ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരായ കേസില്‍ വീഴ്ച്ചകള്‍ പ്രകടം; കത്തിക്കരിഞ്ഞ നോട്ടുകള്‍ നീക്കം ചെയ്തതില്‍ വേണ്ടത്ര കരുതലില്ല; കെട്ടുകണക്കിനു പണം കണ്ടെത്തിയിട്ടും വീട്ടുകാരെ അറിയിച്ചു സാക്ഷ്യപ്പെടുത്തിയില്ല; ന്യായാധിപനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ മലയാളി അഭിഭാഷകന്റെ ഹര്‍ജി
ജസ്റ്റിസ് യശ്വന്ത് വര്‍മയ്ക്കെതിരായ കേസില്‍ വീഴ്ച്ചകള്‍ പ്രകടം
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മയുടെ വീട്ടില്‍ നിന്ന് പണം കണ്ടെത്തിയ സംഭവത്തില്‍ തുടക്കം മുതല്‍ നിലനിന്നത് ദുരൂഹതകളാണ്. ഇക്കാര്യത്തില്‍ തുടക്കത്തില്‍ തന്നെ വീഴ്ച്ചകള്‍ ശക്തമായിരുന്നു. കത്തിക്കരിഞ്ഞ പണം കൈകാര്യം ചെയ്തതില്‍ അടക്കം വീഴ്ച്ചകള്‍ ഉണ്ടായിരുന്നു. ഇതിനിടെ യശ്വന്ത് വര്‍മ്മക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലയാളി അഭിഭാഷകന്‍സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. മലയാളി അഭിഭാഷകന്‍ മാത്യൂസ് ജെ നെടുമ്പാറയാണ് ഹര്‍ജി സമര്‍പ്പിച്ചത്.
കഴിഞ്ഞ ദിവസം ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ ഔദ്യോഗിക വസതിയില്‍ നിന്നാണ് കണക്കില്‍പ്പെടാത്ത പണം കണ്ടെത്തിയത്. പിന്നാലെയാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയെ ഡല്‍ഹി ഹൈക്കോടതിയില്‍ നിന്ന് അലഹബാദിലേക്ക് സ്ഥലം മാറ്റാന്‍ സുപ്രീംകോടതി കൊളീജിയം ശുപാര്‍ശ നല്‍കിയത്. ജുഡീഷ്യറിയുടെ വിശ്വാസ്യത കളങ്കപ്പെടുത്തിയ ജസ്റ്റിസ് യശ്വന്ത് വര്‍മയോട് രാജിവയ്ക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിക്കണമെന്നാണ് കൊളീജിയത്തിലെ ചില അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. സഞ്ജീവ് ഖന്നയുടെ നേതൃത്വത്തിലുള്ള കൊളീജിയമാണ് ജസ്റ്റിസ് യശ്വന്ത് വര്‍മയെ സ്ഥലം മാറ്റാന്‍ നിര്‍ദേശം നല്‍കിയത്.
