മുനമ്പം ഭൂമിക്ക് മേല്‍ വഖഫ് അവകാശമുണ്ടെന്ന് പിഡിപിയും എസ്ഡിപിഐയും വാദിക്കുന്നു; ജമാഅത്തെ ഇസ്ലാമി മാധ്യമമായ മീഡിയ വണ്‍ സ്ഥാപിക്കാന്‍ ശ്രമിച്ചതും ഇതേവാദം; സാദിഖലി തങ്ങളുടേതിന് വിപരീതമാണ് ചില സംഘടനകളുടെ നിലപാടുകള്‍; വിമര്‍ശനവുമായ കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍

മുനമ്പം ഭൂമിക്ക് മേല്‍ വഖഫ് അവകാശമുണ്ടെന്ന് പിഡിപിയും എസ്ഡിപിഐയും വാദിക്കുന്നു

Update: 2024-11-03 10:22 GMT

തിരുവനന്തപുരം: മുനമ്പത്തെ ഭൂമിയില്‍ വഖഫ് അവകാശം ഉന്നയിച്ചതിനെതിരെ പ്രതിഷേധം കടുക്കുമ്പോള്‍ സര്‍ക്കാറും ഇടപെടലിന് നില്‍ക്കുകയാണ്. വിഷയം കൈവിട്ടു പോകുന്ന അവസ്ഥ വന്നതോടെയാണ് സാദിഖലി തങ്ങളുടെ നേതൃത്വത്തില്‍ മുസ്ലീം സംഘടനകള്‍ യോഗം ചേരുന്നതും പ്രശ്‌ന പരിഹാരം കാണണമെന്ന നിലപാട് സ്വീകരിക്കുകയും ചെയ്തത്. എന്നല്‍, സാദിഖലി അടക്കമുള്ളവര്‍ മുന്നോട്ടു വെച്ച ആശയത്തിന് ഘടകവിരുദ്ധമയാണ് ചില മുസ്ലിം സംഘടനകള്‍ നിലപാട് സ്വീകരിക്കുന്നതെന്ന വിമര്‍ശനവുമായി കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്‍ രംഗത്തുവന്നു.

വിഷയത്തില്‍ ചില ഇസ്ലാമിക സംഘടനകള്‍ പുലര്‍ത്തുന്ന ഇരട്ടത്താപ്പ് തുറന്നു കാട്ടി കെ സി ബി സി ജാഗ്രതാ കമ്മിഷന്റെ വിശദീകരണ കുറിപ്പ് എത്തിയിരിക്കുന്നത്. അവരുടെ ഫേസ്ബുക്ക് പേജിലാണ് കെസിബിസി ജാഗ്രത കമ്മീഷന്‍ സെക്രട്ടറി, ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ ഇങക പുറപ്പെടുവിച്ചിരിക്കുന്ന കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

''മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന് ഒരു മുസ്‌ളീം സംഘടനയും അവകാശപ്പെടുന്നില്ലെന്നും മുനമ്പം സ്വദേശികള്‍ക്ക് നീതി നടപ്പാക്കണമെന്നാണ് എല്ലാവരും ഒന്നുപോലെ ആഗ്രഹിക്കുന്നതെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, മുസ്‌ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും സംസാരിച്ചത് കഴിഞ്ഞ ദിവസങ്ങളിലാണ്. അതേ നിലപാട് തന്നെ പലപ്പോഴായി ഭരണകക്ഷി നേതാക്കളും ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഇതിന് തികച്ചും വിരുദ്ധമായ നിലപാട് ചില മുസ്ലീം സംഘടനകളും വഖഫ് ബോര്‍ഡും ആവര്‍ത്തിച്ചിരിക്കുന്നത് ഗൗരവമായി കാണേണ്ടതുണ്ട്.'' കുറിപ്പ് പറയുന്നു.

