സര്‍ക്കാരിനേറ്റ തിരിച്ചടിയേക്കാളേറെ വെട്ടിലായത് പഠിതാക്കള്‍; റാങ്ക് പട്ടിക മാറി മറിഞ്ഞാല്‍ കണക്കുകൂട്ടലുകള്‍ തെറ്റുമെന്ന് ആശങ്ക; കീം പരീക്ഷാ ഫലം റദ്ദാക്കിയതിന് എതിരെ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍; സിംഗിള്‍ ബഞ്ച് വിധി റദ്ദാക്കി പ്രവേശന നടപടികള്‍ തുടരാന്‍ അനുമതി തേടി ഹൈക്കോടതി ഡിവിഷന്‍ ബഞ്ചില്‍

കീം പരീക്ഷാ ഫലം റദ്ദാക്കിയതിന് എതിരെ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍

Update: 2025-07-09 14:35 GMT

കൊച്ചി: എഞ്ചിനീയറിങ് പ്രവേശനത്തിനുള്ള കീം പരീക്ഷാ ഫലം റദ്ദാക്കിയതിന് എതിരെ അപ്പീലുമായി സംസ്ഥാന സര്‍ക്കാര്‍. സിംഗിള്‍ ബെഞ്ച് ഉത്തരവ് അടിയന്തരമായി റദ്ദാക്കി പ്രവേശന നടപടികളുമായി മുന്നോട്ട് പോകാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഡിവിഷന്‍ ബെഞ്ചില്‍ അപ്പീല്‍ നല്‍കിയത്. ഈ ഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കും.

സര്‍ക്കാറിന്റെ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് അംഗീകരിച്ചാല്‍ പുതിയ ഫോര്‍മുലയുമായി മുന്നോട്ടുപോകാം. എന്നാല്‍, അപ്പീല്‍ തള്ളിയാല്‍ പഴയ രീതിയിലേക്ക് മാറി റാങ്ക് പട്ടികയടക്കം മാറ്റേണ്ട സാഹചര്യമുണ്ടാകും. ഇതോടെ നടപടികള്‍ വൈകാന്‍ സാധ്യതയേറി. പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിള്‍ ബഞ്ച് കീം പരീക്ഷാ ഫലം റദ്ദാക്കിയത്. ജസ്റ്റീസ് ഡി കെ സിങ്ങിന്റേതാണ് ഉത്തരവ്. സര്‍ക്കാരിന് ഏറ്റ തിരിച്ചടിയേക്കാളേറെ ഉത്തരവ് കാരണം വിദ്യാര്‍ഥികളാണ് വെട്ടിലായത്.

മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്തുള്ള ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം. സിബിഎസ്ഇ സിലബസില്‍ പ്ലസ്ടു വിജയിച്ച വിദ്യാര്‍ഥിനി ഹന ഫാത്തിമയാണ് ഹര്‍ജി നല്‍കിയത്. മാര്‍ക്ക് ഏകീകരണത്തിനുള്ള പുതിയ സമവാക്യംമൂലം സിബിഎസ്ഇ വിദ്യാര്‍ഥികള്‍ക്ക് മുമ്പ് ഉണ്ടായിരുന്ന വെയിറ്റേജ് നഷ്ടമായെന്ന് ഹര്‍ജിയില്‍ പറയുന്നു. പരീക്ഷാ പ്രോസ്‌പെക്ടസിലെ നിര്‍ദേശത്തിനു വിരുദ്ധമാണ് പുതിയ സമവാക്യമെന്നും ചൂണ്ടിക്കാട്ടി. ഇത് ഹൈക്കോടതി അംഗീകരിച്ചു. ഈ സാഹചര്യത്തില്‍ പഴയ രീതിയില്‍ കാര്യങ്ങള്‍ കൊണ്ടു പോകാനാണ് നിര്‍ദ്ദേശം. വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്നും ഹൈക്കോടതി വിധിയില്‍ നിരീക്ഷിച്ചു.