പണം കണ്ടെത്തിയതില്‍ തനിക്ക് പങ്കില്ലെന്നാണ് ജസ്റ്റിസ് വര്‍മയുടെ വാദം. മാര്‍ച്ച് 14 ന് രാത്രി ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വസതിയിലുണ്ടായ തീപിടുത്തത്തെ തുടര്‍ന്ന് സ്ഥലത്തെത്തിയ അഗ്‌നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയതെന്നാണ് വിവരം. പണം കണ്ടെത്തുന്ന സമയത്ത് താന്‍ ഭോപ്പാലിലായിരുന്നുവെന്നും മകളാണ് വിവരം പറഞ്ഞതെന്നുമാണ് വര്‍മയുടെ മറുപടിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിന്റെ അന്വേഷണ റിപ്പോര്‍ട്ടും അനുബന്ധ രേഖകളുമാണ് സുപ്രിംകോടതി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചത്. ജഡ്ജിക്കെതിരെ ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
സ്റ്റോര്‍ റൂമില്‍ ചാക്കുകളില്‍ സൂക്ഷിച്ചിരുന്ന നോട്ടുകള്‍ പകുതിയോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാര്‍ച്ച് 16 ന് വിവരം അറിഞ്ഞ ശേഷം യശ്വന്ത് വര്‍മയെ ഡല്‍ഹി ഹൈക്കോടതി ഗസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തി. എന്നാല്‍ വീട്ടില്‍ പണം സൂക്ഷിച്ചിരുന്നതായി അറിവുണ്ടായിരുന്നില്ലെന്നും, സുരക്ഷ ഉദ്യോഗസ്ഥരടക്കം ഉപയോഗിക്കുന്ന മുറിയാണിതെന്നുമായിരുന്നു ജഡ്ജിയുടെ വിശദീകരണം. ദൃശ്യങ്ങള്‍ കാണിച്ചപ്പോള്‍, താന്‍ നിരപരാധിയാണെന്നും, പണം കണ്ടെത്തിയതില്‍ തനിക്കെതിരെ ഗൂഢാലോചനയെന്നുമായിരുന്നു യശ്വന്ത് വര്‍മയുടെ പ്രതികരണമെന്നും ജസ്റ്റിസ് ദേവേന്ദ്ര കുമാര്‍ ഉപാധ്യായ സുപ്രീം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
യശ്വന്ത് വര്‍മയുടെ വീടിനു പുറത്തെ സ്റ്റോര്‍മുറിയില്‍ ചാക്കുകണക്കിനു പണം കണ്ടെത്തിയ വിവരം 17 മണിക്കൂര്‍ കഴിഞ്ഞാണു ഡല്‍ഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനെ പൊലീസ് സംഭവം അറിയിച്ചത്. കണ്ടെത്തിയതായി പറയുന്ന നോട്ടുകെട്ടുകള്‍ ഇതിനിടെ സ്ഥലത്തുനിന്നു മാറ്റിയെന്നതും ദുരൂഹത വര്‍ധിപ്പിക്കുന്നു. സംഭവസ്ഥലത്തുനിന്നു ഡല്‍ഹി പൊലീസ് പകര്‍ത്തി ഡല്‍ഹി ചീഫ് ജസ്റ്റിസിനു കൈമാറിയ വിഡിയോയും ചിത്രങ്ങളും സുപ്രീം കോടതി പുറത്തുവിട്ടിട്ടുണ്ട്. ഈ ദൃശ്യങ്ങളില്‍ നോട്ടുകെട്ടുകള്‍ കത്തുന്നതും അഗ്‌നിരക്ഷാസേനാംഗങ്ങള്‍ തീകെടുത്താന്‍ ശ്രമിക്കുന്നതും വ്യക്തമായി കാണാം. പണം കണ്ടെത്തുമ്പോള്‍ തങ്ങളില്ലായിരുന്നുവെന്ന് അഗ്‌നിരക്ഷാസേനാ മേധാവി പറഞ്ഞത് എന്തുകൊണ്ടെന്ന ചോദ്യവും ഇതോടെ ഉയരുന്നു.
ഈ മാസം 14ന് നടന്ന സംഭവമായിട്ടും തുകയുടെ കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല. ഹൈക്കോടതിയുടെ പ്രാഥമികാന്വേഷണത്തില്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടില്ല. അതേസമയം, ജസ്റ്റിസ് വര്‍മയെ അലഹാബാദ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റുന്നതില്‍ വിയോജിപ്പ് അറിയിച്ചിറക്കിയ വാര്‍ത്തക്കുറിപ്പില്‍ അലഹാബാദ് ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ 15 കോടി രൂപ എന്നു പരാമര്‍ശിക്കുന്നുണ്ട്. നല്ലൊരു പങ്ക് നോട്ടുകള്‍ കത്തിപ്പോയിരുന്നു. കത്തിക്കരിഞ്ഞതും ശേഷിച്ചതും നീക്കം ചെയ്യും മുന്‍പ് പൊലീസ് ഇതു എണ്ണിത്തിട്ടപ്പെടുത്തിയിരുന്നോ എന്നത് അടക്കം കേസിന്റെ ഭാവിയില്‍ നിര്‍ണായകമാകും.