പിഡിപിയെയും ജമാഅത്തെ ഇസ്ലാമിയെയും കുറ്റപ്പെടുത്തി കൊണ്ടാണ് കെസിബിസി ജാഗ്രതാ കമ്മീഷന്‍ രംഗത്തുവന്നിരിക്കുന്നത്. മുസ്ലീം ര്‍വീസ് സൊസൈറ്റിയുടെ സ്റ്റേറ്റ് കമ്മിറ്റി, മുനമ്പം ഭൂമിക്ക് മേലുള്ള വഖഫ് അവകാശവാദം അവര്‍ത്തിച്ചുകൊണ്ട് പ്രസ്താവന പ്രസിദ്ധീകരിച്ചത് ഒക്ടോബര്‍ 31 നാണ്. അതേ അവകാശവാദം പിഡിപിയും എസ്ഡിപിഐയും പോലുള്ള സംഘടനകള്‍ ആവര്‍ത്തിക്കുകയുണ്ടായി. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് മുനമ്പത്തെ ഭൂസംരക്ഷണ സമിതി പ്രതിനിധികള്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രി അബ്ദുറഹിമാനെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ക്കുമുന്നില്‍ അദ്ദേഹവും ആവര്‍ത്തിച്ചത് മുനമ്പത്തേത് വഖഫ് ഭൂമിയെന്ന അവകാശവാദമാണെന്ന് വാര്‍ത്താ കുറിപ്പില്‍ ചൂണ്ടാക്കാട്ടുന്നു.

ഈ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമങ്ങള്‍, പ്രത്യേകമായി, മീഡിയ വണ്‍ ചാനല്‍ ഒക്ടോബര്‍ 31 ന് നടത്തിയ ചര്‍ച്ചയില്‍ ആദ്യന്തം സ്ഥാപിക്കാന്‍ ശ്രമിച്ചതും ഇതേ ആശയമാണ്. മുനമ്പം നിവാസികളുടെ പൂര്‍വ്വികര്‍ ഒരു നൂറ്റാണ്ടിന് മുമ്പുമുതല്‍ അവിടെ ജീവിച്ചിരുന്നവരാണെന്ന വസ്തുത നിലനില്‍ക്കെ, ഇപ്പോള്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്നവര്‍ സ്ഥലം കയ്യേറ്റക്കാരാണ് എന്നാണ് ചര്‍ച്ചയിലെ പ്രധാന പ്രഭാഷകന്‍ പറഞ്ഞുവച്ചതെന്നാണ് വിമര്‍ശനം.

കെ.സി.ബി.സി ജാഗ്രതാ കമ്മീഷന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ:

മുനമ്പത്തെ പ്രശ്നപരിഹാരത്തിന് തടസം നില്‍ക്കുന്നതാര്?

ഫാ. ഡോ. മൈക്കിള്‍ പുളിക്കല്‍ CMI

സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷന്‍

വഖഫ് അവകാശവാദങ്ങളെ തുടര്‍ന്ന് പ്രതിസന്ധിയില്‍ അകപ്പെട്ട മുനമ്പം നിവാസികള്‍ പരിഹാരം ആവശ്യപ്പെട്ട് സമരം തുടരുന്നതിനിടെ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ വിവിധ മുസ്‌ളീം സംഘടനകള്‍ ഒരുമിച്ചുകൂടുകയും പ്രതികരണം അറിയിക്കുകയും ചെയ്തിരിക്കുന്നത് സ്വാഗതാര്‍ഹമാണ്. സാമുദായിക സ്പര്‍ധയുണ്ടാകുന്ന അവസ്ഥയിലേക്ക് മുന്നോട്ട് പോകാതെ നിയമപരമായും വസ്തുതാപരമായും സര്‍ക്കാര്‍ വിഷയം പരിഹരിക്കാന്‍ മുന്‍കൈയെടുക്കണം എന്നാണ് മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്. സമവായത്തിലെത്താനുള്ള ശ്രമങ്ങള്‍ക്കും സര്‍ക്കാര്‍ സ്വീകരിക്കുന്ന തീരുമാനങ്ങള്‍ക്കും പൂര്‍ണ്ണ സഹകരണമാണ് അവര്‍ വാഗ്ദാനം ചെയ്തിരിക്കുന്നത്.

