വെള്ളാപ്പള്ളി നടക്കുന്നത് സിപിഎം വെട്ടിയ വഴിയിലൂടെ എന്ന് കെ.എം. ഷാജി; 'ഇസ്രായേലിനെ എതിര്‍ക്കുന്ന പിണറായി വെള്ളാപ്പള്ളിയെ എതിര്‍ക്കില്ല': മുസ്‌ലിംകളെ തെറി പറയുന്നവരോട് മാത്രം സി.പി.എമ്മിന് മൃദുസമീപനം; വെള്ളാപ്പള്ളിക്കെതിരെ മിണ്ടാത്ത പിണറായിക്കെതിരെ രൂക്ഷ വിമര്‍ശനം

വെള്ളാപ്പള്ളി നടക്കുന്നത് സിപിഎം വെട്ടിയ വഴിയിലൂടെ എന്ന് കെ.എം. ഷാജി

Update: 2025-04-09 03:48 GMT

കോഴിക്കോട്: എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസ്താവനയില്‍ പ്രതികരിക്കാത്ത പിണറായി വിജയനെതിരെ ആരോപണവുമായി മുസ്ലിംലീഗ് നേതാവ് കെ എം ഷാജി. സി.പി.എം വെട്ടിയ വഴിയിലൂടെയാണ് വെള്ളാപ്പള്ളി നടേശന്‍ നടക്കുന്നതെന്ന് കെ എം ഷാജി പറഞ്ഞു. പിണറായി വിജയന്‍ ഡല്‍ഹിയില്‍ പറഞ്ഞതിന്റെ മറ്റൊരു പതിപ്പാണ് വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശമെന്നും കെ.എം. ഷാജി ചൂണ്ടിക്കാട്ടി.

പിണറായി വിജയന്‍ ഇസ്രായേലിനെ എതിര്‍ക്കും. കേരളത്തില്‍ ഒരു ജൂതനും വോട്ട് ചെയ്യാനില്ല. എന്നാല്‍, പിണറായി വെള്ളാപ്പള്ളിയെ എതിര്‍ക്കില്ല. വോട്ട് ഇല്ലാതാകുന്നതാണ് അതിന് കാരണം. എ. വിജയരാഘവന്‍ പറഞ്ഞ വഴിയിലാണ് വെള്ളാപ്പള്ളി പറയുന്നത്. മുസ് ലിംകളെ തെറി പറയുന്നവരോട് മാത്രം സി.പി.എമ്മിന് മൃദുസമീപനമാണെന്നും കെ.എം. ഷാജി പൊതുയോഗത്തില്‍ വ്യക്തമാക്കി.

വെള്ളാപ്പള്ളിയുടെ വിദ്വേഷ പ്രസംഗം ആര്‍.എസ്.എസിന്റെ പ്ലാന്‍ ആണെന്ന് കെ.എം. ഷാജി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചു. വെള്ളാപ്പള്ളിയെ നവോഥാന സമിതിയുടെ ചെയര്‍മാന്‍ ആക്കിയത് മുഖ്യമന്ത്രിയാണ്. ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് പുറത്താക്കാന്‍ സി.പി.എം തയാറുണ്ടോ എന്നും ഷാജി ചോദിച്ചു. ലീഗ് സംസ്ഥാന അധ്യക്ഷന്‍ സാദിഖലി തങ്ങള്‍ വിമര്‍ശനത്തിന് അതീതനല്ല. അദ്ദേഹം രാഷ്ട്രീയക്കാരനാണ്. രാഷ്ട്രീയക്കാരനാകുമ്പോള്‍ വിമര്‍ശനവും കോലം കത്തിക്കലും സ്വാഭാവികമാണെന്നും കെ.എം. ഷാജി ചൂണ്ടിക്കാട്ടി.

