ഗ്രൂപ്പില്‍ മതസ്പര്‍ദ്ധ സന്ദേശം ഉണ്ടെങ്കിലേ പെടൂവെന്ന് ഒരുവാദം; സമൂഹ ഐക്യത്തിന് കോട്ടം തട്ടുന്ന പെരുമാറ്റത്തിന് കടുത്ത നടപടി ശുപാര്‍ശ ചെയ്യുന്ന ഐ എ എസ് ചട്ടം; വാട്‌സാപ്പ് ഹാക്ക് ചെയ്താല്‍ പിന്നീട് സ്വന്തമായി നിയന്ത്രിച്ച് ഗ്രൂപ്പുകള്‍ ഡിലീറ്റ് ചെയ്യാനാകില്ലെന്നത് സാങ്കേതികത്വം: ഗോപാലകൃഷ്ണന്‍ കുരുക്കില്‍; ചീഫ് സെക്രട്ടറിയുടെ ശുപാര്‍ശ നിര്‍ണ്ണായകം
തിരുവനന്തപുരം: മതാടിസ്ഥാനത്തില്‍ വാട്‌സാപ്പ് ഗ്രൂപ്പുണ്ടാക്കിയ കെ ഗോപാലകൃഷ്ണന്‍ ഐഎഎസിനെതിരെ കടുത്ത നടപടികള്‍ വരുമോ എന്നതില്‍ അനിശ്ചിതത്വം. സ്ഥലം മാറ്റത്തിന് അപ്പുറം ഒന്നും ചെയ്യാനാകില്ലെന്ന വിലയിരുത്തല്‍ സജീവമാണ്. ഐഎസ് ഉദ്യോഗസ്ഥയായ അദിലാ അബ്ദുള്ള നല്‍കിയ പരാതിയും സര്‍ക്കാരിന് മുന്നിലുണ്ട്. അദിലയെ മല്ലു മുസ്ലീം ഓഫ് എന്ന ഗ്രൂപ്പില്‍ ചേര്‍ത്തതാണ് ഈ പരാതിക്ക് അധാരം. ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തിട്ടില്ലെന്ന പോലീസ് അന്വേഷണം വിരല്‍ ചൂണ്ടുന്നത് ഗൂപ്പുണ്ടാക്കലിലെ ഐഎഎസുകാരന്റെ ഇടപെടലിനെയാണ്. പോലീസ് അന്വേഷണത്തില്‍ ഗോപാലകൃഷ്ണന്‍ തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാണ് വിലയിരുത്തല്‍. അത് ശാസ്ത്രീയമായി തെളിയിക്കാന്‍ പോലീസിന് കഴിഞ്ഞാല്‍ ഗോപാലകൃഷ്ണന് കുരുക്കാകും. അല്ലാത്ത പക്ഷം ചെറിയ സ്ഥലം മാറ്റ ശിക്ഷയില്‍ ഗോപാലകൃഷ്ണനെതിരായ നടപടി ഒതുങ്ങും.
മത അടിസ്ഥാനത്തില്‍ വാട്ട്‌സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കുന്നത് നിയമപരമായോ, ഐ എ എസ് കോണ്ടക്റ്റ് റൂള്‍സ് പ്രകാരമോ കുറ്റമല്ല. എത്രയോ പള്ളികളുടേയും, അമ്പലങ്ങളുടെ പേരില്‍ ഒക്കെ ഗ്രൂപ്പ് ഉണ്ട്. ഒരു ഐഎഎസുകാരന്‍ ശബരിമല ക്ഷേത്രം എന്ന പേരില്‍ ഒരു ഗ്രൂപ്പ് ഉണ്ടാക്കിയാല്‍ ആര്‍ക്കും ഒന്നും ചെയ്യാന്‍ പറ്റില്ല. അര്‍ത്തുങ്കല്‍ പള്ളിയിലെ വിശ്വാസികളെ കൂട്ടിയും ഗ്രൂപ്പുണ്ടാക്കാം. എന്നാല്‍ അതില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്ന മെസ്സേജുകള്‍ അയച്ചാല്‍ മാത്രമെ കുറ്റം ആകുന്നുള്ളൂ. അത്തരത്തിലുള്ള മെസേജുകളൊന്നും ഗോപാലകൃഷ്ണന്റെ ഗ്രൂപ്പില്‍ എത്തിയിട്ടില്ലെന്ന വാദം സജീവമാണ്.
