ആദ്യകാഴ്ചയില്‍ ഭയങ്കര ജാഡയെന്ന് നവാസ് ചൂടായി; എല്ലാവരും ആദ്യം പൂവ് കൊടുക്കുമ്പോള്‍ നവാസില്‍ നിന്ന് രഹനയ്ക്ക് കിട്ടിയത് ചീത്ത; വഴക്കിട്ടാണ് പരിചയപ്പെട്ടതെങ്കിലും നവാസിന്റെ മനസ്സിലേക്ക് പിന്നീട് ഓടിയെത്തിയത് രഹനയുടെ മുഖം; സൗഹൃദവും പ്രണയവും ചാലിച്ച ആ ജീവിതം സഫലമായത് കലയുടെ കൈപിടിച്ച്
ആ ജീവിതം സഫലമായത് കലയുടെ കൈപിടിച്ച്
കൊച്ചി: സിനിമാ കുടുംബമായിരുന്നു കലാഭവന്‍ നവാസിന്റേത്. പിതാവും, ഭാര്യയും, സഹോദരനും, സിനിമാ താരങ്ങളാണ്. മലയാളത്തില്‍ ശ്രദ്ധേയമായ ഏറെ കഥാപാത്രങ്ങള്‍ അവതരിപ്പിച്ച നടന്‍ അബൂബക്കറിന്റെ മകനാണ് നവാസ്. ഒരു കാലത്ത് മലയാളിപ്രേക്ഷകരുടെ സ്വീകരണമുറിയില്‍ ചിരി നിറയ്ക്കുന്ന സാന്നിധ്യമാണ് കലാഭവന്‍ നവാസ്. മിമിക്രിയിലൂടെയാണ് അദ്ദേഹം മിനിസ്‌ക്രീനിലേക്കും സിനിമയിലേക്കുമെത്തുന്നത്.
തൃശൂര്‍ വടക്കാഞ്ചേരിയിലാണ് ജനനം. അദ്ദേഹത്തിന്റെ ബാല്യവും കഷ്ടപ്പാടുകള്‍ നിറഞ്ഞതായിരുന്നു. നവാസിന്റെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലില്‍ മലയാള സിനിമാ ലോകം. കോട്ടയം നസീര്‍, അബി തുടങ്ങിയ പ്രഗത്ഭരോടൊപ്പം നിരവധി വേദികളില്‍ നിറസാന്നിധ്യമായിരുന്നു നവാസും. കേരളത്തിലും വിദേശത്തുമായി നിരവധി വേദികളില്‍ മലയാളികളെ ചിരിപ്പിച്ചു. കലാഭവന് ശേഷം കൊച്ചിന്‍ ആര്‍ട്സിന്റെ ബാനറില്‍ സഹോദരന്‍ നിയാസ് ബക്കറുമായി നിരവധി മിമിക്രി ഷോകള്‍ ചെയ്തു. മിമിക്രി വേദിയില്‍ നിന്ന് സിനിമയിലേക്കായിരുന്നു നവാസിന്റെ കലാജീവിതം. ഏകദേശം അഞ്ഞൂറിലേറെ വേദികളില്‍ കലാപരിപാടി അവതരിപ്പിച്ചു.
കലാരംഗത്ത് സജീവമായി നില്‍ക്കുമ്പോഴായിരുന്നു നവാസിന്റെ രഹനയുമായുള്ള വിവാഹ വും. പ്രണയവിവാഹമായിരുന്നു ഇരുവരുടേതും. 2002 ലായിരുവന്നു അതിലേക്ക് എത്തിയതിനെക്കുറിച്ച് രഹ്ന ഒരിക്കല്‍ വെളിപ്പെടുത്തിയത് ഇങ്ങനെ:
'നാട്ടില്‍ വച്ചുള്ള ഒരു സ്റ്റേജ് പ്രോഗ്രാമില്‍ വെച്ചാണ് രണ്ടാളും ആദ്യമായി കണ്ടുമുട്ടുന്നത്. അന്ന് താന്‍ പ്രതീക്ഷിച്ചതിനെക്കാളും വ്യത്യസ്തമായ സ്വഭാവമായിരുന്നു. അന്നത്തെ പരിപാടിയുടെ സംവിധായകന്‍ നവാസിക്കയാണ്. ആദ്യമേ രംഗപൂജ പോലൊരു ഡാന്‍സ് എന്റേതായിരുന്നു. അതുകഴിഞ്ഞൊരു പാട്ട്, ശേഷം സ്‌കിറ്റ്. അന്നുവരെ ഞാന്‍ സ്‌കിറ്റിലൊന്നും അഭിനയിച്ചിട്ടില്ലെന്നാണ്' രഹ്ന പറയുന്നത്.