അതേസമയം വെള്ളാപ്പള്ളി നടേശന്‍ തനി സംഘപരിവാര്‍ വക്താവായിരിക്കുകയാണെന്നും അദ്ദേഹത്തിന്റെ പ്രസ്താവന ഗുരു നിന്ദയാണെന്നും ശ്രീനാരായണ മാനവധര്‍മ്മം ട്രസ്റ്റ് പ്രതികരിച്ചു. 'ജാതി ഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാസ്ഥാനമാണിത്' എന്ന് 1888ല്‍ അരുവിപ്പുറത്ത് പ്രഖ്യാപിച്ച ശ്രീനാരായണ ഗുരുവിന്റെ ധര്‍മ്മത്തെ പരിപാലിക്കാന്‍ സ്ഥാപിച്ച പ്രസ്ഥാനത്തിന്റെ ജനറല്‍ സെക്രട്ടറി സ്ഥാനത്തിരുന്നുകൊണ്ട് വെള്ളാപ്പള്ളി നടേശന്‍ നടത്തിയ ഇസ്ലാമോഫോബിയ നിറഞ്ഞ നിലമ്പൂര്‍ പ്രസംഗം കടുത്ത ഗുരു നിന്ദയും ഗുരുധര്‍മ്മത്തിനെതിരെയുള്ളതുമാണെന്ന് ശ്രീനാരായണ മാനവധര്‍മ്മം ട്രസ്റ്റ് യോഗം ചൂണ്ടിക്കാട്ടി.

മലപ്പുറത്ത് ഈഴവാദി ഹിന്ദു പിന്നോക്ക സമുദായങ്ങളുടെ അവകാശങ്ങള്‍ നിഷേധിച്ച് മുസ്ലിം സമുദായം അവരെ ഒതുക്കുന്നു എന്ന വെള്ളാപ്പള്ളി നടേശന്റെ ആക്ഷേപം മതസ്പര്‍ധ ഉണ്ടാക്കാനും വളര്‍ത്താനുമായി വര്‍ഷങ്ങളായി ആര്‍.എസ്.എസ്-ബി.ജെ.പി നേതാക്കന്മാര്‍ പ്രചരിപ്പിക്കുന്ന വ്യാജമായ ആരോപണമാണ്. ഈഴവാദി പിന്നാക്ക സമുദായങ്ങള്‍ക്ക് വേണ്ടി വാദിക്കുന്നു എന്ന് നടിച്ചുകൊണ്ട് വെള്ളാപ്പിള്ളി പറയുന്ന ശുദ്ധ 'മുസ്ലിം വിരുദ്ധ വിദ്വേഷ സംസാരം' അദ്ദേഹം തനി സംഘപരിവാര്‍ വക്താവായിരിക്കുകയാണെന്നത് ആവര്‍ത്തിക്കുകയാണ്.

വെള്ളാപ്പള്ളി നടേശന്റെ വിദ്വേഷ സംസ്‌കാരത്തെ ശ്രീനാരായണ മാനവധര്‍മം ട്രസ്റ്റ് ശക്തമായി അപലപിക്കുന്നതിനൊപ്പം ശ്രീനാരായണ ഗുരുവിന്റെ പേരില്‍ മതദ്വേഷം പ്രചരിപ്പിക്കരുതെന്ന് അദ്ദേഹത്തോട് അഭ്യര്‍ഥിക്കുകയാണെന്നും ട്രസ്റ്റ് ഭാരവാഹികളായ പ്രഫ. മോഹന്‍ ഗോപാല്‍, വി.ആര്‍. ജോഷി, സുദേഷ് എം. രഘു എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

വെള്ളാപ്പള്ളി നടേശന്റെ വിവാദ പ്രസംഗത്തില്‍ കേസെടുക്കാന്‍ സാധിക്കില്ലെന്ന് പൊലീസിന് നിയമപദേശം ലഭിച്ചിരുന്നു. മലപ്പുറം ചുങ്കത്തറയില്‍ നടത്തിയ വിവാദ പ്രസംഗത്തിലാണ് പൊലീസ് നിയമോപദേശം തേടിയത്. വെള്ളാപ്പള്ളി നടേശന്‍ ഏതു വിഭാഗത്തെയാണ് ആക്ഷേപിച്ചതെന്ന് പ്രസംഗത്തില്‍ വ്യക്തതയില്ലെന്നതാണ് കേസെടുക്കാന്‍ സാധിക്കില്ലെന്നതിന് കാരണമായി ലഭിച്ച നിയമോപദേശം. വെള്ളാപ്പള്ളിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് മലപ്പുറം ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളില്‍ പലയിടത്തായി പരാതികള്‍ ലഭിച്ചിരുന്നു. 8 പരാതികള്‍ ലഭിച്ച എടക്കര പൊലീസിലാണ് നിയമോപദേശം തേടിയത്.

Tags:    

Similar News