മുസ്ലിം ഐഎഎസുകാരുടെ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി വ്യാജ പരാതി കൊടുത്ത ഗോപാലകൃഷ്ണനെ രക്ഷിക്കാന്‍ പിണറായിക്കും കഴിയില്ല; പ്രശാന്തിനെ കുടുക്കാന്‍ വ്യാജ സര്‍ക്കാര്‍ ഉത്തരവുണ്ടാക്കിയതിന്റെ പേരിലും കേസ് എടുക്കേണ്ടി വരും; അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകും കുരുക്കിലേക്ക്

മുസ്ലിം ഐഎഎസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കി വ്യാജ പരാതി കൊടുത്ത ഗോപാലകൃഷ്ണനെ രക്ഷിക്കാന്‍ പിണറായിക്കും കഴിയില്ല

Update: 2024-12-10 08:28 GMT

തിരുവനന്തപുരം: ഐഎഎസ് ചേരിപ്പോര് ശക്തമാകുമ്പോള്‍ കെ. ഗോപാലകൃഷ്ണനും അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. ജയതിലകും കൂടുതല്‍ വെട്ടിലേക്ക്. നേരത്തെ ഹിന്ദു -മുസ്ലിം ഐഎഎസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ ശേഷം പോലീസില്‍ പരാതി നല്‍കി അതിന് ശേഷം തെളിവു നശിപ്പിക്കാനും ശ്രമിച്ചതില്‍ ഗോപാലകൃഷ്ണന്റെ പങ്ക് വ്യക്തമാണ്. ഇത് സംബന്ധിച്ച പോലീസ് റിപ്പോര്‍ട്ടും ഗോപാലകൃഷ്ണനെതിരെ വന്നു. എന്നിട്ടും ഉദ്യോഗസ്ഥ തലത്തിലെ സ്വാധീനം ഉപയോഗിച്ചു കടുത്ത നടപടികളില്‍ നിന്നും തടിയൂരാനാണ് അദ്ദേഹം ശ്രമിക്കുന്നത്.

ഇതിനിടെയാണ്, കെ. ഗോപാലകൃഷ്ണന്‍ സര്‍ക്കാര്‍ ഫയലില്‍ കൃത്രിമം കാട്ടിയെന്ന തെളിവുകളും പുറത്തുവരുന്നത്. പട്ടികജാതി, പട്ടികവര്‍ഗ വകുപ്പിന് കീഴില്‍ രൂപീകരിച്ച കേരള എംപവര്‍മെന്റ് സൊസൈറ്റി 'ഉന്നതി'യിലെ ഫയലുകളില്‍ കൃത്രിമം കാട്ടിയതിന്റെ തെളിവുകളാണ് പുറത്തുവന്നത്. ഫയല്‍ തിരിമറിയില്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയതിലകിനും പങ്കുണ്ട്. ഇതോടെ ഇരുവരും വിഷയത്തില്‍ പ്രതിരോധത്തിലായി.

ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ കിട്ടിയിട്ടും, അത് മറച്ചുവെച്ച് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് ഗോപാലകൃഷ്ണന്‍ ഐ എ എസ് വ്യാജ പരാതി നല്‍കുകയായിരുന്നു എന്നാണ് വ്യക്തമാകുന്നത്. മെയ് മാസത്തില്‍ തന്നെ ഗോപാലകൃഷ്ണന്‍ എല്ലാ ഫയലുകളും കൈപ്പറ്റിയതായി സര്‍ക്കാര്‍ രേഖയുണ്ട്. ജൂണ്‍, ജൂലൈ, മാസങ്ങളിലായി ഉന്നതിയുടെ ഫയലുകള്‍ കിട്ടിയില്ല എന്ന് രണ്ട് കത്തുകള്‍ നല്‍കി. അവയെ അടിസ്ഥാനപ്പെടുത്തിയാണ് ജയതിലക് പ്രശാന്തിനെതിരെ റിപ്പോര്‍ട്ട് ഉണ്ടാക്കുന്നത്. എന്നാല്‍ ഇ-ഓഫീസ് രേഖകള്‍ പരിശോധിക്കുമ്പോള്‍ മനസ്സിലാവുന്നത് ഈ രണ്ട് കത്തുകളും പഴയ ഡേറ്റില്‍ വ്യാജമായി സൃഷ്ടിച്ചതാണെന്നാണ്. വ്യാജ ഡേറ്റിലെ കത്തുകള്‍ സൃഷ്ടിച്ചത് ഓഗസ്റ്റ് മാസത്തിലായിരുന്നു. അതും ജയതിലകിന്റെ ഓഫീസില്‍ വച്ച് തന്നെ.

