പെരിക്കല്ലൂരില്‍ മദ്യവും തോട്ടയും പിടിച്ച സംഭവത്തില്‍ തെറ്റായ വിവരം ലഭിച്ചു; മുന്‍കാലങ്ങളില്‍ ചെയ്തതു പോലെ പൊലീസിനെ അറിയിച്ച ജോസ് നെല്ലേടം; ആ 'ചതിയ്ക്ക്' പിന്നില്‍ ജോസിന്റെ മറുപക്ഷത്തുള്ള കോണ്‍ഗ്രസ് നേതാവോ? അനീഷ് മാമ്പള്ളിയ്ക്കായി ഊര്‍ജ്ജിത അന്വേഷണം; യഥാര്‍ത്ഥ വില്ലനെ പൊക്കിയേക്കും; മുള്ളന്‍കൊല്ലിയെ ഒഴിവാക്കി പ്രിയങ്കയും

Update: 2025-09-14 04:37 GMT

പുല്‍പള്ളി: ആത്മഹത്യചെയ്ത ജോസ് നെല്ലേടത്തിന്റെ വീട്ടില്‍നിന്നു കണ്ടെത്തിയ ആത്മഹത്യാക്കുറിപ്പില്‍ ജോസിന്റെ മറുപക്ഷത്തുള്ള ഒരു കോണ്‍ഗ്രസ് നേതാവിന്റെ പേരുള്ളതായി് സൂചന. പ്രതിസന്ധിഘട്ടത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഒപ്പംനിന്നില്ലെന്നതിനൊപ്പം സൈബര്‍ അധിക്ഷേപങ്ങളും വല്ലാതെ വേദനിപ്പിച്ചതായ പരാമര്‍ശങ്ങള്‍ കത്തിലും ആവര്‍ത്തിക്കുന്നു. കോണ്‍ഗ്രസ് നേതാവും മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്ത് അംഗവുമായ ജോസ് നെല്ലേടം ജീവനൊടുക്കിയ സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിനൊരുങ്ങുകയാണ് പൊലീസും.

നിലവില്‍ സ്‌ഫോടകവസ്തുക്കളും മദ്യവും തങ്കച്ചന്റെ വീട്ടില്‍വെച്ച കേസില്‍ ആരോപണവിധേയരായവരെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ജയില്‍മോചിതനായശേഷം തങ്കച്ചന്‍ ചില നേതാക്കളാണ് കള്ളക്കേസില്‍ കുടുക്കിയതെന്ന് ആരോപിച്ചിരുന്നു. ഇതില്‍ ഒരാളായ അനീഷ് മാമ്പള്ളിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും ഇയാള്‍ സ്ഥലത്തില്ലെന്നാണ് മനസ്സിലാക്കുന്നതെന്നുമാണ് പോലീസ് പറയുന്നത്. ഇപ്പോള്‍ അറസ്റ്റിലായ പ്രസാദും അനീഷ് മാമ്പള്ളി സ്വന്തം ആവശ്യത്തിനാണെന്നു പറഞ്ഞാണ് മദ്യം വാങ്ങിപ്പിച്ചതെന്ന് മൊഴിനല്‍കിയതായി സൂചനയുണ്ട്. തങ്കച്ചന്റെ വീട്ടില്‍ എല്ലാം കൊണ്ടു വച്ച ശേഷം ജോസിനെ വിവരം അറിയിച്ചു. ഇത് സത്യമാണെന്ന് വിശ്വസിച്ച് ജോസ് പോലീസിനെ അറിയിച്ചു. അങ്ങനെയാണ് തങ്കച്ചന്‍ അകത്തായത്. തങ്കച്ചന്‍ മോചിപ്പിച്ച ശേഷം കേസ് വിളിച്ചു പറഞ്ഞ ആള്‍ക്കെതിരെ വരുന്ന സ്ഥിതി വന്നു. അപ്പോഴാണ് ജോസും ചതി തിരിച്ചറിഞ്ഞത്. ഇതിന്റെ വേദനയിലാണ് ആത്മഹത്യയെന്നാണ് സൂചന.

ആത്മഹത്യയില്‍ പോലീസ് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുക്കും. ജോസ് നെല്ലേടത്തിന്റേത് ആത്മഹത്യയെന്ന സ്ഥിരീകരണം ഉണ്ടെങ്കിലും ഇതിലേക്ക് നയിച്ച കാരണങ്ങള്‍ സംബന്ധിച്ചാണ് പൊലീസ് കൂടുതല്‍ അന്വേഷണം നടത്തുന്നത്. ജോസ് നെല്ലേടത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി രാഷ്ട്രീയ വിവാദങ്ങളും ഉയര്‍ന്നിരുന്നു. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ജോസ് നെല്ലേടം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണിത്. പെരിക്കല്ലൂരിലെ കോണ്‍ഗ്രസ് വാര്‍ഡ് പ്രസിഡന്റ് കാനാട്ടുമല തങ്കച്ചനെ കള്ളക്കേസില്‍ കുടുക്കിയെന്ന ആരോപണങ്ങളെ തുടര്‍ന്ന് ജോസ് നെല്ലേടമുള്‍പ്പെടെയുള്ള ചില നേതാക്കള്‍ക്കെതിരെ വ്യാപക പ്രചാരണങ്ങള്‍ നടന്നിരുന്നു. ഇതില്‍ മനം നൊന്താണ് അദ്ദേഹം ജീവനൊടുക്കിയതെന്നാണ് സൂചന. പുറത്തു വന്ന ദൃശ്യങ്ങളില്‍, തന്റെ നിരപരാധിത്വം ജോസ് നെല്ലേടം വ്യക്തമാക്കുന്നുണ്ട്.

