അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ വിജിലന്‍സ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി എങ്ങനെ അംഗീകരിച്ചു? അത് നിയമവിരുദ്ധം; റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്ക് ഇടപെടാനാകില്ല; ഭരണനേതൃത്വത്തിന് എന്തുകാര്യമെന്നും ചോദിച്ച് വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം; കോടതി ഇനി നേരിട്ട് അന്വേഷണം നടത്തും; വിധിയുടെ വിശദാംശങ്ങള്‍ പുറത്ത്
മുഖ്യമന്ത്രിക്ക് വിജിലന്‍സ് കോടതിയുടെ രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: അനധികൃത സ്വത്ത് സമ്പാദന കേസില്‍, എഡിജിപി എം.ആര്‍. അജിത് കുമാറിന് വിജിലന്‍സ് നല്‍കിയ ക്ലീന്‍ചിറ്റ് റിപ്പോര്‍ട്ട് തളളിക്കൊണ്ട് തിരുവനന്തപുരം വിജിലന്‍സ് കോടതി നടത്തിയത് രൂക്ഷ വിമര്‍ശനം. വിധിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. റിപ്പോര്‍ട്ടിന് അംഗീകാരം നല്‍കിയ മുഖ്യമന്ത്രിയുടെ നടപടി നിയമവിരുദ്ധമാണ്. റിപ്പോര്‍ട്ടില്‍ മുഖ്യമന്ത്രിക്ക് ഇടപെടാനാകില്ല. ഭരണനേതൃത്വത്തിന് എന്തുകാര്യമെന്ന് കോടതി ചോദിച്ചു. മുഖ്യമന്ത്രി ഭരണത്തലവന്‍ ആയിരിക്കാം. പക്ഷേ അതുഭരണകാര്യം മാത്രമെന്ന് കോടതി പറഞ്ഞു
വിധിയുടെ 86-ാം പേജിലാണ് മുഖ്യമന്ത്രിയെ കോടതി വിമര്‍ശിച്ചത്. അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി എങ്ങനെ അംഗീകരിച്ചുവെന്ന വിമര്‍ശനമാണ് കോടതി ഉയര്‍ത്തിയത്. വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളിയ കോടതി നേരിട്ട് അന്വേഷണം നടത്തും.
സ്വകാര്യ ഹര്‍ജിയില്‍ കഴമ്പുണ്ടെന്നും മതിയായ രേഖകള്‍ ഹാജരാക്കിയിട്ടുണ്ടെന്നും പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കുന്നുണ്ടെന്നും 113 പേജുള്ള ഉത്തരവില്‍ കോടതി വിലയിരുത്തി.
30 ന് വാദിയുടെ മൊഴിയെടുക്കും. ശരിയായ അന്വേഷണം നടത്താതെ വിജിലന്‍സ് മാനുവല്‍ കാറ്റില്‍ പറത്തി എഡിജിപിയെ രക്ഷിച്ചെടുക്കാന്‍ അദൃശ്യ അന്തര്‍ പ്രവേശിത ശക്തി പ്രവര്‍ത്തിച്ചതായി വിജിലന്‍സ് പ്രത്യേക കോടതി ജഡ്ജി എ. മനോജ് ഉത്തരവില്‍ വ്യക്തമാക്കി.
