റോഡുകള്‍ നിര്‍മിക്കുന്നത് ഗൂഗിള്‍ മാപ്പ് നോക്കി; പല റോഡുകളും ഡിസൈന്‍ ചെയ്യുന്നത് കോണ്‍ട്രാക്ടര്‍മാര്‍, അശാസ്ത്രീയ നിര്‍മാണം; ദേശീയപാത അതോരിറ്റിക്കെതിരെ മന്ത്രി ഗണേഷ്‌കുമാര്‍; റോഡുകളിലെ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ കണ്ടെത്തുമെന്നും ഗതാഗത മന്ത്രി

റോഡുകള്‍ നിര്‍മിക്കുന്നത് ഗൂഗിള്‍ മാപ്പ് നോക്കി

Update: 2024-12-13 08:37 GMT

ന്യൂഡല്‍ഹി: പാലക്കാട് കല്ലടിക്കോട് ലോറിക്കടിയില്‍പെട്ട് സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ മരിച്ച പശ്ചാത്തലത്തില്‍ ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര്‍. ദേശീയപാത അതോറിറ്റി റോഡുകള്‍ നിര്‍മിക്കുന്നത് ഗൂഗിള്‍ മാപ്പുകള്‍ നോക്കിയാണെന്ന് മന്ത്രി പറഞ്ഞു. ദേശീയപാതയിലെ അപാകത പരിഹരിക്കാന്‍ പൊതുമരാമത്ത് വകുപ്പുമായി ചേര്‍ന്ന് നടപടി സ്വീകരിക്കും. റോഡുകളിലെ ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ കണ്ടെത്തുമെന്നും മന്ത്രി കെ.ബി ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.

ഗണേഷ്‌കുമാറിന്റെ വാക്കുകള്‍ ഇങ്ങനെ: 'പലയിടത്തും ഹൈവേ നിര്‍മിക്കാന്‍ വരുന്ന എന്‍ജിനിയര്‍മാര്‍ക്ക് റോളില്ലാത്ത അവസ്ഥയാണെന്ന് തോന്നുന്നു. നിര്‍മാണച്ചുമതല ഏല്‍പ്പിച്ചിരിക്കുന്ന പുറത്തുള്ള കമ്പനികളുടെ കോണ്‍ട്രാക്ടര്‍മാരുടെ ഡിസൈനിലാണ് പലയിടത്തും നിര്‍മാണം. ലോകബാങ്കിന്റെ റോഡുകള്‍ പോലെ,പ്രാദേശിക എന്‍ജിനീയര്‍മാരെയോ പ്രാദേശിക ജനപ്രതിനിധികളെയോ കണക്കിലെടുക്കാറില്ല. ഗൂഗിള്‍ മാപ്പ് വഴി റോഡ് ഡിസൈന്‍ ചെയ്തശേഷം പണം നല്‍കുകയാണ് ചെയ്യുന്നത്' - ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.

ഡിസൈന്‍ ചെയ്യുന്ന റോഡരികില്‍ വീടുണ്ടോ വീട്ടിലേക്ക് പ്രവേശിക്കാനുള്ള വഴിയുണ്ടോ എന്നിവ കണക്കിലെടുക്കാറില്ല. റോഡ് നിര്‍മിക്കേണ്ട സൈറ്റിലെത്തി നേരിട്ട് കാര്യങ്ങള്‍ മനസ്സിലാക്കിയാണ് റോഡ് ഡിസൈന്‍ ചെയ്യേണ്ടത്. റോഡിലെ വളവുകളിലെ കയറ്റം, ഇറക്കം, എന്നിവയൊന്നും പരിഗണിക്കാറില്ല.ലോക ബാങ്ക് നിര്‍മ്മിക്കുന്ന റോഡുകളില്‍ കെ.എസ്.ടി.പിക്കോ പി.ഡബ്യു.ഡി എന്‍ജിിനിയര്‍മാര്‍ക്കോ യാതൊരു പങ്കുമില്ല.വിഷയത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടത്താനായി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസുമായി സംസാരിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ കണ്ടെത്തി ലിസ്റ്റ് തരാന്‍ ആവശ്യപ്പെടും.ചാലക്കുടി പോട്ടയിലേക്ക് പോകുന്ന വഴിയിലുള്ള സ്ഥിരം അപകട മേഖലയിലെ പ്രശ്‌നം പരിഹരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.അണ്ടര്‍ പാസ് നിര്‍മ്മിക്കാനായി ഉപരിതല ഗതാഗത വകുപ്പ് 48 കോടി രൂപയുടെ പദ്ധതിയിട്ടുണ്ട്. സര്‍വീസ് റോഡ് നിര്‍മ്മിക്കാനായി 18 കോടി രൂപയും ചെലവാക്കാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ കരിമ്പക്കടുത്ത് പനയമ്പാടത്ത് വ്യാഴാഴ്ച വൈകീട്ട് 3.45 ഓടെയായിരുന്നു അപകടം. അമിതവേഗത്തിലെത്തിയ നിയന്ത്രണംവിട്ട് മറിഞ്ഞ ലോറിക്കടിയില്‍പെട്ട് നാല് സ്‌കൂള്‍ വിദ്യാര്‍ഥിനികളാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്നു കരിമ്പ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനികള്‍.

പാലക്കാട് നിന്നും മണ്ണാര്‍ക്കാട്ടേക്ക് സിമന്റ് കയറ്റി പോകുന്ന ചരക്ക് ലോറിയാണ് മുന്നില്‍ പോകുകയായിരുന്ന മറ്റൊരു ലോറിയിലിടിച്ച ശേഷം റോഡരികിലൂടെ നീങ്ങി മരത്തിലിടിച്ച് മറിഞ്ഞത്. വാഹനങ്ങള്‍ക്കടിയില്‍പ്പെട്ടാണ് കുട്ടികളുടെ മരണം. ക്രെയിന്‍ എത്തിച്ച് ലോറി ഉയര്‍ത്തിയാണ് ഇവരെ പുറത്തെടുത്തത്.

Tags:    

Similar News