സ്‌കാനിങ്ങില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ല; ക്ലിനിക്കലി സംശയങ്ങള്‍ ഉണ്ടായിരുന്നു; ഫ്ളൂയിഡ് ലെവല്‍ കൂടിക്കൂടി വരുന്നത് കണ്ട് ഉടന്‍ തന്നെ അഡ്മിഷന്‍ ആക്കിയെന്ന് ഡോ ഷേര്‍ളി; രണ്ടു മാസം നോക്കിയ ഡോ പുഷ്പയും പ്രതിയായി; ലാബുകള്‍ക്ക് ഒരു പ്രതിസന്ധിയുമില്ല; അനീഷിനും സുറുമിയ്ക്കും പ്രതിസന്ധിയാത് എന്ത്?

Update: 2024-11-28 07:47 GMT

ആലപ്പുഴ: ഒട്ടേറെ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തില്‍ പ്രതികരണവുമായി ആലപ്പുഴ കടപ്പുറം ആശുപത്രിയിലെ ഡോക്ടര്‍മാര്‍. രണ്ടു ഡോക്ടര്‍മാരെ പ്രതിയാക്കിയാണ് പോലീസ് എഫ് ഐ ആര്‍. കുഞ്ഞിന്റെ അമ്മ സുറുമിയെ ചികിത്സിച്ച ഗൈനക്കോളജിസ്റ്റ് ഡോ. ഷേര്‍ളി ആരോപണം നിഷേധിക്കുകയാണ്. ചികിത്സയുടെ ഭാഗമായി ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്നും 32-ാമത്തെ ആഴ്ചവരെ അസ്വാഭാവികമായി ഒന്നും ശ്രദ്ധയില്‍ പെട്ടില്ലെന്നും ഡോ. ഷേര്‍ളി പറഞ്ഞു. ആലപ്പുഴ കടപ്പുറം ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റുമാരായ ഡോ. ഷേര്‍ളി, ഡോ പുഷ്പ എന്നിവര്‍ക്കെതിരെയും സ്‌കാനിങ് സെന്ററിലെ രണ്ട് സ്വകാര്യ ഡോക്ടര്‍മാര്‍ക്കെതിരെയുമാണ് കേസെടുത്തിട്ടുള്ളത്.

'ഗര്‍ഭകാലത്തിന്റെ എട്ടാമത്തെ ആഴ്ചമുതല്‍ എന്നെയാണ് കാണിച്ചുകൊണ്ടിരുന്നത്. ചികിത്സയുടെ ഭാഗമായി ചെയ്യേണ്ടതായിട്ടുള്ള രക്തപരിശോധനകളും സ്‌കാനിങ്ങുകളും ചെയ്തിട്ടുണ്ടായിരുന്നു. ഇതിലൊന്നും അസ്വാഭാവികതകള്‍ പരാമര്‍ശിച്ചിട്ടില്ലായിരുന്നു. ഫ്ളൂയിഡ് കൂടിയപ്പോള്‍ അടിയന്തര ചികിത്സകള്‍ ലഭ്യമാക്കുകയാണ് ചെയ്തത്. സ്‌കാനിങ്ങില്‍ ഒന്നും കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കിലും ക്ലിനിക്കലി എനിക്ക് സംശയങ്ങള്‍ ഉണ്ടായിരുന്നു. ഫ്ളൂയിഡ് ലെവല്‍ കൂടിക്കൂടി വരുന്നത് കണ്ട് ഞാന്‍ ഉടന്‍ തന്നെ അഡ്മിഷന്‍ ആക്കുകയായിരുന്നു. പെട്ടെന്ന് കുഞ്ഞിന് ഹാര്‍ട്ബീറ്റിന്റ അളവ് കുറയുന്നത് കണ്ടപ്പോള്‍ ഇവിടെ സിസേറിയന്‍ ചെയ്യാന്‍ പറ്റാത്ത സാഹചര്യമായതുകൊണ്ട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു.'-ഡോ ഷെര്‍ളി പറയുന്നു

ഈ ആശുപത്രിയില്‍ റേഡിയോളജിസ്റ്റ് ഇല്ല. പുറത്തെ സ്വകാര്യ സ്‌കാനിങ് സെന്ററിലേക്കാണ് റഫര്‍ ചെയ്തത്. പുറത്തുനിന്നു പരിശോധിച്ചാല്‍ കുഞ്ഞിന്റെ വൈകല്യങ്ങള്‍ കണ്ടെത്താന്‍ കഴിയില്ല. സ്‌കാനിങ്ങിലൂടെ മാത്രമേ കിട്ടുകയുള്ളൂ. സ്‌കാനിങ്ങില്‍ അത്തരത്തിലുള്ള പ്രശ്നങ്ങള്‍ കണ്ടില്ല. ആകെ കണ്ടത് 32-ാമത്തെ ആഴ്ചയില്‍ ഫ്ളൂയിഡിന്റെ അളവ് കൂടിയത് മാത്രമാണ്. 32 ആഴ്ചവരെ എല്ലാം നോര്‍മല്‍ ആയിരുന്നു. ഗൈനക്കോളജിസ്റ്റ് എന്ന നിലയില്‍ ചെയ്യേണ്ടതെല്ലാം ചെയ്തിട്ടുണ്ട്.''- ഡോ. ഷേര്‍ളി പ്രതികരിച്ചു. ഡോ പുഷ്പയും സ്‌കാനിംഗ് റിപ്പോര്‍ട്ടിനെയാണ് കുറ്റപ്പെടുത്തുന്നത്. ദമ്പതികള്‍ തന്നെ കണ്ടത് ആദ്യത്തെ രണ്ട് മാസത്തിലാണെന്നും ആ സമയത്ത് ശിശുവിന്റെ വൈകല്യം കണ്ടെത്താന്‍ കഴിയില്ലെന്നും ഡോക്ടര്‍ പറഞ്ഞു. തനിക്കെതിരായ ആരോപണം അടിസ്ഥാന രഹിതമാണെന്നും ഡോ. പുഷ്പ പറഞ്ഞു.

