ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും ഇനി 'ഡോക്ടര്‍' എന്ന് ചേര്‍ക്കാം; ചരിത്രപരമായ വിധിയുമായി ഹൈക്കോടതി! പേരിനൊപ്പം 'Dr (PT)' നിര്‍ബന്ധം; 'ഡോക്ടര്‍' പദം മെഡിക്കല്‍ ബിരുദധാരികളുടെ മാത്രം കുത്തകയല്ലെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍; ഫിസിയോതെറാപ്പിസ്റ്റുകള്‍ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യാന്‍ യോഗ്യതയുള്ളവര്‍; ഐ എം എയുടെ വാദങ്ങള്‍ തളളി; പദവി തര്‍ക്കത്തില്‍ നിര്‍ണ്ണായക വ്യക്തത
ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും ഇനി 'ഡോക്ടര്‍' എന്ന് ചേര്‍ക്കാം
കൊച്ചി: കേരളത്തിലെ ആരോഗ്യ സേവന മേഖലയില്‍ വലിയ ചര്‍ച്ചകള്‍ക്ക് വഴിവെക്കുന്ന നിര്‍ണ്ണായക വിധി പുറപ്പെടുവിച്ച് കേരള ഹൈക്കോടതി. ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് അവരുടെ പേരിനൊപ്പം 'ഡോക്ടര്‍' എന്ന പദം ഉപയോഗിക്കാമെന്ന് ജസ്റ്റിസ് വി.ജി. അരുണ്‍ ഉത്തരവിട്ടു. എന്നാല്‍, ആധുനിക വൈദ്യശാസ്ത്ര ബിരുദധാരികളില്‍ (MBBS) നിന്ന് ഇവരെ വേര്‍തിരിച്ചറിയാനായി പേരിനൊപ്പം 'Dr (PT)' എന്ന് നിര്‍ബന്ധമായും ചേര്‍ക്കണമെന്നും കോടതി വ്യക്തമാക്കി. ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (IMA) ഒരു കൂട്ടം ഡോക്ടര്‍മാരും നല്‍കിയ ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഈ ചരിത്രവിധി.
വിധിയില്‍ പറയുന്നത്:
നാഷണല്‍ കമ്മീഷന്‍ ഫോര്‍ അല്ലയഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷന്‍സ് (NCAHP) നിഷ്‌കര്‍ഷിക്കുന്ന മാനദണ്ഡങ്ങള്‍ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകള്‍ക്കും ഒക്യുപേഷണല്‍ തെറാപ്പിസ്റ്റുകള്‍ക്കും പേരിനൊപ്പം ഡോക്ടര്‍ ഉപയോഗിക്കാം എന്ന് ഹൈക്കോടതി വ്യക്തമാക്കി. ഫിസിയോതെറാപ്പിസ്റ്റുകള്‍ സ്വതന്ത്രമായി ചികിത്സിക്കുന്നതും പേരിനൊപ്പം ഡോക്ടര്‍ പ്രിഫിക്‌സ് ഉപയോഗിക്കുന്നതും വിലക്കണം എന്നാവശ്യപ്പെട്ട് ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍ഡ് റിഹാബിലിറ്റേഷന്‍ നല്‍കിയ ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വി. ജി. അരുണ്‍ ഇതു വ്യക്തമാക്കിയത്.
NCAHP ആക്ട് നിര്‍വചന പ്രകാരം, 'ഹെല്‍ത്ത് കെയര്‍ പ്രൊഫഷണല്‍' വിഭാഗത്തില്‍ വരുന്ന ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് രോഗപ്രതിരോധം, ചികിത്സ, പുനരധിവാസം തുടങ്ങിയ മേഖലകളില്‍ സ്വതന്ത്രമായി സേവനം നല്‍കാന്‍ അര്‍ഹതയുള്ളതിനാല്‍ ഫിസിയോതെറാപ്പിസ്റ്റുകളുടെ തൊഴില്‍പരിധി ''മെഡിക്കല്‍ പ്രൊഫഷണലുകളുടെ സഹായക വിഭാഗം'' എന്ന നിലയിലേക്ക് മാത്രം ചുരുക്കണമെന്ന ആവശ്യം കോടതി തള്ളിക്കളഞ്ഞു.
