'ഞാനൊന്നു വന്നു നിന്നാല്‍ മതി അപ്പൊ മൂത്രമൊഴിക്കും; സിനിമക്കാരനെ ബഹുമാനിക്കാന്‍ പഠിപ്പിക്കെടാ'; റിവ്യൂവറെ ഭീഷണിപ്പെടുത്തിയ ജോജു ജോര്‍ജിന് ട്രോള്‍ പൂരം

മൂത്രതടസമുണ്ടെങ്കില്‍ ജോജുവിനെ സമീപിക്കുക

Update: 2024-11-02 13:20 GMT

തിരുവനന്തപുരം: പണി സിനിമയിലെ റേപ്പ് സീന്‍ ചിത്രീകരിച്ച രീതിയെ വിമര്‍ശിച്ച് കുറിപ്പ് പങ്കുവെച്ച റിവ്യൂവറെ ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ സിനിമയുടെ സംവിധായകനും നായകനുമായ ജോജു ജോര്‍ജിന് സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോള്‍ പൂരം. മൂത്രതടസമുണ്ടെങ്കില്‍ ജോജുവിനെ സമീപിക്കുക, സിനിമക്കാരനെ ബഹുമാനിക്കാന്‍ പഠിപ്പിക്കെടാ തുടങ്ങി ഒട്ടേറെ മീമുകളാണ് ജോജുവിനെതിരെ പ്രചരിക്കുന്നത്.

സിനിമയെ വിമര്‍ശിച്ചതിന് എന്തിന് ഇങ്ങനെ പ്രൊവോക്ക്ഡ് ആകുന്നു എന്ന് ചോദിച്ച റിവ്യൂവറോഡ് കെച്ചെര്‍ക്കാ, താന്‍ പ്രൊവോക്ക്ഡായാല്‍ ( പ്രകോപിതനായാല്‍) നീ മുള്ളിപ്പോകും എന്ന മറുപടിയാണ് ജോജു ജോര്‍ജ് പറഞ്ഞത്. ഇതോടെയാണ് ജോജുവിനെതിരെ ട്രോള്‍ പൂരം നിറഞ്ഞത്.

'മൂത്രതടസം മാറ്റികൊടുക്കുന്നു, തങ്കന്‍ വൈദ്യര്‍', 'പ്രത്യേക അറിയിപ്പ്... മൂത്ര തടസ്സമുള്ളവര്‍ ഇനി മുതല്‍ ആശുപത്രിയില്‍ പോകേണ്ട കാര്യമില്ല, എത്രയും വേഗം ജോജുവിനെ സമീപിക്കുക', 'കുറച്ചു റെസ്പെക്ട് എടുക്കട്ടേ ജോജുവേട്ടാ...' എന്നിങ്ങനെ പോകുന്നു ജോജുവിന്റെ പേജിലെ കമന്റുകള്‍. 



'കോടികള്‍ മുടക്കി നിര്‍മിച്ച ചിത്രത്തിനെതിരെ കുറിപ്പെഴുതിയ നിന്നെ നേരില്‍ കാണണമെന്നും മുന്നില്‍ നില്‍ക്കാന്‍ ധൈര്യം ഉണ്ടോ'എന്നും ജോജു ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയ ഓഡിയോ റിവ്യൂവര്‍ ആദര്‍ശ് എച്ച്.എസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. കൊച്ചെര്‍ക്കാ, ഞാന്‍ പ്രകോപിതനായാല്‍ നീ മുള്ളിപ്പോകും എന്നും ജോജു പറഞ്ഞിരുന്നു ഇതോടെയാണ് ജോജുവിനെതിരെ ട്രോള്‍ പൂരം നിറഞ്ഞത്.


 



താന്‍ ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും തന്റെ സിനിമയെ പറ്റി മോശം പറഞ്ഞപ്പോള്‍ ദേഷ്യവും പ്രയാസവും തോന്നിയെന്നും അതിന്റെ പേരിലാണ് റിയാക്റ്റ് ചെയ്തതെന്നും ജോജു വിശദീകരണ വിഡിയോയില്‍ പറഞ്ഞിരുന്നു.


