ഒരാവേശത്തില്‍ സുരേഷ് കുമാറിനെ പരിഹസിച്ചു; കളക്ഷന്‍ വിവരങ്ങളും പ്രതിഫല കണക്കുകളും പുറത്തുവരും എന്നായപ്പോള്‍ സൂപ്പര്‍താരങ്ങള്‍ക്കും ഭയം! പ്രതിഫല കണക്കുകള്‍ പുറത്തുവന്നാല്‍ ആദായനികുതി വകുപ്പിന്റെ പരിശോധന എത്തുമോയെന്ന് ആശങ്ക; കോംപ്രമൈസിന് വഴി തേടി മുതിര്‍ന്ന താരങ്ങള്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ പിന്‍വാതിലില്‍

ഒരാവേശത്തില്‍ സുരേഷ് കുമാറിനെ പരിഹസിച്ചു;

Update: 2025-02-17 05:27 GMT

കൊച്ചി: മലയാള സിനിമാ മേഖലയിലെ തര്‍ക്കം അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ആശങ്കയുമായി മുതിര്‍ന്ന താരങ്ങള്‍. ഒരാവേശത്തില്‍ സുരേഷ്‌കുമാറിനെ വിമര്‍ശിച്ചു വന്നവരാണ് ഇപ്പോള്‍ തങ്ങളുടെ പ്രതിഫല വിവരം അടക്കം പുറത്തുവരുന്നതില്‍ ആശങ്കയില്‍ കഴിയുന്നത്. സിനിമകളുടെ കളക്ഷന്‍ വിവരങ്ങളും, താരങ്ങളുടെ പ്രതിഫല കണക്കും പുറത്ത് വിടരുതെന്ന് മുതിര്‍ന്ന താരങ്ങള്‍ ആവശ്യപ്പെട്ടതായി വിവരം പുറത്തുവരുന്നുണ്ട്. ഇങ്ങനെ സംഭവിച്ചാല്‍ അത് തങ്ങള്‍ക്ക് തന്നെ തിരിച്ചടിയാകുമെന്ന് ഇവര്‍ ഭയപ്പെടുന്നു. അതുകൊണ്ട് കടുത്ത നിലപാട് അരുതെന്ന് പറഞ്ഞു താരങ്ങള്‍ നിര്‍മാതാവ് ജി സുരേഷ് കുമാറിനെ ഫോണില്‍ ബന്ധപ്പെട്ടതായാണ് വിവരം.

എന്നാല്‍ നിലപാടില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വ്യക്തമാക്കി. ഇതോടെ മലയാള സിനിമയിലെ ആവേശക്കമ്മറ്റിക്കാരനാണ് വെട്ടിലായിരിക്കു്‌നത്. മുതിര്‍ന്ന താരങ്ങള്‍ ജി സുരേഷ് കുമാറിനെ ഫോണില്‍ ബന്ധപ്പെട്ട് പ്രശ്‌നം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു. 100 കോടി ക്ലബ് പ്രചരണം വിനയാകുമെന്നുമാണ് പ്രധാന ആശങ്ക. പുറത്തുവരുന്ന കണക്കുകളുടെ പശ്ചാത്തലത്തില്‍ ആദായനികുതി വകുപ്പിന്റെ പരിശോധനയടക്കം ഉണ്ടാകുമെന്ന് വിലയിരുത്തല്‍. ഫെബ്രുവരിവരിയിലെ കണക്ക് പുറത്ത് വിടുമെന്ന് ജി സുരേഷ് കുമാര്‍ പറഞ്ഞിരുന്നു.

നേരത്തെ കോടികള്‍ വാരിക്കൂട്ടിയെന്ന പ്രചരണം നടത്തി സൗബിന്‍ സാഹിറി്‌ന്റെ സിനിമയായ മഞ്ഞുമ്മല്‍ ബോയ്‌സും ആദായ നികുതി വകുപ്പിന്റെ കെണിയില്‍ പെട്ടിരുന്നു. ഈ സിനിമയെ മറയാക്കി കള്ളപ്പണ ഇടപാട് നടന്നെന്ന ആക്ഷേപം പോലും ഉയര്‍ന്നു. ഈ പശ്ചാത്തലം നിലനില്‍ക്കേയാണ് കണക്കുകള്‍ പുറത്തുവിടരുന്നെന്ന ആവശ്യം സിനിമാക്കാര്‍ ഉന്നയിക്കുന്നത്.