ചെറായി - മുനമ്പം വഖഫ് അവകാശവാദങ്ങളെ തുടര്‍ന്നുള്ള ആശങ്കകള്‍ ഇനിയും പരിഹരിക്കപ്പെടാതെ തുടരുമ്പോള്‍ പ്രകടമായ ഒരു അനൈക്യം വിവിധ സമുദായങ്ങള്‍ക്കിടയില്‍ രൂപപ്പെടുന്നത് അത്യന്തം അപകടകരമായ ഒരു അവസ്ഥയാണ് എന്നതില്‍ തര്‍ക്കമില്ല. വഖഫ് അവകാശവാദം ഉയര്‍ത്തിയിരിക്കുന്ന പ്രദേശത്തെ അറുനൂറില്‍പരം കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുന്നതിനുള്ള യുക്തമായ ഇടപെടലുകളാണ് സര്‍ക്കാരിന്റെയും ജനപ്രതിനിധികളുടെയും സമുദായ സംഘടനകളുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടത്. അതേസമയം, രാഷ്ട്രീയമായും വര്‍ഗീയമായും ചേരിതിരിവുകള്‍ സൃഷ്ടിച്ച് പരസ്പരം പഴിചാരുകയും മുതലെടുപ്പ് ശ്രമങ്ങള്‍ നടത്തുകയും തെറ്റിദ്ധാരണകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നത് ആര്‍ക്കും ഗുണകരമല്ല. പ്രശ്‌നത്തിന്റെ പ്രാധാന്യത്തെയും അതിന്റെ വസ്തുതകളെയും യാഥാര്‍ഥ്യബോധത്തോടെ സമീപിക്കുന്നതിന് പകരം, വര്‍ഗീയ ധ്രുവീകരണവും വിദ്വേഷ ചിന്തകളും വളര്‍ത്തുന്ന വിധത്തിലുള്ള ഇടപെടലുകളും പ്രചാരണങ്ങളും നടത്തുന്നവര്‍ വലിയ ദ്രോഹം ചെയ്യുന്നത് പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന ആ സമൂഹത്തോടുതന്നെയാണ്.

രാഷ്ട്രീയപാര്‍ട്ടികളുടെ നിലപാടുകള്‍

കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവച്ചിരിക്കുന്ന വഖഫ് നിയമ ഭേദഗതി ബില്ലിനെ പ്രതിപക്ഷ പാര്‍ട്ടികള്‍ ഒന്നടങ്കം എതിര്‍ക്കുന്ന അതേ പശ്ചാത്തലത്തിലാണ് മുനമ്പം വഖഫ് അവകാശവാദം വിവാദമായി മാറിയിരിക്കുന്നത് എന്നതാണ് കേരളത്തിലെ ഇടത് വലത് രാഷ്ട്രീയ പാര്‍ട്ടികളെ ഒരുപോലെ വെട്ടിലാക്കിയിരിക്കുന്നത്. ഒരേസമയം ഇരയ്ക്കും വേട്ടക്കാര്‍ക്കും വേണ്ടി സംസാരിക്കേണ്ടി വരുന്ന വിചിത്രമായ സാഹചര്യമാണ് ഉടലെടുത്തിരിക്കുന്നത്. നിലവിലുള്ള വഖഫ് നിയമവും മുനമ്പം സ്വദേശികളുടെ പ്രതിസന്ധിയും പരസ്പരബന്ധമില്ലാത്തതാണ് എന്ന പൊള്ളയായ ആരോപണമാണ് ഇരുകൂട്ടരും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. മുനമ്പത്തെ ഭൂമി വഖഫ് ആണെന്ന് ഒരു മുസ്‌ളീം സംഘടനയും അവകാശപ്പെടുന്നില്ലെന്നും മുനമ്പം സ്വദേശികള്‍ക്ക് നീതി നടപ്പാക്കണമെന്നാണ് എല്ലാവരും ഒന്നുപോലെ ആഗ്രഹിക്കുന്നതെന്നും മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും, മുസ്‌ളീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയും സംസാരിച്ചത് കഴിഞ്ഞ ദിവസങ്ങളിലാണ്. അതേ നിലപാട് തന്നെ പലപ്പോഴായി ഭരണകക്ഷി നേതാക്കളും ആവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍, ഇതിന് തികച്ചും വിരുദ്ധമായ നിലപാട് ചില മുസ്ലീം സംഘടനകളും വഖഫ് ബോര്‍ഡും ആവര്‍ത്തിച്ചിരിക്കുന്നത് ഗൗരവമായി കാണേണ്ടതുണ്ട്.

