ജിസ്മോളുടെയും മകളുടെയും നിറത്തെച്ചൊല്ലി ഭര്‍തൃമാതാവ് നിരന്തരം അപമാനിച്ചിരുന്നു; സ്ത്രീധനത്തെ ചൊല്ലിയും തര്‍ക്കങ്ങള്‍; ആ വീട്ടില്‍ കലഹങ്ങള്‍ പതിവായിരുന്നു; അവളെ മരണത്തിലേക്ക് തള്ളിവിട്ടത് ഭര്‍തൃവീട്ടിലെ പീഡനങ്ങള്‍ തന്നെയെന്ന് സുഹൃത്ത്; മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും പരാതി നല്‍കാന്‍ ജിസ്മോളുടെ കുടുംബം

ജിസ്മോളുടെയും മകളുടെയും നിറത്തെച്ചൊല്ലി ഭര്‍തൃമാതാവ് നിരന്തരം അപമാനിച്ചിരുന്നു

Update: 2025-04-21 00:44 GMT

കോട്ടയം: അഭിഭാഷകയായ ജിസ്‌മോളും പെണ്‍മക്കളും മീനച്ചിലാറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി മരിച്ച ജിസ്മോളുടെ സുഹൃത്ത് നിള. ഭര്‍തൃവീട്ടിലെ ക്രൂരപീഡനം തന്നെയാണ് ജിസ്മോളുടെയും കുഞ്ഞുങ്ങളുടെയും ആത്മഹത്യയ്ക്ക് കാരണമെന്ന് നിള പറഞ്ഞു. വീട്ടില്‍ കലഹങ്ങള്‍ പതിവായിരുന്നെന്നും ജിസ്മോളുടെയും മകളുടെയും നിറത്തെ ചൊല്ലി ഭര്‍തൃമാതാവ് നിരന്തരം അപമാനിച്ചിരുന്നെന്നും നിള ഒരു ചാനലിനോട് വെളിപ്പെടുത്തി.

'കഴിഞ്ഞ നവംബറില്‍ ജിസ്മോളെ നേരില്‍ കണ്ടിരുന്നു. ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്ന് പറഞ്ഞ് അവള്‍ കരഞ്ഞു. ജിസ്മോളുടെയും മകളുടെയും നിറത്തെച്ചൊല്ലി ഭര്‍തൃമാതാവ് നിരന്തരം അപമാനിച്ചിരുന്നു. സ്ത്രീധനത്തെ ചൊല്ലിയും തര്‍ക്കങ്ങളുണ്ടായിരുന്നു. ഭര്‍ത്താവ് ജിമ്മി മര്‍ദ്ദിച്ചതിനെക്കുറിച്ചും ഒരാഴ്ച്ചയോളം വീട്ടില്‍ നിന്ന് ഇറക്കിവിട്ടതിനെക്കുറിച്ചും ജിസ്മോള്‍ അന്ന് പറഞ്ഞു. വീട്ടില്‍ കലഹങ്ങള്‍ പതിവായിരുന്നു. എന്നാല്‍ കുടുംബത്തെ ഓര്‍ത്ത് ജിസ്മോള്‍ കൂടുതല്‍ പ്രശ്നങ്ങള്‍ പുറത്തുപറഞ്ഞിരുന്നില്ല'- നിള പറഞ്ഞു.

അതേസമയം, സംഭവത്തില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും വനിതാ കമ്മീഷനും ജിസ്മോളുടെ കുടുംബം നാളെ പരാതി നല്‍കും. പോലീസില്‍ നല്‍കിയ പരാതിയില്‍ വിശദമായ അന്വേഷണവും നടക്കും. കുടുംബം കടുത്ത ആരോപണങ്ങളാണ് ഭര്‍തൃവീട്ടുകാര്‍ക്കെതിരെ ഉന്നയിക്കുന്നത്. 'ഭര്‍ത്താവിനെയും കുഞ്ഞുങ്ങളെയുംകൂട്ടി കശ്മീരില്‍ പോകണം. ജുഡീഷ്യല്‍ സര്‍വീസസ് ടെസ്റ്റിനായി പഠിക്കുന്നു. നോട്ടറിയാകാനുള്ള പട്ടികയില്‍ പേരുണ്ട്. വിവിധ ബാങ്കുകളുടെ ലീഗല്‍ അഡൈ്വസറി ബോര്‍ഡില്‍ അംഗമാണ്. ഇങ്ങനെയൊക്കെ പറയുന്ന മകള്‍ ഒരു സുപ്രഭാതത്തില്‍ പെട്ടെന്ന് ആത്മഹത്യചെയ്യുെമന്ന് വിശ്വസിക്കുന്നില്ല. അതിന്റെ കാരണമെങ്കിലും എനിക്കറിയണം- അഡ്വ. ജിസ്മോളുടെ അച്ഛന്‍ പാലാ മുത്തോലി പടിഞ്ഞാറ്റിന്‍കര പി.കെ. തോമസ് പറയുന്നു.

