ഒന്നാം പേജില്‍ എട്ട് കോളം നീക്കിവച്ച് പെട്ടു ബ്രോയെന്ന് തലക്കെട്ട്; അച്ചടക്കനടപടി ഉറപ്പെന്ന് ചീഫ് സെക്രട്ടറി പറഞ്ഞെന്നും റിപ്പോര്‍ട്ട്: വാട്ട്‌സ്ആപ്പ് മത ഗ്രൂപ്പ് വിവാദത്തിന്റെ ചുവട് പിടിച്ച് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്യിക്കാന്‍ രണ്ടും കല്‍പ്പിച്ച് മാതൃഭൂമി; 'മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി'യില്‍ ഐഎഎസ് പോര് ശക്തം
തിരുവനന്തപുരം: മാതൃഭൂമിക്ക് ഐഎഎസുകാരനായ എന്‍ പ്രശാന്താണ് ഇന്നും വാര്‍ത്ത. ഐഎഎസ് തലത്തിലെ പോര് പരസ്യമാക്കുന്നതിലേക്ക് വഴിവച്ച മാതൃഭൂമി തലക്കെട്ടിലൂടെ തന്നെ പ്രശാന്തിനെ കളിയാക്കുകയാണ്. പെട്ടു ബ്രോ എന്ന തലക്കെട്ടുമായി അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ ചിത്തരോഗിയെന്ന് അധിക്ഷേപിച്ച എന്‍. പ്രശാന്തിനോട് വിശദീകരണം തേടുമെന്ന് ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍ പറഞ്ഞത് ചര്‍ച്ചയാക്കുകയാണ് പത്രം. ഈ ഐഎഎസ് പോരിന് മതാടിസ്ഥാനത്തിലുള്ള ഗ്രൂപ്പ് രൂപീകരണത്തിനും ബന്ധമുണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ നടപടിക്ക് ഒരുങ്ങുകയാണ് സര്‍ക്കാര്‍. ഈ പ്രശ്‌നവുമായി പ്രശാന്തിന്റെ പ്രതികരണത്തിനും മാതൃഭൂമി വാര്‍ത്തയ്ക്കും ബന്ധമുണ്ടെന്നാണ് വിലയിരുത്തല്‍. ജയതിലകിന്റെ അതിവിശ്വസ്തനാണ് ഗോപാലകൃഷ്ണന്‍ എന്ന വാദവും സജീവമാണ്.
'ജയതിലക് എന്ന വ്യക്തിതന്നെയാണ് മാടമ്പള്ളിയിലെ യഥാര്‍ഥ ചിത്തരോഗി' എന്ന് പ്രശാന്ത് സമൂഹമാധ്യമത്തിലിട്ട കമന്റിന്റെയും ജയതിലകിനെതിരായ കുറിപ്പിന്റെയും പേരിലാണ് വിശദീകരണം തേടുന്നത്. നടപടി ആവശ്യപ്പെട്ട് ജയതിലകും ചീഫ് സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. പ്രശാന്ത് 'ഉന്നതി'യിലെ സി.ഇ.ഒ. ആയിരുന്ന കാലത്തെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കിയതാണ് പ്രശാന്തിനെ ചൊടിപ്പിച്ചത്. സാമ്പത്തിക ഇടപാടുകള്‍, പദ്ധതി നിര്‍വഹണം, പരിശീലനം, വിദേശപഠനം എന്നിവയടക്കമുള്ള രേഖകള്‍ കാണാനില്ലെന്നും ജയതിലകിന്റെ റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ഇതുസംബന്ധിച്ച മാതൃഭൂമി വാര്‍ത്തയ്‌ക്കെതിരായ പ്രശാന്തിന്റെ കുറിപ്പിനിടയില്‍ 'ജയതിലകിന്റെ റിപ്പോര്‍ട്ടുകള്‍ എങ്ങനെ ഇവര്‍ ചോര്‍ത്തുന്നു, ആരാണ് ഇടനിലക്കാര്‍' എന്ന് ഒരാള്‍ ചോദിച്ചിരുന്നു. ഇതിന് മറുപടിയായിട്ടായിരുന്നു പ്രശാന്തിന്റെ ആക്ഷേപകമന്റ്. ജയതിലക് എന്ന വ്യക്തി തന്നെയാണ് ബ്രോ മാടമ്പിള്ളിയിലെ ചിത്തരോഗി എന്നായിരുന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വന്ന കമന്റിനോടുള്ള എന്‍ പ്രശാന്തിന്റെ മറുപടി.