കോടതി ഉത്തരവ് കേസ് കോടതിയിലെത്തില്ലെന്നു കരുതിയ സര്‍ക്കാരിനേറ്റ കനത്ത തിരിച്ചടിയെന്ന് ഹര്‍ജിക്കാരനായ അഡ്വ പി. നാഗരാജ് പ്രതികരിച്ചു
കേസിലെ വിധി എഡിജിപി എംആര്‍ അജിത് കുമാറിന്റെ പ്രമോഷന്‍ സാധ്യതകളെ അടക്കം ഭാവിയില്‍ ബാധിച്ചേക്കാം. തിരുവനന്തപുരം വിജിലന്‍സ് കോടതി കോടതി നേരിട്ട് അന്വേഷണം നടത്തുന്നതും നിര്‍ണ്ണായകമാകും. അതിനിടെ കേന്ദ്ര ഏജന്‍സിയെ കുറിച്ച് അന്വേഷിക്കണമെന്ന ആവശ്യവും ഉയര്‍ന്നു വരാന്‍ സാധ്യത ഏറെയാണ്. അജിത് കുമാര്‍ ഭാര്യ സഹോദരന്റെ പേരില്‍ കവടിയാറില്‍ ഭൂമി വാങ്ങി ആഡംബര വീട് പണിതതില്‍ അഴിമതി ഉണ്ടെന്നായിരുന്നു അജിത് കുമാറിനെതിരായ ആരോപണം. വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് അംഗീകരിക്കാന്‍ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി. പരാതിക്കാരന്റെ മൊഴി ഈ മാസം 30ന് നേരിട്ട് രേഖപ്പെടുത്തുമെന്നും കോടതി അറിയിച്ചു. ഇതോടെ പുതിയ അന്വേഷണം തുടങ്ങുന്ന സാഹചര്യം വന്നു. പി വി അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളിലാണ് അന്വേഷണം
ഭാര്യ സഹോദരന്റെ പേരില്‍ സെന്റിന് 70 ലക്ഷം വരുന്ന ഭൂമി വാങ്ങി അവിടെ ആഡംബര വീട് നിര്‍മ്മിക്കുന്നുവെന്നും, അഴിമതി പണം ഉപയോഗിച്ചാണ് ഇത് ചെയ്യുന്നതുമെന്നുമായിരുന്നു ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി വഴിവിട്ട് സഹായിച്ചെന്നും അഭിഭാഷകനായ നാഗരാജ് നല്‍കിയ ഹര്‍ജിയില്‍ ആരോപിച്ചിരുന്നത്. വിജിലന്‍സ് അന്വേഷണം നടത്തിയെങ്കിലും അജിത് കുമാറിന് ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു. ഇങ്ങനെ എഡിജിപിക്ക് ക്ലീന്‍ ചിറ്റ് നല്‍കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് പ്രത്യേക വിജിലന്‍സ് കോടതി തള്ളിയത്. സര്‍ക്കാര്‍ നേരത്തേ അംഗീകരിച്ച റിപ്പോര്‍ട്ടാണ് കോടതി തള്ളിയത്. കേസ് ഡയറിയും അന്വേഷണ റിപ്പോര്‍ട്ടിന്റെ ഒറിജിനല്‍ പകര്‍പ്പും അന്വേഷണം സംബന്ധിച്ച സര്‍ക്കാര്‍ ഉത്തരവിന്റെ പകര്‍പ്പും സാക്ഷിമൊഴികളും പരിശോധിച്ചതിനു ശേഷമാണ് കോടതിയുടെ നടപടി. വിജിലന്‍സ് ഡെപ്യൂട്ടി സൂപ്രണ്ട് ഡിവൈഎസ്പി ഷിബു പാപ്പച്ചന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് പ്രത്യേക യൂണിറ്റാണ് അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിജിലന്‍സ് സമര്‍പ്പിച്ച ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കഴിയില്ലെന്നു പറഞ്ഞ കോടതി ഈ മാസം 30ന് പരാതിക്കാരന്റെ മൊഴി നേരിട്ട് രേഖപ്പെടുത്തുമെന്നും അറിയിച്ചു. കോടതിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാവും ഇനി തുടര്‍നടപടികള്‍. സാക്ഷിമൊഴികളും മറ്റും കോടതി നേരിട്ടാവും രേഖപ്പെടുത്തുക.