ബിജെപിയും സംഘപരിവാര്‍ സംഘടനകളും മുനമ്പം നിവാസികളുടെ സമരത്തിന് നല്‍കുന്ന പിന്തുണയെ മറ്റു രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ വലിയ ആശങ്കയോടെയാണ് വീക്ഷിക്കുന്നത് എന്നതില്‍ തര്‍ക്കമില്ല. മുനമ്പം പ്രദേശവാസികള്‍ക്കുവേണ്ടി മുന്നിട്ടിറങ്ങാന്‍ ആരുമില്ലാതിരുന്ന സാഹചര്യത്തില്‍ അവര്‍ക്കുവേണ്ടി സംസാരിച്ചുതുടങ്ങുകയും തുടര്‍ന്ന് മുന്നിട്ടിറങ്ങുകയും ചെയ്ത കത്തോലിക്കാ സഭാ നേതൃത്വവും സംഘടനകളും പിന്നീട് മാത്രം ഈ വിഷയത്തില്‍ സജീവമായ ബിജെപി നേതൃത്വവുമായി ഒത്തുകളിക്കുകയാണ് എന്ന ആരോപണമാണ് കേരളത്തിലെ ഇടത് വലത് രാഷ്ട്രീയ അനുയായികള്‍ സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ആവര്‍ത്തിക്കുന്നത്. വ്യക്തമായ നിലപാട് സ്വീകരിക്കാനും നടപടികള്‍ കൈക്കൊള്ളാനും വരുത്തുന്ന അമാന്തമാണ് മുതലെടുപ്പുകള്‍ക്ക് അവസരങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് തിരിച്ചറിയാന്‍പോലും ഇടതു വലതു രാഷ്ട്രീയ നേതൃത്വങ്ങള്‍ക്ക് കഴിയാതെ പോകുന്നത് പരിതാപകരമാണ്.

മുസ്‌ളീം സംഘടനകളുടെ വിരുദ്ധാഭിപ്രായങ്ങള്‍

മുസ്‌ളീം സര്‍വീസ് സൊസൈറ്റിയുടെ സ്റ്റേറ്റ് കമ്മിറ്റി, മുനമ്പം ഭൂമിക്ക് മേലുള്ള വഖഫ് അവകാശവാദം അവര്‍ത്തിച്ചുകൊണ്ട് പ്രസ്താവന പ്രസിദ്ധീകരിച്ചത് ഒക്ടോബര്‍ 31 നാണ്. അതേ അവകാശവാദം പിഡിപിയും എസ്ഡിപിഐയും പോലുള്ള സംഘടനകള്‍ ആവര്‍ത്തിക്കുകയുണ്ടായി. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് മുനമ്പത്തെ ഭൂസംരക്ഷണ സമിതി പ്രതിനിധികള്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രി അബ്ദുറഹിമാനെ സന്ദര്‍ശിച്ചപ്പോള്‍ അവര്‍ക്കുമുന്നില്‍ അദ്ദേഹവും ആവര്‍ത്തിച്ചത് മുനമ്പത്തേത് വഖഫ് ഭൂമിയെന്ന അവകാശവാദമാണ്. ഈ വിഷയത്തില്‍ ജമാഅത്തെ ഇസ്ലാമിയുടെ മാധ്യമങ്ങള്‍, പ്രത്യേകമായി, മീഡിയ വണ്‍ ചാനല്‍ ഒക്ടോബര്‍ 31 ന് നടത്തിയ ചര്‍ച്ചയില്‍ ആദ്യന്തം സ്ഥാപിക്കാന്‍ ശ്രമിച്ചതും ഇതേ ആശയമാണ്. മുനമ്പം നിവാസികളുടെ പൂര്‍വ്വികര്‍ ഒരു നൂറ്റാണ്ടിന് മുമ്പുമുതല്‍ അവിടെ ജീവിച്ചിരുന്നവരാണെന്ന വസ്തുത നിലനില്‍ക്കെ, ഇപ്പോള്‍ അവകാശവാദം ഉന്നയിച്ചിരിക്കുന്നവര്‍ സ്ഥലം കയ്യേറ്റക്കാരാണ് എന്നാണ് ചര്‍ച്ചയിലെ പ്രധാന പ്രഭാഷകന്‍ പറഞ്ഞുവച്ചത്.

