പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന് ജനകീയനായ സൂരജ് ആര്‍ എസ് എസിനൊപ്പം ചേര്‍ന്നത് 2003ല്‍ സിപിഎമ്മിന് കടുത്ത വെല്ലുവിളിയായി; സംഘ ബന്ധം പാടില്ലെന്ന് നിരവധി മുന്നറിയിപ്പ് നല്‍കിയിട്ടും പാലിച്ചില്ല; ആദ്യം കൈയ്യും കാലും വെട്ടി ഭീഷണി; പിന്നേയും വഴങ്ങില്ലെന്ന് വന്നപ്പോള്‍ ബോംബും മഴുവുമായി 'പാര്‍ട്ടി സര്‍ജന്മാര്‍' എത്തി; 19 കൊല്ലത്തിന് ശേഷം നീതി; എളമ്പിലായി സൂരജിനെ വകവരുത്തിയതിലും വമ്പന്‍ ആസൂത്രണം
തലശ്ശേരി : ബി.ജെ.പി.- ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ മുഴപ്പിലങ്ങാട്ടെ എളമ്പിലായി സൂരജിനെ (32) രാഷ്ട്രീയ വിരോധത്തില്‍ കൊലപ്പെടുത്തിയ കേസില്‍ നിറയുന്നത് ഒടുങ്ങാത്ത രാഷ്ട്രീയ പക. 2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.40-ന് ഓട്ടോയിലെത്തിയ സംഘം മുഴപ്പിലങ്ങാട് ടെലഫോണ്‍ എക്‌സ്ചേഞ്ചിന് മുന്നില്‍ വെച്ചാണ് സൂരജിനെ വെട്ടിക്കൊന്നത്. സി.പി.എം. പ്രവര്‍ത്തകനായ സൂരജ് ബി.ജെ.പി.യില്‍ ചേര്‍ന്നതിന്റെ വിരോധംമൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. കൊലപാതകത്തിന് ആറുമാസം മുന്‍പും സൂരജിനെ കൊല്ലാന്‍ ശ്രമിച്ചിരുന്നു. അന്ന് കാലിനായിരുന്നു വെട്ടേറ്റത്. അന്ന് ഗുരുതരാവസ്ഥയിലായ സൂരജിന് കഷ്ടിച്ച് ജീവന്‍ തിരിച്ചു കിട്ടി. അതിന് ശേഷവും രാഷ്ട്രീയ പക തുടര്‍ന്നു. അങ്ങനെ വീണ്ടും പുറത്തേക്ക് വന്ന സൂരജിനെ വെട്ടിക്കൊന്ന് പ്രതികാരം തീര്‍ത്തു.
തുടക്കത്തില്‍ 10 പേര്‍ക്കെതിരെയായിരുന്നു കേസ്. ടി.പി.ചന്ദ്രശേഖരന്‍ കൊലക്കേസ് പ്രതി ടി.കെ.രജീഷ് നല്‍കിയ കുറ്റസമ്മതമൊഴി പ്രകാരം രണ്ടു പ്രതികളെക്കൂടി കേസില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. രജീഷ്, മനോരാജ് നാരായണന്‍ എന്നിവരെ പ്രതികളാക്കി അനുബന്ധ കുറ്റപത്രം നല്‍കി. ഇതില്‍ മനോരാജ് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറിയായ പിഎം മനോജിന്റെ സഹോദരനാണ്. കണ്ണൂരിലെ സിപിഎം രാഷ്ട്രീയത്തില്‍ ഒരുകാലത്ത് പ്രതാപിയായിരുന്നു മനോരാജ്. പി ജയരാജന്റെ വിശ്വസ്തന്‍. പിന്നീട് പാര്‍ട്ടി പതിയെ മുലയിലേക്ക് മാറ്റി. അത്തരത്തിലൊരു പ്രതിയാണ് മനോരാജ്. 2010-ല്‍ സൂരജ് കൊല കേസ് വിചാരണയ്ക്ക് പരിഗണിച്ചെങ്കിലും സാക്ഷിവിസ്താരം തുടങ്ങിയില്ല. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്നാവശ്യപ്പെട്ട് സൂരജിന്റെ അമ്മ ഹൈക്കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് അഡ്വ. പി.പ്രേമരാജനെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കുകയും ചെയ്തു. പ്രതിഭാഗത്തിനുവേണ്ടി അഡ്വ. സി.കെ.ശ്രീധരനും ഹാജരാജി.