മെഡിക്കല്‍ പ്രൊഫഷണലുകള്‍ക്ക് 'ഡോക്ടര്‍' എന്ന പ്രിഫിക്സ് ഉപയോഗിക്കുന്നതിന് NMC നിയമത്തിലോ അനുബന്ധ നിയമങ്ങളിലോ യാതൊരു വ്യവസ്ഥയും ഇല്ലാത്തതിനാല്‍, NCAHP വ്യവസ്ഥകള്‍ പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകള്‍ 'ഡോക്ടര്‍' എന്ന പ്രിഫിക്സ് ഉപയോഗിക്കുന്നത് തടയാന്‍ ഹര്‍ജിക്കാര്‍ക്ക് നിയമപരമായി കഴിയില്ലെന്നും അദ്ദേഹം വിധിന്യായത്തില്‍ വ്യക്തമാക്കി.
ചരിത്രപരമായ വ്യാഖ്യാനം
'ഡോക്ടര്‍' എന്ന പദം മെഡിക്കല്‍ ബിരുദധാരികള്‍ക്ക് മാത്രമുള്ള കുത്തകയല്ലെന്ന് കോടതി നിരീക്ഷിച്ചു. ലത്തീന്‍ പദമായ 'Docere' (പഠിപ്പിക്കുക) എന്ന വാക്കില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. ചരിത്രപരമായി ഉയര്‍ന്ന വിജ്ഞാനമുള്ളവര്‍ക്കും അധ്യാപകര്‍ക്കുമാണ് ഈ പദവി നല്‍കിയിരുന്നത്. 2021-ലെ നാഷണല്‍ കമ്മീഷന്‍ ഫോര്‍ അലൈഡ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊഫഷന്‍ ആക്ട് (NCAHP Act) പ്രകാരം ഫിസിയോതെറാപ്പിസ്റ്റുകള്‍ സ്വതന്ത്രമായി പ്രാക്ടീസ് ചെയ്യാന്‍ യോഗ്യതയുള്ള പ്രൊഫഷണലുകളാണെന്നും കോടതി ചൂണ്ടിക്കാട്ടി.
ഐഎംഎയുടെ വാദങ്ങള്‍ തള്ളി
ഫിസിയോതെറാപ്പിസ്റ്റുകള്‍ ഡോക്ടര്‍ എന്ന് ഉപയോഗിക്കുന്നത് രോഗികളില്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും അവര്‍ക്ക് രോഗനിര്‍ണ്ണയം നടത്താനോ മരുന്ന് കുറിക്കാനോ അധികാരമില്ലെന്നുമായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, 'Dr (PT)' എന്ന് ഉപയോഗിക്കുന്നതിലൂടെ ഇവര്‍ ഫിസിയോതെറാപ്പിസ്റ്റുകളാണെന്ന് കൃത്യമായി മനസ്സിലാക്കാന്‍ സാധിക്കുമെന്ന് കോടതി മറുപടി നല്‍കി. ഡോക്ടര്‍ എന്ന് ഉപയോഗിക്കുന്നതുകൊണ്ട് മാത്രം ഇവര്‍ അലോപ്പതി ചികിത്സ നല്‍കുന്നു എന്ന് കരുതാനാവില്ലെന്നും വിധിയില്‍ പറയുന്നു.
