വൃക്കകളെ 'അവന്‍ ' എന്നാണ് അദ്ദേഹം എന്നും വിളിച്ചിരുന്നത്; അവനെ റെഡിയാക്കാം, അവനെ എടുത്തുമാറ്റാം, അവന്റെ സ്വഭാവം അങ്ങനെയാണ്, എന്നിങ്ങനെ; ചിരിച്ച മുഖത്തോടെയല്ലാതെ കണ്ടിട്ടില്ലാത്ത ഡോ.ജോര്‍ജ് പി എബ്രഹാം ജീവനൊടുക്കിയത് എന്തിന്? മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

വൃക്കകളെ 'അവന്‍ ' എന്നാണ് അദ്ദേഹം എന്നും വിളിച്ചിരുന്നത്

Update: 2025-03-04 11:12 GMT

കൊച്ചി: വി.പി.എസ് ലേക് ഷോര്‍ ആശുപത്രി യൂറോളജി ആന്‍ഡ് റീനല്‍ ട്രാന്‍സ്പ്ലാന്റ് തലവനും സീനിയര്‍ കണ്‍സള്‍ട്ടന്റുമായിരുന്ന ഡോ. ജോര്‍ജ് പി. എബ്രഹാമിന്റെ ആത്മഹത്യയില്‍ സംസ്ഥാനത്തെ മെഡിക്കല്‍ ലോകമാകെ ഞെട്ടിയിരിക്കുകയാണ്. രാജ്യത്തെ അതിപ്രശസ്ത വൃക്കരോഗ ചികിത്സാ വിദഗ്ധനായിരുന്നു ഡോ. ജോര്‍ജ് പി. എബ്രഹാം.

തനിക്കിനിയും പഴയതുപോലെ ഈ രംഗത്ത് മികവു തെളിയിക്കാനാവില്ലെന്ന തോന്നലാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. ഇനി സര്‍ജറി ചെയ്യാന്‍ കഴിയില്ലെന്ന മാനസികാവസ്ഥയില്‍ എടുത്ത ആത്മഹത്യാ തീരുമാനമായിട്ടാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്. ജോര്‍ജ് പി അബ്രഹാം 2,500 ഓളം ശസ്ത്രക്രിയകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകിട്ട് സഹോദരനൊപ്പമാണ് ഫാം ഹൗസിലെത്തിയത്. പിന്നീട് സഹോദരന്‍ മടങ്ങി. രാത്രി വൈകി മരിച്ച നിലയില്‍ ഡോക്ടറെ കണ്ടെത്തുകയായിരുന്നു. സംസ്ഥാനത്ത് ഏറ്റവും അധികം വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോക്ടര്‍ ജോര്‍ജ് പി എബ്രഹാമിനെ അനുസ്മരിച്ച് മാധ്യമ പ്രവര്‍ത്തകനായി പ്രിയരാഗ് ജി ആര്‍ എഴുതിയ കുറിപ്പ് ഹൃദയസ്പര്‍ശിയാണ്. കുറിപ്പ് വായിക്കാം:


ഡോ. ജോര്‍ജ് പി. എബ്രഹാം തൂങ്ങി മരിച്ച നിലയില്‍. നടുക്കുന്ന, അവിശ്വസനീയ മരണം. വൃക്ക ശസ്ത്രക്രിയയില്‍ ഇന്ത്യയിലെ തന്നെ അതിവിദഗ്ദ്ധനായ പ്രൊഫഷണല്‍.

എത്ര എത്ര ജീവനുകളും ജീവിതങ്ങളുമാണ് ഡോക്ടര്‍ ജോര്‍ജ് പി. കരകയറ്റി വിട്ടത്. സദാ ഉന്‍മേഷവാനും ഊര്‍ജസ്വലനും ഏറെ ആത്മവിശ്വാസമുള്ളവനുമായ ഡോക്ടര്‍... ഇതെന്തുപറ്റി?

ചിരിച്ച മുഖത്തോടെയല്ലാതെ ഡോക്ടറെ കണ്ടിട്ടില്ല. ഇന്ത്യാവിഷന്‍ ചാനലില്‍ 'മെഡിസിന്‍@ഇന്ത്യാവിഷന്‍' എന്ന പ്രതിദിന ആരോഗ്യ സംവാദ പരിപാടി ചെയ്യുന്ന കാലത്താണ് ഡോക്ടറെ പരിചയപ്പെടുന്നത്. സ്‌നേഹത്തോടെ ചിരിച്ചേ സംസാരിക്കൂ. ഓരോ എപ്പിസോഡും വ്യത്യസ്തമാക്കാന്‍ ആദ്യമേ വിളിച്ച് വിഷയത്തെക്കുറിച്ച് സംസാരിക്കും. ഒരു ചോദ്യാവലി ചോദിച്ചു വാങ്ങും, കൂട്ടിച്ചേര്‍ക്കേണ്ട ചോദ്യങ്ങള്‍ തരും, അതിന്റെ പ്രാധാന്യം പറഞ്ഞു മനസ്സിലാക്കും. തല്‍സമയ പരിപാടിയിലേക്ക് വീഡിയോ ദൃശ്യങ്ങള്‍ ചേര്‍ക്കുന്നതിനെ കുറിച്ച് അഭിപ്രായം ചോദിച്ചപ്പോള്‍ തന്നെ, അന്ന് നടന്ന ഒരു ശസ്ത്രക്രിയയുടെ വീഡിയോയുമായാണ് ഡോക്ടര്‍ വന്നത്.

