നികുതി കുറക്കുന്നതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കിട്ടണം; വേണ്ടത്ര പഠനമില്ലാതെ ഇല്ലാതെയുള്ള ജിഎസ്ടി പരിഷ്‌ക്കരണം സംസ്ഥാനങ്ങള്‍ക്ക് വരുമാന നഷ്ടമുണ്ടാക്കും; കേരളത്തിന് മാത്രം 8000 കോടിയുടെ നഷ്ടമുണ്ടാകും; ഈ നഷ്ടം കേന്ദ്രസര്‍ക്കാര്‍ നികത്തണമെന്ന് കെ എന്‍ ബാലഗോപാല്‍
നികുതി കുറക്കുന്നതിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കിട്ടണം
തിരുവനന്തപുരം: ജി.എസ്.ടി നികുതി പരിഷ്‌കരണത്തിലൂടെ ഉണ്ടാവുന്ന നികുതി കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് കിട്ടണമെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍. നികുതി കുറവിന്റെ ആനുകൂല്യം വന്‍കിടക്കാര്‍ പലപ്പോഴും പൊതുജനങ്ങള്‍ക്ക് കൈമാറാത്ത സാഹചര്യമുണ്ട്. ആദ്യം സാധനങ്ങളുടെ വിലയൊക്കെ കുറിച്ച് വിറ്റ് പിന്നീട് പേരൊക്കെ മാറ്റി വില കൂട്ടി വില്‍ക്കുന്ന പ്രവണതയുണ്ട്. അത് ഇത്തവണ ഉണ്ടാവാന്‍ പാടില്ലെന്നും അദ്ദേഹം നികുതി പരിഷ്‌ക്കരണത്തെ കുറിച്ച് പ്രതികരിച്ചു.
ജി.എസ്.ടി പരിഷ്‌കരണത്തിലൂടെ രണ്ട് ലക്ഷം കോടിയുടെ വരുമാന നഷ്ടം വിവിധ സര്‍ക്കാറുകള്‍ക്ക് ഉണ്ടാവുമെന്നാണ് കണക്കാക്കുന്നത്. കേരളത്തിന് മാത്രം 8000 കോടിയുടെ നഷ്ടമുണ്ടാകും. ഈ നഷ്ടം കേന്ദ്രസര്‍ക്കാര്‍ നികത്തണം. അല്ലെങ്കില്‍ സാമൂഹിക ക്ഷേമ പദ്ധതികളും ജീവനക്കാരുടെ ശമ്പളവും പെന്‍ഷനേയും വരെ അത് ബാധിക്കുമെന്നും കെ.എന്‍ ബാലഗോപാല്‍ മുന്നറിയിപ്പ് നല്‍കി.
സംസ്ഥാനങ്ങള്‍ക്ക് വേറെ വരുമാനം ഉണ്ടാക്കാന്‍ മാര്‍ഗം ഇല്ല. എല്ലാ സംസ്ഥാനങ്ങളുടേയും ആകെ വരുമാനത്തിന്റെ 41 ശതമാനവും ജിഎസ്ടിയില്‍ നിന്നാണ്. അത് നഷ്ടപ്പെട്ട് കഴിഞ്ഞാല്‍ വലിയ പ്രശ്‌നം ആണ്. ഈ നഷ്ടം നികത്താന്‍ എന്ത് ചെയ്യും എന്നതില്‍ വ്യക്തതയില്ല. ജനങ്ങള്‍ക്ക് ശമ്പളം ലഭിച്ചാല്‍ അല്ലേ കുറഞ്ഞ വിലയ്ക്ക് സാധനം വാങ്ങാന്‍ സാധിക്കൂ എന്നാണ് മന്ത്രി പറയുന്നത്.
മുമ്പ് ജി.എസ്.ടി ആനുകൂല്യങ്ങള്‍ ജനങ്ങള്‍ക്ക് കിട്ടുന്നുണ്ടോയെന്ന പരിശോധിക്കാന്‍ ആന്റി പ്രൊഫിറ്ററിങ് കമിറ്റിയുണ്ടായിരുന്നു. ഈ സംവിധാനം പരാജയപ്പെട്ടതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ അത് പിരിച്ചുവിട്ടത്. വേണ്ടത്ര ചര്‍ച്ചകള്‍ നടത്താതെയാണ് സര്‍ക്കാര്‍ പരിഷ്‌കരണം നടപ്പിലാക്കിയത്. എന്നാല്‍, ജനങ്ങള്‍ക്ക് ഗുണം കിട്ടുന്ന കാര്യമായതിനാല്‍ കേരളം ഉള്‍പ്പടെ ഒരു സംസ്ഥാനവും അതിനെ എതിര്‍ത്തില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം നിത്യോപയോഗ സാധനങ്ങള്‍മുതല്‍ ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങളും വാഹനങ്ങളും വരെയുള്ളവയുടെ വില കുറയുന്ന ജി.എസ്.ടി ഇളവ് ഇന്നുമുതലാണ് പ്രാബല്യത്തില്‍ വരുന്നത്. രാജ്യത്തിന്റെ നികുതി ചരിത്രത്തിലെ വന്‍ പരിഷ്‌കാരത്തിനാണ് നവരാത്രി തുടക്കത്തില്‍ ആരംഭം കുറിക്കുന്നത്. നിലവിലുണ്ടായിരുന്ന 28, 12 ശതമാനം ജി.എസ്.ടി സ്ലാബുകള്‍ ഒഴിവാക്കിയതോടെ അഞ്ച്, 18 എന്നിങ്ങനെ രണ്ട് നികുതി സ്ലാബുകളാണ് ഇനിയുണ്ടാവുക. ഇതുവഴി 375ഓളം ഉല്‍പന്നങ്ങള്‍ക്ക് വില കുറയും.
12 ശതമാനം നികുതി നിരക്കിലുണ്ടായിരുന്ന 99 ശതമാനം ഉല്‍പന്നങ്ങളും അഞ്ച് ശതമാനത്തിലേക്കും 28 ശതമാനത്തിലുണ്ടായിരുന്ന 90 ശതമാനം ഉല്‍പന്നങ്ങളും 18 ശതമാനത്തിലേക്കും മാറും. നെയ്യ്, പനീര്‍, ബട്ടര്‍, കെച്ചപ്പ്, ജാം, ഉണങ്ങിയ പഴങ്ങള്‍, കാപ്പി, ഐസ് ക്രീം, ടി.വി, എ.സി, വാഷിങ് മെഷീന്‍ തുടങ്ങിയവക്കെല്ലാം വില കുറയും. ജി.എസ്.ടി ഇളവിനനുസരിച്ച് വില കുറക്കുന്നതായി നിരവധി കമ്പനികള്‍ ഇതിനകം പ്രഖ്യാപിച്ചിട്ടുണ്ട്. മിക്ക മരുന്നുകളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും വില അഞ്ച് ശതമാനമായി കുറയുന്നതോടെ സാധാരണക്കാരുടെ ചികിത്സാഭാരം കുറയും.