പി കെ ശശിയെ ഒറ്റപ്പാലത്തും ഷൊര്‍ണൂരും മത്സരിക്കാന്‍ സമ്മതിക്കില്ല; എറണാകുളത്ത് അന്വേഷിച്ചാല്‍ ആര്‍ഷോ ആരെന്ന് അറിയാം; തീര്‍ത്ത് കളയുമെന്ന് ആര്‍ഷോ ഭീഷണിപ്പെടുത്തിയെന്ന് ശശി അനുകൂല നേതാവ്; പി.കെ ശശി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സിപിഎം; രാഷ്ട്രീയ വിശദീകരണ യോഗം ഇന്ന് മണ്ണാര്‍ക്കാട്ട്

പി കെ ശശിയെ ഒറ്റപ്പാലത്തും ഷൊര്‍ണൂരും മത്സരിക്കാന്‍ സമ്മതിക്കില്ല

Update: 2026-03-11 02:55 GMT

പാലക്കാട്: എസ്എഫ്‌ഐ മുന്‍ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ ഫോണിലൂടെ വധഭീഷണി മുഴക്കിയെന്ന ആരോപണവുമായി പാലക്കാട്ടെ പികെ ശശി അനുകൂലിയായ നേതാവ് ഷാനിഫ് .എസ്എഫ്‌ഐ മുന്‍ ഏരിയാ സെക്രട്ടറിയും മണ്ണാര്‍ക്കാട് സ്വദേശിയുമാണ് ഷാനിഫ്. പികെ ശശിയെ ഒറ്റപ്പാലത്തും ഷൊര്‍ണൂരും മത്സരിക്കാന്‍ സമ്മതിക്കില്ലെന്നും തന്നെ തീര്‍ത്ത് കളയുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഷാനിഫ് പറഞ്ഞു. വാട്‌സ് ആപ്പ് കോളില്‍ വിളിച്ച് പിഎം ആര്‍ഷോ അസഭ്യം പറഞ്ഞു. സിപിഎം വിമത കണ്‍വെന്‍ഷനില്‍ ആര്‍ഷോയ്ക്കതിരെ പികെ ശശി ആരോപണം ഉയര്‍ത്തിയിരുന്നു.

പികെ ശശി സര്‍ക്കാരില്‍ നിന്ന് പറ്റിയ ആനൂകൂല്യം തിരിച്ചടിപ്പിക്കുമെന്ന് പറഞ്ഞാണ് ആര്‍ഷോ ഫോണ്‍ സംഭാഷണം തുടങ്ങിയത്.പിന്നീട് അസഭ്യം പറയാന്‍ തുടങ്ങി. ബന്ധം മുറിയരുതെന്ന് കരുതി ഏറെ നേരം ക്ഷമിച്ചു. അസഭ്യ വര്‍ഷം തുടര്‍ന്നപ്പോള്‍ അതേരീതിയില്‍ തിരിച്ചുപറഞ്ഞു. എറണാകുളത്ത് അന്വേഷിച്ചാല്‍ ആര്‍ഷോ ആരെന്ന് അറിയാമെന്നും പലരെയും കുത്തിയിട്ടുണ്ടെന്നും പറഞ്ഞു. തുടര്‍ന്നായിരുന്നു വധഭീഷണിയെന്ന് ഷാനിഫ് പറഞ്ഞു.

അതേസമയം സിപിഎം പുറത്താക്കിയ പി.കെ ശശി ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍ സിപിഎം ഇന്ന് മുതല്‍ രംഗത്തിറങ്ങും. മണ്ണാര്‍ക്കാട് ഇന്ന് വൈകുന്നേരം 3 മണിക്കാണ് രാഷ്ട്രീയ വിശദീകരണ യോഗം നടക്കും. യോഗത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവനും ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബുവും പങ്കെടുക്കും. ജില്ലാ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് പി കെ ശശി ഉന്നയിച്ചത്. സ്പിരിറ്റ് കച്ചവടവും മറ്റു ഇടപാടുകളും ഉണ്ടെന്നായിരുന്നു ആരോപണം. യൂത്ത് സെന്റര്‍ മയക്കുമരുന്ന് കേന്ദ്രമായെന്നും എറണാകുളത്ത് നിന്നെത്തിയ നേതാവ് കഞ്ചാവ് ഉപയോഗിക്കുന്ന ആളാണെന്നും ആരോപിച്ചിരുന്നു. ഇതടക്കമുള്ള ആരോപണങ്ങള്‍ക്ക് ഇന്നത്തെ വിശദീകരണ യോഗത്തില്‍ സിപിഎം മറുപടി പറയും.

2026 മാര്‍ച്ചില്‍ നടന്ന വിമത കണ്‍വെന്‍ഷനില്‍ പാര്‍ട്ടിയെ പരസ്യമായി വിമര്‍ശിച്ചതിനെത്തുടര്‍ന്ന് പി.കെ ശശിയെ സി.പി.എം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. പാര്‍ട്ടിയുടെ സംഘടനാ മര്യാദകള്‍ ലംഘിച്ച് വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതും നേതൃത്വത്തെ പരസ്യമായി അപകീര്‍ത്തിപ്പെടുത്തിയതും അതീവ ഗൗരവകരമായാണ് സി.പി.എം കാണുന്നത്.

സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിനെ 'സ്പിരിറ്റ് കച്ചവടക്കാരന്‍' എന്ന് ശശി വിശേഷിപ്പിച്ചതിനെതിരെ സുരേഷ് ബാബു ശക്തമായി പ്രതികരിച്ചു. തനിക്കെതിരെയുള്ള ആരോപണങ്ങള്‍ തെളിയിക്കാന്‍ ശശിയെ അദ്ദേഹം വെല്ലുവിളിച്ചു. ആരോപണങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. കെ ശശി പാര്‍ട്ടിയില്‍ ഇരുന്നുകൊണ്ട് സമ്പാദിച്ച സ്വത്തുക്കളെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ജില്ലാ സെക്രട്ടറി ആവശ്യപ്പെട്ടു. ശശിക്കെതിരെ മുന്‍പ് ഉയര്‍ന്ന സാമ്പത്തിക തിരിമറി ആരോപണങ്ങളും ഇതിലൂടെ പാര്‍ട്ടി വീണ്ടും സജീവമാക്കി.

Tags:    

Similar News