സി.പി.എം. പ്രവര്‍ത്തകരായ പത്തായക്കുന്ന് കാരായിന്റവിട ഹൗസില്‍ ടി.കെ.രജീഷ് (45), കാവുംഭാഗം പുതിയേടത്ത് ഹൗസില്‍ എന്‍.വി.യോഗേഷ് (46), എരഞ്ഞോളി അരങ്ങേറ്റുപറമ്പ് കണ്ട്യന്‍ ഹൗസില്‍ കെ.ഷംജിത്ത് എന്ന ജിത്തു (57), കൂത്തുപറമ്പ് നരവൂരിലെ പി.എം.മനോരാജ് (43), മുഴപ്പിലങ്ങാട് വാണിയന്റെ വളപ്പില്‍ നെയ്യോത്ത് സജീവന്‍ (56), മുഴപ്പിലങ്ങാട് പണിക്കന്റവിട ഹൗസില്‍ പ്രഭാകരന്‍ (65), മുഴപ്പിലങ്ങാട് ബീച്ച് റോഡ് പുതുശ്ശേരി ഹൗസില്‍ കെ.വി.പദ്മനാഭന്‍ (67), മുഴപ്പിലങ്ങാട് മനോമ്പേത്ത് രാധാകൃഷ്ണന്‍ (60), മുഴപ്പിലങ്ങാട് ബീച്ച് റോഡ് പുതിയപുരയില്‍ പ്രദീപന്‍ (58) എന്നിവരാണ് കേസിലെ പ്രതികള്‍.
ഒന്നാംപ്രതി മുഴപ്പിലങ്ങാട് ലക്ഷംവീട് കോളനി പള്ളിക്കല്‍ ഹൗസില്‍ പി.കെ.ഷംസുദീന്‍ എന്ന ഷംസു, 12-ാം പ്രതി മക്രേരി കിലാലൂരിലെ ടി.പി.രവീന്ദ്രന്‍ എന്നിവര്‍ സംഭവശേഷം മരിച്ചു. 2005 ഓഗസ്റ്റ് ഏഴിന് രാവിലെ 8.40-ന് ഓട്ടോയിലെത്തിയ സംഘം മുഴപ്പിലങ്ങാട് ടെലഫോണ്‍ എക്‌സ്ചേഞ്ചിന് മുന്നില്‍ വെച്ചാണ് സൂരജിനെ വെട്ടിക്കൊന്നത്. സി.പി.എം. പ്രവര്‍ത്തകനായ സൂരജ് ബി.ജെ.പി.യില്‍ ചേര്‍ന്നതിന്റെ വിരോധംമൂലം കൊലപ്പെടുത്തിയെന്നാണ് കേസ്. രാഷ്ട്രീയ വിരോധത്തോടെ പ്രതികള്‍ ബോംബെറിഞ്ഞ ശേഷം മഴുവും കൊടുവാളും അടക്കം ഉപയോഗിച്ച് വെട്ടിക്കോലപ്പെടുത്തുകയായിരുന്നു.
കൊലപ്പെടുത്തുന്നതിന് ആറ് മാസം മുന്‍പും സൂരജിനെ സിപിഎം പ്രവര്‍ത്തകര്‍ ആക്രമിച്ചിരുന്നു. അന്ന് കാലിന് വെട്ടേറ്റ സൂരജ് ആറ് മാസത്തോളം കിടപ്പിലായിരുന്നു. ചികിത്സ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴാണ് വീണ്ടും ആക്രമിക്കപ്പെട്ടത്. സുഹൃത്തിന്റെ വീട്ടില്‍ പോയി മടങ്ങി വരുമ്പോഴായിരുന്നു കൊല. കൊല്ലപ്പെടുമ്പോള്‍ 32 വയസായിരുന്നു സൂരജിന്റെ പ്രായം. കൊല നടക്കുന്നതിന് രണ്ടു വര്‍ഷം മുമ്പായിരുന്നു സൂരജ് ആര്‍എസ് എസില്‍ ചേര്‍ന്നത്. കടുത്ത പാര്‍ട്ടി ഗ്രാമായിരുന്നു അതുവരെ മുഴപ്പിലങ്ങാട്. സൂരജ് മാറിയതോടെ അവിടെ ആര്‍ എസ് എസ് പ്രവര്‍ത്തനം കൂടുതലായി. പലപ്പോഴും ആര്‍ എസ് എസുമായുള്ള ബന്ധം അവസാനിപ്പിക്കാനുള്ള സമ്മര്‍ദ്ദം സിപിഎമ്മില്‍ നിന്നും സൂരജിനുണ്ടായി. എന്നാല്‍ സൂരജ് വഴങ്ങിയില്ല. ഇതിന്റെ തുടര്‍ച്ചയായിരുന്നു ആക്രമണങ്ങള്‍.
സിപിഎമ്മിലെ ഉന്നത നേതൃത്വം അറിഞ്ഞുള്ള ഗൂഡാലോചനയായിരുന്നു സൂരജിന്റെ കൊല. സിപിഎമ്മിനെ വിട്ട് മറ്റ് ലാവണങ്ങള്‍ ചേരുന്നവരെ വെറുതെ വിടില്ലെന്ന സന്ദേശം നല്‍കുകയായിരുന്നു ഇതിന്റെ ലക്ഷ്യം. എന്നാല്‍ ഈ കൊലയിലെ ഉന്നത രാഷ്ട്രീയ ഗൂഡാലോചനയിലേക്ക് അന്വേഷണം ഒരു ഘട്ടത്തിലും പോയിരുന്നില്ല.