'വിജയ് മല്യ ഭംഗിയായി സ്വര്‍ണം പൂശിയതല്ലേ?, മുരാരി ബാബു എന്നെയും തെറ്റിദ്ധരിപ്പിച്ചു, ഗോള്‍ഡ്സ്മിത്തിന്റെ റിപ്പോര്‍ട്ടുണ്ടെന്നു പറഞ്ഞു; അയ്യപ്പന്റെ നടയിലെ ഉപവിഗ്രഹങ്ങള്‍ക്ക് മങ്ങലുണ്ടെങ്കില്‍ പരിഹരിക്കട്ടെയെന്ന് കരുതി; സ്വര്‍ണം പൂശിയ ചെമ്പ് പാളിയെന്ന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയില്ലെന്ന് അറിഞ്ഞത് അടുത്തിടെ'; ഒടുവില്‍ മൗനം വെടിഞ്ഞ് തന്ത്രി കണ്ഠര് രാജീവര്

'വിജയ് മല്യ ഭംഗിയായി സ്വര്‍ണം പൂശിയതല്ലേ?, മുരാരി ബാബു എന്നെയും തെറ്റിദ്ധരിപ്പിച്ചു

Update: 2025-10-08 02:23 GMT

തിരുവനന്തപുരം: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ ഇതുവരെ പ്രതികരിക്കാതിരുന്ന തന്ത്രി കണ്ഠര് രാജീവര് ഒടുവില്‍ പ്രതികരിച്ചു രംഗത്ത്. മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫിസര്‍ മുരാരി ബാബുവിനെതിരെയാണ് തന്ത്രി കണ്ഠര് രാജീവര് രംഗത്തുവന്നത്. ശബരിമലയിലെ ദ്വാരപാലക ശില്‍പ്പങ്ങളില്‍ സ്വര്‍ണം മങ്ങിയെന്ന് പറഞ്ഞ് മുരാരി ബാബു തന്നെ തെറ്റിദ്ധരിപ്പിച്ചെന്ന് വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ തന്ത്രി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് സ്വമേധയാ നല്‍കിയ വിശദീകരണ കുറിപ്പില്‍ പറയുന്നു.

കഴിഞ്ഞദിവസം സസ്പെന്‍ഷനിലായ മുരാരി ബാബുവിനെതിരെ ഗുരുതര പരാമര്‍ശങ്ങളാണ് കുറിപ്പിലുള്ളത്. 1999ല്‍ വിജയ് മല്യ ഭംഗിയായി സ്വര്‍ണം പൂശിയതാണല്ലോ എന്ന തന്റെ ആവര്‍ത്തിച്ചുള്ള സംശയത്തിന് പിന്നാലെ ഗോള്‍ഡ് സ്മിത്തിന്റെ റിപ്പോര്‍ട്ടുണ്ടെന്ന് പറഞ്ഞാണ് അനുമതി തേടിയത്. നേരിട്ടുള്ള പരിശോധനയില്‍ സ്വര്‍ണപ്പാളി തന്നെയാണല്ലോ എന്നതിന് കാഴ്ചയില്‍ മാത്രമാണെന്നും മുഴുവന്‍ മങ്ങിപ്പോയെന്നുമായിരുന്നു മുരാരി ബാബുവിന്റെ വിശദീകരണം. അയ്യപ്പന്റെ നടയിലെ ഉപവിഗ്രഹങ്ങള്‍ക്ക് മങ്ങലുണ്ടെങ്കില്‍ പരിഹരിക്കട്ടെയെന്ന് കരുതിയാണ് സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയത്. സ്വര്‍ണം പൂശിയ ചെമ്പ് പാളിയെന്ന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരുന്നില്ലെന്ന കാര്യം അടുത്തിടെയാണ് അറിഞ്ഞതെന്നും തന്ത്രി പറയുന്നു.

ഉണ്ണികൃഷ്ണന്‍ പോറ്റി നിരവധി തവണ ബംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെ സ്വാമിമാരുമായി തന്റെ മുറിയില്‍ വന്നിട്ടുണ്ട്. ചില പൂജകള്‍ക്കും ഉപദേശം തേടിയിട്ടുണ്ട്. ദ്വാരപാലക ശില്‍പ്പം വീണ്ടും സ്വര്‍ണം പൂശാനുള്ള അനുമതി നല്‍കുന്ന ദിവസം മുരാരി ബാബുവിനൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റിയെ കണ്ടിരുന്നതായും തന്ത്രിയുടെ വിശദീകരണത്തില്‍ പറയുന്നു. ദ്വാരപാലക ശില്‍പ്പത്തിലെ സ്വര്‍ണം മങ്ങിയെന്ന് വരുത്തി പൂര്‍ണമായും ചെമ്പെന്ന് രേഖപ്പെടുത്താന്‍ മുരാരി ബാബു ബോധപൂര്‍വം ശ്രമിച്ചിരുന്നു എന്നതിന്റെ കൂടുതല്‍ തെളിവാണ് ദേവസ്വം ബോര്‍ഡിന് മുന്നിലെത്തിയ തന്ത്രിയുടെ സ്വമേധയായുള്ള വിശദീകരണം.

