ക്ഷേത്ര ശുചീകരണ തൊഴിലാളിയ്ക്ക് നാട്ടിലുള്ളത് പാവം ഇമേജ്; മാന്യമായി ജീവിച്ചിരുന്ന ജിജേഷ് എന്തിന് പ്രവീണയെ കൊന്നുവെന്നതിന് മാത്രം ഉത്തരമില്ല; വാട്‌സാപ്പ് ബ്ലോക്കിംഗ് ഉറപ്പിക്കാന്‍ ഇനി പ്രതിയുടെ മൊഴിയില്ല; ഉരുവച്ചാല്‍ തീ കൊളുത്തല്‍ കേസിലെ പ്രതി ജിജേഷും മരിച്ചു
കണ്ണൂര്‍ : ഉരുവച്ചാല്‍ തീ കൊളുത്തല്‍ കേസിലെ പ്രതി ജിജേഷും മരിച്ചു. യുവാവ് ഭര്‍തൃമതിയായ യുവതിയെ തീകൊളുത്തി കൊന്നതിന്റെ ഞെട്ടലിലാണ് ഉരുവച്ചാല്‍. ഉരുവച്ചാലിലെ കാരപ്രത്ത് ഹൗസില്‍ അജീഷിന്റെ ഭാര്യ പ്രവീണ (39) ഇന്നലെ പുലര്‍ച്ചെ മരിച്ചിരുന്നു്. ഇരിക്കൂറിനു സമീപം പെരുവളത്തുപറമ്പ് കുട്ടാവിലെ പട്ടേരി ഹൗസില്‍ ജിജേഷാണ് പ്രവീണയെ തീ കൊളുത്തിയത്. ജിജേഷ് ഇന്ന് പുലര്‍ച്ചെയും മരിച്ചു.
ക്ഷേത്രത്തിലെ ശുചീകരണത്തൊഴിലാളിയായ ജിജേഷ് യാതൊരു പ്രശ്‌നങ്ങളും ഉണ്ടാക്കാത്തയാളായിരുന്നു നാട്ടില്‍. മാന്യമായി ജീവിക്കുന്ന ജിജേഷ് എന്തിനാണ് ഈ ക്രൂരത ചെയ്തത് എന്നതില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ക്ഷേത്രത്തിലെ ജോലിക്ക് മുന്‍പ് ഏറെക്കാലം തെങ്ങ് ചെത്തുതൊഴിലാളിയായിരുന്നു. ജിജേഷിന്റെ വീട് കുട്ടാവിലും പ്രവീണയുടെ സ്വന്തം വീട് രണ്ടു കിലോമീറ്റര്‍ അകലെ പെരുവളത്തുപറമ്പിലുമായിരുന്നു. ഇവര്‍ തമ്മില്‍ പ്രണയബന്ധമുണ്ടായിരുന്നതായി നാട്ടുകാര്‍ക്കോ വീട്ടുകാര്‍ക്കോ അറിവില്ല. ഇവര്‍ ഒരേ സ്‌കൂളില്‍ പഠിച്ചിരുന്നു. അതേസമയം, ജിജേഷുമായുള്ള ബന്ധം പ്രവീണ അവസാനിപ്പിച്ചതിന്റെ പ്രതികാരമായാണ് തീ കൊളുത്തിയതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
ജിജേഷ് അവിവാഹിതനാണ്. പ്രവീണയെ ആക്രമിക്കാനുള്ള ശ്രമത്തിനിടെ ജിജേഷിനും പൊള്ളലേറ്റിരുന്നു. ഗുരുതര പൊള്ളലേറ്റ ഇരുവരെയും പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ഇവിടെ വച്ചാണ് മരണവും ഉണ്ടായത്. പ്രവീണയുടെ ഭര്‍ത്താവ് അജീഷ് വിദേശത്താണ്. അജീഷിന്റെ മാതാപിതാക്കളും പ്രവീണയും താമസിക്കുന്ന വാടകവീട്ടില്‍ ബുധനാഴ്ച ഉച്ചയ്ക്കു രണ്ടരയോടെയാണ് ജിജേഷ് എത്തിയത്. വെള്ളം ആവശ്യപ്പെട്ടെത്തിയ ജിജേഷ് വീടിനുള്ളിലേക്കു കയറി. വീടിനു പിറകുവശത്തുണ്ടായിരുന്ന പ്രവീണയെ, കയ്യില്‍ കരുതിയ പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. പിന്നീടു നിലവിളി കേട്ടെത്തിയ അയല്‍വാസികളാണ് ഇരുവരെയും പൊള്ളലേറ്റ നിലയില്‍ അടുക്കളഭാഗത്തു കണ്ടെത്തിയത്.
