'നിസാം അങ്കിള്‍ സ്പീഡിലാണ് എപ്പോഴും എടുക്കാറുള്ളത്'; ബസ് അമിതവേഗതയിലായിരുന്നുവെന്ന് പരിക്കേറ്റ വിദ്യാര്‍ത്ഥിനി; ഇറക്കത്തില്‍ ബ്രേക്ക് നഷ്ടമായി; സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ലെന്ന് ഡ്രൈവര്‍; ഫിറ്റ്‌നസ് തീര്‍ന്ന സ്‌കൂള്‍ വാഹനങ്ങളുടെ കാലാവധി ഏപ്രില്‍ വരെ നീട്ടിയ സര്‍ക്കാര്‍ ഉത്തരവും; അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ ജീവനെടുത്ത അപകടത്തില്‍ അന്വേഷണം തുടങ്ങി

സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ലെന്ന് ഡ്രൈവര്‍

Update: 2025-01-01 14:56 GMT

കണ്ണൂര്‍: കണ്ണൂരിലെ വളക്കൈയില്‍ സ്‌കൂള്‍ ബസ് ഇറക്കത്തില്‍ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലേക്ക് മറിഞ്ഞ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി മരിക്കുകയും പതിനെട്ട് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അധികൃതര്‍ക്ക് എതിരെ ഗുരുതര ആരോപണവുമായി ബസ് ഓടിച്ച ഡ്രൈവര്‍. സ്‌കൂള്‍ ബസിന് ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ലെന്നും ഡിസംബറില്‍ തീര്‍ന്നതാണെന്നും ഡ്രൈവര്‍ നിസാം പറഞ്ഞു. അപകടത്തില്‍ കാലിന് ഉള്‍പ്പെടെ പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അപകടത്തിന്റെ കാരണം ഉള്‍പ്പെടെ വെളിപ്പെടുത്തിയത്.

നാല് മാസത്തോളമായി ഈ ബസില്‍ ഡ്രൈവറായി പോകുന്നുണ്ട്. വളവ് തിരിയുന്നതിനിടെ പെട്ടെന്ന് ബ്രേക്ക് പോയി. കടയിലേക്ക് ഇടിച്ചുകയറ്റാനാണ് ശ്രമിച്ചത്. എന്നാല്‍ സാധിച്ചില്ലെന്നും ഡ്രൈവര്‍ നിസാം പറഞ്ഞു. 'വലിയ വളവായിരുന്നു മുന്‍പിലുള്ളത്. മുകളില്‍ നിന്ന് തന്നെ ബ്രേക്ക് പോയി. പിന്നെ ഒന്നും ചെയ്യാനുണ്ടായില്ല. പരമാവധി ശ്രമിച്ചു. അപ്പോഴേക്കും വണ്ടി താഴ്ചയിലേക്ക് പോയി. കടയുടെ ഭാഗത്തേക്ക് അടുപ്പിക്കാനാണ് ആദ്യം നോക്കിയത്. പക്ഷേ കിട്ടിയില്ല. വണ്ടി സ്ലിപ് ആയി പോകുന്നുണ്ടായിരുന്നു. ഡോര്‍ ഒക്കെ അടച്ചിരുന്നു. ഒരു കുട്ടി മാത്രം വണ്ടിയുടെ അടിയിലായിരുന്നുവെന്ന് പറഞ്ഞു. അതെങ്ങനെ സംഭവിച്ചു എന്ന് അറിയില്ല. നാല് മാസത്തോളമായി സ്‌കൂളില്‍ ഡ്രൈവറായി പോകുന്നുണ്ട്', നിസാം പറഞ്ഞു.

