ടൂറിസം വകുപ്പ് ക്ഷണിച്ചുവരുത്തിയ ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ഉദ്ഘാടന യാത്രയിലും; വീഡിയോയില്‍ വി മുരളീധരനും കെ.സുരേന്ദ്രനും; സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ബിജെപി നേതാക്കളെ കുരുക്കിലാക്കി ദൃശ്യങ്ങള്‍; അനാവശ്യ വിവാദമെന്ന് മന്ത്രി റിയാസ്
ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ഉദ്ഘാടന യാത്രയിലും
കോഴിക്കോട്: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുടെ കേരള സന്ദര്‍ശനകാലത്തെ വീഡിയോയില്‍ ബിജെപി മുന്‍ അധ്യക്ഷന്‍ കെ.സുരേന്ദ്രനും, മുന്‍ കേന്ദ്രമന്ത്രി വി മുരളീധരനും. വന്ദേഭാരത് ട്രെയിന്റെ പ്രചാരണത്തിന് വേണ്ടി ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയ വേളയിലാണ് ബിജെപി നേതാക്കള്‍ക്ക് ഒപ്പമുള്ള വീഡിയോ ചിത്രീകരിച്ചത്. കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരതിന്റെ ഉദ്ഘാടന ദിവസമാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത്. അന്ന് കേന്ദ്രമന്ത്രിയായിരുന്ന വി.മുരളീധരനുമായി സംസാരിച്ച് വ്‌ലോഗും തയ്യാറാക്കി. കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെയാണ് ജ്യോതി മല്‍ഹോത്ര യാത്ര ചെയ്തത്. 2023 ഏപ്രില്‍ 25-നാണ് ഇവര്‍ കാസര്‍കോട് എത്തിയതെന്നാണ് വിവരം.
നേരത്തേ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ ക്ഷണപ്രകാരമാണെന്ന റിപ്പോര്‍ട്ടും പുറത്തുവന്നിരുന്നു. ടൂറിസം വകുപ്പിന്റെ പ്രമോഷനായിട്ടാണ് ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയതെന്ന് വ്യക്തമാകുന്ന വിവരാവകാശ രേഖ പുറത്തുവന്നിരുന്നു. ടൂറിസം വകുപ്പ് സാമൂഹിക മാധ്യമ ഇന്‍ഫ്‌ളുവന്‍സര്‍മാരെ ഉപയോഗിച്ച് പ്രമോഷന്‍ നടത്തിയവരുടെ പട്ടികയില്‍ ജ്യോതി മല്‍ഹോത്രയും ഉണ്ടായിരുന്നു. കണ്ണൂര്‍, കോഴിക്കോട്, കൊച്ചി, ആലപ്പുഴ, മൂന്നാര്‍ എന്നിവിടങ്ങളിലാണ് ജ്യോതി മല്‍ഹോത്ര ടൂറിസം വകുപ്പിന്റെ ചെലവില്‍ യാത്രചെയ്തതെന്നാണ് വ്യക്തമാകുന്നത്.
യൂടൂബര്‍ ജ്യോതി മല്‍ഹോത്രയെ കേരളത്തിലേക്ക് സര്‍ക്കാര്‍ ക്ഷണിച്ചു കൊണ്ടുവന്ന സംഭവം ദേശീയ തലത്തില്‍ ബിജെപി ചര്‍ച്ചയാക്കിയ വേളയിലാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് ഒപ്പമുള്ള വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നത്. ജ്യോതി ചാരവൃത്തി കേസില്‍ അറസ്റ്റിലാകുന്നതിന് മുമ്പാണ് ക്ഷണിച്ചതെന്ന് മന്ത്രി മുഹമ്മദ് റിയാസ് വിശദീകരിച്ചെങ്കിലും ബിജെപി ആരോപണം കടുപ്പിക്കുകയായിരുന്നു. ടൂറിസം മന്ത്രി മുഹമ്മദ് റിയാസിനെ പുറത്താക്കണമെന്ന് പോലും നേരത്തെ ബിജെപി ആവശ്യപ്പെട്ടു.