'വിഷുവിന്റെ തലേന്നുമുതല്‍ മോളെ വിളിക്കാന്‍ ശ്രമിച്ചിട്ട് കിട്ടിയില്ല. പലപ്പോഴും ചെയ്തിരുന്നതുപോലെ ഭര്‍ത്താവ് ജിമ്മി ഫോണ്‍ മാറ്റിവെച്ചിരിക്കാമെന്നുപോലും കരുതി. പിറ്റേന്ന് മോള്‍ ആത്മഹത്യചെയ്തശേഷം എന്നെ അവരുടെ ഒരു ബന്ധു വിളിച്ച് വിവരം പറഞ്ഞത് ആ ഫോണില്‍നിന്നാണ്. മക്കളെയുംകൂട്ടി പുറത്തേക്ക് പോയപ്പോള്‍പോലും ആ ഫോണ്‍ അവളുടെ കൈയിലുണ്ടായിരുന്നില്ലെന്ന് ഇതില്‍നിന്ന് മനസ്സിലാക്കാം,'-അദ്ദേഹം പറഞ്ഞു.

2019-ല്‍ കല്യാണം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോള്‍മുതല്‍ ജിസ്മോള്‍ ഭര്‍ത്തൃവീട്ടില്‍ പീഡനങ്ങള്‍ അനുഭവിച്ചിരുന്നു എന്നാണ് തോമസ് പറയുന്നത്. 'ഭര്‍ത്താവും അമ്മയും സഹോദരിയും ചേര്‍ന്ന് മാനസികമായും ശാരീരികമായും പീഡിപ്പിച്ചു. വീട്ടിലെ ചെറിയ പ്രശ്‌നങ്ങള്‍ക്കും കാരണക്കാരി ചെന്നുകയറിയ അവളാണെന്ന് പറഞ്ഞ് അവഹേളിക്കുമായിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്നും പറഞ്ഞു.

ജിമ്മിയുടെ സഹോദരിക്ക് 15 ലക്ഷം രൂപയും സ്വര്‍ണവും അവര്‍ കൊടുത്തപ്പോള്‍ ജിസ്മോള്‍ക്ക് മൂന്നുലക്ഷം രൂപയും 25 പവനുമേ കൊടുത്തുള്ളൂവെന്ന് പറഞ്ഞു. തുക കുറഞ്ഞുപോയെന്ന് എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു. കറുത്ത നിറമാണെന്നുപറഞ്ഞ് കളിയാക്കി. ആദ്യകുഞ്ഞിനെ ഗര്‍ഭിണിയായിരുന്നപ്പോള്‍, അല്പം സ്‌നേഹം കാണിച്ചത് ജിമ്മിയുടെ അപ്പന്‍ മാത്രമാണ്. അതിനും അവളെ കുറ്റപ്പെടുത്തും. അവള്‍ അയാളെ വശീകരിച്ച് വെച്ചിരിക്കുകയാണെന്നുവരെ മറ്റുള്ളവര്‍ ആരോപിച്ചു.'

'ആ സമയത്ത് നെറ്റിപൊട്ടിയ പാട് കണ്ടപ്പോള്‍ സംശയം തോന്നി. ആദ്യം സമ്മതിച്ചില്ലെങ്കിലും, ജിമ്മി അടിച്ചതാണെന്ന് പിന്നെ സമ്മതിച്ചു. അപ്പോള്‍ വീട്ടിലേക്കുപോരാന്‍ പറഞ്ഞതാണ്. കുടുംബക്കോടതിയിലെ അഡ്വക്കേറ്റായ തനിക്ക് സ്വന്തം പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരും വില തരില്ല. അപ്പനിത് ആരോടും പറയരുതെന്ന് അവള്‍ വിലക്കി.'

