കലൂരില്‍ ഗിന്നസ് ബുക്ക് റെക്കോഡ് സൃഷ്ടിക്കലിന്റെ മറവില്‍ നടന്നത് വന്‍കൊള്ള; നൃത്താദ്ധ്യാപികമാരെ ചാക്കിട്ട് പിടിച്ച് കുട്ടികളില്‍ നിന്ന് വന്‍ രജിസ്‌ട്രേഷന്‍ പിരിവ്; ദിവ്യ ഉണ്ണിയുടെ പേരിലും പിരിവ്; ദിവ്യ ഉണ്ണിയുടെ സുഹൃത്ത് അടക്കം സംഘാടകര്‍ക്ക് എതിരെ വിശ്വാസവഞ്ചനയ്ക്ക് കേസ്; നൃത്താദ്ധ്യാപകരും കുടുങ്ങും

കലൂരില്‍ ഗിന്നസ് ബുക്ക് റെക്കോഡ് സൃഷ്ടിക്കലിന്റെ മറവില്‍ നടന്നത് വന്‍കൊള്ള

Update: 2025-01-01 06:49 GMT

കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ടുള്ള നൃത്തപരിപാടിക്കായി വ്യാപക പണപ്പിരിവ് നടന്നെന്ന് വ്യക്തമായതോടെ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പരിപാടിയില്‍ പങ്കെടുത്ത രക്ഷിതാക്കളുടെ മൊഴിയെടുത്തു. എറണാകുളം അസി.കമ്മീഷണര്‍ ഓഫീസില്‍ വിളിച്ച് വരുത്തിയാണ് മൊഴിയെടുത്തത്.

കുട്ടികളുടെ പരാതിയില്‍ ബാലാവകാശ കമ്മീഷന്‍ ഇന്നലെ കേസെടുത്തിരുന്നു. പരിപാടിയില്‍ രജിസ്‌ട്രേഷനായി വന്‍പിരിവ് നടന്നതായി ആരോപണങ്ങളുണ്ടായിരുന്നു. കുട്ടികളില്‍ നിന്ന് 1400 മുതല്‍ 5000 രൂപ വരെ വാങ്ങിയതായാണ് മൃദംഗനാദം സംഘാടകര്‍ക്ക് എതിരെയുളള ആരോപണം. മൃദംഗവിഷന്‍ ഡയറക്ടര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ പാലാരിവട്ടം പോലീസ് വിശ്വാസ വഞ്ചനക്ക് കേസെടുത്തു. കലൂര്‍ സ്വദേശിയായ ബിജി എന്ന വീട്ടമ്മയുടെ പരാതിയിലാണ് കേസെടുത്തത്.

മൃദംഗവിഷന്‍ ഡയറക്ടര്‍ നിഗോഷ്, ഭാര്യ, സിഇഒ ഷമീര്‍, നടി ദിവ്യ ഉണ്ണിയുടെ സുഹൃത്ത് പൂര്‍ണിമ എന്നിവര്‍ക്ക് എതിരെയാണ് കേസ്. അതേസമയം സാമ്പത്തിക ചൂഷണത്തില്‍ നൃത്താദ്ധ്യാപകരെയും പ്രതിചേര്‍ത്തേക്കും. നൃത്താധ്യാപകര്‍ വഴിയായിരുന്നു പണപ്പിരിവ് നടത്തിയിരുന്നത്. ഇടനിലക്കാര്‍ എന്ന നിലയിലാണ് നൃത്താദ്ധ്യാപകര്‍ക്കെതിരേ നടപടി എടുക്കുക. കൂടുതല്‍ പരാതികള്‍ കിട്ടിയാല്‍ അതിനനുസരിച്ച് കേസെടുത്തേക്കുമെന്നാണ് വിവരം.

മൃദംഗനാദത്തില്‍ കുട്ടികളെ കൊണ്ടുവരാന്‍ ഡാന്‍സ് ടീച്ചര്‍മാര്‍ക്ക് വാഗ്ദാനം നല്‍കിയതായി വ്യക്തമായി. നൂറു കുട്ടികളെ കൊണ്ടുവരുന്ന ഡാന്‍സ് ടീച്ചര്‍മാര്‍ക്ക് സ്വര്‍ണ്ണനാണയം സമ്മാനം നല്‍കുമെന്നായിരുന്നു സംഘാടകരുടെ വാഗ്ദാനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഡാന്‍സ് ടീച്ചര്‍മാരാണ് കുട്ടികളെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തത്. ഇതിനായി ഓരോ കുട്ടിയില്‍ നിന്നും 7000 മുതല്‍ 8000 രൂപ വരെ വാങ്ങുകയും വാട്സ്ആപ്പ് ഗ്രൂപ്പില്‍ പണം നല്‍കിയവരുടെയും നല്‍കാത്ത കുട്ടികളുടെയും പേര് വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ബാക്കി പണം നിര്‍ബന്ധമായി നല്‍കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അയച്ച ശബ്ദ സന്ദേശങ്ങളും പുറത്തുവന്നു. 1600 രൂപയാണ് രണ്ടാം ഗഡുവായി കുട്ടികളില്‍ നിന്ന് ഈടാക്കിയിരുന്നത്. ഇത് നവംബര്‍ രണ്ടാം തീയതിക്കുള്ളില്‍ നിര്‍ബന്ധമായും അടയ്ക്കണമെന്നും ഈ പണം തന്നാല്‍ മാത്രമേ പരിപാടിക്കുള്ള കോസ്റ്റ്യൂം ലഭിക്കുകയുളളൂവെന്നും ശബ്ദ സന്ദേശത്തില്‍ പറഞ്ഞിരുന്നു.