ഓഗസ്റ്റിലാണ് ഫയലുകള്‍ ഇ-ഓഫിസില്‍ അപ്ലോഡ് ചെയ്തത്. ഒരേദിവസം ഒരേ സമയം ഫയലുകള്‍ അപ്ലോഡ് ചെയ്യുകയായിരുന്നു. ഫയല്‍ കിട്ടിയാല്‍ രണ്ട് ദിവസത്തിനകം അപ്ലോഡ് ചെയ്യേണ്ടതാണ്. ഇതാണ് ജയതിലകും ഗോപാലകൃഷ്ണനും ഒത്തുകളിച്ച് അട്ടിമറിച്ചത്. ഉന്നതിയിലെ ഫയലുകള്‍ എന്‍ പ്രശാന്ത് ഐഎഎസ് കൈമാറിയില്ലെന്ന കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ രണ്ട് കത്തുകളിലാണ് ദുരൂഹതയും അട്ടിമറിയും തെളിയുന്നത്.

ഉന്നതിയുമായി ബന്ധപ്പെട്ട ഫയലുകള്‍ മുന്‍ ചുമതലക്കാരന്‍ തനിക്ക് നല്‍കിയില്ല എന്നായിരുന്നു കെ ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ പരാതി. പരാതിയിലെ തീയതി 2024 ജൂലൈ മാസം മൂന്നാണ്. എന്നാല്‍ ഇതിന് രണ്ടുമാസം മുമ്പ് മെയ് 14ന്, കെ ഗോപാലകൃഷ്ണന്‍ ഐ എഎസിന് സര്‍ക്കാര്‍ നല്‍കിയ രേഖയില്‍ ഉന്നതിയുമായി ബന്ധപ്പെട്ട എല്ലാ ഫയലുകളും കൈമാറിയിട്ടുണ്ടെന്ന് വ്യക്തമാകുന്നു. എന്നാല്‍, എല്ലാ ഫയലുകളും കൈമാറി എന്ന് അഞ്ചാം മാസം ചുമതലമുണ്ടായിരുന്ന ആള്‍ അറിയിച്ചിട്ട്, രണ്ടുമാസം കഴിഞ്ഞ് തനിക്ക് ചില ഫയലുകള്‍ കിട്ടിയിട്ടില്ലെന്ന് ഗോപാലകൃഷ്ണന്‍ പരാതി നല്‍കി.

രണ്ട് കത്തുകളിലൂടെയായിരുന്നു പരാതി. ഈ രണ്ട് കത്തുകള്‍ക്കും ചില പ്രത്യേകതകളുണ്ട്. എസ് സി ഡയറക്ടറേറ്റില്‍ നിന്നയച്ചു എന്ന് അവകാശപ്പെടുന്ന ഈ കത്തുകള്‍ക്ക് ലെറ്റര്‍ നമ്പറില്ല. ഫയല്‍ നമ്പറും ഇല്ല. ജൂണ്‍ ആറിന് നല്‍കി എന്ന് അവകാശപ്പെടുന്ന കത്തിന്റെ മുകളിലായി സെക്രട്ടേറിയറ്റിലെ ഇ-ഓഫീസില്‍ കറസ്‌പോണ്ടന്‍സ് നമ്പര്‍ കാണാം. ജുലൈ 3 നും സമാനമായ പരാതി ഗോപാലകൃഷ്ണന്‍ നല്‍കി. ഈ കത്തിന്റെയും മുകളിലായി കറസ്‌പോണ്ടന്‍സ് നമ്പര്‍ കാണാം

