ദിവ്യ ഉണ്ണി നൃത്തം ചവിട്ടിയത് മൈതാന മദ്ധ്യത്ത്; പുല്‍ത്തകിടിയില്‍ കാരവന്‍ കയറ്റി; ടച്ച് ലൈന്‍ വരെ നര്‍ത്തകിമാര്‍ നിന്നു; കലൂര്‍ സ്റ്റേഡിയം മൈതാനത്തിന് കേടുപാടുണ്ടോ എന്ന് സംയുക്തമായി പരിശോധിക്കാന്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ജിസിഡിഎയും; സംഘാടകരായ മൃദംഗവിഷന് കുരുക്ക് മുറുകുന്നു

മൃദംഗവിഷന് കുരുക്ക് മുറുകുന്നു

Update: 2025-01-02 14:50 GMT

കൊച്ചി : ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് കൊച്ചി കലൂര്‍ ജവാഹര്‍ ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ സംഘടിപ്പിച്ച വിവാദ നൃത്ത പരിപാടിയുടെ സംഘാടകര്‍ കൂടുതല്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയേണ്ടി വരും. ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ നടന്ന നൃത്ത പരിപാടിയ്ക്ക് പിന്നാലെ കലൂര്‍ സ്റ്റേഡിയം പരിശോധിക്കാന്‍ ജിസിഡിഎയും കേരള ബ്ലാസ്റ്റേഴ്‌സ് ടീം അധികൃതരും തയ്യാറെടുക്കുകയാണ്. മൈതാനത്തിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും ജിസിഡിഎ വ്യക്തമാക്കി. കേടുപാടുകള്‍ ഉണ്ടെന്ന് കണ്ടെത്തിയാല്‍ മൃദംഗ വിഷനില്‍ നിന്ന് നഷ്ടപരിഹാരം ജിസിഡിഎ ഈടാക്കും.

ജി.സി.ഡി.എയുടെ എന്‍ജിനീയര്‍മാരും ബ്ലാസ്റ്റേഴ്സ് അധികൃതരും സംയുക്തമായാണ് പരിശോധന നടത്തുക. ബ്ലാസ്റ്റേഴ്സുമായി ഇക്കാര്യം ചര്‍ച്ച ചെയ്തിരുന്നുവെന്നും ജി.സി.ഡി,എ അധികൃതര്‍ വ്യക്തമാക്കി.പുല്‍ത്തകിടിയില്‍ കാരവന്‍ കയറ്റുകയും ടച്ച് ലൈന്‍ വരെ നര്‍ത്തകിമാര്‍ നില്‍ക്കുകയും ചെയ്തു. ദിവ്യ് ഉണ്ണി മൈതാന മദ്ധ്യത്താണ് നൃത്തം ചെയ്തത്. ഇത് ഗ്രൗണ്ടിന് കേടുപാടുകളുണ്ടാക്കിയിട്ടുണ്ടെന്നും ജി.സി.ഡി.എ ചൂണ്ടിക്കാട്ടി. ബ്ലാസ്റ്റേഴ്‌സിന്റെ ഹോം ഗ്രൗണ്ടായതിനാല്‍ കേടുപാടുകള്‍ ഉണ്ടാകാതിരിക്കാന്‍ കായികേതര പരിപാടികള്‍ക്ക് സ്റ്റേഡിയം വിട്ടുകൊടുക്കാതിരുന്നതെന്നും അവര്‍ അറിയിച്ചു.

അതേസമയം ഉദ്ഘാടന ചടങ്ങിനിടെ ഉമ തോമസ് എം.എല്‍.എയ്ക്ക് ഗുരുതര പരിക്കേറ്റ സംഭവത്തില്‍ നൃത്തപരിപാടിയുടെ സംഘാടകന്‍ കീഴടങ്ങി. മൃദംഗവിഷന്‍ ഉടമ നിഘോഷ് കുമാറാണ് പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പൊലീസിന് മുന്‍പാകെ ഹാജരാകണമെന്ന് നിഘോഷ് കുമാറിനോട് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദ്ദേശിച്ചിരുന്നു. പറഞ്ഞ ദിവസം എത്തിയില്ലെങ്കില്‍ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കം.

നിഘോഷാണ് മൃദംഗവിഷന്റെ എല്ലാ കാര്യങ്ങളുടെ നിയന്ത്രിക്കുന്നതെന്ന് നേരത്തെ അറസ്റ്റിലായ സിഇഒ അന്വേഷണ സംഘത്തോട് പറഞ്ഞിരുന്നു. ആവശ്യമെങ്കില്‍ നടിയും നര്‍ത്തകിയുമായ ദിവ്യ ഉണ്ണിയേയും മൊഴിയെടുക്കാനായി വിളിപ്പിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ വ്യക്തമാക്കി. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകേണ്ടി വരുമെന്ന സൂചനകള്‍ക്കിടെ കഴിഞ്ഞ ദിവസം ദിവ്യ ഉണ്ണി അമേരിക്കയിലേക്ക് തിരിച്ചുപോയിരുന്നു.

Tags:    

Similar News