പാട്ട് കഴിഞ്ഞ ഉടന്‍ സ്‌കിറ്റ് വേദിയില്‍ കയറണം. എന്നാല്‍ തന്റെ ഡാന്‍സിന്റെ കോസ്റ്റിയൂം ഓരോന്നായി അഴിക്കാന്‍ സമയം വേണ്ടി വന്നു. ഒന്‍പത് ഡാന്‍സൊക്കെ അടുപ്പിച്ച് ചെയ്യുന്ന ആളാണ് ഞാന്‍. ഇതൊക്കെ നേരത്തെ പറഞ്ഞിട്ടുണ്ട്. അങ്ങനൊണ് ചാര്‍ട്ട് ചെയ്യുന്നത്. പക്ഷേ ഡാന്‍സിന്റെ വസ്ത്രം ഊരാന്‍ നോക്കിയപ്പോള്‍ കുടുങ്ങി പോയി. അന്നവിടെ കല്‍പ്പന ചേച്ചിയുണ്ട്. ചേച്ചി ഗര്‍ഭിണിയാണ്, നിറവയറുമായി നില്‍ക്കുകയാണെങ്കിലും എന്നെ സഹായിക്കാന്‍ വന്നു.
എന്റെ അവസ്ഥ കണ്ട് പുള്ളിക്കാരി എവിടുന്നോ ബ്ലെയിഡ് കൊണ്ട് വന്ന് കീറി തന്നു. അപ്പോഴെക്കും സ്‌കിറ്റ് സ്റ്റേജില്‍ കയറി. നായകനും നായികയും മാത്രമുള്ള സ്‌കിറ്റാണ്. സുധീഷേട്ടന്‍ വേദിയില്‍ കയറിയെങ്കിലും നായികയായ ഞാന്‍ മാത്രം വരുന്നില്ല. അതോടെ അവിടെയാകെ പ്രശ്നമായി തുടങ്ങി.
'ഈ നായികയെ എടുക്കണ്ടായിരുന്നു. ഭയങ്കര ജാഡയാണെന്ന്' എന്നെ കുറിച്ച് നവാസിക്ക പറയുന്നത് ഞാന്‍ തന്നെ കേട്ടു. പിന്നെ ഡ്രസ് മാത്രം ഇട്ടിട്ട് ഓടി സ്റ്റേജിലേക്ക് കയറാന്‍ പോവുകയാണ്. ഈ സമയത്ത് നവാസിക്ക ചീത്ത പറയുന്നുണ്ട്. തിരക്കിട്ട് ഓടുന്നത് കൊണ്ട് എന്റെ ചെവി മൊത്തം അടഞ്ഞു. നവാസിക്കയുടെ എക്സ്പ്രഷന്‍ മാത്രമേ ഞാന്‍ കണ്ടുള്ളു. അതായിരുന്നു ഞങ്ങളുടെ ആദ്യ കാഴ്ചയെന്ന് രഹ്ന പറയുന്നു. എല്ലാവരും ആദ്യം പൂവ് കൊടുക്കുമ്പോള്‍ ഞാന്‍ ചീത്തയാണ് പറഞ്ഞതെന്ന് നവാസും സൂചിപ്പിച്ചു.
രഹ്നയുടെ കാര്യം വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ച് നവാസ് പറഞ്ഞത് ഇങ്ങനെ
'അന്ന് അവിടുന്ന് കണ്ട്, രണ്ടാളും പിരിഞ്ഞു. പിന്നീട് രഹ്നയ്ക്കൊപ്പം സിനിമകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. ഇതിനിടെ വീട്ടില്‍ എനിക്ക് വിവാഹാലോചനകള്‍ നടക്കുന്നുണ്ട്. നോക്കിയപ്പോള്‍ ഇരുകുടുംബങ്ങളും കലാകുടുംബമാണ്. അങ്ങനെ വീട്ടില്‍ സംസാരിച്ചു. ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞാണ് വിവാഹം നടക്കുന്നതെന്നും നവാസ് പറയുകയുണ്ടായി.