താരങ്ങളുടെ പ്രതിഫലം നിലവിലെ നിലയില്‍ തുടര്‍ന്നാല്‍ സിനിമാ വ്യവസായം തകരും. ഫെബ്രുവരിയിലെ കണക്ക് കൂടി പുറത്തുവരുന്നതോടെ സമൂഹത്തിനും ഇത് ബോധ്യപ്പെടും' എന്ന നിലപാടിലാണ് പ്രൊഡ്യൂസേഴ്‌സ് അസോ.പ്രസിസന്റ് ജി സുരേഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയത്. ജനുവരിയില്‍ പുറത്തിറങ്ങിയ സിനിമകളുടെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടിരുന്നു. നിര്‍മ്മാതാക്കളുടെ സംഘടനയ്ക്കുള്ളില്‍ ഒരു പ്രശ്‌നവുമില്ലെന്ന് നിര്‍മാതാവും, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ട്രഷററുമായ ലിസ്റ്റില്‍ സ്റ്റീഫന്‍ പ്രതികരിച്ചിരുന്നു. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണം എന്നാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ മുന്നോട്ടുവയ്ക്കുന്ന ആവശ്യമെന്ന് ലിസ്റ്റില്‍ സ്റ്റീഫന്‍ പറഞ്ഞു.

അതിനിടെ സിനിമാ മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ജൂണ്‍ 1 മുതല്‍ സിനിമാ സമരം പ്രഖ്യാപിച്ചിരിക്കുന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന് പിന്തുണയുമായി ഫിലിം ചേംബര്‍. നിര്‍മാതാക്കള്‍ക്ക് പിന്തുണ ഉറപ്പാക്കാന്‍ 24 ന് കൊച്ചിയില്‍ സംഘടനയുടെ യോഗം ചേരുമെന്ന് സംഘടന അറിയിച്ചിട്ടുണ്ട്. സിനിമാ സമരം പ്രഖ്യാപിച്ചുകൊണ്ട് ജി സുരേഷ് കുമാര്‍ നടത്തിയ വാര്‍ത്താ സമ്മേളനം മുതല്‍ ആരംഭിച്ച സിനിമാ മേഖലയിലെ തര്‍ക്കം കൂടുതല്‍ സങ്കീര്‍ണ്ണവും രൂക്ഷവും ആവുകയാണ്.

സിനിമാ മേഖലയില്‍ ഏറെക്കാലമായി ചര്‍ച്ചയില്‍ നില്‍ക്കുന്ന താരങ്ങളുടെ ഉയര്‍ന്ന പ്രതിഫലവും നിര്‍മ്മാതാക്കള്‍ നേരിടുന്ന പ്രതിസന്ധിയും എല്ലാം പറഞ്ഞുകൊണ്ടുള്ളതായിരുന്നു സുരേഷ് കുമാറിന്റെ വാര്‍ത്താ സമ്മേളനം. താരങ്ങള്‍ നിര്‍മ്മിക്കുന്ന സിനിമകള്‍ ഇനി പ്രദര്‍ശിപ്പിക്കില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഏതാനും ദിവസങ്ങള്‍ക്കിപ്പുറം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ സുരേഷ് കുമാറിനെതിരെ രംഗത്തെത്തിയതോടെയാണ് സിനിമാ മേഖലയിലെ ഭിന്നത മറനീക്കി പുറത്തുവന്നത്.

വാര്‍ത്താ സമ്മേളനത്തിന് പിന്നാലെ നല്‍കിയ ഒരു അഭിമുഖത്തില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന മോഹന്‍ലാല്‍ ചിത്രം എമ്പുരാന്റെ ഉയര്‍ന്ന ബജറ്റിനെക്കുറിച്ചടക്കം സുരേഷ് കുമാര്‍ പറഞ്ഞിരുന്നു. ഇതിനെയടക്കം വിമര്‍ശിച്ച്, സുരേഷ് കുമാറിന്റെ ആരോപണങ്ങള്‍ക്ക് എണ്ണമിട്ട് മറുപടി പറഞ്ഞുകൊണ്ടായിരുന്നു ആന്റണിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്.

ഈ പോസ്റ്റ് യുവതാരങ്ങള്‍ അടക്കം പങ്കുവച്ച് രംഗത്തെത്തിയതിന് പിന്നാലെ സുരേഷ് കുമാറിനെ പിന്തുണച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസ്താവന ഇറക്കി. വിഷയത്തില്‍ നിര്‍മ്മാതാക്കളുടെ സമരപ്രഖ്യാപനത്തില്‍ താരസംഘടനയായ അമ്മയുടെ ഭാഗം അറിയിച്ചുകൊണ്ട് ജയന്‍ ചേര്‍ത്തലയും എത്തി. എന്നാല്‍ ജയന്‍ ചേര്‍ത്തലയുടെ പരാമര്‍ശങ്ങളില്‍ നിര്‍മാതാക്കള്‍ക്ക് കടുത്ത അതൃപ്തിയാണ് ഉള്ളത്. അമ്മയ്ക്ക് ശക്തമായ മറുപടി കൊടുക്കണമെന്നാണ് ഒരു വിഭാഗം നിര്‍മാതാക്കള്‍ പറയുന്നത്. അതേസമയം ആന്റണി പെരുമ്പാവൂരിന് ഐക്യദാര്‍ഢ്യം പങ്കുവച്ചുകൊണ്ട് മോഹന്‍ലാലും രംഗത്തുവന്നിരുന്നു.

Tags:    

Similar News