സ്‌കൂള്‍ സമയമാറ്റം അംഗീകരിക്കില്ല, സര്‍ക്കാരിന് വാശി പാടില്ല; ഉറങ്ങുന്ന സമയത്ത് മദ്രസ പഠന നടത്താന്‍ ആവുമോ? സമുദായത്തിന്റെ വോട്ടു നേടിയില്ലേ? മുഖ്യമന്ത്രിക്കും കത്ത് നല്‍കിയിട്ടുണ്ടെന്ന് ജിഫ്രി തങ്ങള്‍; സമസ്തയുടെ വിരട്ടലോടെ അയഞ്ഞ് വിദ്യാഭ്യാസ മന്ത്രിയും; സമസ്തയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വി.ശിവന്‍ കുട്ടി

സ്‌കൂള്‍ സമയമാറ്റം അംഗീകരിക്കില്ല, സര്‍ക്കാരിന് വാശി പാടില്ല

Update: 2025-07-12 05:33 GMT

കോഴിക്കോട്: സ്‌കൂള്‍ സമയമാറ്റത്തില്‍ സര്‍ക്കാറിനെതിരെ നിലപാട് കടുപ്പിച്ചു സമസ്ത രംഗത്ത. സ്‌കൂള്‍ സമയമാറ്റ വിവാദത്തില്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്കെതിരെ പ്രതികരണവുമായി ജിഫ്രി മുത്തുക്കോയ തങ്ങള്‍ രംഗത്തെത്തിയതോടെ സര്‍ക്കാര്‍ വെട്ടിലായി. മന്ത്രിയുടെ മറുപടി മാന്യമായിരിക്കണമെന്നും സര്‍ക്കാര്‍ ചര്‍ച്ചക്ക് തയ്യാറായത് മാന്യതയാണെന്നും പറഞ്ഞ അദ്ദേഹം, സമുദായത്തിന്റെ കൂടി വോട്ട് നേടിയാണ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് എന്നും ഓര്‍മ്മിപ്പിച്ചു.

സാമുദായിക കാര്യങ്ങള്‍ പറയാനാണ് സാമുദായിക സംഘടനകള്‍. ആലോചിച്ച് ചെയ്യാം എന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി പറയേണ്ടിയിരുന്നത്. ഉറങ്ങുന്ന സമയത്ത് മദ്രസ പഠന നടത്താന്‍ ആവുമോ? ആകെ 24 മണിക്കൂറല്ലേ ഉള്ളൂ. മുഖ്യമന്ത്രിക്കാണ് ഞങ്ങള്‍ നിവേദനം കൊടുത്തത്. തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്. മന്ത്രി മറുപടി പറയുകയോ പറയാതിരിക്കുകയോ ചെയ്യട്ടെ. ചര്‍ച്ചയ്ക്ക് വിളിച്ചത് മാന്യമാണ്. ചര്‍ച്ചയുമായി ബന്ധപ്പെട്ട ആശയവിനിമയം ഉടന്‍ നടത്തും. ചര്‍ച്ചക്ക് വിളിച്ചത് മാന്യമായ നടപടി. ചര്‍ച്ച വിജയിച്ചാല്‍ പ്രക്ഷോഭം ഉണ്ടാകില്ല. വൈകിയാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്ന് മാന്യമായ സമീപനം ഉണ്ടായത്. വിദ്യാഭ്യാസ മന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായ ചില പ്രതികരങ്ങള്‍ ചൊടിപ്പിച്ചു. പ്രക്ഷോഭം നേരത്തെ തീരുമാനിച്ചത്. ചര്‍ച്ച വിജയിച്ചാല്‍ അത് ഉണ്ടാകില്ലെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞു.