 



''എന്റെ സിനിമ ഇഷ്ടമല്ലെങ്കില്‍ ഇഷ്ടമല്ലെന്ന് തന്നെ പറയണം, എന്റെ രണ്ട് വര്‍ഷത്തെ അധ്വാനമാണ് ഈ സിനിമ, ആ സിനിമയുടെ സ്‌പോയിലര്‍ പ്രചരിപ്പിക്കുന്നത് ശരിയല്ല, പല ഗ്രൂപ്പിലും ഈ റിവ്യൂവര്‍ ആ പോസ്റ്റ് കോപ്പി പേസ്റ്റ് ചെയ്യുന്നു, സിനിമ കാണരുതെന്ന് പറയുന്നു. ഇത് ശരിയല്ല, വ്യക്തിപരമായി വൈരാഗ്യം ഉണ്ടാവാന്‍ എനിക്ക് ഇയാളെ അറിയില്ല.


 



അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിലല്ല ഞാന്‍ ഇയാളെ വിളിച്ചത്. മനഃപൂര്‍വം ഇങ്ങനെ ചെയ്തതുകൊണ്ടാണ് അയാളെ വിളിച്ചു സംസാരിച്ചത്. നിയമപരമായി ഇക്കാര്യത്തില്‍ ഞാന്‍ മുന്നോട്ടുപോകും. എന്റെ ജീവിതമാണ് സിനിമ, കോടികള്‍ മുടക്കിയാണ് ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്. ഒരു സിനിമയുടെ കഥയിലെ സ്‌പോയിലര്‍ പ്രചരിപ്പിക്കുകയാണ് ഇയാള്‍ ചെയ്തത്. ഞങ്ങളുടെ ജീവിത പ്രശ്‌നമാണിത്. അതുകൊണ്ടാണ് പ്രതികരിച്ചത്.''ജോജു ജോര്‍ജിന്റെ വാക്കുകള്‍.


 



അതേ സമയം ജോജു ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തുന്ന ഓഡിയോ റിവ്യൂവര്‍ ആദര്‍ശ് തന്നെ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. ഇനിയൊരിക്കലും ജോജു മറ്റൊരാളാടും ഇങ്ങനെ ചെയ്യാതിരിക്കാന്‍ വേണ്ടിയാണ് ഓഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെയ്ക്കുന്നത് എന്നാണ് ആദര്‍ശ് പറയുന്നത്. നേരില്‍ കാണാന്‍ ധൈര്യമുണ്ടോയെന്നും കാണിച്ചു തരാമെന്നുമൊക്കെയുള്ള ഭീഷണികള്‍ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും. എന്നാല്‍, അത്തരം ഭീഷണികള്‍ വിലപ്പോവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പണി എന്ന ചിത്രത്തിലെ ഒരു റേപ്പ് സീനിനെതിരെയാണ് ആദര്‍ശ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെച്ചത്. ആദര്‍ശിന്റെ പോസ്റ്റ് ഇങ്ങനെ.

Rape എന്നത് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഒരു സിനിമയില്‍ അത് ചിത്രീകരിക്കുമ്പോള്‍ അതിലേറെ സൂക്ഷ്മതയുണ്ടാവേണ്ടതുണ്ട്. എന്നാല്‍ ജോജു ജോര്‍ജ് സംവിധാനം ചെയ്ത പണി എന്ന സിനിമയില്‍ rape സീന്‍ കൈകാര്യം ചെയ്തിരിക്കുന്നത് അപക്വമായും സ്ത്രീ കഥാപാത്രത്തെ objectify ചെയ്യും വിധവുമാണ്.

എങ്ങനെയാണ് rape ചിത്രീകരിക്കേണ്ടത്? അത് കാണുന്ന പ്രേക്ഷകനില്‍ ആ കുറ്റകൃത്യത്തിന്റെ തീവ്രത ബോധ്യപ്പെടും വിധമാകണം. കാണുന്ന വ്യക്തിക്ക് empathy തോന്നേണ്ടത് ആ rape ചെയ്യപ്പെട്ട വ്യക്തിയോടായിരിക്കണം. പക്ഷേ പണിയില്‍ അത് പഴയ കാല ബി ഗ്രേഡ് സിനിമകളെ ഓര്‍മ്മിപ്പിക്കും വിധമാണ് ചെയ്ത് വച്ചിരിക്കുന്നത്. The Rapist പോലെയുള്ള ചിത്രങ്ങള്‍ reference ആയി സ്വീകരിച്ചാല്‍ എങ്ങനെയാണ് rape portray ചെയ്യേണ്ടത് എന്നതില്‍ വ്യക്തത ലഭിക്കുന്നതാണ്.

