2007ല്‍ സിംഹ മടയില്‍ പണി പഠിച്ച പുലിക്കുട്ടി! ഗോള്‍ഡ് മെഡലുമായി നിയമ ബിരുദം നേടിയ സിവില്‍ സര്‍വ്വീസ് ശിഷ്യനെ അന്ന് ഗുരു വിശേഷിപ്പിച്ചത് മിടുക്കനായ ഐഎഎസ് ട്രെയിനിയെന്ന്; പട്ടികജാതി വികസന വകുപ്പില്‍ എത്തും വരെ പ്രശാന്തിന് ജയതിലക് മെന്റര്‍; ഇന്ന് ഗുരുവും ശിഷ്യനും രണ്ടു വള്ളത്തില്‍; ഉന്നതിയില്‍ ജയിക്കുക ആരുടെ പൂഴിക്കടകന്‍!

Update: 2024-11-12 04:55 GMT

കോഴിക്കോട്: ഡോ ജയതിലകും എന്‍ പ്രശാന്തും രണ്ടു വഴികളിലാണ്. പ്രശാന്തിനെ നേരിട്ടൊന്നും ജയതിലക് പറയുന്നില്ല. എന്നാല്‍ ഉന്നതിയിലെ ഫയല്‍ കാണാതാകലില്‍ പ്രശാന്തിനെ ജയതിലക് കുറ്റക്കാരനാക്കി. ഇതിനിടെ മതാടിസ്ഥാനത്തിലുള്ള വാട്‌സാപ്പ് ഗ്രൂപ്പിലെ വിവാദവുമെത്തി. പൊട്ടിത്തെറിച്ചാണ് പ്രശാന്ത് പ്രതികരിച്ചത്. അതും തന്റെ ഗുരുവെന്ന് ഒരിക്കല്‍ വിശേഷിപ്പിച്ച അഡീഷണല്‍ ചീഫ് സെക്രട്ടറി റാങ്കിലുള്ള ജയതിലകിനെതിരെ. ഇത് ഐഎഎസ് കൂട്ടായ്മയ്ക്കും ഞെട്ടലായി. ഗുരുവും ശിഷ്യനും വേര്‍പിരിയുകാണ്. അതിന് കാരണമായത് 'ഉന്നതി'യിലെ തര്‍ക്കവും. ഈ പോരാട്ടത്തില്‍ ആര് ജയിക്കുമെന്നതാണ് ഇനി നിര്‍ണ്ണായകം. കേരളത്തിലെ ഐഎഎസ് കൂട്ടായ്മയില്‍ ഇതാണ് പുതിയ ചര്‍ച്ചാ വിഷയം. ഈ തര്‍ക്കം സിവില്‍ സര്‍വ്വീസിനെ രണ്ടു ചേരിയാക്കിയെന്നതും യഥാര്‍ത്ഥ്യമാണ്.

2006ല്‍ കലക്ടറായി എത്തിയ ജയതിലക് നാല് മാസം കോഴിക്കോട് ഉണ്ടായിരുന്നു. 2007 ഏപ്രിലില്‍ വീണ്ടും കലക്ടറായി എത്തി. അന്ന് 2007 ഐ.എ.എസ് ബാച്ചുകാരനായ എന്‍. പ്രശാന്ത് കോഴിക്കോട്ടെത്തി. അന്ന് ഗുരുതുല്യനായിരുന്നു പ്രശാന്തിന് ജയതിലക്. മിടുക്കനായ ഐ.എ.എസ് ട്രെയിനിയെന്ന് പ്രശാന്തിനെ ജയതിലക് ഏവര്‍ക്കും പരിചയപ്പെടുത്തി. തുടക്ക കാലത്ത് തന്റെ മെന്ററും ഗുരുവുമെന്നാണ് ജയതിലകിനെ എന്‍.പ്രശാന്ത് സുഹൃത്തുക്കള്‍ക്ക് അടക്കം പരിചയപ്പെടുത്തിയത്. കോഴിക്കോട് കലക്ടര്‍, കെ.ടി.ഡി.സി എം.ഡി എന്നീ പദവികള്‍ പ്രശാന്തിനെ തേടിയെത്തി. ഇതെല്ലാം ജയതിലകും വഹിച്ചവയായിരുന്നു. പട്ടികജാതി വികസന വകുപ്പില്‍ എത്തും വരെ ബന്ധം തുടര്‍ന്നു. ജയതിലക് അഡീഷണല്‍ ചീഫ് സെക്രട്ടറിയും എന്‍.പ്രശാന്ത് സ്‌പെഷ്യല്‍ സെക്രട്ടറിയുമായിരുന്നു. ഇത് വഴി പിരിയലിന് വഴിയൊരുക്കി.