സ്വര്‍ണപ്പാളി വിഷയത്തില്‍ താന്‍ മാത്രമല്ല കുറ്റക്കാരനെന്ന സൂചനയാണ് അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ മുരാരിബാബുവില്‍ നിന്നും ഉണ്ടായത്. 2019-ല്‍ ദ്വാരപാലകശില്‍പങ്ങളില്‍ സ്വര്‍ണം പൂശുന്നതിന്റെ പ്രാഥമിക റിപ്പോര്‍ട്ട് എഴുതുക മാത്രമാണ് താന്‍ ചെയ്തതെന്നും തനിക്കുമേല്‍ ഉദ്യോഗസ്ഥരും അധികാരികളും ഉണ്ടെന്നും മുരാരി പറയുന്നതില്‍നിന്ന് ഗൂഢാലോചനയുടെ വ്യാപ്തി വായിച്ചെടുക്കാനാവും.

ചെമ്പുപാളി എന്ന പ്രയോഗം ദേവസ്വം ബോര്‍ഡ് പാസാക്കിയതാണ് സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍പോറ്റിക്ക് പിടിവള്ളിയായത്. എന്നാല്‍, ഒരു റിപ്പോര്‍ട്ട് അതേപോലെ പാസാക്കുന്നതാണോ ചട്ടം എന്ന് മുരാരി ചോദിക്കുന്നു. മുരാരിയില്‍നിന്ന് എക്സിക്യുട്ടീവ് ഓഫീസര്‍ സുധീഷ്‌കുമാറിലേക്കും തുടര്‍ന്ന് തിരുവാഭരണം കമ്മിഷണറായ കെ.എസ്. ബൈജുവിലേക്കും റിപ്പോര്‍ട്ട് പോയിട്ടുണ്ട്.

ഈ ഘട്ടംവരെയെത്തിയിട്ടും ചെമ്പുപാളിയെന്ന പ്രയോഗം മാറാത്തതിലാണ് ഗൂഢാലോചന സംശയിക്കേണ്ടിവരുന്നത്. ഒടുവിലാണ് എ. പദ്മകുമാര്‍ പ്രസിഡന്റും എന്‍. വിജയകുമാര്‍, കെ.പി. ശങ്കരദാസ് എന്നിവര്‍ അംഗങ്ങളുമായ ബോര്‍ഡ് ഭരണസമിതിയുടെ മുന്നില്‍ റിപ്പോര്‍ട്ട് എത്തുന്നത്. ചെമ്പുപാളിപ്രയോഗവും തൂക്കത്തിലെ വ്യത്യാസവും ഉദ്യോഗസ്ഥരുടെ പിഴവെന്ന് അന്നത്തെ ബോര്‍ഡ് അധികാരികളും കൂട്ടുത്തരവാദിത്വമെന്ന് ഉദ്യോഗസ്ഥരും പറയുന്നു. അന്നത്തെ എക്സിക്യുട്ടീവ് ഓഫീസറും തിരുവാഭരണം കമ്മിഷണറും വിരമിച്ചു. അവരുടെ പേരില്‍ ബോര്‍ഡിന് നടപടി സാധ്യമല്ല. എന്നാല്‍, അന്വേഷണസംഘത്തിനുമുന്നില്‍ അവരും അന്നത്തെ ബോര്‍ഡ് ഭാരവാഹികളും ഹാജരാകേണ്ടിവരും.

അതേസമയം ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍, ആ സമയത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസറായിരുന്ന ബി. മുരാരി ബാബുവിനെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. നിലവില്‍ ഹരിപ്പാട് ദേവസ്വം ഡെപ്യൂട്ടി കമ്മിഷണറാണ്. ശബരിമല അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആയിരിക്കെ, ശ്രീകോവിലിന് ഇരുവശത്തുമുള്ള സ്വര്‍ണം പൂശിയ ദ്വാരപാലക ശില്‍പ്പങ്ങള്‍ ചെമ്പ് തകിട് എന്ന് തെറ്റായി രേഖപ്പെടുത്തി ഗുരുതര വീഴ്ചവരുത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.

ചെമ്പ് തെളിഞ്ഞതുകൊണ്ടാണു വീണ്ടും പൂശാന്‍ നല്‍കിയതെന്ന് മുരാരി ബാബു മാധ്യമങ്ങളോട് പറഞ്ഞു. നേരത്തെ റിപ്പോര്‍ട്ടില്‍ വന്നതു പോലെ സ്വര്‍ണപ്പാളിയല്ല. അതില്‍ അന്വേഷണം നടക്കുകയാണ്. തിരുവാഭരണ കമ്മിഷണര്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ പരിശോധിച്ച ശേഷമാണു 2019ല്‍ ഇളക്കിക്കൊണ്ടുപോയത്. 2019 ജൂലൈയില്‍ ഇളക്കുമ്പോള്‍ താന്‍ ചാര്‍ജു മാറി. ഇളക്കുന്ന സമയത്താണു ഭൗതിക പരിശോധന പൂര്‍ണമായി നടക്കുന്നത്. അപ്പോള്‍ കമ്മിഷണര്‍ ഓഫിസിലെ ഉദ്യോഗസ്ഥര്‍ അവിടുണ്ട്. സ്വര്‍ണം പൂശിയതു തെളിഞ്ഞു ചെമ്പ് ആയിട്ടുള്ളത് വീണ്ടും പൂശാന്‍ അനുവദിച്ചു എന്നാണു താന്‍ റിപ്പോര്‍ട്ട് നല്‍കിയത്.