പ്രശാന്ത് സെക്രട്ടേറിയറ്റില്‍ ഹാജരാകാതെ വ്യാജ ഹാജര്‍ രേഖപ്പെടുത്തിയെന്ന ശനിയാഴ്ചത്തെ മാതൃഭൂമി വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ മറ്റൊരു കുറിപ്പും പ്രശാന്ത് സമൂഹമാധ്യമത്തിലിട്ടു. അതില്‍ ജയതിലകിനെതിരായ വസ്തുതകള്‍ വെളിപ്പെടുത്താന്‍ താന്‍ നിര്‍ബന്ധിതനായിരിക്കുകയാണെന്നാണ് ഭീഷണി. 'അടുത്ത ചീഫ് സെക്രട്ടറിയാണെന്ന് സ്വയം പ്രഖ്യാപിച്ച മഹദ്വ്യക്തിയാണ്, അതുകൊണ്ട് വേണ്ടവിധം ഭയബഹുമാനത്തോടെ വേണം കേട്ടോ...' എന്ന് പോസ്റ്റിലുണ്ട്. ഒപ്പം ജയതിലകിന്റെ ചിത്രവും ചേര്‍ത്തിരുന്നു. ഇതും സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി. ഐഎഎസ് ഉദ്യോഗസ്ഥര്‍ രണ്ടു ചേരിയിലായെന്നും വിലയിരുത്തലുണ്ട്. അതിനിടെ പ്രശാന്തിനെതിരെ മാതൃഭൂമി ആക്രമണം കടുപ്പിക്കുകയും ചെയ്തു. പ്രശാന്തിനെ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്യിക്കുകയാണ് മാതൃഭൂമിയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ടുകള്‍. സമാനതകളില്ലാത്ത ഐഎഎസ് ചേരി പോര് സര്‍ക്കാരിനും തലവേദനയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ എടുക്കുന് നതീരുമാനം നിര്‍ണ്ണായകമാകും.
മന്ത്രിയുടെ അനുമതിയോടെയും നിര്‍ദ്ദേശപ്രകാരവും ഫീല്‍ഡ് വിസിറ്റും മീറ്റിങ്ങുകളിലും പങ്കെടുക്കാന്‍ പോകുമ്പോള്‍ 'അദര്‍ ഡ്യൂട്ടി' മാര്‍ക്ക് ചെയ്യുന്നതിനെ 'ഹാജര്‍ ഇല്ല' എന്ന് വ്യാജമായി റിപ്പോര്‍ട്ടാക്കണമെങ്കില്‍ അതിന് പിന്നില്‍ ഒരുപാട് കഷ്ടപ്പാടുണ്ടായിരുന്നിരിക്കണം. തനിക്കെതിരെ റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി ഉടനെയുടനെ മാതൃഭൂമിക്ക് സമര്‍പ്പിക്കുന്ന അവരുടെ സ്പെഷ്യല്‍ റിപ്പോര്‍ട്ടര്‍ ഡോ. ജയതിലക് ഐഎഎസ് എന്ന സീനിയര്‍ ഉദ്യോഗസ്ഥനെക്കുറിച്ച് പൊതുജനം അറിയേണ്ട ചില വസ്തുതകള്‍ അറിയിക്കാന്‍ നിര്‍ബന്ധിതനായിരിക്കുകയാണ്. പൊതുജനത്തിന് അറിയാന്‍ താത്പര്യമുള്ള കാര്യം മാത്രമാണ് വെളിപ്പെടുത്താന്‍ ഉദ്ദേശിക്കുന്നതെന്നും പ്രശാന്ത് പറഞ്ഞിരുന്നു. ഹിന്ദു വാട്‌സാപ്പ് ഗ്രൂപ്പില്‍ ആരോപണവിധേയനായ കെ.