ചുരുക്കം ചില സാധാരണക്കാര്‍ കഴിഞ്ഞാല്‍ എറിയപങ്ക് ഭൂമിയും ഭൂ - റിസോര്‍ട്ട് മാഫിയകളുടെ കയ്യിലാണെന്ന പച്ചക്കള്ളവും ചിലര്‍ മാധ്യമങ്ങളിലൂടെ ആവര്‍ത്തിക്കുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് കൊച്ചിയിലെ വഖഫ് ആസ്ഥാനത്ത് നടന്ന ചര്‍ച്ചയില്‍ വഖഫ് ബോര്‍ഡ് എടുത്ത നിലപാട് 'മുനമ്പത്തെത് വഖഫ് ഭൂമി തന്നെയാണെന്നും വിഷയത്തെ നിയമപരമായി നേരിടുമെന്നു'മാണെന്ന് ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മുസ്ലീം ലീഗിന്റെ നേതൃത്വത്തിലുള്ള ചന്ദ്രിക ദിനപത്രം പോലും മുനമ്പത്തേത് വഖഫ് ഭൂമിയാണ് എന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നല്കിയിരുന്നു. ഈ വിവാദങ്ങള്‍ക്കിടയില്‍ ചങ്ങനാശ്ശേരി മഹല്ല് കമ്മിറ്റി ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നടത്തിയ പ്രസ്താവനയില്‍ ക്രൈസ്തവ സ്ഥാപനങ്ങളും സഭകളുടെ സ്വത്തുക്കളും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ സംവിധാനം നടപ്പാക്കണമെന്ന ആവശ്യവും മുന്നോട്ടുവച്ചിരുന്നു. ഇത്തരത്തിലുള്ള അതിരുകടന്ന അഭിപ്രായപ്രകടനങ്ങളും നിലപാടുകളിലെ വൈരുദ്ധ്യവും സാമൂഹികഐക്യം നഷ്ടപ്പെടുത്തുകയും പ്രശ്‌നത്തെ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുകയും പരിഹാരം ദുഷ്‌കരമാക്കുകയും ചെയ്യും.