ഇനി സിനിമയിലേക്ക് വന്നാല്‍, പഴയ ഷാജി കൈലാസ് മാസ്സ് പടങ്ങളുടെ മാതൃകയിലെടുക്കണോ അതോ അങ്കമാലി ഡയറീസില്‍ ലിജോ സ്വീകരിച്ചത് പോലെയൊരു സമീപനം വേണമോയെന്ന ആശയക്കുഴപ്പം ഉടനീളം പ്രകടമാണ്. ഒടുവില്‍ രണ്ടുമല്ലാത്ത ഒരു അവിഞ്ഞ പരുവത്തിലാണ് സിനിമ പുറത്തു വരുന്നത്. തുടക്കം മുതല്‍ ഒടുക്കം വരെ നിറഞ്ഞു നില്കുന്ന ആര്‍ട്ടിഫിഷ്യല്‍ ആയ കഥപറച്ചില്‍ രീതിയാണ് മറ്റൊരു പ്രശ്‌നം. മേക്കിങ് ക്വാളിറ്റിയിലും ഇതേ പ്രശ്‌നം കാണാം.

കഥ നടക്കുന്നത് തൃശൂരാണെന്ന് ബോധ്യപ്പെടുത്താനുള്ള തത്രപ്പാടാണ് ആദ്യം മുതല്‍.

ചിലയിടങ്ങിളിലൊക്കെ മമ്മൂട്ടിയുടെ ബ്‌ളാക്ക് സിനിമയുടെ മാതൃകകള്‍ സൃഷ്ടിക്കാനുള്ള ശ്രമവും കാണാം. സിനിമയിലെ ആകെ engaging കഥാപാത്രങ്ങള്‍ സാഗറും ജുനൈസും ചെയ്ത വില്ലന്‍ വേഷമാണ്. എന്നാല്‍ രണ്ടാം പകുതിയില്‍ വഴിയേ പോകുന്ന സീമ വരെ പിള്ളേരുടെ കൈ ചവിട്ടിയോടിക്കുന്നത് അത് വരെ build ചെയ്ത് വന്ന ആ കഥാപാത്രങ്ങളുടെ attitude നശിപ്പിക്കുന്നുണ്ട്. ജോജു ഉടനീളം ഒരു കാറുമെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും തെക്ക് വടക്ക് പറപ്പിക്കുന്നുണ്ട്. പോക്ക് കണ്ടാല്‍ ഇപ്പോള്‍ മലമറിക്കുമെന്ന് തോന്നുമെങ്കിലും വില്ലന്മാര്‍ കൊന്ന് തള്ളുന്നവരെ പെറുക്കി ആശുപത്രിയില്‍ കൊണ്ട് പോവുക എന്ന ആംബുലന്‍സ് ഡ്രൈവറുടെ പണി മാത്രമാണ് അയാള്‍ക്കുള്ളത്. അഭിനയത്തിലും പഴയ സിനിമകളുടെ അതേ മാതൃകയാണ് ജോജു. ആകെയുള്ളൊരു ആശ്വാസം ജോജുവിന്റെ ഒപ്പം നടന്ന് അഭിനയിച്ചു വെറുപ്പിക്കുന്നവരെയൊക്കെ വില്ലന്മാര്‍ കൃത്യമായ ഇടവേളകില്‍ കൊന്ന് ശല്യം തീര്‍ത്തു തരുന്നു എന്നുള്ളത് മാത്രമാണ്.

ഈ സിനിമാ All Kerala Pensioners Goonda Association അംഗങ്ങള്‍ക്ക് ഫ്രീ ടിക്കറ്റ് നല്‍കി കാണിക്കണം. തങ്ങള്‍ ചെയ്തിരുന്ന തൊഴില്‍ എത്ര ബോറ് ആയിരുന്നു എന്ന് അവര്‍ക്ക് ശിഷ്ടകാലം പശ്ചാത്താപം തോന്നി എരിഞ്ഞു ജീവിക്കണം.

ആദര്‍ശ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഈ പോസ്റ്റിനൊപ്പം ജോജുവിന്റെ ഭീഷണി കോളിന്റെ വിവരങ്ങള്‍ കൂടി പങ്കുവെച്ചിട്ടുണ്ട്.

Tags:    

Similar News