ഗോപാലകൃഷ്ണനെതിരെയും പരാമര്‍ശമുണ്ട്. വ്യവസായ വകുപ്പ് ഡയറക്ടറുടെ ഓര്‍മശക്തി ഹാക്ക് ചെയ്തതാണോ എന്നും പ്രശാന്ത് ചോദിച്ചു. തന്റെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടുവെന്നായിരുന്നു ഗോപാപാലകൃഷ്ണന്റെ ആരോപണം. ഫോണ്‍ കേന്ദ്രീകരിച്ച് നടത്തി അന്വേഷണത്തില്‍ ഗോപാലകൃഷ്ണന്‍ തെളിവുകള്‍ നശിപ്പിച്ചതായി കണ്ടെത്തിയിരുന്നു. ഇതോടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടോ എന്നത് കണ്ടെത്താനായില്ലെന്നും പൊലീസ് അറിയിച്ചിരുന്നു.
ഏതായാലും മാതൃഭൂമിയും രണ്ടു കല്‍പ്പിച്ചാണെന്നാണ് ഇന്നത്തെ വാര്‍ത്തയും സൂചിപ്പിക്കുന്നത്. പെട്ടു ബ്രോ എന്ന തലക്കെട്ടില്‍ തന്നെ പത്രത്തിന്റെ നിലപാട് വ്യക്തമാണ്. ഇതിനൊപ്പം പുതിയ വാര്‍ത്തകളും. ഇതിന് മുമ്പും പ്രശാന്തും മാതൃഭൂമിയും തമ്മില്‍ പ്രശ്‌നമുണ്ടായിരുന്നു. പ്രശാന്തിനെതിരെ നല്‍കിയ വാര്‍ത്തകളുടെ പേരില്‍ നിയമ നടപടിയും ഉണ്ടായി. എഡിറ്ററെ അടക്കം കോടതി കയറ്റി. ഈ സാഹചര്യത്തിലാണ് പുതിയനീക്കങ്ങള്‍ ചര്‍ച്ചകളില്‍ നിറയുന്നതും. പട്ടികവിഭാഗക്കാരുടെ പദ്ധതികളും ക്ഷേമപ്രവര്‍ത്തനങ്ങളും കാര്യക്ഷമമാക്കുന്നതിന് രൂപവത്കരിച്ച എംപവര്‍മെന്റ് സൊസൈറ്റിയായ 'ഉന്നതി'യിലെ ഫയലുകളും രേഖകളും മന്ത്രിയായിരുന്ന കെ. രാധാകൃഷ്ണനെ ഏല്‍പ്പിച്ചുവെന്ന മുന്‍ സി.ഇ.ഒ. എന്‍. പ്രശാന്തിന്റെ വാദം പൊളിച്ച് വിവരാവകാശ രേഖകള്‍ എന്നതാണ് പുതിയ വാര്‍ത്ത. ഉന്നതിയിലെ രേഖകള്‍ കാണുന്നില്ലെന്ന് മുഖ്യമന്ത്രിക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടുനല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ടിനൊപ്പം അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ ഫയലിലെ കുറിപ്പുകളിലാണ് മന്ത്രിയുടെ ഓഫീസില്‍ ഏല്‍പ്പിച്ച കവറിലും മുഴുവന്‍ രേഖകളും ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാകുന്നത്.