രഹസ്യ ചര്‍ച്ചകളല്ല, വേണ്ടത് പരസ്യ പ്രതികരണങ്ങള്‍

സമീപകാലത്ത് രൂപീകരിക്കപ്പെട്ട ചില സംഘടനകളുടെ നേതൃത്വത്തില്‍ മുസ്ലീം സമുദായ പ്രതിനിധികള്‍ ആരംഭഘട്ടം മുതല്‍ പലപ്പോളായി ക്രൈസ്തവ നേതാക്കന്മാരുമായി സമവായ ചര്‍ച്ചകള്‍ക്ക് മുന്നിട്ടിറങ്ങുകയും മുനമ്പം വഖഫ് അവകാശവാദം നിലനില്‍ക്കുന്നതല്ലെന്ന് തുറന്നു സമ്മതിക്കുകയും ചെയ്തിരുന്നെങ്കിലും വിഷയം ഏറെ വഷളാകുന്നതുവരെ ആരുംതന്നെ പരസ്യപ്രതികരണത്തിന് തയ്യാറായില്ല. രഹസ്യമായി സമവായ ചര്‍ച്ചകള്‍ക്ക് എത്തി അനുനയിപ്പിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും, എന്നാല്‍ പരസ്യമായി ഈ വിഷയങ്ങളെ കുറിച്ച് ഇതുവരെയും നിശബ്ദത പാലിക്കുകയും ചെയ്ത നേതാക്കന്മാര്‍ക്ക് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്ന സാമൂഹിക അനൈക്യത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞു മാറാനാവില്ല.

സമുദായ നേതാക്കള്‍ അനീതിക്കും അവാസ്തവങ്ങള്‍ക്കും മുന്നില്‍ കണ്ണടക്കാതെ, നീതിക്കും സത്യത്തിനുമൊപ്പം നിലകൊള്ളാന്‍ സമുദായ അംഗങ്ങളെ ഉത്‌ബോധിപ്പിക്കുകയും സാമൂഹിക ഐക്യവും മനുഷ്യാവകാശങ്ങളും മുന്‍നിര്‍ത്തി പൊതുസമൂഹത്തോടും മാധ്യമങ്ങളോടും സംസാരിക്കാന്‍ തയ്യാറാവുകയും വേണം. സാദിഖ് അലി തങ്ങളുടെ നേതൃത്വത്തില്‍ ഒരുകൂട്ടം മുസ്‌ളീം നേതാക്കള്‍ നടത്തിയിരിക്കുന്ന പ്രതികരണത്തിന് വിപരീതമായ അഭിപ്രായങ്ങള്‍ പുലര്‍ത്തുകയും ആശയപ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്ന മറ്റു മുസ്‌ളീം സംഘടനകളും രാഷ്ട്രീയ നേതാക്കളും തങ്ങളുടെ നിലപാട് പുനഃപരിശോധിക്കുകയും തങ്ങളുടെ അനുയായികളെ ബോധവല്‍ക്കരിക്കുകയും ചെയ്യുന്നത് ഈ ഘട്ടത്തില്‍ ഉചിതമാണ്.

അടിയന്തരമായ സര്‍ക്കാര്‍ ഇടപെടലുകള്‍

കര്‍ണാടകയിലെ വിജയപുരയില്‍ 1200 ഏക്കര്‍ കൃഷിഭൂമി വഖഫ് ഭൂമിയായി വിജ്ഞാപനം ചെയ്തതിനെതിരെ ജനങ്ങള്‍ രംഗപ്രവേശം ചെയ്തപ്പോള്‍ നടപടി തിരുത്താന്‍ ഉടനടി കര്‍ണ്ണാടക സര്‍ക്കാര്‍ തീരുമാനമെടുത്തത് കഴിഞ്ഞ ദിവസമാണ്. സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള ഔദ്യോഗിക സമിതിയാണ് വഖഫ് ബോര്‍ഡ് എന്നതിനാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇടപെടലിന് വലിയ സാധ്യതയുണ്ട്. മുനമ്പം വിഷയത്തെ നിഷ്പക്ഷമായി സമീപിച്ചാല്‍ ആര്‍ക്കും വ്യക്തമാകുന്ന സത്യാവസ്ഥകള്‍ പരിഗണിച്ച് ഇപ്പോള്‍ വഖഫ് ബോര്‍ഡ് ഉന്നയിച്ചിരിക്കുന്ന അവകാശവാദങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറായാല്‍ ആ നിമിഷം ഈ പ്രതിസന്ധികള്‍ അവസാനിക്കും.