ഗോപാലകൃഷ്ണന്റെ മറുപടി ലഭിച്ചതിനുശേഷമാകും തുടര്‍നടപടി. ഐഎഎസ് ചട്ടപ്രകാരം ഗുരുതര സ്വഭാവമുള്ള വീഴ്ചയാണ് ഗോപാലകൃഷ്ണന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുള്ളത്. ഐഎഎസ് ചട്ടം 3(1), 3(14), 3(9) എന്നിവപ്രകാരം സമൂഹഐക്യത്തിന് കോട്ടം തട്ടുന്ന രീതിയിലുള്ള പെരുമാറ്റത്തിന് കടുത്ത നടപടിയാണ് ശുപാര്‍ശ ചെയ്യുന്നത്. ഹിന്ദു ഐഎഎസ് ഉദ്യോഗസ്ഥരുടെ വാട്‌സാപ് ഗ്രൂപ്പ് ഉണ്ടാക്കിയെന്നു മാത്രമല്ല അതു പുറത്തായപ്പോള്‍ മുസ്ലിം ഉദ്യോഗസ്ഥര്‍ക്കായി ഗ്രൂപ്പുണ്ടാക്കിയതും സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നുവെന്ന വിലയിരുത്തല്‍ സജീവമാണ്.
വിവാദത്തില്‍ ഡിജിപി ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തില്ലെന്നാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്. നേരത്തെ അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ഡിജിപിയോട് ചീഫ് സെക്രട്ടറി നിര്‍ദേശിച്ചിരുന്നു. ഗോപാലകൃഷ്ണനോട് ചീഫ് സെക്രട്ടറി വിശദീകരണം തേടും. ഇതിന് ശേഷം മുഖ്യമന്ത്രിക്ക് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ട് നല്‍കും. ഈ റിപ്പോര്‍ട്ടിലെ നിഗമനവും ശുപാര്‍ശയുമാകും ഇനി നിര്‍ണ്ണായകം. ഗോപാലകൃഷ്ണന് വീഴ്ചയുണ്ടായി എന്ന് ചീഫ് സെക്രട്ടറി ഇതിനോടകം വിലയിരുത്തിയിട്ടുണ്ടെന്നതാണ് വസ്തുത.
കെ ഗോപാലകൃഷ്ണന്റെ പ്രവര്‍ത്തികള്‍ സംശയാസ്പദമാണെന്ന് പൊലീസ് വ്യക്തമാക്കിയിരുന്നു. രണ്ട് ഫോണുകളും ഫോര്‍മാറ്റ് ചെയ്താണ് ഗോപാലകൃഷ്ണന്‍ പൊലീസിന് നല്‍കിയത്. ഗോപാലകൃഷ്ണന്റെ ഫോണ്‍ ഹാക്ക് ചെയ്തല്ല ഗ്രൂപ്പ് രൂപീകരിച്ചതെന്ന് ഗൂഗിള്‍ പൊലീസിനെ നേരത്തെ അറിയിച്ചിരുന്നു. ഗ്രൂപ്പുകള്‍ രൂപീകരിക്കാന്‍ ഗോപാലകൃഷ്ണന്റെ ഫോണിന്റേതല്ലാത്ത ഐ പി വിലാസം ഉപയോഗിച്ചിട്ടില്ലെന്ന് ഇന്റര്‍നെറ്റ് സേവനദാതാക്കളും വിവരം നല്‍കി. ഇതോടെ ഗോപാലകൃഷ്ണന്‍ തന്നെയാണ് ഗ്രൂപ്പുകളുണ്ടാക്കിയതെന്ന പൊലീസിന്റെ സംശയം ബലപ്പെട്ടു.
ഹാക്കിംഗ് നടന്നിട്ടില്ലെന്ന് നേരത്തെ വാട്‌സാപ്പും പൊലീസിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.ഒക്ടോബര്‍ 30നാണ് ഗോപാലകൃഷ്ണന്‍ അഡ്മിനായി മതാടിസ്ഥാനത്തില്‍ ഗ്രൂപ്പുകളുണ്ടാക്കിയത്. വിവരം പുറത്തറിഞ്ഞ ശേഷമാണ് പരാതിനല്‍കിയത്. അതേസമയം, ഫോണ്‍ ഹാക്ക്‌ചെയ്താണ് ഗ്രൂപ്പുകളുണ്ടാക്കിയതെന്നും സുഹൃത്തുക്കള്‍ പറഞ്ഞാണ് വിവരമറിഞ്ഞതെന്നുമുള്ള മൊഴി ഗോപാലകൃഷ്ണന്‍ ആവര്‍ത്തിച്ചിരുന്നു. എന്നാല്‍ വാട്‌സാപ്പ് ഹാക്ക് ചെയ്യപ്പെട്ടാല്‍ പിന്നീട് സ്വന്തമായി നിയന്ത്രിച്ച് ഗ്രൂപ്പുകള്‍ ഡിലീറ്റ് ചെയ്യാനാകില്ലെന്ന് പൊലീസ് പറയുന്നു. ഇതെല്ലാം ഐഎഎസുകാരന്‍ കള്ളം പറഞ്ഞതിന് തെളിവാണ്.