2023 മാര്‍ച്ച് മൂന്നിനാണ് പ്രശാന്തിനെ ഉന്നതിയുടെ സി.ഇ.ഒ. ആയി നിയമിച്ച് ഉത്തരവിറങ്ങുന്നത്. 2024 മാര്‍ച്ച് 15-ന് കൃഷിവകുപ്പിന്റെ സ്പെഷ്യല്‍ സെക്രട്ടറിയായി നിയമിച്ചു. കെ. ഗോപാലകൃഷ്ണനെ ഉന്നതി സി.ഇ.ഒ. ആക്കി. 2024 മാര്‍ച്ച് 16-നാണ് ഈ ഉത്തരവിറങ്ങുന്നത്. എന്നാല്‍, ചുമതല കൈമാറിക്കൊണ്ടുള്ള സര്‍ട്ടിഫിക്കറ്റ് (ആര്‍.ടി.സി.) പ്രശാന്ത് നല്‍കിയില്ലെന്നു കാണിച്ച് ഏപ്രില്‍ 15-ന് ഗോപാലകൃഷ്ണന്‍ കത്തുനല്‍കി. ഫയലുകളും രേഖകളും കിട്ടിയില്ലെന്നുകാണിച്ച് കെ.എ.എസ്. കേഡറില്‍നിന്ന് ഉന്നതി കോഡിനേറ്ററായി നിയമിക്കപ്പെട്ട സൂര്യ എസ്. ഗോപിനാഥും കത്തുനല്‍കിയിട്ടുണ്ട്.
ആര്‍.ടി.സി. ലഭിച്ചില്ലെങ്കിലും ചുമതലയേല്‍ക്കാമെന്നു കാണിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറി ഏപ്രില്‍ 29-ന് ഉത്തരവിറക്കി. ഇതിനുശേഷംനടന്ന കത്തിടപാടിലാണ് ഫയലുകള്‍ കാണാതായതിന്റെ വിവരങ്ങളുള്ളത്. ലോഗിന്‍ വിവരങ്ങള്‍ ലഭിക്കാത്തതിനാല്‍ ഔദ്യോഗിക ഇ-മെയില്‍വരെ തുറക്കാന്‍ കഴിയുന്നില്ലെന്നുകാണിച്ച് ജൂണ്‍ ഏഴിന് ഗോപാലകൃഷ്ണന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കത്തുനല്‍കിയിരുന്നു. ചുമതലയേറ്റ് നാലാം മാസത്തിലാണിത്. കാണാതായ ഫയലുകളുടെയും രേഖകളുടെയും വിവരങ്ങള്‍ ഈ കത്തുകളില്‍ പറയുന്നുണ്ട്.
എല്ലാ ഫയലുകളും രേഖകളും മന്ത്രിയായിരുന്നസമയത്ത് കെ. രാധാകൃഷ്ണന് കൈമാറിയതായാണ് പ്രശാന്ത് സാമൂഹികമാധ്യമത്തിലൂടെ വിശദീകരിച്ചത്. എന്നാല്‍, പ്രശാന്ത് മന്ത്രിയുടെ ഓഫീസില്‍ ഏല്‍പ്പിച്ച രണ്ടുകവറുകളിലും ഉന്നതിയിലെ രേഖകള്‍ മുഴുവന്‍ ഉണ്ടായിരുന്നില്ല. മുഖ്യമന്ത്രിക്ക് അഡീഷണല്‍ ചീഫ് സെക്രട്ടറി നല്‍കിയ റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ച് പറയുന്നുണ്ട്. ജൂണ്‍ 19-ന് പ്രശാന്ത് കൈമാറിയ ഒരു കവര്‍കൂടി മന്ത്രിയുടെ ഓഫീസില്‍നിന്ന് ലഭിച്ചു. ഇതിലും മുഴുവന്‍ രേഖകളുമില്ലെന്ന് മാതൃഭൂമി പറയുന്നു. അതായത് ജയതിലകും പ്രശാന്തും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നതാണ് മാതൃഭൂമിയുടെ ഇന്നത്തെ വാര്‍ത്തയും.