ലീഗ് വീണ്ടും മാതൃകയാകുന്നു.. വനിതാ സ്ഥാനാര്‍ത്ഥിയെ വാക്കാല്‍ മുറിപ്പെടുത്തിയ ആളെ സംഘടനയില്‍ നിന്നു തന്നെ പുറത്താക്കാന്‍ കാണിച്ച ആ തീരുമാനത്തിന്റെ പേരാണ് രാഷ്ട്രീയ ധാര്‍മ്മികത; സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ട് വളിച്ച ചിരിയുയര്‍ത്തുന്ന അശ്ലീലന്മാര്‍ നേതാക്കളായിട്ടുള്ള ഒരു പാര്‍ട്ടിയുണ്ട് നമുക്ക്; ലീഗിനെ അഭിനന്ദിച്ചു ജോയ് മാത്യു
ലീഗിനെ അഭിനന്ദിച്ചു ജോയ് മാത്യു
തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ യു. പ്രതിഭയ്‌ക്കെതിരെ ലീഗ് നേതാവ് നടത്തിയ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ യുഡിഎഫ് നടപടി എടുത്തിരുന്നു. യുഡിഎഫ് കണ്‍വന്‍ഷനില്‍ പ്രതിഭയ്‌ക്കെതിരെ മോശം പരാമര്‍ശം നടത്തിയ എ. ഇര്‍ഷാദിനെ കായംകുളം നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കുകയാണ് ചെയതത്. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എച്ച്. ബഷീര്‍ കുട്ടിക്കാണ് പകരം ചുമതല നല്‍കിയത്.
യുഡിഎഫിന്റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്ക് വലിയ ആഘാതമേല്‍പ്പിച്ച ഈ സംഭവത്തില്‍ അടിയന്തര നടപടി സ്വീകരിക്കാന്‍ മുന്നണി നേതൃത്വം തീരുമാനിക്കുകയായിരുന്നു. ഒരു സ്ത്രീക്കെതിരെ നടത്തിയ മോശമായ പ്രസ്താവന കേവലം ഖേദപ്രകടനത്തില്‍ ഒതുങ്ങുന്ന ഒന്നല്ലെന്ന വിലയിരുത്തലിലാണ് ഈ നീക്കം. ഖേദപ്രകടനം എന്നത് രാഷ്ട്രീയ മര്യാദയുടെ ഭാഗമാണെങ്കിലും ഇത്രയും മോശമായ വാക്കുകള്‍ ഉപയോഗിച്ച നേതാവിനെ സ്ഥാനത്ത് നിലനിര്‍ത്തുന്നത് മുന്നണിക്ക് ഗുണകരമല്ലെന്ന വിലയിരുത്തുകളെ തുടര്‍ന്നാണ് നടപടിയെന്നാണ് വിവരം.
യുഡിഎഫ് തലത്തിലുള്ള നടപടിക്ക് പിന്നാലെ മുസ്ലിം ലീഗ് പാര്‍ട്ടി തലത്തിലും ഇര്‍ഷാദിനെതിരെ അച്ചടക്ക നടപടി ഉണ്ടാകുമെന്നാണ് വിവരം. ഇപ്പോഴിതാ മുസ്ലിംലീഗ് കൈക്കൊണ്ട ആ നടപടിയെ അഭിനന്ദിച്ചു നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്തെത്തി. ലീഗ് ഉന്നതമായ രാഷ്ട്രീയ ധാര്‍മികത പുലര്‍ത്തിയെന്നാണ് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ച്ത്.
ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ലീഗ് വീണ്ടും മാതൃകയാകുന്നു. കായംകുളത്തെ വനിതാ സ്ഥാനാര്‍ത്ഥിയെ വാക്കാല്‍ മുറിപ്പെടുത്തുന്ന പരാമര്‍ശം നടത്തി എന്നതിന്റെ പേരില്‍ അയാള്‍ മാപ്പ് പറഞ്ഞു. എന്നാല്‍ അത് അവിടെ അവസാനിപ്പിക്കാതെ അയാളെ സംഘടനയില്‍ നിന്നു തന്നെ പുറത്താക്കാന്‍ കാണിച്ച ആ തീരുമാനത്തിന്റെ പേരാണ് രാഷ്ട്രീയ ധാര്‍മ്മികത.
ഈ കഥയിലെ സ്ത്രീ കഥാപാത്രം ഒരു വീഡിയോയിലൂടെ മാധ്യമപ്രവര്‍ത്തകരെ കേട്ടാലറക്കുന്ന ഭാഷയില്‍ ആക്ഷേപിച്ചതിനു ഇന്ന് വരെ അവര്‍ മാപ്പ് പറഞ്ഞിട്ടില്ല എന്നത് അവരുടെ പാര്‍ട്ടിയുടെ രാഷ്ട്രീയ ധാര്‍മ്മികത. സൈബര്‍ ഇടങ്ങളില്‍ മാത്രമല്ല കിട്ടുന്ന വേദികളിലെല്ലാം പരസ്യമായി സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ട് വളിച്ച ചിരിയുയര്‍ത്തുന്ന അശ്ലീലന്മാര്‍ നേതാക്കളായിട്ടുള്ള ഒരു പാര്‍ട്ടിയുണ്ട് നമുക്ക്. എന്താണ് രാഷ്ട്രീയ ധാര്‍മ്മികതയെന്ന് അവര്‍ മുസ്ലിം ലീഗിനെ കണ്ടുപഠിക്കട്ടെ..
അതിനിടെ കായംകുളം നിയമസഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി യു പ്രതിഭയ്‌ക്കെതിരെ യുഡിഎഫ് നേതാവ് നടത്തിയ അധിക്ഷേപ പരാമര്‍ശത്തില്‍ ഇടപെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനും. ആലപ്പുഴ കലക്ടറോട് കമ്മീഷന്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. ഉച്ചയ്ക്ക് മുന്‍പ് നടപടിയെടുത്ത് അറിയിക്കണമെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശം.
നാക്ക്ചാതുര്യംകൊണ്ടും ശരീര അഴകുകൊണ്ടും അതെല്ലാം വില്‍പ്പനയ്ക്കായിവച്ചുമാണ് പ്രതിഭ തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നായിരുന്നു യുഡിഎഫ് മണ്ഡലം കണ്‍വീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇര്‍ഷാദിന്റെ അധിക്ഷേപം. സ്ത്രീത്വത്തെ അപമാനിച്ചതിനെതിരെ പ്രതിഭയും ജനാധിപത്യ മഹിളാ അസോസിയേഷനും തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നു.
ബുധനാഴ്ച യുഡിഎഫ് കണ്‍വന്‍ഷനില്‍ ഇര്‍ഷാദ് കടുത്ത സത്രീവിരുദ്ധ പരാമര്‍ശം നടത്തുമ്പോള്‍ മറ്റ് നേതാക്കള്‍ തിരുത്തിയതുമില്ല. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ഡിസിസി പ്രസിഡന്റ് ബി ബാബുപ്രസാദ്, യുഡിഎഫ് സ്ഥാനാര്‍ഥി എം ലിജു എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അധിക്ഷേപം. ചാനലുകളില്‍ വാര്‍ത്തയാകുകയും വന്‍പ്രതിഷേധം ഉയരുകയും ചെയ്തതോടെ എ ഇര്‍ഷാദ് ഖേദം പ്രകടിപ്പിച്ചു. എന്നാല്‍, കേവലം ഖേദപ്രകടനംകൊണ്ട് വിഷയം അവസാനിക്കില്ലെന്ന് യു പ്രതിഭ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
