാര്‍ജ് മെമ്മോ നല്‍കിയിരുന്നു. ഇതിന് പ്രശാന്ത് നല്‍കിയ മറുപടി തൃപ്തികരമല്ലെന്നാണ് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നത്. പ്രശാന്തിന്റെ വാദങ്ങള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ഉത്തരവിലുണ്ട്.
കുറ്റപത്ര മെമ്മോക്ക് പ്രശാന്ത് നല്‍കിയ മറുപടി തള്ളുന്നതായി അന്വേഷണ ഉത്തരവില്‍ പറയുന്നു. മെമ്മോയിലെ കുറ്റങ്ങള്‍ എല്ലാം നിഷേധിച്ചുവെന്നും ഇതിന് പറയുന്ന ന്യായങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും സര്‍ക്കാര്‍ പറയുന്നു. അതേസമയം, സര്‍ക്കാര്‍ നടപടിയില്‍ നിരവധി പാകപ്പിഴകളുണ്ട്. പ്രശാന്ത് ആരോപണങ്ങള്‍ ഉന്നയിച്ചത് ചീഫ് സെക്രട്ടറി ജയതിലകിനെതിരെയാണ്. എന്നാല്‍ അന്വേഷണം നടത്തുന്നത് ചീഫ് സെക്രട്ടറിക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുന്നവരാണ്. സസ്‌പെന്‍ഡ് ചെയ്ത് ആറ് മാസത്തിനകം അന്വേഷണ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ചട്ടം. എന്നാല്‍ പ്രശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിക്കുന്നത് സസ്‌പെന്‍ഡ് ചെയ്ത് 9 മാസങ്ങള്‍ക്ക് ശേഷമാണ്. ഇതിനിടയില്‍ മൂന്ന് തവണ സസ്‌പെന്‍ഷന്‍ നീട്ടുകയും ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടാനാണ് ഇപ്പോള്‍ അന്വേഷണം പ്രഖ്യാപിക്കുന്നത്.
ചീഫ് സെക്രട്ടറിയായ ജയതിലക് അടുത്ത ജൂണില്‍ വിരമിക്കും. അതുവരെ പ്രശാന്തിനെ സര്‍വ്വീസില്‍ കയറ്റാതിരിക്കാനാണ് നീക്കം. അതിന് വേണ്ടിയാണ് ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തി അന്വേഷണം പ്രഖ്യാപിക്കുന്നത്. തന്റെ സസ്പെന്‍ഷനുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ.ജയതിലകിനെതിരായ കൂടുതല്‍ തെളിവുകള്‍ പ്രശാന്ത് പുറത്ത് വിട്ടിരുന്നു. വിവരാവകാശ നിയമപ്രകാരം ലഭിച്ച വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഇന്നലെ പ്രശാന്ത് സമൂഹമാധ്യമത്തില്‍ വ്യക്തമാക്കിയിരുന്നു. 2025 ഏപ്രില്‍ 23ന് ചേര്‍ന്ന സസ്പെന്‍ഷന്‍ റിവ്യൂ കമ്മിറ്റി എന്‍.പ്രശാന്തിന്റെ സസ്പെന്‍ഷന്‍ റദ്ദാക്കാന്‍ തീരുമാനമെടുത്തതിന്റെ മിനിട്സാണ് പുറത്തുവിട്ടത്. ജയതിലക് ഇടപെട്ട് സസ്‌പെന്‍ഷന്‍ വീണ്ടും നീട്ടിയെന്നാണ് പ്രശാന്തിന്റെ ആരോപണം.
അന്നത്തെ ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ആഭ്യന്തരവകുപ്പ് അഡീ.ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹ, പൊതുഭരണവകുപ്പ് അഡീഷനല്‍ ചീഫ് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍ എന്നിരാണ് കമ്മിറ്റിയിലുണ്ടായിരുന്നത്. വിഷയത്തില്‍ പ്രശാന്ത് വിശദീകരണം നല്‍കിയിട്ടുണ്ടെന്നും ഇതു പരിഗണിച്ച് സസ്പെന്‍ഷന്‍ ഒഴിവാക്കാന്‍ ശുപാര്‍ശ ചെയ്യാന്‍ കമ്മിറ്റി തീരുമാനിച്ചുവെന്നുമാണ് മിനിട്സില്‍ പറയുന്നത്. എന്നാല്‍ ശാരദാ മുരളീധരന്‍ ഒഴിഞ്ഞ് ജയതിലക് ചീഫ് സെക്രട്ടറിയായ ശേഷം വീണ്ടും ചട്ടവിരുദ്ധമായി കമ്മിറ്റി ചേര്‍ന്ന് സസ്പെന്‍ഷന്‍ നീട്ടാന്‍ തീരുമാനമെടുത്തു.
പ്രശാന്ത് ആരോപണം ഉന്നയിച്ചത് ജയതിലകിന് എതിരെ ആയതിനാല്‍ റിവ്യൂ കമ്മിറ്റിയില്‍ ചീഫ് സെക്രട്ടറിക്കു പകരം അഡീഷനല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡയെ സര്‍ക്കാര്‍ ഉള്‍പ്പെടുത്തി. എന്നാല്‍ പുതിയ അംഗത്തെ ഉള്‍പ്പെടുത്തേണ്ട കാര്യമില്ലെന്നും രണ്ടംഗ കമ്മിറ്റി വിളിച്ചുചേര്‍ത്ത് നിര്‍ദേശം നല്‍കാന്‍ ബിശ്വനാഥ് സിന്‍ഹയെ ചുമതലപ്പെടുത്തിയെന്നും കാട്ടി ജയതിലക് മേയ് 3ന് ഫയല്‍നോട്ടില്‍ വ്യക്തമാക്കി. തുടര്‍ന്ന് രണ്ടംഗ കമ്മിറ്റിയുടെ ശുപാര്‍ശ പ്രകാരം മേയ് 7ന് പ്രശാന്തിന്റെ 6 മാസത്തെ സസ്പെന്‍ഷന്‍ 180 ദിവസത്തേക്കു കൂടി നീട്ടുകയായിരുന്നു.
ചീഫ് സെക്രട്ടറി ഇല്ലെങ്കില്‍ കമ്മിറ്റിയില്‍ മുതിര്‍ന്ന അഡീ. ചീഫ് സെക്രട്ടറി ഉണ്ടായിരിക്കണമെന്ന നിയമം അട്ടിമറിച്ചാണ് രണ്ടംഗ സമിതി കൂടിയതെന്നാണ് ആക്ഷേപം. ഇതിനിടെയാണ് സസ്‌പെന്‍ഷന്‍ നീട്ടാന്‍ വേണ്ടി അന്വേഷണ പ്രഖ്യാപനം.