ഇ-ഓഫീസിലെ കറസ്‌പോണ്ടന്‍സ് ലിസ്റ്റ് പരിശോധിക്കുമ്പോള്‍, ഈ രണ്ടു പരാതികള്‍ ഇ-ഓഫീസില്‍ പ്രത്യക്ഷപ്പെടുന്നത്, മാസങ്ങള്‍ക്ക് ശേഷം എന്നുവ്യക്തമാകും. ഒരേ ദിവസം, ഒരെ സമയത്ത്. ഓഗസ്റ്റ് മാസം ഒന്നിന്, 3:16 ന്. ഇവിടെ ആദ്യം കൊടുത്തിരിക്കുന്ന രണ്ട് കറസ്‌പോണ്ടന്‍സ് നമ്പറുകള്‍ നോക്കിയാല്‍ ഈ രണ്ട് കത്തുകളാണെന്ന് മനസ്സിലാവും. രണ്ട് കത്തുകളും ഇ-ഒഫീസില്‍ അപ്ലോഡ് ചെയ്തിരിക്കുന്നത് ജയതിലകിന്റെ ഓഫീസ് നേരിട്ടാണെന്നും ഇ-ഓഫീസ് രേഖകള്‍ കാണിക്കുന്നു. സെക്രട്ടേറിയറ്റ് സെക്ഷനില്‍ നിന്നാണ് കത്തുകള്‍ അപ്ലോഡ് ചെയ്യേണ്ടിയിരുന്നത്.ജയതിലകിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഗോപാലകൃഷ്ണന്‍ ഈ കത്തുകള്‍ പഴയ ഡേറ്റില്‍ നല്‍കിയതെന്നാണ് സൂചന.




ഓഗസ്റ്റില്‍, ജയതിലക് ധനകാര്യ വകുപ്പിലേക്ക് ട്രാന്‍സ്ഫര്‍ ആയി. ഗോപാലകൃഷ്ണന്‍ വ്യവസായ വകുപ്പിലേക്കും ആ മാസം ട്രാന്‍സ്ഫര്‍ ആയി. വകുപ്പ് വിട്ട് പോകുന്നതിന് മുമ്പ് ഫയലുകളില്‍ കൃത്രിമം കാണിച്ചിട്ട് പക വീട്ടി എന്നാണ് ആരോപണം. രണ്ട് വ്യത്യസ്ത മാസങ്ങളില്‍ അയച്ചു എന്ന് പറയപ്പെടുന്ന രണ്ട് കത്തുകളും ഒരേ ദിവസം ഒരേ സമയം അപ്ലോഡ് ചെയ്തതാണ് ദുരൂഹത വര്‍ധിപ്പിക്കുന്നത്. ഈ കത്തുകള്‍ വെച്ചായിരുന്നു ഉന്നതിയിലെ ഫയലുകള്‍ എന്‍ പ്രശാന്ത് കൈമാറിയില്ലെന്ന റിപ്പോര്‍ട്ട് തയ്യാറാക്കിയത്. എന്‍ പ്രശാന്തിനെ കുടുക്കാന്‍ ഗോപാലകൃഷ്ണന്‍ ഐഎഎസും ജയ്തിലക് ഐഎഎസും ഒത്തുകളി നടത്തിയോ എന്ന സംശയമാണ് ഇതോടെ ഉയരുന്നത്.

കത്തയച്ച തീയതിയില്‍ ഇ-ഓഫീസ് ഫയലില്‍ കത്തില്ല. രണ്ടുകത്തിലും ഫയല്‍ നമ്പറും കത്ത് നമ്പറും ഇല്ലായെന്നതും സംഭവത്തിന്റെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നു. എട്ടാം മാസമാണ് രണ്ട് കത്തും ഇ ഓഫീസ് ഫയലിലെത്തിയത്. കത്ത് അപ്ലോഡ് ചെയ്യേണ്ടിയിരുന്നത് എസ് സി ഡയറക്ടറുടെ ഓഫീസില്‍ നിന്നായിരുന്നു. എന്നാല്‍ കത്ത് അപ്ലോഡ് ചെയ്തത് ഡോ. ജയതിലകിന്റെ ഓഫീസില്‍ നിന്നാണ്.

ഇതേ ഗോപാലകൃഷ്ണന്‍ തന്നെയായിരുന്നു മല്ലു ഹിന്ദു ഐഎഎസ് വാട്‌സ്ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി ഫോണ്‍ ഹാക്ക് ചെയ്‌തെന്ന് പോലീസില്‍ വ്യാജ പരാതി നല്‍കിയിരുന്നു. ഗോപാലകൃഷ്ണന്‍ ഐഎഎസിന്റെ പരാതി വ്യാജമാണെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. വ്യാജ പരാതികള്‍ നല്‍കുന്നത പതിവാക്കിയ ഉദ്യോഗസ്ഥനാണ് ഗോപാലകൃഷ്ണന്‍ എന്ന ആക്ഷേപമാണ് ഇതോടെ ശക്തമാകുന്നത്. പ്രശാന്തിനെ കുടുക്കാന്‍ വ്യാജ സര്‍ക്കാര്‍ ഉത്തരവുണ്ടാക്കിയതിന്റെ പേരിലും രണ്ട് ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുക്കേണ്ടി വരുമോ എന്നാണ് അറിയേണ്ടത്.