സംസാരിക്കുമ്പോള്‍, വൃക്കകളെ ഓരോ വ്യക്തികളായാണ് ഡോക്ടര്‍ കണ്ടിരുന്നത് എന്നാണ് തോന്നുക. 'അവന്‍ ' എന്നാണ് അദ്ദേഹം എന്നും വൃക്കകളെ സംബോധന ചെയ്തിരുന്നത്. അവനെ റെഡിയാക്കാം, അവനെ എടുത്തുമാറ്റാം, അവന്റെ സ്വഭാവം അങ്ങനെയാണ്, അവന് വെള്ളം കൊടുക്കണം, അവനെക്കൊണ്ട് അധികമായി ജോലി ചെയ്യിപ്പിക്കേണ്ട, അവന്‍ എന്റെ കയ്യിലുണ്ട്, അവനെ ഞാന്‍ സേഫ് ആക്കിയിട്ടുണ്ട്. അങ്ങനെ അങ്ങനെയാണ് സംസാരം. അതി സങ്കീര്‍ണമായ ചികിത്സാരീതികളെക്കുറിച് വളരെ ലളിതമായും രോഗികള്‍ക്ക് അല്ലെങ്കില്‍ പ്രേക്ഷകന് അവബോധവും ആത്മവിശ്വാസം ഏകുന്ന വിധത്തിലും ആയിരുന്നു ഡോക്ടര്‍ സംസാരിച്ചിരുന്നത്.

വ്യക്തിപരമായി എന്നോട് ഏറെ വാത്സല്യം കാണിച്ച മനുഷ്യരില്‍ ഒരാള് കൂടിയാണ് പോയത്. എന്റെ അച്ഛന് വൃക്കയില്‍ ട്യൂമര്‍ വന്ന സമയം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ഓപ്പറേഷന് തയ്യാറായപ്പോള്‍ അതുവേണ്ട കൊച്ചിയില്‍ വാ എല്ലാം ഞാന്‍ നോക്കാം ഇന്ന് പറഞ്ഞു വിളിച്ച ഡോക്ടര്‍, അവനെ എടുത്തു മാറ്റിയകൂട്ടത്തില്‍ മറ്റവനെയും (പ്രോസ്റ്റേറ്റ്) ശരിയക്കിയിട്ടുണ്ട്, ആരോടും പറയണ്ട എന്ന് പറഞ്ഞു കണ്ണിറുക്കി. അത് ഫ്രീ, പിന്നെ എന്റെ ഫീസും ഒഴിവാക്കിയിട്ടുണ്ട്... ഡോണ്ട് വറി മാണ്‍ ഞാന്‍ ഉണ്ടെന്ന് പറഞ്ഞു, മറ്റൊന്നും മറുത്ത് പറയാന്‍ അവസരം നല്‍കാതെ സ്വദസിദ്ധമായ ചിരിയോടെ അതിവേഗം നടന്നകന്നു...

ഈ പ്രായത്തില്‍ എന്തിനാവും ഡോക്ടര്‍ ഇത് ചെയ്തത്. തന്റെ ജോലിയെ ഇത്രയേറെ സ്‌നേഹിച്ച, അസ്വദിച്ചിരുന്ന ഒരാള്.

നേരില്‍ വിളിച്ചിട്ട് ഒന്നര വര്‍ഷതിന് അടുത്തായി. ആ ചിരി, സ്‌നേഹം, ഒരുമിച്ച് ചെയ്ത എപ്പിസോഡുകള്‍ മായില്ല. ഒരിക്കലും...

ബന്ധുക്കളിലോ സുഹൃത്തുക്കളിലോ ആര്‍ക്കെങ്കിലും മൂത്രാശയ- വൃക്ക രോഗങ്ങള്‍ ഉണ്ടെങ്കില്‍ അടിയുറച്ച വിശ്വാസത്തോടെ പറഞ്ഞുവിടാന്‍ ഉണ്ടായിരുന്ന ഒരു വലിയ ഇടം കൂട്ടിയാണ് ഇതോടെ ഇവിടെ ഇല്ലാതായത്.

You will be Missed Terribly.

ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്നു , ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുന്നില്ല. പോക്കറ്റില്‍ നിന്നും പൊലീസ് കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ പറയുന്നത് ഇങ്ങനെയാണ്. ആറുമാസം മുമ്പ് നട്ടെല്ലിന് ശസ്ത്രക്രിയ നടത്തിയിരുന്നു. ഇതിനുശേഷം കൈക്ക് വിറയല്‍ അനുഭവപ്പെട്ടു തുടങ്ങി. സര്‍ജന്‍ എന്ന നിലയില്‍ ഈ ആരോഗ്യ പ്രശ്നങ്ങള്‍ ജോലിയെ ബാധിച്ചത് മാനസികമായി ഡോക്ടറെ തളര്‍ത്തി എന്നാണ് കുടുംബവും പറയുന്നത്. സങ്കീര്‍ണമായ മൂത്രാശയ സംബന്ധമായ രോഗങ്ങള്‍പോലും ശസ്ത്രക്രിയയിലൂടെ മാറ്റിയെടുക്കുന്നതില്‍ മിടുക്കനായിരുന്നു. പ്രഫഷനല്‍ രംഗത്തെ മികവ് മാത്രമല്ല, രോഗികളോടുള്ള സൗമ്യമായ പെരുമാറ്റവും സ്നേഹാര്‍ദ്രമായ ഇടപെടലും ജനകീയനാക്കിയ ഡോക്ടറാണ് ഇദ്ദേഹം. ജീവനുള്ള ദാതാവില്‍നിന്ന് ലാപറോസ്‌കോപിക് ശസ്ത്രക്രിയയിലൂടെ വൃക്ക മാറ്റിവെച്ച ലോകത്തെ മൂന്നാമത്തെ ഡോക്ടറാണ് ഇദ്ദേഹം.

Tags:    

Similar News