മുമ്പും പ്രശാന്ത് നിരവധി വിവാദങ്ങളില്‍ കുടുങ്ങി. കോഴിക്കോട് കളക്ടറായിരുന്നപ്പോള്‍ കളക്ടര്‍ ബ്രോയായി. കളക്ടര്‍ ബ്രോയും ജനകീയ എംപിയായ എകെ രാഘവനും നേര്‍ക്കു നേരെത്തി. അന്നും സോഷ്യല്‍ മീഡിയിയല്‍ വാദ പ്രതിവാദമായി. മാപ്പ് പറയണമെന്ന് മുറവിളിയുയര്‍ന്നപ്പോള്‍ സിനിമാ ഡയലോഗ് പങ്കുവെച്ച് കുന്നംകുളം മാപ്പെന്നു ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടു. ഇന്ന് ജയതിലകിനെതിരെയുള്ള പോരാട്ടത്തിനൊടുവില്‍ കളപറിക്കല്‍ യന്ത്രത്തിന്റെ ചിത്രം പങ്കുവച്ചു. ഇവിടെ പ്രശാന്ത് പരിഹസിച്ചത് തന്റെ ഗുരുവെന്ന് ഒരിക്കല്‍ വിശേഷിപ്പിച്ച ജയതിലകിനെയാണ്. മിടുക്കനാണ് പ്രശാന്ത്. പക്ഷേ ചട്ടക്കൂടുകള്‍ വിട്ട് പറക്കുന്ന ഉദ്യോഗസ്ഥന്‍. കോഴിക്കോട് കളക്ടറായിരിക്കെ ചെയ്തതെല്ലാം വലിയ ചര്‍ച്ചയായി. അതില്‍ രാഘവനുമായുള്ള വിവാദമൊഴിച്ചാല്‍ ബാക്കിയെല്ലാം സൂപ്പര്‍.

തുടക്കത്തില്‍ ജയതിലകിനും ജനകീയ പ്രതിച്ഛായ ഉണ്ടായിരുന്നു. കണ്ണൂര്‍ കളക്ടറായ ഭാര്യ ഇഷിതാ റോയിയും കോഴിക്കോട് ജയതിലകും ഭരിച്ചതും എല്ലാം വലിയ വാര്‍ത്താ പ്രാധാന്യമായി. എന്തിനോടും മുഖം നോക്കാതെ പ്രതികരിക്കുന്ന സിംഹമായി പലരും ജയതിലകിനെ വിശേഷിപ്പിച്ചിട്ടുണ്ട്. പിന്നീട് ദാമ്പത്യത്തില്‍ വിള്ളലുണ്ടായി എന്നതാണ് വസ്തുത. ഇതടക്കം ചര്‍ച്ചയാക്കിയാണ് പ്രശാന്ത് പഴയ ഗുരുവിനെ നേരിട്ടതെന്ന് കരുതുന്ന വലിയൊരു വിഭാഗം ഉണ്ട്. കുടുംബ പ്രശ്‌നത്തിലെ താളപ്പിഴകള്‍ ജയതിലകിനെതിരെ പലവിധ ആരോപണങ്ങള്‍ ഉയര്‍ത്തിയെന്നതാണ് വസ്തുത.

പഠനത്തില്‍ മികവ് എന്നും കാട്ടി പ്രശാന്ത് ഗോള്‍ഡ് മെഡലോടുകൂടിയായിരുന്നു നിയമബിരുദം നേടിയത്. രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയായപ്പോള്‍ പിഎയായിരുന്ന പ്രശാന്തായിരുന്നു പോലീസിനെ തന്നെ നിയന്ത്രിച്ചത്. അക്കാലത്തെ പോലീസിംഗ് ചെന്നിത്തലയ്ക്ക് നല്ല പേരുണ്ടാക്കുകയും ചെയ്തു. പിന്നീടാണ് കോഴിക്കോട് കളക്ടറായത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും പ്രശാന്തിനെ കുറിച്ച് നല്ല മതിപ്പായിരുന്നു. നിയമത്തിലെ പരിജ്ഞാനം പോലീസ് സേനയെ നിലയ്ക്കു നിര്‍ത്തുന്നതില്‍ പ്രശാന്തിന് നിര്‍ണ്ണായകമായി. കലാപങ്ങളോ മറ്റ് മോശം പേരുകളോ ഉണ്ടാക്കാതെ പോലീസ് കടന്നു പോയ നാളുകളായിരുന്നു അത്.

