നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സില്‍ ജയിക്കുന്ന മണ്ഡലങ്ങള്‍ പിന്നാക്ക സമുദായക്കാര്‍ക്ക് നല്‍കുന്നില്ല; കരുണാകരന്‍, ആന്റണി എന്നിവരുടെ കാലം വരെ ഇങ്ങനെ അല്ലായിരുന്നു; ഇപ്പോള്‍ തോല്‍ക്കുന്ന മണ്ഡലങ്ങള്‍ മാത്രം നല്‍കുകയാണ്; തുറന്നു പറച്ചിലുമായി ശിവഗിരി മഠം; സ്വാമി സച്ചിദാനന്ദയുടെ നീക്കം അടൂര്‍ പ്രകാശിനും കെ സുധാകരനും വേണ്ടിയോ?
തുറന്നു പറച്ചിലുമായി ശിവഗിരി മഠം
വര്‍ക്കല: നിയമസഭാ തെരഞ്ഞെടുപ്പില്‍ പിന്നോക്ക സമുദായക്കാര്‍ക്ക് വിജയിക്കുന്ന സീറ്റുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ട് ശ്രീനാരായണ ധര്‍മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ രംഗത്ത്. അടുത്തകാലത്തായി ശ്രീനാരായണ ഗുരു നേടിയെടുത്ത പലകാര്യങ്ങളില്‍ നിന്ന് പിന്നോക്കം പോകുകയാണെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സില്‍ ജയിക്കുന്ന മണ്ഡലങ്ങള്‍ പിന്നാക്ക സമുദായക്കാര്‍ക്ക് നല്‍കുന്നില്ലെന്നും സ്വാമി സച്ചിദാനന്ദ കുറ്റപ്പെടുത്തി.
കരുണാകരന്‍, ആന്റണി എന്നിവരുടെ കാലം വരെ ഇങ്ങനെ അല്ലായിരുന്നു. ഇപ്പോള്‍ തോല്‍ക്കുന്ന മണ്ഡലങ്ങള്‍ മാത്രം നല്‍കുകയാണ്.
ശ്രീനാരായണ സമൂഹത്തില്‍ നിന്ന് കോണ്‍ഗ്രസില്‍ ഒരു എംഎല്‍എ മാത്രമാണുള്ളത്. എല്ലാ മുന്നണികളും പിന്നാക്കക്കാരെ അവഗണിക്കുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു. എല്‍ഡിഎഫ് മന്ത്രിസഭയില്‍ ഒരു സമുദായത്തില്‍പ്പെട്ട പത്തുപേരുണ്ട്. പിന്നാക്കക്കാരില്ലെന്നും സ്വാമി സച്ചിദാനന്ദന്‍ പറഞ്ഞു. കെ സുധാകരനും അടൂര്‍ പ്രകാശിനും നിയമസഭയില്‍ സീറ്റു നല്‍കാത്ത പശ്ചാത്തലത്തിലാണ് സച്ചിദാനന്ദയുടെ പരാമര്‍ശം എന്നതും ശ്രദ്ധേയമാണ്.
നേരത്തെ പിന്നാക്ക വിഭാഗങ്ങളിലെ സ്ഥാനാര്‍ഥികള്‍ക്ക് ജയിക്കാവുന്ന സീറ്റുകള്‍ നല്‍കണമെന്ന് രാഹുല്‍ ഗാന്ധിയോട് ശിവഗിരി മഠം അഭ്യര്‍ഥിച്ചിരുന്നു. തെരഞ്ഞെടുപ്പുകളില്‍ പിന്നാക്ക ജനവിഭാഗങ്ങള്‍ പിന്തള്ളപ്പെട്ടു പോകുന്നുണ്ട്. അതിനാല്‍ അത്തരം ജനവിഭാഗങ്ങളിലെ സ്ഥാനാര്‍ഥികളെക്കൂടി പരിഗണിക്കണം. അവര്‍ക്ക് ഭൂരിപക്ഷമുള്ളയിടങ്ങളിലും ജയിക്കാനാവുന്നതുമായ സീറ്റുകള്‍ നല്‍കണമെന്ന അഭ്യര്‍ഥന ശിവഗിരി മഠം രേഖാമൂലമാണ് രാഹുല്‍ ഗാന്ധിക്ക് നല്‍കിയത്. കത്ത് വായിച്ച രാഹുല്‍ അനുകൂലമായി പ്രതികരിച്ചെന്നും സ്വാമി സച്ചിദാനന്ദ അറിയിച്ചു. ശിവഗിരി മഠം പ്രസിഡന്റും ജനറല്‍ സെക്രട്ടറിയും ട്രഷററും ഒപ്പുവെച്ച കത്താണ് നല്‍കിയത്.
നേരത്തെ കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയതില്‍ വിമര്‍ശനവുമായി സച്ചിദാനന്ദ രംഗത്തുവന്നിരുന്നു. കെ. സുധാകരന്‍ പ്രതിനിധീകരിക്കുന്ന സമുദായം മുച്ചൂടും തഴയപ്പെടുന്നു. കേരളത്തിലെ ഭരണം ചില പ്രത്യേക സമുദായങ്ങളുടെ വൃത്തത്തില്‍ ചുറ്റിക്കറങ്ങുന്നു. രണ്ടോ മൂന്നോ നേതാക്കളാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും സ്വാമി സച്ചിദാനന്ദ പറഞ്ഞിരുന്നു.
വെള്ളാപ്പള്ളി നടേശനുമായി കോണ്‍ഗ്രസ് ഉടക്കു തുടരുന്നതിനിടെ ശിവഗിരി മഠവുമായി അടുക്കാന്‍ കോണ്‍ഗ്രസ് ശ്രമം തുടങ്ങിയിരുന്നു. കേരളത്തിലെ ഹിന്ദു വിഭാഗങ്ങള്‍ക്കിയിലെ ഏറ്റവും വലിയ സമൂഹമാണ് സംസ്ഥാന ജനസംഖ്യയുടെ 24% വരുന്ന ഈഴവ വിഭാഗം. എന്നാല്‍ ഈഴവ പ്രാതിനിധ്യം കോണ്‍ഗ്രസില്‍ കുറയുന്ന സാഹചര്യമാണുള്ളത്. ഈഴവ സമുദായത്തില്‍ നിന്ന് ഒരു എംഎല്‍എ മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. ഈഴവര്‍ക്കിടയിലെ ആശങ്കകള്‍ പരിഹരിച്ച് സമുദായത്തെ കൂടെ നിര്‍ത്താന്‍ ആണ് നീക്കം. ആറ്റിങ്ങല്‍ എംപിയും യുഡിഎഫ് കണ്‍വീനറുമായ അടൂര്‍ പ്രകാശിന്റെ നേതൃത്വത്തിലാണ് ഇതിനുള്ള ശ്രമങ്ങള്‍ നടത്തിയതും.
