കാരണവരെ കൊന്ന ഷെറിന്റെ മോചന അപേക്ഷ രാജ്ഭവന്‍ തള്ളുമെന്ന് ഉറപ്പായി; അടിയുണ്ടാക്കിയ ആളിനെ തുടരാന്‍ അനുവദിച്ച് തല്ലുകൊണ്ട നൈജീരിയക്കാരിയെ തിരുവനന്തപുരത്തേക്ക് മാറ്റിയതും ദുരൂഹം; കണ്ണൂര്‍ വനിതാ ജയിലിലെ ചലനങ്ങള്‍ നിരീക്ഷിക്കാന്‍ ആ ഡ്രോണ്‍ എത്തിയതില്‍ സര്‍വ്വത്ര ദുരൂഹത; തടവു ചാടല്‍ പദ്ധതിയ്‌ക്കോ ആകാശ നിരീക്ഷണം?
കണ്ണൂര്‍: അതിസുരക്ഷാ സംവിധാനങ്ങളുള്ള കണ്ണൂര്‍ വനിതാ ജയിലിന് മുകളിലൂടെ അജ്ഞാതര്‍ ഡ്രോണ്‍ പറത്തി. ശനിയാഴ്ച രാത്രി 11.15 ഓടെയാണ് സംഭവം. ജയിലിനകത്തെ ഓഫീസ് കെട്ടിടത്തിന് 25 മീറ്റര്‍ ഉയരത്തിലാണ് ജയില്‍സുരക്ഷയ്ക്ക് ഭീഷണിയായി ഡ്രോണ്‍ പറത്തിയത്. ഗുരുതര സുരക്ഷാ പ്രശ്‌നമായാണ് ഇതിനെ ജയില്‍ അധികൃതരും പോലീസും കാണുന്നത്.
ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിച്ച് വനിതാ ജയിലില്‍ തടവില്‍ കഴിയുന്ന ഷെറിന്‍ കാരണവര്‍, സഹതടവുകാരിയായ നൈജീരിയന്‍ സ്വദേശി കെയ്ന്‍ ജൂലിയെ കഴിഞ്ഞ ദിവസം മര്‍ദിച്ചിരുന്നു. തുടര്‍ന്ന് ജൂലിയെ തിരുവനന്തപുരം വനിതാ ജയിലിലേക്ക് മാറ്റി. സംഭവത്തില്‍ ഷെറിനെതിരെ ടൗണ്‍ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് 'ഡ്രോണ്‍' എത്തിയത്. ഈ സാഹചര്യത്തില്‍ വനിതാ ജയിലിന്റെ സൂരക്ഷ കൂട്ടി. അട്ടിമറി നടത്താനാണോ ഡ്രോണ്‍ നിരീക്ഷണം എന്ന സംശയം പോലീസിനുമുണ്ട്.
ഷെറിനെ മോചിപ്പിക്കാന്‍ ഗവര്‍ണ്ണറോട് സര്‍ക്കാര്‍ ശുപാര്‍ശ ചെയ്തിരുന്നു. ജീവപര്യന്തം തടവിന്റെ ഭാഗമായി 14 കൊല്ലം ശിക്ഷ പൂര്‍ത്തിയാക്കിയെന്നാണ് സര്‍ക്കാര്‍ പറയുന്നത്. എന്നാല്‍ ശിക്ഷയുടെ ഭാഗമായി നിരവധി പരോളുകള്‍ അടക്കം ഷെറിന് കിട്ടി. മോചന ശുപാര്‍ശ ഇരിക്കെയാണ് വീണ്ടും ഷെറിന്‍ കേസില്‍ പ്രതിയായത്. ഇതോടെ ആ സാധ്യത അടഞ്ഞു. അതുകൊണ്ട് തന്നെ ഷെറിനെ ജയില്‍ ചാടിക്കാന്‍ ശ്രമം നടക്കുന്നുണ്ടോ എന്ന സംശയം സജീവമാക്കുന്നതാണ് ഡ്രോണ്‍. സാധാരണ നിലയില്‍ ജയിലിനുള്ളില്‍ പ്രശ്‌നം ഉണ്ടാക്കുന്നവരെയാണ് ജയില്‍ മാറ്റാറുള്ളത്. എന്നാല്‍ ഷെറിന്റെ അടികിട്ടിയ നൈജീരിയക്കാരിയെയാണ് ജയില്‍ മാറ്റിയത്. ഇതും വിചിത്രമാണ്.