പ്രൊഫഷണലുകള്‍ക്ക് അംഗീകാരം
ഫിസിയോതെറാപ്പിസ്റ്റുകള്‍ കേവലം സഹായികളല്ലെന്നും ഒരു പ്രത്യേക ചികിത്സാ ശാഖയിലെ വിദഗ്ധരാണെന്നും കോടതി അടിവരയിട്ടു. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ നിയമം (NMC Act) എംബിബിഎസ് ഡോക്ടര്‍മാര്‍ക്ക് മാത്രമായി ഈ പദവി നല്‍കുന്നില്ല. അതേസമയം, ഫിസിയോതെറാപ്പിസ്റ്റുകള്‍ അവരുടെ ബിരുദാനന്തര ബിരുദമോ മറ്റു യോഗ്യതകളോ വ്യക്തമാക്കാതെ ഡോക്ടര്‍ എന്ന് മാത്രം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
കേരളത്തിലെ ആയിരക്കണക്കിന് ഫിസിയോതെറാപ്പിസ്റ്റുകള്‍ക്ക് വലിയൊരു ആശ്വാസവും അംഗീകാരവുമാണ് ഈ കോടതി ഉത്തരവ്. മെഡിക്കല്‍ രംഗത്തെ പദവികളെച്ചൊല്ലിയുള്ള ദീര്‍ഘകാലത്തെ തര്‍ക്കത്തിനാണ് ഇതോടെ ഒരു നിയമപരമായ വ്യക്തത വന്നിരിക്കുന്നത്.
നേരത്തെ, ഫിസിയോതെറാപ്പിസ്റ്റുകളെ ഡോക്ടര്‍ എന്ന് വിശേഷിപ്പിക്കുന്നതു വിലക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ ഉത്തരവ് 2025 നവംബറില്‍ മണിക്കൂറുകള്‍ക്കകം പിന്‍വലിച്ചിരുന്നു. ഫിസിയോതെറാപ്പിസ്റ്റുകള്‍ ഡോക്ടര്‍ എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് എന്ന് വ്യക്തമാക്കി സെപ്തംബര്‍ 9 നാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് സര്‍വീസ് (ഡിജിഎച്ച്എസ്) ഉത്തരവിറക്കിയത്.
ഫിസിയോതെറാപ്പിസ്റ്റുകള്‍ 'ഡോക്ടര്‍' എന്ന പദവി ഉപയോഗിക്കുന്നത് രോഗികളില്‍ തെറ്റിദ്ധാരണയുണ്ടാക്കുമെന്നും ഇത് തെറ്റായ ചികിത്സാരീതികളിലേക്ക് നയിച്ചേക്കാമെന്നുമായിരുന്നു DGHS വിലയിരുത്തല്‍. 1916-ലെ ഇന്ത്യന്‍ മെഡിക്കല്‍ ഡിഗ്രി ആക്ട് പ്രകാരം, അംഗീകൃത മെഡിക്കല്‍ ബിരുദമില്ലാത്തവര്‍ ഈ പദവി ഉപയോഗിക്കുന്നത് നിയമലംഘനമാണ്. പട്ന, ബംഗളൂരു, മദ്രാസ് ഹൈക്കോടതികള്‍ വിവിധ കാലങ്ങളിലായി പുറപ്പെടുവിച്ച വിധിന്യായങ്ങളില്‍ 'ഡോക്ടര്‍' എന്ന പദവി രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിട്ടുണ്ട്.
ഫിസിയോ തെറാപ്പിസ്റ്റുകള്‍ ഡോക്ടര്‍ എന്ന വിശേഷണം ഉപയോഗിക്കുന്നത് തടയണം എന്ന ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ നിരന്തര ആവശ്യം പരിഗണിച്ചായിരുന്നു നടപടി. ഇതിനെതിരെ ഫിസിയോ തെറാപിസ്റ്റുകളുടെ സംഘടനകള്‍ നിവേദനം നല്‍കിയതോടെ മണിക്കൂറുകള്‍ക്കകം ഉത്തരവ് പിന്‍വലിക്കുകയായിരുന്നു.
ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ്‌സിനെ പ്രതിനിധീകരിച്ച് അഡ്വ. എസ്. ശ്രീകുമാര്‍, അഡ്വ. ശ്രീജിത്ത് വിജയന്‍ പിള്ള എന്നിവരും NCAHP-ക്കു വേണ്ടി അഡ്വ. മഹാദേവ് എം. ജെ. യും കോടതിയില്‍ ഹാജരായി.
ഫിസിയോതെറാപ്പി തൊഴില്‍രംഗത്തിന് സ്വതന്ത്രതയും നിയമപരമായ അംഗീകാരവും ഉറപ്പിക്കുന്ന ഈ വിധിയെ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ഫിസിയോതെറാപ്പിസ്റ്റ് സംഘടന സ്വാഗതം ചെയ്തു.