അതേസമയം സമസ്തയും ലീഗും വിരട്ടലുമായി രംഗത്തുവന്നതോടെ വിദ്യാഭ്യാസ മന്ത്രിയും അയഞ്ഞിട്ടുണ്ട്. സ്‌കൂള്‍ സമയമാറ്റത്തില്‍ സമസ്തയുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍ കുട്ടി. സമസ്ത സമയം അറിയിച്ചാല്‍ മതി. കോടതിയുടെ നിലപാടാണ് പറഞ്ഞതെന്നും ധിക്കാരമായി ഒന്നും പറഞ്ഞിട്ടില്ലെന്നും ശിവന്‍ കുട്ടി വ്യക്താക്കി.

സ്‌കൂള്‍ സമയമാറ്റത്തില്‍ ചര്‍ച്ചയില്ലെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിലപാട് ധിക്കാരപരമെന്നായിരുന്നു സമസ്ത ജനറല്‍ മാനേജര്‍ കെ.മോയിന്‍കുട്ടി മാസ്റ്ററും നേരത്തെ വ്യക്തമാക്കിയത്. വിദ്യാഭ്യാസമന്ത്രിയുടെ നിലപാട് തന്നെയാണോ സര്‍ക്കാര്‍ നിലപാടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. തുടര്‍പ്രക്ഷോഭം ആലോചിക്കാന്‍ സമസ്ത മതവിദ്യാഭ്യാസ ബോര്‍ഡ് ഇന്ന് ചേരും. മറ്റു മദ്രസാ പ്രസ്ഥാനങ്ങളുമായി സംയുക്ത സമരത്തിന് സമസ്ത തയാറാകുമെന്നും മോയിന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു.

സ്‌കൂള്‍ സമയത്തില്‍ ഏതെങ്കിലും ഒരു വിഭാഗത്തിന് മാത്രം സൗകര്യം ചെയ്തു കൊടുക്കാന്‍ കഴിയില്ലെന്ന് വിദ്യാഭ്യാസ മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രത്യേക സമൂഹത്തിന്റെ പേര് പറഞ്ഞ് സര്‍ക്കാരിനെ വിരട്ടുന്നത് ശരിയല്ല. സമയം മാറ്റണമെന്ന് ആവശ്യപ്പെടുന്നവര്‍ അവരുടെ ആവശ്യങ്ങള്‍ക്ക് സമയം ക്രമീകരിക്കണം. അധ്യാപക സംഘടനകള്‍ ഉള്‍പ്പെടെ സമയമാറ്റം അംഗീകരിച്ചതാണ്. അതിലൊരു മാറ്റം വരുത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ലെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയിരുന്നു.

സ്‌കൂളുകളില്‍ സമയമാറ്റം നടപ്പിലാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരേ എ.പി. - ഇ.കെ. വിഭാഗം സമസ്ത രംഗത്തെത്തിയിരുന്നു. സ്‌കൂള്‍സമയം മാറ്റുന്നത് മദ്രസാ വിദ്യാഭ്യാസത്തിന് തടസ്സമാകുമെന്ന് സമസ്ത നേതാക്കള്‍ പറഞ്ഞു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മുഖ്യമന്ത്രിയുടെ തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ സമസ്ത പ്രക്ഷോഭത്തിനൊരുങ്ങുന്നതിനിടെയാണ് സ്‌കൂള്‍ സമയമാറ്റം ആലോചനയില്‍ ഇല്ല എന്ന് വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കിയത് .

സ്‌കൂള്‍ സമയമാറ്റത്തില്‍ കടുത്ത വിമര്‍ശനവുമായി എ.പി. സമസ്തയും രംഗത്തെത്തിയിരുന്നു. വിദ്യാഭ്യാസ രംഗത്തെ മാറ്റങ്ങള്‍ ആലോചനയോടെ വേണമെന്നായിരുന്നു കാന്തപുരം വിഭാഗം ആവശ്യപ്പെട്ടത്. മാറ്റങ്ങളില്‍ വിദ്യാര്‍ഥികളുടേയും രക്ഷിതാക്കളുടേയും ആശങ്ക പരിഹരിക്കണമെന്നും എ.പി. സമസ്ത ആവശ്യപ്പെട്ടു.

Tags:    

Similar News