പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലം പോലും ഇനി പോലീസിന് കിട്ടിയില്ല? വ്യാജ സ്‌ക്രീന്‍ ഷോട്ടില്‍ കേസ് എടുത്ത് എട്ട് മാസമായിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അട്ടിമറിയോ? കോടതിയുടെ അന്ത്യശാസനം നിര്‍ണ്ണായകമാകും

Update: 2024-11-23 02:19 GMT

വടകര: കാഫിര്‍ സ്‌ക്രീന്‍ഷോട്ട് ആരാണ് പ്രചരിപ്പിച്ചതെന്ന് എല്ലാവര്‍ക്കും അറിയാം. സിപിഎം സോഷ്യല്‍ മീഡിയാ അനുകൂലികളിലൂടെയാണ് അത് ആദ്യം പുറത്തു വന്നത്. എന്നാല്‍ പ്രചരിപ്പിച്ചവര്‍ എല്ലാം കേസില്‍ സാക്ഷികളാക്കേണ്ട സാഹചര്യം. അതുകൊണ്ട് തന്നെ പോലീസിന് അന്വേഷണം മുമ്പോട്ട് കൊണ്ടു പോകാനും കഴിയുന്നില്ല. എവിടെയാണ് അതുണ്ടാക്കിയതെന്നും ഏവര്‍ക്കും അറിയാം. പക്ഷേ ഇടതു ഭരണ കാലത്ത് പോലീസിന് ആ മേഖലയിലേക്ക് പരിശോധന അസാധ്യമാണ്.

അതിനിടെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പോലീസിന് സമയം നീട്ടി നല്‍കി വടകര ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി. നവംബര്‍ 25ന് റിപ്പോര്‍ട്ട് ഹാജരാക്കുമെന്ന് പോലീസ് കോടതിയെ അറിയിച്ചു. അതിന് അപ്പുറത്തേക്കൊരു സമയം പോലീസിനുണ്ടാകില്ല. കടുത്ത നിലപാടാണ് ഈ കേസില്‍ ജ്യുഡീഷ്യല്‍ മടിസ്‌ട്രേറ്റ് കോടതി എടുത്തിട്ടുള്ളത്.

അന്വേഷണ പുരോഗതിയുടെ റിപ്പോര്‍ട്ടും പിടിച്ചെടുത്ത ഫോണുകളുടെ ഫോറന്‍സിക് പരിശോധനാ ഫലവും ഹാജരാക്കാന്‍ നവംബര്‍ 9ന് കേസ് പരിഗണിച്ചപ്പോള്‍ കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കിയില്ല. റിപ്പോര്‍ട്ടും പരിശോധനാ ഫലവും സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം പോലീസ് ആവശ്യപ്പെട്ടെങ്കിലും ഇന്ന് 2.30ന് കോടതി ചേരുമ്പോള്‍ തന്നെ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കണമെന്നാണ് കോടതി പോലീസിന് നിര്‍ദേശം നല്‍കിയിരിക്കുന്നു.

കോടതി വീണ്ടും ചേര്‍ന്നപ്പോഴും പോലീസ് സമയം നീട്ടി ചോദിച്ചതോടെയാണ് 25ന് റിപ്പോര്‍ട്ടും ഫോറന്‍സിക് പരിശോധനാ ഫലവും സമര്‍പ്പിക്കണമെന്ന് കോടതി ഉത്തരവിട്ടത്. കേസില്‍ 29ന് വാദം കേള്‍ക്കുമെന്നും കോടതി അറിയിച്ചു. വ്യാജ സ്‌ക്രീന്‍ ഷോട്ടില്‍ കേസ് എടുത്ത് എട്ട് മാസമായിട്ടും അന്വേഷണത്തില്‍ പുരോഗതിയില്ലെന്നും അന്വേഷണത്തില്‍ കോടതി മേല്‍നോട്ടം വേണമെന്നും ആവശ്യപ്പെട്ടാണ് പരാതിക്കാരനായ എം.എസ്.എഫ് നേതാവ് മുഹമ്മദ് കാസിം വടകര മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. പോലീസിന്റെ വാദവും കൂടെ കേട്ടശേഷം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാമെന്നായിരുന്നു കോടതി പറഞ്ഞിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ രണ്ടാഴ്ച മുന്‍പ് തന്നെ ഈ റിപ്പോര്‍ട്ടുകള്‍ ഹാജരാക്കാന്‍ പോലീസിനോട് ആവശ്യപ്പെടുകയായിരുന്നു.

കാഫിര്‍ കേസിന്റെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ടും ഫൊറന്‍സിക് പരിശോധന ഫലവും കോടതിയില്‍ ഇന്നലെ സമര്‍പ്പിക്കണമെന്നായിരുന്നു നിര്‍ദേശം. രാവിലെ കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണം റിപ്പോര്‍ട്ട് ഇന്നലെ തന്നെ ഹാജരാക്കണമെന്ന് കോടതി അന്ത്യശാസനം നല്‍കി. എന്നാല്‍ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ പരിമിതമായ സമയം മാത്രമാണ് ലഭിച്ചതെന്ന് ഉച്ചയ്ക്കുശേഷം വടകര പൊലീസ് കോടതിയെ അറിയിച്ചു. ഈ വാദം അംഗീകരിച്ചാണ് തിങ്കളാഴ്ച വരെ വടകര ഒന്നാം ക്ലാസ് ജ്യുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി സമയം അനുവദിച്ചത്. അതിനിടെ അന്വേഷണം കാര്യക്ഷമല്ലെന്നു യൂത്ത് ലീഗ് നേതാവ് മുഹമ്മദ് കാസിം കോടതിയെ അറിയിച്ചു. എട്ടുമാസം പിന്നിട്ടിട്ടും കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാനും പൊലീസിന് ആയിട്ടില്ല.

തെരഞ്ഞെടുപ്പില്‍ വിജയിക്കാനും മതവികാരം ഉണര്‍ത്താനും കോണ്‍ഗ്രസ് സൃഷ്ടിച്ചതാണ് കാഫിര്‍ സ്‌ക്രീന്‍ഷോട്ട് എന്നാണ് സി പി എം ആരോപണം. എന്നാല്‍ ഇത് സി പി എം പ്രവര്‍ത്തകര്‍ വ്യാജമായി ഉണ്ടാക്കി പ്രചരിപ്പിച്ചെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചത്.

Tags:    

Similar News