ജ്യോതി മല്‍ഹോത്രയെ ടൂറിസം വകുപ്പിന്റെ പ്രമോഷനുവേണ്ടി ക്ഷണിച്ചുവരുത്തിയ സംഭവത്തില്‍ ബിജെപി നേതാവ് കെ. സുരേന്ദ്രനാണ് സംസ്ഥാന സര്‍ക്കാരിനെതിരേ ആദ്യം വിമര്‍ശനം ഉന്നയിച്ചിരുന്നത്. പിന്നീട് വിഷയം ബിജെപി ദേശീയ വക്താവ് അടക്കം ഏറ്റെടുക്കുകയും സംസ്ഥാന സര്‍ക്കാരിനും മന്ത്രി മുഹമ്മദ് റിയാസിനും എതിരേ രൂക്ഷവിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തില്‍ അന്നത്തെ കേന്ദ്രമന്ത്രി വി. മുരളീധരനൊപ്പം പങ്കെടുത്തിരുന്നെന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. പുതിയ വീഡിയോ പുറത്ത് വന്നതോടെ ബിജെപി നേതൃത്വവും വെട്ടിലായിരിക്കുകയാണ്.
ഹരിയാന സ്വദേശിയായ ജ്യോതി മല്‍ഹോത്ര ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ മെയ് 16 നാണ് അറസ്റ്റിലായത്. പഹല്‍ഗാം ഭീകരാക്രമണ സമയത്തടക്കം പാക് ചാരസംഘടനയ്ക്ക് വിവരങ്ങള്‍ കൈമാറിയെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. അതിന് മുന്‍പ് ജ്യോതി പലതവണ പാക്കിസ്ഥാനും ചൈനയും സന്ദര്‍ശിച്ച് നിരവധി വീഡിയോകളും യൂട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ സ്വാധീനമുള്ളവരെ ടൂറിസം പ്രചാരത്തിന് ക്ഷണിക്കുന്നതിന്റെ ഭാഗമായാണ് ജ്യോതി മല്‍ഹോത്രയെ കേരളത്തിലെത്തിച്ചതെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്.
അനാവശ്യ വിവാദമെന്ന് റിയാസ്
ജ്യോതി മല്‍ഹോത്രയുടെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് സമൂഹത്തില്‍ അനാവശ്യമായി ചിത്രീകരണമാണ് നടക്കുന്നതെന്ന് ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് പ്രതികരിച്ചു. അവര്‍ വരുന്നസമയത്ത് കുഴപ്പമുള്ള ആളാണെന്ന് സര്‍ക്കാരിനോ ഏജന്‍സിക്കോ അറിയില്ല. അവര്‍ പല സംസ്ഥാനങ്ങളിലും പോയിട്ടുണ്ട്. ഇപ്പോള്‍ ആവശ്യമില്ലാത്ത വിവാദങ്ങള്‍ ചിത്രീകരിക്കുകയാണ്. ഇത് ടൂറിസം മേഖലയെ ബാധിക്കുന്ന വിഷയമാണെന്നും മന്ത്രി പറഞ്ഞു.
ഇത്തരം വിവാദം കേരളത്തിലേക്ക് വരുന്ന വിനോദസഞ്ചാരികള്‍ കേരളം ഒരു കുഴപ്പംപിടിച്ച സംസ്ഥാനമാണെന്ന് ധരിക്കാനിടയാക്കും. ബിജെപിയിലെ നേതാക്കള്‍ ജ്യോതി മല്‍ഹോത്രയുടെ സന്ദര്‍ശനം സംബന്ധിച്ച് അന്വേഷണം വേണമെന്ന് പറഞ്ഞിട്ടുണ്ട്. എന്നാല്‍, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍പോലും ജ്യോതി മല്‍ഹോത്ര സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച പ്രചാരണപരിപാടിയുടെ ഭാഗമായാണ് യൂട്യൂബറായിരുന്ന ജ്യോതി മല്‍ഹോത്രയും കേരളത്തിലെത്തിയത്. ജ്യോതി മല്‍ഹോത്രയടക്കം 41 വ്ളോഗര്‍മാരാണ് ടൂറിസം വകുപ്പിന്റെ പ്രചാരകരുടെ പട്ടികയിലുണ്ടായിരുന്നത്. ഈ പ്രചാരണപരിപാടികള്‍ക്കായി ആകെ 75 ലക്ഷം രൂപ സര്‍ക്കാര്‍ ചെലവാക്കിയെന്നാണ് വിവരം.
പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസിലാണ് ജ്യോതി മല്‍ഹോത്ര അറസ്റ്റിലായത്. പാക് ചാരസംഘടനയായ ഐഎസ്ഐയിലെ ഉദ്യോഗസ്ഥരുമായും ഇവര്‍ക്ക് അടുത്തബന്ധമുണ്ടെന്നും കണ്ടെത്തിയിരുന്നു. നിലവില്‍ ഹരിയാണയില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് ജ്യോതി മല്‍ഹോത്ര. കഴിഞ്ഞദിവസം ഇവരുടെ കസ്റ്റഡി 14 ദിവസത്തേക്ക് കൂടി നീട്ടിയിരുന്നു.