യുക്തമായ നിലപാട് സ്വീകരിച്ചുകൊണ്ടും നടപടികള്‍ക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കിക്കൊണ്ടും വളരെ മുമ്പേ തന്നെ അവസാനിപ്പിക്കാമായിരുന്ന ഒരു വിവാദത്തെ ഒരു സങ്കീര്‍ണ്ണ പ്രതിസന്ധിയാക്കിമാറ്റിയിരിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനങ്ങളുടെയും ജനപ്രതിനിധികളുടെയും നിഷ്‌ക്രിയാവസ്ഥയ്ക്ക് പങ്കുണ്ട്. തങ്ങള്‍ അകപ്പെട്ട പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താന്‍ ജനപ്രതിനിധികളെയും അധികാരികളെയും മന്ത്രിമാരെയും മാറിമാറി സമീപിച്ചുകൊണ്ടിരുന്ന മുനമ്പം ജനത അവസാന ഘട്ടത്തിലാണ് സമരമുഖത്തേയ്ക്കിറങ്ങിയത്. തങ്ങള്‍ക്ക് പലപ്പോഴായി പലരും നല്‍കിയ വാക്ക് പാലിക്കപ്പെടുന്നില്ല എന്ന് തിരിച്ചറിഞ്ഞ് മറ്റൊരു വഴിയുമില്ലാതെയാണ് അവര്‍ അപ്രകാരം ചെയ്തത്. ഈ വിഷയം പൊതുസമൂഹത്തിന് മുന്നില്‍ എത്തുന്നതിന് വളരെ മുമ്പുതന്നെ ഇപ്പോള്‍ പരസ്യ പ്രതികരണത്തിന് തയ്യാറായിരിക്കുന്ന പലര്‍ക്കും അതേക്കുറിച്ച് അറിയാമായിരുന്നു എന്നുള്ളതാണ് വാസ്തവം. പ്രക്ഷോഭത്തിനിറങ്ങിയാല്‍ മാത്രമേ ഒരു ന്യായമായ അതിജീവനപ്രശ്‌നം ഈ ജനാധിപത്യ രാജ്യത്ത് പരിഹരിക്കപ്പെടൂ എന്ന അവസ്ഥ ദയനീയമാണ്.

മതസൗഹാര്‍ദ്ദവും സഹവര്‍ത്തിത്വവും - സഭാ നിലപാട്

വഖഫ് അവകാശവാദ വിഷയത്തില്‍ മുനമ്പത്തെ അറുനൂറില്‍പരം കുടുംബങ്ങള്‍ക്ക് നീതി ലഭിക്കുക എന്ന ലക്ഷ്യമാണ് ആരംഭംമുതല്‍ കേരള കത്തോലിക്കാ സഭാനേതൃത്വത്തിനുള്ളത്. ഭൂമിയുടെമേല്‍ ഏകപക്ഷീയമായി അവകാശവാദം ഉന്നയിക്കുന്നതു നിമിത്തം ജനങ്ങള്‍ തെരുവിലേക്കിറങ്ങാന്‍ നിര്‍ബ്ബന്ധിതരാവുന്ന സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാതിരിക്കാന്‍ ആവശ്യമായ തിരുത്തലുകള്‍ നിലവിലുള്ള വഖഫ് നിയമത്തില്‍ ഉണ്ടാകണമെന്ന നിലപാടും കേരളകത്തോലിക്കാ സഭ വ്യക്തമാക്കിയിട്ടുണ്ട്. അതോടൊപ്പം തന്നെ, ഭരണഘടനാനുസൃതമായ മതസ്വാതന്ത്ര്യത്തിന് വിഘാതമാകുന്ന വിധത്തിലുള്ള നിയമങ്ങള്‍ ഒരു മതസമൂഹത്തിന് മേലും അടിച്ചേല്പിക്കപ്പെടാന്‍ പാടില്ല എന്നുള്ളതും സഭയുടെ എക്കാലത്തെയും നിലപാടാണ്.