പരിപാടിയുമായി ബന്ധപ്പെട്ട് സാമ്പത്തികമായും അല്ലാതെയും സംഘാടകര്‍ വിശ്വാസവഞ്ചന നടത്തിയെന്നാണ് പരാതി. പരിപാടിക്കായി 2000 രൂപയും പിന്നീട് വസ്ത്രത്തിനായി 1600 രൂപയും വാങ്ങി. കൂടാതെ ഗിന്നസ് റെക്കോഡ് ലക്ഷ്യം വെച്ച് നടത്തിയ പരിപാടിയില്‍ സംഘാടകര്‍ റെക്കോഡ് വേദിയില്‍ ഏറ്റുവാങ്ങിയെങ്കിലും നൃത്തത്തില്‍ പങ്കെടുത്തവര്‍ക്ക് ഗിന്നസ് റെക്കോഡുമായി ബന്ധപ്പെട്ട് സമ്മാനങ്ങളൊന്നും നല്‍കിയില്ലെന്നും പരാതിയില്‍ വ്യക്തമാക്കുന്നു.

100 കുട്ടികളെ രജിസ്റ്റര്‍ ചെയ്യുന്ന ഡാന്‍സ് ടീച്ചര്‍മാരെ ഒറിജിനല്‍ ഗിന്നസ് വേള്‍ഡ് റെക്കോഡ് സര്‍ട്ടിഫിക്കറ്റിനൊപ്പം ടൈറ്റില്‍ അവാര്‍ഡും ഗോള്‍ഡ് കോയിനും നല്‍കി ആദരിക്കും എന്നായിരുന്നു മൃദംഗനാദം ടീമിന്റെ അറിയിപ്പ്. 50 പേരെയും, 25 പേരെയും ചേര്‍ക്കുന്നവര്‍ക്കും സമാന രീതിയില്‍ വാഗ്ദാനമുണ്ടായിരുന്നു.

കുട്ടികളില്‍ നിന്ന് പിരിച്ച രൂപ കൂടാതെ ദിവ്യാ ഉണ്ണിയുടെ പേരിലും പണ പിരിവ് നടത്തിയെന്നാണ് ആരോപണം. പരസ്യത്തിനായും വന്‍ തുക സംഘാടകര്‍ പിരിച്ചുവെന്നും നൃത്ത അധ്യാപകര്‍ പറഞ്ഞിരുന്നു. അതേ സമയം, അനുമതിയില്ലാതെ സ്റ്റേജ് കെട്ടിയതിന് സംഘാടകര്‍ക്ക് കോര്‍പ്പറേഷന്‍ നോട്ടീസ് അയച്ചിട്ടുണ്ട്. ഷോയുടെ ടിക്കറ്റ് വില്‍പ്പന സംബന്ധിച്ചും വിശദാംശങ്ങള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടും കോര്‍പ്പറേഷന്‍ സംഘാടര്‍ക്ക് നോട്ടീസ് അയച്ചിരുന്നു.

അതേ സമയം മൃദംഗമിഷന്റെ മെഗാ നൃത്ത പരിപാടിയില്‍ ഉയര്‍ന്ന വിവാദങ്ങളില്‍ വിശദീകരണവുമായി കല്ല്യാണ്‍ സില്‍ക്‌സ് രംഗത്തെത്തി. സംഘാടകരുമായി ഉണ്ടാക്കിയത് വാണിജ്യ ഇടപാട് മാത്രമാണെന്നും വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും കല്യാണ്‍ സില്‍ക്‌സ് ആവശ്യപ്പെട്ടു. കല്ല്യാണിന്റെ പേര് ചൂഷണത്തിന് ഉപയോഗിച്ചതില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച കല്യാണ്‍ സില്‍ക്‌സ്, സംഭവം നടന്ന് രണ്ടു ദിവസം പിന്നിടുമ്പോഴാണ് വാര്‍ത്തക്കുറിപ്പ് ഇറക്കി പ്രതികരണം അറിയിച്ചത്.

മൃദംഗനാദം സംഘാടകര്‍ 12,500 സാരിക്കാണ് ഓര്‍ഡര്‍ നല്‍കിയതെന്നും പരിപാടിക്ക് വേണ്ടി മാത്രം കല്ല്യാണ്‍ സില്‍ക്‌സ് സാരി നിര്‍മിച്ച് നല്‍കുകയായിരുന്നുവെന്നും കല്യാണ്‍ സില്‍ക്‌സ് പറയുന്നു. ഇതിനായി ഈടാക്കിയത് 390 രൂപയാണ്. എന്നാല്‍ പിന്നീടാണ് ഈ സാരിക്ക് സംഘാടകര്‍ 1600 രൂപ ഈടാക്കിയെന്ന് അറിയുന്നതെന്നും വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

ഡിസംബര്‍ 29 വൈകീട്ടാണ് കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ വെച്ചുണ്ടായ അപകടത്തില്‍ ഉമാ തോമസ് എംഎല്‍എയ്ക്ക് ഗുരുതര പരിക്കേറ്റത്. തലയ്ക്കും ശ്വാസകോശത്തിനും അടക്കം പരിക്കേറ്റിരുന്നു.

Tags:    

Similar News