'കഞ്ചാവ് ചില്ലറ വില്‍പ്പനക്കായി ചെറിയ പൊതികളിലായി റീപാക്കേജ് ചെയ്യുന്ന ഒരു വ്യവസായ സംരംഭം കളമശ്ശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ ആരംഭിച്ചു; കേരളം ഈസ് ഓഫ് ഡൂയിംഗ് നാര്‍ക്കോട്ടിക് ബിസിനസ് സൂചികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു'; എസ്എഫ്‌ഐക്കാര്‍ അറസ്റ്റിലായ കഞ്ചാവ് കേസില്‍ പരിഹാസവുമായി വി ടി ബല്‍റാം
കേരളം ഈസ് ഓഫ് ഡൂയിംഗ് നാര്‍ക്കോട്ടിക് ബിസിനസ് സൂചികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു
തിരുവനന്തപുരം: കളമശ്ശേരി ഗവ.പോളിടെക്നിക് കോളേജ് മെന്‍സ് ഹോസ്റ്റലില്‍നിന്ന് വന്‍ കഞ്ചാവ് ശേഖരം പിടികൂടിയ സംഭവത്തില്‍ എസ്എഫ്‌ഐ നേതാക്കളും ഉള്‍പ്പെട്ടിട്ടുണ്ട്. ഇതോടെ ഈ സംഭവത്തിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമവും ഒരു വശത്ത് നടക്കുന്നുണ്ട്. ഇതിനിടെ പരിഹാസവുമായി കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം രംഗത്തുവന്നു. കേരളം ഈസ് ഓഫ് ഡൂയിംഗ് നാര്‍ക്കോട്ടിക് ബിസിനസ് സൂചികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചു എന്നാണ് ബല്‍റാമിന്റെ പരിഹാസം.
ബല്‍റാമിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:
'ഇതിനിടെ ഹോള്‍സെയിലായി കിലോ കണക്കിന് എത്തുന്ന കഞ്ചാവ് ചില്ലറ വില്‍പ്പനക്കായി ചെറിയ പൊതികളിലായി റീപാക്കേജ് ചെയ്യുന്ന ഒരു വ്യവസായ സംരംഭം കളമശ്ശേരി പോളിടെക്‌നിക്ക് കോളേജ് ഹോസ്റ്റലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ത്രാസ് അടക്കമുള്ള ആധുനിക യന്ത്രങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ കൃത്യമായ അളവിലും തൂക്കത്തിലും ഉല്‍പ്പന്നം ഉപഭോക്താക്കള്‍ക്ക് എത്തിച്ചു നല്‍കാനാവുമെന്നാണ് സംരംഭകര്‍ ഉറപ്പുനല്‍കുന്നത്.
വ്യവസായ വകുപ്പ് മന്ത്രിയുടെ സ്വന്തം മണ്ഡലത്തിലാണ് ഈ നൂതന സംരംഭം പ്രവര്‍ത്തിക്കുന്നത്. ഇതോട് കൂടി സംസ്ഥാനത്തെ മൊത്തം സംരംഭങ്ങളുടെ എണ്ണം മൂന്ന് ലക്ഷത്തി കാക്കത്തൊള്ളായിരത്തി ഒന്ന് ആയി വര്‍ദ്ധിച്ചതായും കേരളം ഈസ് ഓഫ് ഡൂയിംഗ് നാര്‍ക്കോട്ടിക് ബിസിനസ് സൂചികയില്‍ ഒന്നാം സ്ഥാനം ഉറപ്പിച്ചതായും പിആര്‍ വ്യവസായ വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു.'
അതേസമയം കളമശ്ശേരി കോളേജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവത്തില്‍ രണ്ട് പേരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടു. ആലപ്പുഴ സ്വദേശി ആദിത്യന്‍, കൊല്ലം കരുനാഗപ്പള്ളി സ്വദേശി ആര്‍ അഭിരാജ് എന്നിവരെയാണ് ജാമ്യത്തില്‍ വിട്ടത്. എസ് എഫ് ഐ നേതാവും യൂണിയന്‍ ഭാരവാഹി കൂടിയാണ് അഭിരാജ്.
