സര്‍ക്കാര്‍ പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം സിപിഎം ജില്ലാ സെക്രട്ടറിയും; കെ കെ രാഗേഷ് മുഴപ്പിലങ്ങാട് - ധര്‍മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തത് ക്ഷണിക്കാതെ; വലിഞ്ഞു കയറിയ സിപിഎം നേതാവിന് മന്ത്രി റിയാസിന് അടുത്ത് ഇരിപ്പിടവും; കണ്ണൂര്‍ സഖാക്കള്‍ക്ക് പങ്കെടുത്താല്‍ പിന്നെ പ്രോട്ടോക്കോള്‍ എന്തിന്?

സര്‍ക്കാര്‍ പരിപാടിയില്‍ മുഖ്യമന്ത്രിക്കൊപ്പം സിപിഎം ജില്ലാ സെക്രട്ടറിയും

Update: 2025-05-05 04:16 GMT

കണ്ണൂര്‍: വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടന പരിപാടിയില്‍ ക്ഷണം അനുസരിച്ച് എത്തിയ മുന്‍ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖര്‍ അല്‍പ്പം നേരത്തെ വേദിയില്‍ കയറിയതിന്റെ പേരില്‍ വിവാദമുണ്ടാക്കിയത് മുഖ്യമന്ത്രിയുടെ മരുമകനായ മന്ത്രി മുഹമ്മദ് റിയാസായിരുന്നു. ഇതോടെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളുടെ ബഹളവുമായി. എന്നാല്‍, കണ്ണൂരിലെ സര്‍ക്കാര്‍ ഉദ്ഘാടന ചടങ്ങില്‍ ക്ഷണമില്ലാതെ സിപിഎം നേതാക്കള്‍ക്ക് വലിഞ്ഞു കയറാന്‍ അവസരം ലഭിക്കുന്നു എന്നതാണ് മറ്റൊരു വസ്തുത.

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിയില്‍ ക്ഷണമില്ലാതിരുന്നിട്ടും വലിഞ്ഞു കയറിയത് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി കെ കെ രാഗേഷാണ്. ഇതോടെ സഖാക്കള്‍ക്ക് പ്രോട്ടോക്കോള്‍ ബാധകമല്ലേ എന്നാണ് ഉയരുന്ന ചോദ്യം. സ്വന്തമായി പാര്‍ട്ടി കോടതി ഉള്ളവര്‍ക്ക് എന്തുമാകാം എന്നാണ് ഉയരുന്ന വിമര്‍ശനം.

മുഖ്യമന്ത്രി ഉദ്ഘാടകനായ സര്‍ക്കാര്‍ പരിപാടിയില്‍ സിപിഎം ജില്ലാ സെക്രട്ടറിയും വേദിയിലെത്തിയത് വിവാദത്തിലായി. മുഴപ്പിലങ്ങാട് - ധര്‍മടം സമഗ്ര ബീച്ച് ടൂറിസം പദ്ധതിയുടെ ഒന്നാംഘട്ട പൂര്‍ത്തീകരണത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണു ജില്ലാ സെക്രട്ടറി കെ.കെ.രാഗേഷ് ക്ഷണിക്കാതെ പങ്കെടുത്തത്. മുഖ്യമന്ത്രി വരുന്നുണ്ടെന്ന് അറിഞ്ഞ് രാഗേഷ് നുഴഞ്ഞു കയറി എന്നാണ് വിവരം. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തു നിന്നും രാഗേഷ് മാറിയത് അടുത്തിടെയാണ്.

പരിപാടി സംബന്ധിച്ചു പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ പത്രക്കുറിപ്പില്‍ മുന്‍ എംപി എന്നാണു കെ.കെ.രാഗേഷിന്റെ പേരിനൊപ്പം ചേര്‍ത്തിരിക്കുന്നത്. എന്നാല്‍ വിനോദസഞ്ചാര വകുപ്പ് നടത്തിയ പരിപാടിയിലേക്കു സിപിഎം ജില്ലാ സെക്രട്ടറിയെന്ന നിലയ്‌ക്കോ മുന്‍ എംപിയെന്ന നിലയ്‌ക്കോ രാഗേഷിനെ ക്ഷണിച്ചിട്ടില്ലെന്നു ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.സി.ശ്രീനിവാസന്‍ പറഞ്ഞു. മറ്റു രാഷ്ട്രീയ നേതാക്കളും ഉദ്ഘാടനവേദിയില്‍ ഉണ്ടായിരുന്നില്ല.

 



തിരുവനന്തപുരത്തു വിഴിഞ്ഞം തുറമുഖം കമ്മിഷന്‍ ചെയ്യുന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ പങ്കെടുത്തതിനെ രൂക്ഷമായി വിമര്‍ശിച്ച മന്ത്രി പി.എ.മുഹമ്മദ് റിയാസ് അധ്യക്ഷനായ ചടങ്ങിലാണു രാഗേഷും ഇടംപിടിച്ചത്. മന്ത്രി റിയാസിന്റെ അടുത്തായിരുന്നു ഇരിപ്പിടം.

മുഖ്യമന്ത്രിയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറിയും രാജ്യസഭാ മുന്‍ അംഗവുമായ രാഗേഷ് കഴിഞ്ഞ മാസമാണു സിപിഎം ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റത്. എംപിമാരായ കെ.സുധാകരന്‍, വി.ശിവദാസന്‍, പി.സന്തോഷ്‌കുമാര്‍ എന്നിവരുടെ പേരുകള്‍ മുഖ്യാതിഥികളായി കാര്യപരിപാടിയില്‍ ഉണ്ടായിരുന്നെങ്കിലും ശിവദാസന്‍ മാത്രമേ പങ്കെടുത്തുള്ളൂ.

മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി, സിപിഎം സംസ്ഥാന സമിതി അംഗം, മുന്‍ രാജ്യസഭ അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള രാഗേഷിനെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി ആക്കിയതും മുതിര്‍ന്ന പല നേതാക്കളെയും അവഗണിച്ചു കൊണ്ടാണ്. മുഖ്യമന്ത്രി പിണറായി വിജയനാണ് കെ.കെ.രാഗേഷിന്റെ പേര് നിര്‍ദേശിച്ചത്. സംസ്ഥാന കമ്മിറ്റിയാണ് തീരുമാനമെടുത്തത്. എം.പ്രകാശന്റെയും ടി.വി.രാജേഷിന്റെയും പേര് പരിഗണനയിലുണ്ടായിരുന്നെങ്കിലും ഒടുവില്‍ കെ.കെ.രാഗേഷിനെ തിരഞ്ഞെടുക്കുകയായിരുന്നു. രാഗേഷിനെ പുകഴ്ത്തി ദിവ്യ എസ് അയ്യര്‍ രംഗത്തുവന്നതും ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

Tags:    

Similar News