 



നേരത്തെ ഹിന്ദു, മുസ്ലിം ഐഎഎസുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ ശേഷം പരാതി നല്‍കിയത ഗോപാലകൃഷ്ണന്‍ ഫോണ്‍ ഫോര്‍മാറ്റ് ചെയ്താണ് പോലീസിന് നല്‍കിയത്. മല്ലു ഹിന്ദു വാട്ട്‌സാപ്പ് ഗ്രൂപ്പ് കണ്ടത്തിയ ഒക്ടോബര്‍ 31ന് ഫോണ്‍ ഫോര്‍മാറ്റ് ചെയ്തന്നായിരുന്നു ഗോപാലകൃഷ്ണന്റെ അവകാശവാദം. എന്നാല്‍ ഗോപാലകൃഷ്ണന്‍ പൊലീസില്‍ പരാതി നല്‍കുന്നത് നവംബര്‍ നാലിനായിരുന്നു. ഫോണ്‍ ആദ്യമായി ഫോര്‍മാറ്റ് ചെയ്തതാകട്ടെ പരാതി നല്‍കുന്നതിന്റെ തലേന്ന് നവംബര്‍ മൂന്നിനായിരുന്നുവെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

പൊലീസ് ആവശ്യപ്പെട്ടപ്പോള്‍ ഗോപാലകൃഷ്ണന്‍ ഫോണ്‍ കൈമാറാന്‍ തയ്യാറായില്ലെന്ന ഗൗരവമുള്ള പരാമര്‍ശവും പോലീസ് തയ്യാറാക്കിയ റിപ്പോര്‍ട്ടിലുണ്ട്. പൊലീസ് ഫോണ്‍ ആവശ്യപ്പെട്ടപ്പോള്‍ ഗോപാലകൃഷ്ണന്‍ മറ്റൊരു ഫോണ് ഹാജരാക്കി. വാട്‌സാപ്പ് ഉപയോഗിച്ചിരുന്ന SM-S711B/DS സാംസങ്ങ് ഫോണ്‍ ഹാജരാക്കിയത് പിന്നീടെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. നിരവധി തവണ ഫോര്‍മാറ്റ് ചെയ്ത് തെളിവുകള്‍ നശിപ്പിച്ച ശേഷമാണ് ഫോണ്‍ ഹാജരാക്കിയത്. ഒന്നിലധികം തവണ ഫോര്‍മാറ്റ് ചെയ്തതിനാല്‍ തെളിവുകള്‍ നഷ്ടപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫോണ്‍ ഫോര്‍മാറ്റ് ചെയ്തത് സംശയമുണ്ടാക്കുന്നുവെന്നും റിപ്പോര്‍ട്ടിലുണ്ട്.

ഇത്രയും ഗൗരവമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് ഡിജിപി ആഭ്യന്തര വകുപ്പ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടും ഗോപാലകൃഷ്ണനെതിരായ നടപടി മയപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ആക്ഷേപമുണ്ട്. ഗോപാലകൃഷ്ണന്റെ ഉദ്ദേശ്യം ദുരൂഹമെന്ന് തെളിഞ്ഞിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തതും ചര്‍ച്ചയാകുന്നുണ്ട്. നേരത്തെ ചാര്‍ജ് മെമ്മോയില്‍ വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ടുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കിയത് റിപ്പോര്‍ട്ടര്‍ പുറത്ത് വിട്ടിരുന്നു. ഗുരുതരമായ പിഴവുകളാണ് ചാര്‍ജ് മെമ്മോ തയ്യാറാക്കിയതില്‍ ഉണ്ടായിട്ടുള്ളത്. പൊലീസില്‍ നല്‍കിയ വ്യാജ പരാതിയെക്കുറിച്ച് ചാര്‍ജ് മെമ്മോയില്‍ ഒരക്ഷരം പോലുമില്ല. തെളിവ് നശിപ്പിച്ചത് കുറ്റമായി മെമ്മോയില്‍ പറയുന്നില്ല. ഇവയെല്ലാം ഒഴിവാക്കി ഐഎഎസുകാര്‍ക്കിടയില്‍ വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിച്ചു എന്ന് മാത്രമാണ് മെമ്മോയില്‍ ഉള്ളത്.

Tags:    

Similar News