വാട്‌സാപ് ഗ്രൂപ്പിന്റെ സ്‌ക്രീന്‍ഷോട്ട് പുറത്തായപ്പോള്‍ തന്നെ ചീഫ് സെക്രട്ടറി ഇക്കാര്യത്തില്‍ കെ.ഗോപാലകൃഷ്ണനോട് വിശദീകരണം തേടിയിരുന്നു. ഫോണ്‍ ഹാക്ക് ചെയ്‌തെന്നായിരുന്നു അപ്പോള്‍ ഗോപാലകൃഷ്ണന്റെ മറുപടി. എന്നാല്‍ ഗോപാലകൃഷ്ണന്റെ ഫോണില്‍ ഹാക്കിങ് നടന്നതിന് തെളിവില്ലെന്ന് ഫൊറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു. അതേസമയം, മേലധികാരിയെ മനോരോഗിയെന്ന് വിശേഷിപ്പിച്ച കൃഷി വകുപ്പ് സ്പെഷല്‍ സെക്രട്ടറി എന്‍.പ്രശാന്തിനോട് വിശദീകരണം തേടാനും തീരുമാനമായി. അഡീഷണല്‍ ചീഫ് സെക്രട്ടറി എ.ജയതിലകിനെ 'ചിത്തരോഗി' എന്നാണ് എന്‍.പ്രശാന്ത് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അവഹേളിച്ചത്. ഉന്നതിയുമായി ബന്ധപ്പെട്ട് പ്രശാന്തിനെതിരെ ജയതിലക് സമര്‍പ്പിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രിയുടെ പരിഗണനയിലിരിക്കെയായിരുന്നു പ്രശാന്തിന്റെ അധിക്ഷേപം.
പട്ടികജാതി-വര്‍ഗ വിഭാഗക്കാരുടെ ക്ഷേമത്തിനും വിവിധ പദ്ധതികളുടെ നിര്‍വഹണത്തിനുമായി രൂപവത്കരിച്ച ഉന്നതിയിലെ (കേരള എംപവര്‍മെന്റ് സൊസൈറ്റി) ഫയലുകള്‍ കാണാനില്ലെന്ന് കഴിഞ്ഞ ദിവസം വാര്‍ത്ത പുറത്തുവന്നിരുന്നു. ഉന്നതിയുടെ പ്രവര്‍ത്തനംതന്നെ സ്തംഭിച്ച അവസ്ഥയിലാണെന്ന് അഡീഷനല്‍ സെക്രട്ടറി ഡോ.എ. ജയതിലക് മുഖ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. പട്ടികജാതി-വര്‍ഗ വകുപ്പ് സ്പെഷല്‍ സെക്രട്ടറിയായിരുന്ന എന്‍. പ്രശാന്ത് ഉന്നതി സിഇഒ ആയിരുന്ന കാലത്തെ ഗുരുതരമായ വീഴ്ചകളാണ് റിപ്പോര്‍ട്ടിലുള്ളതെന്നാണു സൂചന. ഇതിനു പിന്നാലെയാണ് ജയതിലകിനെതിരെ പ്രശാന്ത് രൂക്ഷവിമര്‍ശനം നടത്തിയത്.
വാട്സാപ് ഗ്രൂപ്പ് വിവാദത്തില്‍ ആരോപണവിധേയനായ കെ.ഗോപാലകൃഷ്ണനെയാണ് പിന്നീട് ഉന്നതിയുടെ സിഇഒ ആയി നിയമിച്ചത്. രേഖകള്‍ ആവശ്യപ്പെട്ട് പ്രശാന്തിന് കത്തുനല്‍കി രണ്ടു മാസത്തിനു ശേഷമാണ് രണ്ട് കവര്‍ മന്ത്രിയുടെ ഓഫിസില്‍ എത്തിച്ചത്. കവറുകളില്‍ ഉന്നതിയുമായി ബന്ധപ്പെട്ട പ്രധാന ഫയലുകള്‍ ഇല്ലെന്നാണ് ആക്ഷേപം.
ഗോപാലകൃഷ്ണന്‍, കെ ഗോപാലകൃഷ്ണന്‍ ഐഎഎസ്, മതാടിസ്ഥാനത്തിലെ വാട്‌സാപ്പ് ഗ്രൂപ്പ്, ചീഫ് സെക്രട്ടറി