പെരിക്കല്ലൂരില്‍ മദ്യവും തോട്ടയും പിടിച്ച സംഭവത്തില്‍ തെറ്റായ വിവരം ലഭിച്ചു. ഇത് മുന്‍കാലങ്ങളില്‍ ചെയ്തതു പോലെ പൊലീസിനെ അറിയിക്കുകയാണ് ചെയ്തതെന്നാണ് ജോസ് വ്യക്തമാക്കിയത്. ഒരാളില്‍നിന്ന് അനര്‍ഹമായി ഒന്നും കൈപ്പറ്റിയിട്ടില്ലെന്നും മക്കളുടെ ഭാവി നശിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.വെളളിയാഴ്ച രാവിലെയാണ് ജോസ് നെല്ലേടത്തിനെ വീടിന് സമീപത്തെ കുളത്തിനടുത്ത് അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

ജോസ് നെല്ലേടത്തിന്റെ മരണം വയനാട് കോണ്‍ഗ്രസില്‍ സമീപകാലത്തുണ്ടായ ദുരൂഹ മരണങ്ങളുടെ തുടര്‍ച്ചയാണെന്നാണ് സിപിഎമ്മും സിപിഐയും ആരോപിക്കുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷത്തിനിടെ അഞ്ചിലേറെ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് വിവിധ കാരണങ്ങളാല്‍ വയനാട്ടില്‍ ജീവനൊടുക്കിയത്. വിഭാഗീയതയും സഹകരണ ബാങ്ക് തട്ടിപ്പുകളും മരണങ്ങള്‍ക്ക് പിന്നിലുണ്ടെന്നാണ് സിപിഎം ഉയര്‍ത്തുന്ന ആരോപണം.

പ്രിയങ്ക എത്താത്തത് വിവാദം

കോണ്‍ഗ്രസ് മുള്ളന്‍കൊല്ലി മണ്ഡലം വൈസ് പ്രസിഡന്റ് ജോസ് നെല്ലേടം ജീവനൊടുക്കിയ വെള്ളിയാഴ്ച മുതല്‍ സംസ്‌കാരം നടന്ന ശനി വൈകിട്ടുവരെയും ജില്ലയിലുണ്ടായിട്ടും പ്രിയങ്ക ഗാന്ധി മുള്ളന്‍കൊല്ലിയിലേക്ക് എത്തിയില്ലെന്നത് വിവാദമായിട്ടുണ്ട്. മീനങ്ങാടി കൃഷ്ണഗിരി സ്റ്റേഡിയത്തില്‍ ജേര്‍ണലിസ്റ്റ് ക്രിക്കറ്റ് ലീഗ് മത്സരം കാണാനും മുത്തങ്ങയിലെ ആനപ്പന്തിയില്‍ ആനകളെ ഊട്ടാനുംപ്രിയങ്ക എത്തിയിരുന്നു.

എന്നാല്‍, മീനങ്ങാടിയില്‍നിന്നും ബത്തേരിയില്‍നിന്നും അരമണിക്കൂര്‍കൊണ്ട് എത്താവുന്ന പട്ടാണിക്കുപ്പിലെ ജോസിന്റെ വീട്ടിലേക്ക് എംപി തിരിഞ്ഞുനോക്കിയില്ല. വെള്ളി വൈകിട്ട് മുള്ളന്‍കൊല്ലി പഞ്ചായത്ത് ഓഫീസിലും ശനി വൈകിട്ടുവരെ പട്ടാണിക്കുപ്പ് മൂന്നുപാലത്തെ വീട്ടിലുമായി 24 മണിക്കൂറും പൊതുദര്‍ശനമുണ്ടായിട്ടും എത്തിയില്ല.

പ്രിയങ്ക ആശ്വസിപ്പിക്കാനെത്തുമെന്ന് ബന്ധുക്കളും പ്രതീക്ഷിച്ചിരുന്നു. സംസ്‌കാരം കഴിഞ്ഞിട്ടും എത്താത്തതില്‍ പ്രാദേശിക നേതാക്കളും നിരാശ പ്രകടിപ്പിച്ചു.

Tags:    

Similar News