സെക്കന്‍ഡ് ഗിയറില്‍ പതുക്കെ ഇറങ്ങുന്നതിനിടെ ബ്രേക്ക് പോയി. ഹൈ ഗിയറിലിട്ട് വാഹനം പതുക്കെ ആക്കാന്‍ ശ്രമിച്ചെങ്കിലും നിയന്ത്രണം നഷ്ടമായി. പിന്നെ ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. മുന്നില്‍ ഒരു ഭാഗത്ത് കടയുണ്ടായിരുന്നു. നിയന്ത്രണം വിട്ടതോടെ ബസ് അരികിലേക്ക് നീങ്ങി വലതുവശത്തേക്ക് കുഴിയിലേക്ക് മറിഞ്ഞതോടെ പലതവണ മലക്കം മറിയുകയായിരുന്നു. ഒരു കുട്ടി ബസില്‍ നിന്ന് തെറിച്ച് വീണുവെന്ന് പിന്നീടാണ് അറിഞ്ഞത്. കുട്ടി ബസിന് അടിയില്‍ കുടുങ്ങിപോയി. അപകടത്തില്‍ കാലിന് ഉള്‍പ്പെടെ പരിക്കേറ്റിട്ടുണ്ട്. ബസിന്റെ ഫിറ്റ്‌നസ് ഡിസംബര്‍ പുതുക്കാന്‍ പോയപ്പോള്‍ ആര്‍ടിഒ മടക്കി അയക്കുകയായിരുന്നു.

ബസിന്റെ ബ്രേക്കിന് ഉള്‍പ്പെടെ പല പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇക്കാര്യം സ്‌കൂള്‍ അധികൃതരോട് പറഞ്ഞിരുന്നു. പുതുക്കാന്‍ പോയപ്പോള്‍ തകരാറുകല്‍ ചൂണ്ടികാട്ടിയാണ് ആര്‍ടിഒ മടക്കി അയച്ചത്. അവധിക്കാലം കഴിഞ്ഞ് പുതിയ ബസ് ഇറക്കുംവരെ ഈ ബസ് ഓടിക്കാമെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്. ബ്രേക്ക് പോയതാണ് അപകടത്തിന് കാരണമെന്നും നിസാം പറഞ്ഞു.

അതേസമയം ബസ് അമിതവേഗതയിലായിരുന്നില്ലെന്ന് ബസിലുണ്ടായിരുന്ന ആയ സുലോചന പറഞ്ഞു. എന്തോ പൊട്ടുന്ന ശബ്ദം കേട്ടെന്നും പിന്നാലെ ബസ് മറിയുകയായിരുന്നുവെന്നും ആയ പറഞ്ഞു. 'ഇറക്കം ഇറങ്ങുന്നതിനിടെ എന്തോ പൊട്ടുന്ന ശബ്ദം കേട്ടു. പിന്നെ അവന് ചവിട്ടിയിട്ട് കിട്ടുന്നുണ്ടായിരുന്നില്ല. ബ്രേക്ക് പൊട്ടിയതാകും എന്ന് തോന്നുന്നു. 20ഓളം കുട്ടികളാണ് ബസിലുണ്ടായിരുന്നത്. ആറോളം പേരെ ഇറക്കി പോകുന്ന വഴിയായിരുന്നു. ഡ്രൈവര്‍ മൂന്ന് മാസത്തോളമായി ബസിലുണ്ട്. സ്പീഡില്‍ പോകാറില്ലെന്നും ആയ പറഞ്ഞു.

എന്നാല്‍ ബസ് അമിതവേഗതയിലായിരുന്നുവെന്നാണ് രക്ഷപ്പെട്ട വിദ്യാര്‍ത്ഥിനി പറഞ്ഞത്. ഇടയ്ക്ക് വരാറുള്ള ഡ്രൈവറാണ് വണ്ടിയോടിച്ചത്. സ്പീഡിലായിരുന്നു ബസ് പോയിരുന്നതെന്നും പെട്ടെന്ന് കുന്നിന് മുകളില്‍ വെച്ച് താഴേയ്ക്ക് പതിക്കുകയായിരുന്നുവെന്നും വിദ്യാര്‍ത്ഥിനി പറഞ്ഞു. നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ കുട്ടിയ്ക്ക് കൈക്ക് പരിക്കേറ്റിട്ടുണ്ട്.