സ്വര്‍ണം പൊതിഞ്ഞു എന്നു പറയുമ്പോള്‍, ശ്രീകോവിലിനു ചുറ്റുമുള്ള തൂണുകള്‍, ദ്വാരപാലക ശില്‍പങ്ങള്‍, പാത്തി, വേദിക തുടങ്ങിയവയ്ക്ക് എല്ലാം കൂടി പൂശാന്‍ ഒരു കിലോയോളം സ്വര്‍ണമാണ് ഉപയോഗിച്ചത്. വളരെ ചെറിയ അളവിലാണു പുറത്തു സ്വര്‍ണം പൂശിയത്. അതിനാലാണു തെളിഞ്ഞത്. മേല്‍ക്കൂര മാത്രമാണു മങ്ങാതിരിക്കാന്‍ സ്വര്‍ണപ്പാളി അടിച്ചതെന്നു തോന്നുന്നു. അതുകൊണ്ടാകും വെയിലും മഴയും ഏറ്റിട്ടും അതു മങ്ങിയില്ല. പൂശിയതാണു തെളിഞ്ഞത്. പാത്തിയും തൂണുകളും വേദികയും ഇപ്പോഴും അവിടുണ്ട്.

വാതില്‍ സ്വര്‍ണം പൂശിയപ്പോള്‍ പുതിയ വാതില്‍ വച്ചു. അങ്ങനെയാണ് ഉണ്ണിക്കൃഷ്ണന്‍ പോറ്റി രംഗത്തേക്കു വരുന്നത്. 2025ല്‍ ഇതു വീണ്ടും സ്വര്‍ണം പൂശാന്‍ ശുപാര്‍ശ നല്‍കി. പഴയ കതക് ഇപ്പോഴും സന്നിധാനത്തുണ്ട്. സ്വര്‍ണം പൂശിയ കമ്പനി 40 വര്‍ഷത്തെ വാറന്റി നല്‍കിയിട്ടുണ്ട്. ഹൈക്കോടതി അനുമതി നല്‍കിയിട്ടുള്ള കമ്പനിയാണ്. ഓംബുഡ്‌സ്മാന്‍ പഠിച്ചു റിപ്പോര്‍ട്ട് നല്‍കിയ ശേഷമാണു കമ്പനിയെ അംഗീകരിച്ചിട്ടുള്ളത്. അന്നത്തെ സ്‌പോണ്‍സറുടെ കയ്യില്‍ കൊടുത്തു വിട്ടാല്‍ സ്വര്‍ണം പൂശി നല്‍കാമെന്നു പറഞ്ഞു. താനും അതു റിപ്പോര്‍ട്ട് ചെയ്തു. പക്ഷേ ആ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലല്ല നടന്നത്.

ഉദ്യോഗസ്ഥ വീഴ്ച ഉണ്ടായെന്നതു ശരിയാണ്. 2019ലുണ്ടായിരുന്ന 3 ഉദ്യോഗസ്ഥരില്‍ താന്‍ മാത്രമേ ഇപ്പോള്‍ സര്‍വീസിലുള്ളൂ. സംഭവം നടക്കുമ്പോള്‍ താനവിടെ ഇല്ലായിരുന്നു എന്നു മഹസറുണ്ട്, രേഖയുണ്ട്. ഇപ്പോഴാണ് വിവരങ്ങള്‍ പുറത്തുവരുന്നത്. ഇങ്ങനെയൊരു സംഭവം ഉണ്ടെങ്കില്‍ അറ്റകുറ്റപ്പണിക്കായി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ഏല്‍പിക്കില്ലല്ലോ. ബോര്‍ഡ് പരിശോധിച്ച ശേഷമാണ് അനുമതി നല്‍കുന്നത്. അല്ലാതെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പറയുന്നതു പോലെയല്ല.

2019ല്‍ സ്വര്‍ണം പൂശാനായി പാളികള്‍ പോറ്റിയെ ഏല്‍പിക്കുന്ന സമയത്തു ചെമ്പുപാളി എന്നെഴുതാന്‍ നിര്‍ദേശം നല്‍കിയ ഉദ്യോഗസ്ഥനാണു മുരാരി ബാബുവെന്നു ദേവസ്വം വിജിലന്‍സ് കണ്ടെത്തിയിരുന്നു. 2024ല്‍ വീണ്ടും സ്വര്‍ണം പൂശാനായി പാളികള്‍ നല്‍കാന്‍ ഇദ്ദേഹം ആവശ്യപ്പെട്ടു എന്നും റിപ്പോര്‍ട്ടിലുണ്ട്.

Tags:    

Similar News