ഗുരുതര വൈകല്യങ്ങളാണ് നവജാത ശിശുവിന് ഉള്ളത്. കുഞ്ഞിന്റെ ചെവിയും കണ്ണും ഉള്ളത് യഥാസ്ഥാനത്തല്ല. വായ തുറക്കുന്നില്ല. മലര്‍ത്തി കിടത്തിയാല്‍ കുഞ്ഞിന്റെ നാവ് ഉള്ളിലേക്ക് പോകും. കാലിനും കൈക്കും വളവുമുണ്ട്. ഗര്‍ഭകാലത്ത് പലതവണ നടത്തിയെങ്കിലും സ്‌കാനിംഗില്‍ ഡോക്ടര്‍മാര്‍ വൈകല്യം തിരിച്ചറിഞ്ഞില്ലെന്നാണ് കുട്ടിയുടെ അമ്മയുടെ പരാതി. സംഭവത്തില്‍ നാല് ഡോക്ടര്‍മാര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഗൈനക്കോളജിസ്റ്റ്മാരായ ഡോ ഷേര്‍ലി, പുഷ്പ എന്നിവര്‍ക്കും സ്വകാര്യ ലാബിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും എതിരെയാണ് ദമ്പതികള്‍ പരാതി നല്‍കിയിരിക്കുന്നത്. ആലപ്പുഴ അമ്മയും കുഞ്ഞും ആശുപത്രിക്കെതിരെയും സ്‌കാന്‍ ചെയ്ത മിഡാസ്, ശങ്കേഴ്സ് എന്നീ ലാബുകള്‍ക്കെതിരെയുമാണ് കേസ്.

അനീഷ്, സുറുമി ദമ്പതികളുടെ കുഞ്ഞാണ് അസാധരണ വൈകല്യങ്ങളുമായി ജനിച്ചത്. കുഞ്ഞിന്റെ മുഖത്തിന് അസാധാരണ രൂപം, തുറക്കാന്‍ കഴിയാത്ത വായ, സ്ഥാനം തെറ്റിയ, തുറക്കാത്ത കണ്ണ്, ഹൃദയത്തിന് ദ്വാരം തുടങ്ങിയ വൈകല്യങ്ങളോടെ ജനിച്ച ശിശുവിന് ജനനേന്ദ്രിയം ഉണ്ടെങ്കിലും സാരമായ വൈകല്യമാണുള്ളതെന്നാണ് ദമ്പതികള്‍ വ്യക്തമാക്കുന്നത്. വൈകല്യങ്ങള്‍ ഗര്‍ഭകാലത്തെ സ്‌കാനിംഗില്‍ ഡോക്ടര്‍മാര്‍ അറിയിച്ചില്ലെന്നാണ് ദമ്പതികളുടെ പരാതി. ഏഴ് തവണ സ്‌കാന്‍ ചെയ്തിട്ടും വൈകല്യം ഉണ്ടെന്ന് ഡോക്ടര്‍ പറഞ്ഞില്ലെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സ്വകാര്യ ലാബില്‍ പരിശോധിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ഇല്ലായിരുന്നുവെന്നാണ് ദമ്പതികള്‍ പറയുന്നത്. ആലപ്പുഴ സൗത്ത് പൊലീസ് കേസ് എടുത്തത് അന്വേഷണം ആരംഭിച്ചു.

സ്വകാര്യ ലാബില്‍ പരിശോധന നടത്തിയത് ഡോക്ടര്‍ ഇല്ലാതെയെന്ന് പൊലീസ് കണ്ടെത്തിയത്. രഹസ്യ അന്വേഷണ വിഭാഗത്തിന്റെ അന്വേഷണത്തിലാണ് ഡോക്ടര്‍ ഉണ്ടായിരുന്നില്ലെന്ന് കണ്ടെത്തിയത്. റിപ്പോര്‍ട്ടില്‍ ഡോക്ടറുടെ ഒപ്പും സീലും നല്‍കിയിട്ടുണ്ടെന്നും കണ്ടെത്തി. പതിനൊന്നും അഞ്ചും വയസ്സുള്ള രണ്ടു പെണ്‍മക്കളുള്ള ദമ്പതികളുടെ മൂന്നാമത്തെ കുട്ടിക്കാണ് അസാധരണ വൈകല്യം.

Tags:    

Similar News