പാലാ രൂപതയുടെ ഭൂമിയില്‍ ശിവലിംഗം കണ്ടെത്തിയ സംഭവത്തില്‍ വിശ്വാസപരമായ നടപടികള്‍ തുടങ്ങി; ദേവപ്രശ്‌നത്തിന് ശേഷം തുടര്‍ നടപടികള്‍ നടത്താന്‍ തീരുമാനം; ദൈവഞ്ജനായി തെരഞ്ഞെടുത്തത് മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയെ; വിവാദങ്ങള്‍ക്ക് ഇട നല്‍കാതെ വിഗ്രഹം മാറ്റി സ്ഥാപിച്ചേക്കും
പാലാ രൂപതയുടെ ഭൂമിയില്‍ ശിവലിംഗം കണ്ടെത്തിയ സംഭവത്തില്‍ വിശ്വാസപരമായ നടപടികള്‍ തുടങ്ങി
കോട്ടയം: പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ക്ഷേത്ര വിഗ്രഹങ്ങള്‍ കണ്ടെത്തിയ സംഭവം ദേവപ്രശ്ന വിധി പ്രകാരം പരിഹാരമുണ്ടാക്കാന്‍ ശ്രമം തുടങ്ങി. ഇതിന്റെ ആദ്യപടിയായി ക്ഷേത്ര സന്നിധിയില്‍ വച്ച് നറുക്കെടുപ്പിലൂടെ ദൈവഞ്ജനെ നിശ്ചയിച്ചു. അഞ്ച് ആചാര്യന്‍മാരുടെ പേരെഴുതിയ പൂര്‍ണ്ണ കുംഭത്തില്‍ നിന്നും അഞ്ച് വയസുള്ള ബാലികയാണ് നറുക്കെടുപ്പിലൂടെ ദൈവഞ്ജനെ തെരഞ്ഞെടുത്തത്. മേല്‍ശാന്തി പൂജിച്ച ശേഷമാണ് ദേവീ നടയില്‍ വച്ച് ആചാര പ്രകാരം നറുക്കെടുത്തത്.
മുല്ലപ്പള്ളി നാരായണന്‍ നമ്പൂതിരിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. ഉടന്‍ തന്നെ ദേവപ്രശ്നം നടത്തുന്നതിനാണ് തീരുമാനം. പാലാ വെള്ളാപ്പാട് ഭഗവതി ക്ഷേത്ര ഉപദേശക സമിതി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് നറുക്കെടുപ്പ് നടന്നത്. നഗരസഭ കൗണ്‍സിലര്‍മാരും റസിഡന്‍സ് അസോസിയേഷന്‍ പ്രതിനിധികളും പൊതുയോഗത്തില്‍ പങ്കെടുത്തു. ദേവപ്രശ്നം സംബന്ധിച്ചുള്ള കാര്യങ്ങളുടെ നടത്തിപ്പിനായി ഏഴംഗ സമിതിയെയും യോഗം നിശ്ചയിച്ചു.
ഫെബ്രുവരി അഞ്ചിനാണ് പാലാ തണ്ടളത്ത് പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള ഭൂമിയില്‍ ശിവലിംഗം ഉള്‍പ്പെടെ വിഗ്രഹങ്ങള്‍ കണ്ടത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കൃഷിക്കായി മണ്ണ് നീക്കുമ്പോഴാണ് വിഗ്രഹങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടത്. ഉടന്‍ തന്നെ സമീപവാസികള്‍ ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിച്ചു. അവര്‍ പാലാ രൂപത പ്രൊക്യുറേട്ടറുമായി നേരിട്ട് കാര്യങ്ങള്‍ സംസാരിച്ചു. ദേവപ്രശ്നം ആദ്യഘട്ടത്തില്‍ നടത്തണമെന്ന ക്ഷേത്ര ഭാരവാഹികളുടെ ആവശ്യം രൂപത പരിഗണിച്ചു. ദേവപ്രശ്നത്തില്‍ കാര്യങ്ങള്‍ പറയുന്നത് പ്രകാരമായിരിക്കും തുടര്‍ന്നുള്ള ചര്‍ച്ചകള്‍ നടക്കുന്നത്. നിലവില്‍ വിഗ്രഹം കണ്ടെത്തിയ സ്ഥലത്ത് സമീപവാസികള്‍ വിളക്ക് തെളിയിക്കുന്നുണ്ട്.
പള്ളി വക ഭൂമിയില്‍ വിഗ്രഹങ്ങള്‍ കാണപ്പെട്ടത്് വിവാദങ്ങള്‍ക്ക് വഴിയൊരുക്കാതെ രൂപതയും ക്ഷേത്ര ഉപദേശക സമിതിയും സംയമനം പാലിച്ച് ചര്‍ച്ച ചെയ്യുകയായിരുന്നു. രൂപതയുടെ കൈവശം ഭൂമി ലഭിക്കും മുന്‍പ് ഇവിടെയൊരു ക്ഷേത്രം നിലനിന്നിരുന്നതായി പറയപ്പെടുന്നു. വെള്ളാപ്പാട് വനദുര്‍ഗ്ഗ ദേവീക്ഷേത്രത്തിന്റെ മൂലക്ഷേത്രം ആയിരുന്നുവെന്നാണ് കരുതി പോന്നത്. നമ്പൂതിരി ഇല്ലത്തിന്റെ കൈവശമുണ്ടായിരുന്ന ക്ഷേത്രം കാലക്രമേണ ക്ഷയിച്ച് ഇല്ലാതായി. പിന്നീട് ആരൊക്കെയൊ ഭൂമി കൈവശപ്പെടുത്തി വച്ചിരുന്നു.
വെട്ടത്ത് കുടുംബക്കാരുടെ ഉടമസ്ഥതയിലായിരുന്നു ഏറെക്കാലം ഭൂമി. പിന്നീടാണ് രൂപതയുടെ കൈവശം എത്തിച്ചേര്‍ന്നത്. മുന്‍പ് നടന്ന ദേവപ്രശ്ന വിധിയില്‍ തണ്ടളത്ത് ഭാഗത്ത് വൈകാതെ എന്തെങ്കിലും സംഭവിക്കുമെന്ന്് സൂചിപ്പിച്ചിരുന്നു. വിഗ്രഹങ്ങള്‍ കണ്ടെത്തിയതോടെ ഭക്തര്‍ ഏറെ സന്തോഷത്തിലാണ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ് വെള്ളാപ്പാട് ഭഗവതി ക്ഷേത്രം. നിലവില്‍ ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടന്നു വരികയാണ്. ദേവപ്രശ്‌ന വിധി പ്രകാരമുള്ള കാര്യങ്ങളാണ് ചെയ്തു വരുന്നത്. പണ്ട് കാലത്ത് ക്ഷേത്രം ഉണ്ടായിരുന്നുവെന്ന് വിശ്വസിക്കുന്ന സ്ഥലത്ത് നിന്നും വിഗ്രഹങ്ങള്‍ കണ്ടെത്തിയത് നിമിത്തമാണെന്നാണ് വിശ്വാസം.