എഡിജിപിയുടെ കീഴില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തിയതുകൊണ്ടാണ് ക്ലീന്‍ ചിറ്റ് റിപ്പോര്‍ട്ട് നല്‍കിയതെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. പട്ടം സബ് റജിസ്റ്റാര്‍ ഓഫിസ് പരിധിയിലുള്ള ഭൂമി 33 ലക്ഷം രൂപയ്ക്ക് വാങ്ങിയതും കവടിയാറില്‍ 31 ലക്ഷം രൂപയ്ക്ക് ഫ്ലാറ്റ് വാങ്ങി 65 ലക്ഷം രൂപയ്ക്ക് മറിച്ചു വിറ്റതും സംബന്ധിച്ചുമുള്ള ആരോപണങ്ങള്‍ അന്വേഷിച്ചില്ലെന്നും ഹര്‍ജിക്കാരന്‍ പറഞ്ഞിരുന്നു. എം.ആര്‍.അജിത്കുമാര്‍ ഭാര്യാസഹോദരനുമായി ചേര്‍ന്ന് സെന്റിന് 70 ലക്ഷം രൂപ വിലയുളള ഭൂമി തിരുവനന്തപുരം കവിടിയാറില്‍ വാങ്ങി ആഡംബര കെട്ടിടം നിര്‍മിക്കുന്നതില്‍ അഴിമതിപ്പണം ഉണ്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. ഇതിനായി മുഖ്യമന്ത്രിയുടെ പൊളിറ്റക്കല്‍ സെക്രട്ടറി പി.ശശി എഡിജിപിയെ വഴിവിട്ട് സഹായിക്കുന്നതായും ഹര്‍ജിക്കാരന്‍ ആരോപിച്ചിരുന്നു. വീടുനിര്‍മാണം, ഫ്ലാറ്റ് വാങ്ങല്‍, സ്വര്‍ണക്കടത്ത് എന്നിവയില്‍ അജിത്കുമാര്‍ അഴിമതി നടത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. മുന്‍ എംഎല്‍എ പി.വി.അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളിലാണ് വിജിലന്‍സ് അന്വേഷണം നടത്തിയത്. കരിപ്പൂര്‍ വഴിയുള്ള സ്വര്‍ണക്കടത്തിന് മലപ്പുറം എസ്പി സുജിത്ദാസ് ഒത്താശ ചെയ്‌തെന്നും ഇതിന്റെ വിഹിതം അജിത്കുമാറിന് ലഭിച്ചെന്നും ആയിരുന്നു പ്രധാന ആരോപണം. എന്നാല്‍ ഈ ആരോപണം അടിസ്ഥാനരഹിതമാണെന്നു കണ്ടെത്തി.
സുജിത് ദാസിന്റെ കാലയളവിലാണ് ഏറ്റവും കൂടുതല്‍ സ്വര്‍ണം പിടികൂടിയതെന്നും കസ്റ്റംസ് ഉദ്യോഗസ്ഥരെ വരെ കേസുകളില്‍ പ്രതി ചേര്‍ത്തിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫിസിലെ മരംമുറിയിലും അജിത് കുമാറിനെ ബന്ധിപ്പിക്കുന്ന ഒന്നും കണ്ടെത്താനായിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ടെന്നാണു സൂചന. കവടിയാറിലെ ആഡംബര വീട് പണിതതില്‍ ക്രമക്കേട് എന്നതായിരുന്നു രണ്ടാമത്തെ ആരോപണം. എന്നാല്‍ ആരോപണത്തില്‍ ഉന്നയിച്ചതിന്റെ പകുതിയില്‍ താഴെ വിസ്തീര്‍ണത്തിലാണ് വീടു നിര്‍മാണമെന്നു തെളിഞ്ഞുവെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വീടു നിര്‍മാണത്തിനായി എസ്ബിഐയില്‍ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ടെന്നും കണ്ടെത്തി. വീട് നിര്‍മാണം യഥാസമയം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്തുവിവര പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്.
കുറവന്‍കോണത്ത് ഫ്ലാറ്റ് വാങ്ങി 10 ദിവസത്തിനുള്ളില്‍ ഇരട്ടി വിലയ്ക്ക് മറിച്ചു വിറ്റു എന്നായിരുന്നു മറ്റൊരു ആരോപണം. സ്വാഭാവികമായ വിലവര്‍ധനയാണെന്നും വില്‍പനയില്‍ ക്രമക്കേടില്ലെന്നും വിജിലന്‍സ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.