മതസൗഹാര്‍ദ്ദവും സാമൂഹിക, സാമുദായിക സഹവര്‍ത്തിത്വവും ഉറപ്പുവരുത്താനുള്ള ഉത്തരവാദിത്തം എല്ലാ മതനേതൃത്വങ്ങള്‍ക്കും സാമുദായിക, രാഷ്ട്രീയ നേതൃത്വങ്ങള്‍ക്കും ഉണ്ട്. സമൂഹത്തില്‍ വിഭാഗീയതകള്‍ സൃഷ്ടിച്ചുകൊണ്ട് മുതലെടുപ്പുകള്‍ നടത്താനുള്ള ഒരു ശ്രമവും പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടുള്ളതല്ല. സാമുദായിക മൈത്രിയും മത സൗഹാര്‍ദ്ദവും ഒരു കൂട്ടുത്തരവാദിത്തമാണ്. എല്ലാ സമുദായ, രാഷ്ട്രീയ നേതൃത്വങ്ങളും ഇക്കാലഘട്ടത്തില്‍ ഈ ചുമതലയ്ക്ക് അടിയന്തിര പ്രാധാന്യം നല്‍കി ഉണര്‍ന്നു ചിന്തിക്കേണ്ടിയിരിക്കുന്നു. മുനമ്പം വിഷയത്തില്‍ ഒരു മതവിഭാഗവുമായി ബന്ധപ്പെട്ട ഒരു പ്രത്യേക നിയമം മറ്റു സമുദായ അംഗങ്ങളായ അനേകര്‍ക്ക് വലിയ പ്രതിസന്ധിക്ക് കാരണമായി മാറിയിരിക്കുന്നു എന്നത്, സമുദായങ്ങള്‍ തമ്മിലുള്ള സംഘര്‍ഷമായി വളരാതിരിക്കാനുള്ള ജാഗ്രത നേതൃത്വങ്ങള്‍ പുലര്‍ത്തേണ്ടിയിരിക്കുന്നു. പരിഹരിക്കപ്പെടാതെ നീളുന്ന പ്രതിസന്ധികളാണ് മുതലെടുപ്പുകള്‍ക്കുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കുന്നത് എന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞുകൊണ്ട്, എത്രയും വേഗം മുനമ്പം നിവാസികള്‍ക്ക് നീതി ലഭ്യമാക്കാന്‍ സര്‍ക്കാരും സമുദായ നേതൃത്വങ്ങളും തയ്യാറാകണം.

ശാശ്വതമായ പരിഹാരം മുനമ്പം നിവാസികള്‍ക്ക് ഉറപ്പുവരുത്താന്‍ സര്‍ക്കാരിനും സമുദായ നേതൃത്വങ്ങള്‍ക്കും കഴിയേണ്ടതുണ്ട്. ഇപ്പോഴുള്ള കോലാഹലങ്ങള്‍ ഒതുങ്ങിയതിന് ശേഷം നിയമത്തില്‍ അവശേഷിക്കുന്ന പഴുതുകള്‍ ഉപയോഗിച്ച് വീണ്ടും മറ്റാരെങ്കിലും അവരുടെ അവകാശത്തെ ചോദ്യം ചെയ്യാന്‍ തുനിഞ്ഞിറങ്ങിക്കൂടാ. അടിസ്ഥാന രഹിതമായ അവകാശവാദങ്ങള്‍ ഉന്നയിക്കപ്പെടുന്നതിലൂടെ പാവപ്പെട്ട ജനങ്ങളുടെ ജീവിതം പ്രതിസന്ധിയില്‍ അകപ്പെടുത്തപ്പെടുന്ന സംഭവങ്ങള്‍ക്ക് ഒരു ഉദാഹരണം മാത്രമാണ് മുനമ്പത്തെ സംഭവപരമ്പരകള്‍ എന്നുള്ള വസ്തുതയും ഇവിടെ പ്രസ്താവ്യമാണ്. ഇന്ത്യയില്‍ എവിടെയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും നിലവില്‍ പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുന്ന ജനങ്ങള്‍ക്ക് നീതിലഭിക്കാനും മുനമ്പം ജനതയുടെ അനുഭവം ഒരു പാഠമായിരിക്കട്ടെ.

Tags:    

Similar News