സര്‍ക്കാരിന്റെ വരുമാന വര്‍ധനയ്ക്കായി പുതിയ ഫീസുകള്‍ ചുമത്തേണ്ടി വരുമെന്നു നവകേരള വികസന രേഖ; പിണറായിയുടെ നിര്‍ദ്ദേശം ചര്‍ച്ചയാകുമ്പോള്‍ തദ്ദശ സേവനങ്ങള്‍ക്ക് ഇനി ചെലവ് കൂടും; കെ സ്മാര്‍ട്ടിലൂടെ അഞ്ചും പത്തും എല്ലാ സേവനങ്ങള്‍ക്കും വാങ്ങും; കേരളം മാറുമ്പോള്‍
തിരുവനന്തപുരം: നഗരസഭ, പഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ നിന്നു നല്‍കുന്ന ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റുകള്‍ക്കും ലൈസന്‍സുകള്‍ക്കും കെട്ടിടപെര്‍മിറ്റുകള്‍ക്കും നിലവിലുള്ള ഫീസിനു പുറമേ അധിക ഫീസ് വരും. ഡിജിറ്റല്‍ കോസ്റ്റ് എന്ന പേരില്‍ അധികഫീസ് ഏര്‍പ്പെടുത്താാണ് സര്‍ക്കാര്‍ അനുമതി നല്‍കിയത്. നിലവില്‍ ഫീസ് ഇല്ലാത്തവയ്ക്കും അധികഫീസ് ബാധകമായിരിക്കും. ഏപ്രില്‍ മുതല്‍ നടപ്പാകും. ബജറ്റില്‍ ഈ നിര്‍ദ്ദേശം ഉണ്ടായിരുന്നില്ല. പ്രവര്‍ത്തന ചെലവ് കൂടിയ സാഹചര്യത്തിലാണ് അധിക ഫീസ്. ഫലത്തില്‍ എല്ലാ സേവനങ്ങളും ചെലവ് കൂടും.
സര്‍ക്കാരിന്റെ വരുമാന വര്‍ധനയ്ക്കായി പുതിയ ഫീസുകള്‍ ചുമത്തേണ്ടിവരുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ സിപിഎം സമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖയില്‍ വിശദീകരിക്കുന്നു. ഈ സാഹചര്യത്തിലാണ് പുതിയ നീക്കം. കെ സ്മാര്‍ട് ആപ്ലിക്കേഷനിലൂടെ സേവനങ്ങള്‍ നല്‍കുമ്പോള്‍ത്തന്നെ ഫീസ് ഈടാക്കും. കെ സ്മാര്‍ട്ടിന്റെ സാങ്കേതിക ചുമതല വഹിക്കുന്ന ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ (ഐകെഎം) പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് ഇത്. ഈ സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തിന് ഫണ്ട് തികയുന്നില്ല. സാമ്പത്തിക പ്രതിസന്ധി രൂക്ഷം. ഈ സാഹചര്യത്തിലാണ് പുതിയ ഫീസ്. ഐകെഎം എക്‌സിക്യൂട്ടീവ് ഡയറക്ടറും തദ്ദേശ പ്രിന്‍സിപ്പല്‍ ഡയറക്ടറും ഇതു സംബന്ധിച്ച് ശുപാര്‍ശ നല്‍കിയിരുന്നു. നിലവില്‍ ബജറ്റ് വിഹിതവും തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവുമാണ് ഐകെഎമ്മിന്റെ ഫണ്ട്. വിവരാവകാശം, ബിപിഎല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയ്ക്ക് അധിക ഫീസ് ഇല്ല.
6 കോര്‍പറേഷനുകളിലും 87 നഗരസഭകളിലുമാണ് നിലവില്‍ കെ സ്മാര്‍ട്ടിന്റെ സേവനം. ഏപ്രില്‍ മുതല്‍ ത്രിതല പഞ്ചായത്തുകളിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ചില പഞ്ചായത്തുകളില്‍ പൈലറ്റ് പദ്ധതി ആരംഭിച്ചിട്ടുണ്ട്.
അധിക ഫീസ് ഇങ്ങനെ
ജനന മരണ സര്‍ട്ടിഫിക്കറ്റുകള്‍: 5 രൂപ
വിവാഹം, റസിഡന്‍ഷ്യല്‍ (തിരഞ്ഞെടുപ്പ് ആവശ്യങ്ങള്‍ക്ക് ഒഴികെയുള്ള) സര്‍ട്ടിഫിക്കറ്റുകള്‍: 10 രൂപ
ബില്‍ഡിങ് ഏജ്, നികുതി ഒഴിവാക്കല്‍, നികുതി ബാധ്യത ഇല്ല, ബില്‍ഡിങ് യൂസേജ്, ഫ്‌ലോര്‍ ആന്‍ഡ് റൂഫ്, ഉടമസ്ഥത സര്‍ട്ടിഫിക്കറ്റുകള്‍: 10 രൂപ
ലൈസന്‍സിന് അപേക്ഷിക്കാനും പുതുക്കാനും: 10 രൂപ
കെട്ടിട പെര്‍മിറ്റ് സേവനങ്ങള്‍: 10 രൂപ
വസ്തുനികുതിയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ (നികുതി അടയ്ക്കുന്നതിനു വേണ്ട): 10 രൂപ
മറ്റു പൗരസേവനങ്ങള്‍: 5 രൂപ
ബജറ്റ് വിഹിതം അപര്യാപ്തമായതിനാല്‍ ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ പ്രവര്‍ത്തനങ്ങള്‍ നിലയ്ക്കുന്ന സാഹചര്യമാണെന്ന് ഉത്തരവില്‍ പറയുന്നു. സര്‍ട്ടിഫിക്കറ്റുകള്‍ക്കായി ഈടാക്കുന്ന ഫീസില്‍ ഒരു ഭാഗം ഇന്‍ഫര്‍മേഷന്‍ കേരള മിഷന് ലഭ്യമാക്കും. തദ്ദേശ വകുപ്പ് സ്‌പെഷല്‍ സെക്രട്ടറി ടി.വി അനുപമയുടെതാണ് ഉത്തരവ്. ഏപ്രില്‍ ഒന്ന് മുതല്‍ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കെ-സ്മാര്‍ട്ട് പദ്ധതി നടപ്പാക്കുന്നുണ്ട്.
ഇതിന്റെ മുമ്പായിട്ടാണ് പുതിയ ഉത്തരവ് പുറത്തിറക്കിയത്. നേരത്തെ വിവിധ സര്‍ട്ടിഫിക്കറ്റുകള്‍ സൗജന്യമായിട്ടാണ് ലഭിച്ചുകൊണ്ടിരുന്നത്. ഇനി മുതല്‍ ഇതിന് ഫീസ് ഈടാക്കും.