ഷെറിനെ ജയില്‍ മാറ്റാതെ കണ്ണൂരില്‍ തുടരുന്നതിന് പിന്നില്‍ ഗൂഡാലോചനയുണ്ടെന്ന വാദം ശക്തമാണ്. അതിനിടെയാണ് ഡ്രോണ്‍ എത്തിയത്. ഷെറിനെ തടവ് ചാടിക്കാനുള്ള ഗൂഡാലോചനാ ഭാഗമാണോ ഡ്രോണ്‍ എന്ന സംശയം സജീവമാണ്. ചുവപ്പും പച്ചയും നിറങ്ങളുള്ള ലൈറ്റുകള്‍ പ്രകാശിപ്പിച്ച് കെട്ടിടം രണ്ടുതവണ വലംവെച്ചാണ് ഡ്രോണ്‍ അപ്രത്യക്ഷമായത്. ജയില്‍ ജീവനക്കാരാണ് സൂപ്രണ്ടിനെ ഇക്കാര്യം വിളിച്ചറിയിച്ചത്. തുടര്‍ന്ന് സൂപ്രണ്ട് ടൗണ്‍ പോലീസില്‍ പരാതി നല്‍കി. ഷെറിന്‍ വിവാദമുളളതു കൊണ്ട് തന്നെ പോലീസും അതും ഗൗരവത്തില്‍ എടുത്തു. പ്രാഥമികമായി വിശദ അന്വേഷണവും നടത്തി.
ഡ്രോണ്‍ പറത്തിയത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് പറഞ്ഞു. വിവാഹത്തിനോ മറ്റ് പ്രധാന ആഘോഷങ്ങള്‍ക്കോ മാത്രമാണ് ഡ്രോണ്‍ പറത്തി ദൃശ്യങ്ങളെടുക്കാറുള്ളത്. എന്നാല്‍ സമീപ പ്രദേശത്ത് ശനിയാഴ്ച വിവാഹമോ ഉത്സവമോ നടന്നിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സെന്‍ട്രല്‍ ജയിലിന് സമീപം ജില്ലാ ജയിലും സ്പെഷ്യല്‍ സബ് ജയിലുമാണുള്ളത്. ഇതിന് പിറകിലായിട്ടാണ് വലിയ മതിലുകളാല്‍ ചുറ്റപ്പെട്ട വനിതാ ജയില്‍ സ്ഥിതിചെയ്യുന്നത്. സമീപപ്രദേശങ്ങളിലുള്ള ആളുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. വനിതാ ജയിലിലെ വനിതാ ബ്ലോക്ക് പുതിയ മതിലിന്റെ സുരക്ഷക്കുള്ളിലേക്ക് മാറിയിരുന്നു. ഒരുകോടിയിലധികം രൂപ ചെലവിലാണ് മതിലുയര്‍ന്നത്. പഴയ മതിലിന് ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പുതിയ മതില്‍ നിര്‍മാണമാരംഭിച്ചത്.
മതിലിന് ബലക്ഷയം കണ്ടതോടെ വനിതാ ബ്ലോക്കിലെ അന്തേവാസികളെ കണ്ണൂര്‍, മാനന്തവാടി, തവനൂര്‍ തുടങ്ങിയ ജയിലുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. അങ്ങനെ മതില്‍ സുരക്ഷ അടക്കം കൂട്ടിയ ജയിലിലെ രഹസ്യങ്ങള്‍ ചോര്‍ത്താനാണ് ഡ്രോണ്‍ എത്തിയത്.