'സ്പീഡിലാണ് പോയത്. ആ സമയത്ത് പെട്ടെന്ന് കുന്നിന്റെ അടുത്ത് എത്തിയപ്പോഴാണ് ബസ് മറിഞ്ഞത്. സ്പീഡിലാണ് എപ്പോഴും എടുക്കാറുള്ളത്. അഞ്ച്, ആറ് ക്ലാസിലെ കുട്ടികളാണ് ബാക്കിയുള്ളവര്‍. വേറെ ഒരു ഡ്രൈവറുണ്ട്. ആ ചേട്ടന്‍ പതിയെ പോകാറുള്ളൂ. നിസാം അങ്കിളാണ് വണ്ടിയോടിച്ചത്', കുട്ടി പറഞ്ഞു. ബസില്‍ ആയയുണ്ടായിരുന്നുവെന്നും കുട്ടി പറഞ്ഞു.

സ്‌കൂള്‍ വിട്ട് കുട്ടികളെ വീട്ടിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് ബസ് അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട ബസ് മൂന്ന് തവണയോളം മലക്കംമറിഞ്ഞാണ് റോഡിലേക്ക് പതിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവിട്ടിരുന്നു. ബസിനടിയിലേക്ക് ഒരു കുട്ടി തെറിച്ചുവീഴുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം, അമിത വേഗവും ഡ്രൈവറുടെ പരിചയക്കുറവും അപകട കാരണമായെന്നാണ് പ്രാഥമിക നിഗമനമെന്നാണ് എഎംവിഐ ബിബിന്‍ രവീന്ദ്രന്‍ പറഞ്ഞത്.

ഫിറ്റ്‌നസ് തീര്‍ന്ന സ്‌കൂള്‍ വാഹനങ്ങളുടെ കാലാവധി ഏപ്രില്‍ വരെ നീട്ടി നല്‍കികൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ മാസം 18നണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഈ ഉത്തരവിനെ തുടര്‍ന്നാണ് ഫിറ്റ്‌നസ് കഴിഞ്ഞിട്ടും അപകടത്തില്‍പ്പെട്ട ബസ് ഓടിച്ചിരുന്നത്. ഇന്ന് വൈകിട്ട് നാലരയോടെയാണ് കണ്ണൂര്‍ വളക്കൈയില്‍ വെച്ച് ദാരുണമായ അപകടം ഉണ്ടായത്.

കണ്ണൂര്‍ തളിപ്പറമ്പിന് സമീപമുള്ള കുറുമാത്തൂര്‍ പഞ്ചായത്തിലെ ചിന്മയ സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയും ചൊറുക്കള സ്വദേശിനിയുമായ നേദ്യ എസ് രാജേഷ് ആണ് മരിച്ചത്. ബസിലുണ്ടായിരുന്ന 18 കുട്ടികള്‍ക്ക് പരിക്കേറ്റു. ഇവരുടെ പരിക്ക് ഗുരുതരമല്ല. ഇട റോഡിലെ ഇറക്കത്തില്‍ നിന്ന് നിയന്ത്രണം വിട്ട ബസ് മതിലിലേക്ക് ഇടിച്ചുകയറി പലതവണ മലക്കം മറിഞ്ഞശേഷം ശ്രീകണ്ഠാപുരം-തളിപ്പറമ്പ് പ്രധാന റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു.

അപകടത്തില്‍ ബസില്‍ നിന്ന് പെണ്‍കുട്ടി തെറിച്ചുപോവുകയായിരുന്നു. തുടര്‍ന്ന് ബസിനടയില്‍പ്പെട്ടു. ബസ് ഉയര്‍ത്തിയശേഷം കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പരിക്കേറ്റ 18 കുട്ടികളെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലും തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുട്ടിയുടെ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. കണ്ണൂര്‍ വളക്കൈ പാലത്തിന് സമീപത്ത് വെച്ചാണ് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞത്. സ്‌കൂള്‍ വിട്ടശേഷം കുട്ടികളുമായി പോകുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടം നടന്ന ഉടനെ നാട്ടുകാര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

Tags:    

Similar News