ഇന്‍ലാന്‍ഡ് നാവിഗേഷന്‍ എം.ഡിയായിരിക്കെ ഒപ്പിട്ട ആഴക്കടല്‍ ട്രോളറുമായി ബന്ധപ്പെട്ട ധാരണാ പത്രത്തിലെ അന്വേഷണം പ്രശാന്തിന് കരുക്കായുണ്ട്. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാന നാളില്‍ സര്‍ക്കാരിനെ വെട്ടിലാക്കിയ വിവാദം. അന്ന് മന്ത്രിയായിരുന്ന മേഴ്‌സിക്കുട്ടിയമ്മയ്ക്ക് കുണ്ടറയില്‍ പിന്നീട് ജയിക്കാന്‍ കഴിയാത്ത സാഹചര്യവും ഇതുണ്ടാക്കി. ഇതു കാരണം പ്രശാന്തിന്റെ ഒരു സ്ഥാനക്കയറ്റം നിലവില്‍ സര്‍ക്കാര്‍ തടഞ്ഞുവെച്ചിരിക്കുകയാണ്. മൂന്നു വര്‍ഷം ജൂനിയറായവര്‍ സെക്രട്ടറിയായപ്പോഴും അദ്ദേഹം ഇപ്പോഴും സ്‌പെഷ്യല്‍ സെക്രട്ടറിയായി തുടരുന്നു, ഇതിനിടെയാണ് പുതിയ വിവാദം.

1991 ബാച്ച് ഉദ്യോഗസ്ഥനായ എ.ജയതിലക് അടുത്ത ചീഫ് സെക്രട്ടറിയാകാന്‍ സാധ്യതയേറെയാണ്. 2026 ജൂണ്‍ വരെയാണ് സര്‍വീസ് കാലാവധി. 2007 ബാച്ചുകാരനായ എന്‍.പ്രശാന്തിനു 2039 വരെ സര്‍വീസ് കാലാവധിയുണ്ട്. ചീഫ് സെക്രട്ടറി റാങ്കിലേക്ക് വരെ എത്താന്‍ പ്രശാന്തിനും കഴിയും. അച്ചടക്ക ലംഘനം നടത്തിയതിനെ തുടര്‍ന്ന് സസ്‌പെന്‍ഷനിലായ കെ. ഗോപാലകൃഷ്ണനും എന്‍.പ്രശാന്തിനുമെതിരെ വകുപ്പുതല അന്വേഷവും നടക്കും. കാരണം കാണിക്കല്‍ നോട്ടീസില്ലാതെയുള്ള സസ്‌പെന്‍ഷനെതിരെ പ്രശാന്ത് അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കും.

അഡീഷനല്‍ ചീഫ് സെക്രട്ടറി ജയതിലകിനെതിരായ അധിക്ഷേപം പരസ്യമായതിനാല്‍ വിശദീകരണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്. ഐഎഎസ് തലപ്പത്തെ ചേരിപ്പോരും സമൂഹമാധ്യമങ്ങളില്‍ ഉന്നത ഉദ്യോഗസ്ഥനെ അവഹേളിച്ചതിലുമാണ് കൃഷിവകുപ്പ് സ്പെഷ്യല്‍ സെക്രട്ടറി എന്‍. പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തത്. മതാടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരുടെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയതിലും ഹാക്കിംഗ് എന്ന് വ്യാജ പരാതി നല്‍കിയതിലുമാണ് വ്യവസായ വകുപ്പ് ഡയറക്ടര്‍ കെ. ഗോപാലകൃഷ്ണനെ സസ്‌പെന്‍ഡ് ചെയ്തത്.

ഗോപാലകൃഷ്ണനെതിരായ നടപടി മയപ്പെടുത്താന്‍ ഐഎഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നും നീക്കം ഉണ്ടായിരുന്നുവെങ്കിലും കടുത്ത നടപടി വേണം എന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ നിലപാട്. നിലവില്‍ ഗോപാലകൃഷ്ണനെയാണ് ജയതിലകിന്റെ ശിഷ്യനായി പ്രശാന്ത് ആരോപിക്കുന്നത് എന്നതാണ് മറ്റൊരു വൈരുദ്ധ്യം.

Tags:    

Similar News