അമൃത ക്യാമ്പസിലെ ഡോ.മനീഷയ്ക്ക് പതിവായി ബിഎസ്എന്‍എല്‍ മൊബൈല്‍ ബില്‍ 1000 രൂപയില്‍ താഴെ; പെട്ടെന്നൊരു ദിവസം ബില്‍ അഞ്ചുലക്ഷത്തോളം; വാദം പൊളിച്ച് അധികബില്‍ തുക റദ്ദാക്കി ഉപഭോക്തൃ കോടതി; 25,000 രൂപ പിഴയും കോടതി ചെലവിന് 10,000 രൂപയും
ബിഎസ്എന്‍എല്‍ നല്‍കിയ അധിക ബില്‍തുക റദ്ദാക്കി കോടതി വിധി
കൊല്ലം: വര്‍ഷങ്ങളായി ബിഎസ്എന്‍എല്‍ മൊബൈല്‍ ബില്‍ വന്നിരുന്നത് 1000 രൂപയില്‍ താഴെ. പെട്ടെന്നൊരു ദിവസം അഞ്ചുലക്ഷത്തിന് അടുപ്പിച്ച് തുക അടയ്ക്കണമെന്ന് കാട്ടി ബില്‍ വന്നത് ഡോ.മനീഷയെ ഞെട്ടിച്ചു. ഡോ.മനീഷ.വി.രമേഷ് അമൃതവിശ്വവിദ്യാപീഠം സര്‍വകലാശാല കൊല്ലം ക്ലാപ്പനയിലെ അമൃതപുരി കാമ്പസിന്റെ അന്താരാഷ്ട്ര വിഭാഗം മേധാവിയാണ്.
ഡോ.മനീഷയുടെ ഓഫീസ് മൊബൈല്‍ ഉപയോഗത്തിന് 2019 ജൂലൈയില്‍, 4,92,874 രൂപ അടയ്ക്കണമെന്ന് കാണിച്ച് ബിഎസ്എന്‍എല്‍ ബില്‍ നല്‍കുകയായിരുന്നു. ഓഫീസ് ഉപയോഗത്തിനുള്ള മൊബൈല്‍ ഫോണ്‍ ശ്രീലങ്കയില്‍ വച്ച് ഇന്റര്‍നാഷണല്‍ ഉപയോഗം കാണിച്ചിരുന്നുവെന്നും ഡൗണ്‍ലോഡും, അപ്ലോഡും പ്രകാരം വലിയ തുക ബില്‍ വന്നുവെന്നായിരുന്നു ബിഎസ്എല്‍എല്‍ വാദം. എന്നാല്‍, പരാതിക്കാര്‍ക്ക് വേണ്ടി ഹാജരായ അമൃതപുരം ക്യാംപസ് ലീഗല്‍ അഡ്വവൈസര്‍ അഡ്വ.ടി.കെ അജന്‍ ബിഎസ്എന്‍എല്ലിന്റെ വാദങ്ങളെ ഖണ്ഡിച്ചു.
വാദം കേട്ട കൊല്ലം ജില്ല ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ബിഎസ്എന്‍എല്‍ നല്‍കിയ അധിക തുക റദ്ദാക്കി ഉത്തരവിട്ടു. അമിത തുക ഈടാക്കിയതിന് ബിഎസ്എന്‍എല്‍, അമൃതവിശ്വവിദ്യാപീഠത്തിന് 25,000 രൂപ പിഴയായി നല്‍കണമെന്നും കോടതി ചെലവിലേക്ക് 10,000 രൂപ നല്‍കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു. അമൃതപുരി ക്യാമ്പസ് ഡയറക്ടര്‍ സ്വാമി ദേവീദാസ ചൈതന്യ, ഡോ.മനീഷ വി രമേഷ് എന്നിവര്‍ നല്‍കിയ പരാതിയലാണ് നടപടി.
ശ്രീലങ്കന്‍ യാത്രാവേളയില്‍ രാജ്യാന്തര റോമിങ് ഉപയോഗിച്ചുവെന്ന് കാണിച്ചാണ് ബിഎസ്എന്‍എല്‍ ഇത്രയും തുക അധികം ചുമത്തിയത്. 2019 ജൂണിലെ ഉപയോഗം കാണിച്ച് ജൂലൈയില്‍ ലഭിച്ച ബില്ലില്‍ പരാതികള്‍ ഉന്നയിച്ചുകൊണ്ട് അമൃത സര്‍വകലാശാല കോടതിയെ സമീപിക്കുകയുംഅന്നുതന്നെ ഉയര്‍ന്ന തുക അടയ്‌ക്കേണ്ടെന്ന് കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു.
വിചാരണയില്‍ ബിഎസ്എന്‍എല്‍ സമര്‍പ്പിച്ച ഡോ.മനീഷയുടേത് ഉള്‍പ്പടെയുള്ള 44 കണക്ഷനുകളുടെ ബില്‍തുകയും സാധാരണ ബില്‍ തുകയും തമ്മിലുളള വ്യത്യാസം കോടതിയുടെ ശ്രദ്ധയില്‍ പെട്ടപ്പോഴാണ് അത് അക്കൗണ്ടന്റിന്റെ പിഴവായി വിലയിരുത്തിയത്. അമൃതവിശ്വവിദ്യാപീഠം സാധാരണ ബില്‍തുക മാത്രം അടച്ചാല്‍ മതിയെന്നും ഉത്തരവിലുണ്ട്