അഭിരാജും ആദിത്യനും ഒരു മുറിയിലാണ് താമസിക്കുന്നത്. ഇവരില്‍ നിന്ന് ഒന്‍പത് ഗ്രാം കഞ്ചാവാണ് പിടികൂടിയത്.തന്റെ മുറിയില്‍ നിന്നല്ല കഞ്ചാവ് പിടിച്ചെടുത്തതെന്നാണ് അഭിരാജ് പറയുന്നത്. ശനിയാഴ്ച എസ് എഫ് ഐ യൂണിയന്‍ സമ്മേളനം നടക്കാനിരിക്കുകയായിരുന്നു. തങ്ങള്‍ അതിന്റെ കൊടിതോരണങ്ങള്‍ കെട്ടുന്ന തിരക്കിലായിരുന്നു. ഇതിനിടയില്‍ ആരോ കഞ്ചാവ് കൊണ്ടുവന്ന് വച്ചതാണെന്ന് കരുതുന്നുവെന്ന് അഭിരാജ് മാദ്ധ്യമങ്ങളോട് പറഞ്ഞു. അറസ്റ്റിലായ കൊല്ലം സ്വദേശി എം ആകാശിന്റെ കയ്യില്‍ നിന്ന് 1.90 കിലോ കഞ്ചാവ് പിടികൂടിയിരുന്നു.
അകാശിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്യും.സാധാരണ പൊലീസ് കോളേജുകളില്‍ ഇത്തരത്തില്‍ പരിശോധന നടത്താറില്ല. എന്നാല്‍ കുറച്ചുനാളുകള്‍ക്ക് മുമ്പ് ഇവിടത്തെ പൂര്‍വ്വ വിദ്യാര്‍ത്ഥിയില്‍ നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഹോസ്റ്റലില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന കാര്യം മനസിലായത്. തുടര്‍ന്ന് പൊലീസ് മിന്നല്‍ പരിശോധന നടത്തുകയായിരുന്നു.
കേസില്‍ രണ്ട് എഫ് ഐ ആറാണ് ഇട്ടിരിക്കുന്നത്. എസ് എഫ് ഐ നേതാവ് അടക്കമുള്ളവരില്‍ നിന്ന് പിടിച്ചെടുത്ത ഒന്‍പത് ഗ്രാമിന്റേത് ഒരു എഫ് ഐ ആറും ആകാശില്‍ നിന്ന് പിടിച്ചെടുത്ത കഞ്ചാവ് മറ്റൊരു എഫ് ഐ ആറുമായിട്ടാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇത് ഒറ്റ എഫ് ഐ ആറായിട്ടാണ് ഇട്ടിരുന്നതെങ്കില്‍ മൂന്നുപേര്‍ക്ക് ജാമ്യം ലഭിക്കില്ലായിരുന്നു. എസ് എഫ് ഐ നേതാവിനെ സംരക്ഷിക്കാനാണ് ഇത്തരമൊരു നീക്കമെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്.
കോളേജില്‍ കഞ്ചാവ് ആവശ്യമുള്ളവരില്‍ നിന്ന് വ്യാപകമായി പണപ്പിരിവ് നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഈ പണം ഉപയോഗിച്ചാണ് കഞ്ചാവ് വാങ്ങിയതെന്നാണ് വിവരം. എല്ലാവരും അവസാന വര്‍ഷ വിദ്യാര്‍ത്ഥികളാണ്. ഇവരെ സസ്‌പെന്‍ഡ് ചെയ്യുന്നതടക്കമുള്ള നടപടികളിലേക്ക് കോളേജ് അധികൃതര്‍ കടന്നേക്കും.