'അവളെന്തേലും അവിവേകം കാട്ടുമോയെന്ന് പേടിച്ച സമയമുണ്ട്.' 'കഷ്ടപ്പെട്ടല്ലേ അപ്പ ഞങ്ങളെ പഠിപ്പിച്ചത്. അപ്പന്റെ മുഖം മറക്കാന്‍ പറ്റുമോ,' എന്നുപറഞ്ഞ് അവള്‍ ആശ്വസിപ്പിച്ചിരുന്നു. അടുത്തയിടെ അവരുടെ കുടുംബ ബിസിനസ് സംബന്ധിച്ച കേസ് അവള്‍ വാദിക്കണമെന്ന് ഭര്‍ത്തൃവീട്ടുകാര്‍ നിര്‍ബന്ധിച്ചു.' കേസില്‍ ന്യായമില്ലെന്നും ജയിക്കാന്‍ സാധ്യതയില്ലെന്നും മകള്‍ തന്നോട് പറഞ്ഞിരുന്നു. അവസാനം വിധിവന്നപ്പോള്‍ തോറ്റു. അതേക്കുറിച്ചും പ്രശ്‌നമുണ്ടായെന്ന് തോന്നുന്നു.

'മരിക്കുന്നതിനുമുമ്പ് ആ വീട്ടില്‍ എന്തോ സംഭവിച്ചു. ജിസ്മോളുടെ ദേഹത്ത് മര്‍ദിച്ച പാട് കണ്ടു. ഭര്‍ത്താവിന്റെ കുടുംബമാണ് ജിസ്മോളെയും മക്കളെയും മരണത്തിലേക്കുതള്ളിവിട്ടത്. അത് വിഷുവിന് തലേന്നാകണം. അന്നുമുതല്‍ അവളുടെ കൈയില്‍ ഫോണില്ല. ഇത്ര ദിവസമായിട്ടും പോലീസ് അന്വേഷണം എങ്ങുമെത്തിയിട്ടില്ല. എനിക്കറിയണം. എന്തിന് മകള്‍ ആ മാലാഖക്കുഞ്ഞുങ്ങളെയുംകൊണ്ട് ഇതുചെയ്തു, അത്രയ്ക്ക് ഹൃദയംപൊട്ടിയ കാര്യമെന്താണെന്ന്,'-പി.കെ. തോമസ് പറഞ്ഞു.

ഏപ്രില്‍ പതിനഞ്ചിനാണ് മുന്‍ മുത്തോലി പഞ്ചായത്ത് പ്രസിഡന്റും അഭിഭാഷകയുമായ ജിസ്മോള്‍ അഞ്ചും രണ്ടും വയസുളള മക്കളെയുമെടുത്ത് പുഴയിലേക്ക് ചാടി ജീവനൊടുക്കിയത്. രാവിലെ കുഞ്ഞുങ്ങളുമായി വീട്ടില്‍വെച്ച് ആത്മഹത്യ ചെയ്യാന്‍ ശ്രമം നടത്തിയിരുന്നു. കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിമരിക്കാനുളള ശ്രമം നടത്തി. കുഞ്ഞുങ്ങള്‍ക്ക് വിഷവും നല്‍കിയിരുന്നു. തുടര്‍ച്ചയായി ആത്മഹത്യാശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് ജിസ്മോള്‍ കുഞ്ഞുങ്ങളുമായി ആറ്റില്‍ ചാടാന്‍ തീരുമാനിച്ചത്. പുഴയിലേക്ക് ചാടിയ ഉടന്‍ നാട്ടുകാരെത്തി ഇവരെ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. എന്നാല്‍ മൂവരുടെയും മരണം സംഭവിക്കുകയായിരുന്നു. ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ് ജിസ്മോള്‍. നോഹ, നോറ എന്നിവരാണ് മക്കള്‍.

Similar News