പന്നിപ്പടക്കം കടിച്ച് പൊട്ടിത്തറിച്ചതോടെ നാവ് അറ്റു; കീഴ്ത്താടി തകര്‍ന്ന് വേര്‍പെട്ട നിലയില്‍; അണുബാധ രക്തത്തില്‍ വ്യാപിച്ചു; മയക്കുവെടി വെച്ചതിലെ പിഴവുകാരണമല്ല കരിക്കോട്ടക്കരിയില്‍ കുട്ടിയാന ചരിഞ്ഞതെന്ന് വ്യക്തമാക്കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

പന്നിപ്പടക്കം കടിച്ച് പൊട്ടിത്തറിച്ചതോടെ നാവ് അറ്റു

Update: 2025-03-06 14:23 GMT

കണ്ണൂര്‍ : ആറളം കരിക്കോട്ടക്കരിയില്‍ ചെരിഞ്ഞ കുട്ടിയാനയുടെ പോസ്റ്റുമോര്‍ട്ടം പൂര്‍ത്തിയായി. ആനയുടെ നാവിന്റെ മുന്‍ഭാഗം അറ്റനിലയില്‍ കണ്ടെത്തി. കീഴ്ത്താടി തകര്‍ന്ന് വേര്‍പ്പെട്ട് നിലയിലായിരുന്നു.അണുബാധ രക്തത്തില്‍ വ്യാപിച്ചതായി കണ്ടെത്തി. മസ്തിഷ്‌ക്കത്തിലും രക്തസ്രാവമുണ്ടായി. താടിയെല്ലിലെ മുറിവ് പഴക്കം ചെന്നതാണെന്ന് കണ്ടെത്തിയുണ്ട്.

മൂന്ന് വയസുള്ള ആന പന്നിപ്പടക്കം കടിച്ചു പൊട്ടിത്തെറിച്ചു പരുക്കേറ്റതാണെന്നാണ് വെറ്റിനറി സര്‍ജന്റെ വിലയിരുത്തല്‍. അയ്യന്‍കുന്ന് പഞ്ചായത്തിലെ കരിക്കോട്ടക്കരിയിലെ ജനവാസകേന്ദ്രത്തിലാണ് രണ്ടു ദിവസം മുന്‍പ് പിടിയാനയ്‌ക്കൊപ്പം കുട്ടിയാനയെയും കണ്ടെത്തിയത്. അവശനിലയിലായ ആനയെ വയനാട്ടില്‍ നിന്നുമെത്തിയ വെറ്റിനറി സര്‍ജന്‍ മയക്കുവെടി വെച്ചു ചികിത്സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.

ആറളത്തെ ആര്‍ആര്‍ടി ഓഫീസില്‍ ബുധനാഴ്ച്ച രാത്രി ഒന്‍പത് മണിയോടെയാണ് പരുക്കേറ്റ കുട്ടിയാന ചരിഞ്ഞത്. ബുധനാഴ്ച്ച പുലര്‍ച്ചയോടെയാണ് കരിക്കോട്ടക്കരിയില്‍ മൂന്ന് വയസുകാരന്‍ കുട്ടിയാന ഭീതി പടര്‍ത്തിയത്. ആറളം ഫാമില്‍ നിന്ന് കാട്ടാന കൂട്ടത്തെ കാട് കയറ്റാന്‍ വനംവകുപ്പ് ശ്രമം നടത്തിയിരുന്നു.

ഇതിനിടെ കൂട്ടം തെറ്റിയോ മറ്റോ ആണ് കുട്ടിയാന ജനവാസ മേഖലയില്‍ എത്തിയത്. താടിയെല്ല് പൊട്ടി ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. മുറിഞ്ഞ ഭാഗത്ത് നിന്ന് മാസവും രക്തവും അടര്‍ന്ന് തൂങ്ങിയിരുന്നു. അവശനായി ഒന്നിനും കഴിയാതെ വന്നതോടെ ആന കൂമന്‍ തോടിലെ സ്വകാര്യ വ്യക്തിയുടെ പറമ്പില്‍ മണിക്കൂറുകളോളം നിലയുറപ്പിച്ചു.

വൈകിട്ടോടെ വയനാട്ടില്‍ നിന്ന് വെറ്റിനറി സര്‍ജന്റെ നേതൃത്വത്തില്‍ ആര്‍ആര്‍ടി സംഘമെത്തി മയക്കുവെടിവെച്ചു. ഇതിന് പിന്നാലെ ആനയ്ക്ക് പ്രാഥമിക ചികിത്സ നല്‍കി. ആനയെ ആറളത്തെ ആര്‍ ആര്‍ ടി ഓഫീസില്‍ എത്തിച്ച് ചികിത്സ നല്‍കാനായിരുന്നു തീരുമാനം. ഇതിന്റെ ഭാഗമായി എലിഫന്റ് ആംബുലന്‍സ് എത്തി. ആംബുലന്‍സിലേക്ക് കാലെടുത്തുവെക്കുന്നതിനിടെ ആന അവശനായി വീണിരുന്നു.

വയനാട്ടില്‍ നിന്നെത്തിയ വെറ്ററിനറി സംഘത്തിലെ ഡോക്ടര്‍ അജീഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലായിരുന്നു മയക്കുവെടി വയ്ക്കുന്ന ദൗത്യം പൂര്‍ത്തീകരിച്ചത്. അവശനിലയിലായിരുന്ന ആനയുടെ ശാരീരികാവസ്ഥ പരിഗണിച്ച് ചെറിയ അളവിലുള്ള മരുന്നാണ് മയക്കുവെടിക്കായി ഉപയോഗിച്ചത്.

മയക്കുവെടി വച്ചതിന് ശേഷം ആന വനപാലകക്ക് നേരെ ഓടിയടുത്തെങ്കിലും പിന്നീട് റബര്‍ തോട്ടത്തില്‍ തന്നെ നിലയുറപ്പിക്കുകയായിരുന്നു. ശരീരം തളര്‍ന്ന ആനയുടെ കാലുകളിലും കഴുത്തിലും കയര്‍ ഉപയോഗിച്ച് കുരുക്കിട്ടതിന് ശേഷം പ്രാഥമിക ചികിത്സ നല്‍കുകയും തുടര്‍ന്ന് ലോറിയില്‍ കയറ്റി മാറ്റുകയുമായിരുന്നു.

വായില്‍ മുറിവ് പറ്റിയ നിലയിലായിരുന്നു ആന. താടിയെല്ലിന് പരിക്കേറ്റ ആനയ്ക്ക് അതുകാരണം ആഹാരമെടുക്കാനോ വെള്ളംകുടിക്കാനോ വയ്യാത്ത അവശനിലയിലായിരുന്നു. മയക്കു വെടിവച്ചതില്‍ അപാകതയില്ലെന്ന് മന്ത്രി എ.കെ ശശീന്ദ്രന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. മയക്കുവെടി വെച്ചതിലെ പിഴവുകാരണമാണ് കുട്ടിയാന മരിച്ചതെന്ന് വിവിധ കോണുകളില്‍ നിന്നും ആരോപണം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ പ്രതികരണം.

Tags:    

Similar News