പ്രവീണയുടെ വസ്ത്രം മുഴുവന്‍ കത്തിക്കരിഞ്ഞ് പൂര്‍ണമായും പൊള്ളിയ നിലയിലായിരുന്നു. ഈ സമയം അജീഷിന്റെ അച്ഛനും വീട്ടിലുണ്ടായിരുന്നു. ജിജേഷിന്റെ അരയ്ക്ക് താഴെയാണ് പൊള്ളലേറ്റത്. ജിജേഷിനെതിരെ പൊലീസ് വധശ്രമത്തിനു കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രവീണയുടെ മരണമുണ്ടായത്. ഈ സാഹചര്യത്തില്‍ കൊലക്കുറ്റം ചുമത്താനും തീരുമാനിച്ചു. ഇതിനിടെയാണ് ജിജേഷും മരിക്കുന്നത്. സുഹൃത്തിന്റെ ശല്യം അസഹനീയമായപ്പോള്‍ വാട്‌സാപ്പില്‍ നിന്നും ജിജേഷിനെ പ്രവീണ ബ്ലോക്ക് ചെയ്തതായി സൂചനയുണ്ട്. ഇതാണ് തീ കൊളുത്തലിനുള്ള പ്രകോപനമെന്നാണ് പോലീസ് നിഗമനം.
തീ കൊളുത്തിയപ്പോള്‍ പ്രവീണയുടെ ഫോണും കത്തിയമര്‍ന്നു. എന്നാല്‍ ജിജേഷിന്റെ ഫോണ്‍ പോലീസിന് കിട്ടി. ഇത് ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കുമ്പോള്‍ യഥാര്‍ത്ഥ പ്രകോപന കാരണം കിട്ടുമെന്ന വിലയിരുത്തലിലാണ് പോലീസ്. പരിക്കേറ്റ ജിജേഷില്‍ നിന്നും വിശദ മൊഴി എടുക്കാന്‍ പോലീസിന് സാധിച്ചിരുന്നില്ല. ജിജേഷും തമ്മില്‍ നേരത്തെ പരിചയമുണ്ടായിരുന്നു. ഇവര്‍ ഫോണ്‍ മുഖെനെയും സോഷ്യല്‍ മീഡിയ വഴിയും അടുത്ത സൗഹൃദമുണ്ടെന്നുമാണ് പൊലിസ് അന്വേഷണത്തില്‍ ലഭിച്ച പ്രാഥമിക വിവരം. ഇതേതുടര്‍ന്നുള്ള പ്രശ്നങ്ങളാണ് ആക്രമണത്തില്‍ കലാശിച്ചത് എന്നാണ് നിഗമനം.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ അജീഷിന്റെ വാടക വീട്ടിലേക്ക് കയറി വന്ന ജിജേഷ് വെള്ളം ചോദിച്ചു വീട്ടില്‍ കയറിയ ഉടനെ പ്രവീണയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. 50 ശതമാനം പൊള്ളലേറ്റ ജിജേഷ് കമിഴ്ന്ന് കിടന്നും അതിലേറെ പൊള്ളലേറ്റ പ്രവീണ ഇരിക്കുന്ന നിലയിലുമായിരുന്നു. സംഭവ സമയത്ത് അജീഷിന്റെ പിതാവും സഹോദരിയുടെ മകളും വീട്ടിലുണ്ടായിരുന്നു. കണ്ണൂര്‍ എ സി പി പ്രദീപന്‍ കണ്ണി പൊയിലിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടത്തുന്നത്.