എന്‍ട്രന്‍സ് പരീക്ഷയ്ക്കും പ്ലസ്ടുവിനും ലഭിച്ച മാര്‍ക്കുകള്‍ ഒരുമിച്ച് പരിഗണിച്ചാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു. മുന്‍ സമവാക്യപ്രകാരം തയ്യാറാക്കുമ്പോള്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ വിദ്യാര്‍ഥികളേക്കാള്‍ 15 മുതല്‍ 20 വരെ മാര്‍ക്ക് കുറയുന്നതായി പരാതി ഉണ്ടായിരുന്നു. തുടര്‍ന്നാണ് മാര്‍ക്ക് കുറയാത്തരീതിയില്‍ പുതിയ സമവാക്യം സര്‍ക്കാര്‍ കൊണ്ടുവന്നത്.

പ്ലസ്ടുമാര്‍ക്കും പ്രവേശന പരീക്ഷാ മാര്‍ക്കും ചേര്‍ത്ത് 600 മാര്‍ക്കിലാണ് പോയിന്റുനില നിശ്ചയിച്ചത്. പുതിയ വ്യവസ്ഥ പ്രോസ്പെക്ടസില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും അറിയിച്ചു. ഇതോടെ എന്‍ജിനിയറിങ് കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തില്‍ എല്ലാ സ്ട്രീമുകളിലെയും വിദ്യാര്‍ഥികള്‍ക്ക് തുല്യാവകാശം നല്‍കണമെന്ന് നിരീക്ഷിച്ച ഹൈക്കോടതി സ്റ്റേ ആവശ്യം നേരത്തെ തള്ളിയിരുന്നു. പക്ഷേ അന്തിമ ഫലം കീം ഫലത്തിന് എതിരാവുകയും ചെയ്തു.

മാര്‍ക്ക് ഏകീകരണത്തില്‍ വിദഗ്ധ സമിതി നല്‍കിയ ശുപാര്‍ശ മന്ത്രിസഭ അംഗീകരിച്ചതോടെ ഫലം പുറത്ത് വന്നിരുന്നു. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്നാട് മാതൃകയില്‍ മാര്‍ക്ക് ഏകികരണം നടപ്പാക്കാനായിരുന്നു മന്ത്രിസഭയോഗം തീരുമാനം. 2025 എഐസിടി അക്കാദമിക്ക് കലണ്ടര്‍ പ്രകാരം 2025 ഓഗസ്റ്റ് 14ന് ഉള്ളില്‍ ബിടെക് പ്രവേശന നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇതിനിടെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍ വരുന്നത്. എന്‍ജിനിയറിംഗ് പ്രവേശനത്തില്‍ കേന്ദ്രസിലബസിലെ വിദ്യാര്‍ത്ഥികളെ പിന്തള്ളുന്ന രീതിയില്‍ മാര്‍ക്ക് സമീകരിച്ചത് വിവേചനപരമായ നടപടിയാണെന്ന് കൗണ്‍സില്‍ ഒഫ് സി.ബി.എസ്.ഇ സ്‌കൂള്‍സ് കേരള ആരോപിച്ചിരുന്നു.

സംസ്ഥാന പരീക്ഷാബോര്‍ഡുകള്‍ വിഷയങ്ങള്‍ക്ക് നല്‍കുന്ന ശരാശരിമാര്‍ക്ക്, ശരാശരിയില്‍നിന്നുള്ള വ്യത്യാസം, ദേശീയതലത്തില്‍ വിഷയങ്ങള്‍ക്ക് ലഭിക്കുന്ന ശരാശരി, ശരാശരിയില്‍നിന്നുള്ള വ്യതിയാനം എന്നിവ കണക്കിലെടുക്കുന്ന ഫോര്‍മുലയാണ് 2024 വരെ എന്‍ജിനിയറിംഗ് പ്രവേശന മാനദണ്ഡമായി സ്വീകരിച്ചിരുന്നത്. സംസ്ഥാന ബോര്‍ഡുകളുടെ ഉയര്‍ന്ന മാര്‍ക്കുമാത്രം പരിഗണിക്കുന്ന രീതിയാണ് ഇക്കുറി സ്വീകരിച്ചത്.

കേന്ദ്ര സിലബസുകളില്‍ പൂര്‍ണമാര്‍ക്ക് നേടുക എളുപ്പമല്ലാത്തതിനാല്‍ സി.ബി.എസ്.ഇയില്‍ പഠിച്ചവര്‍ക്ക് ഇത് ദോഷകരമായി മാറി. സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികളെ പിന്നിലാക്കുന്ന വിധത്തില്‍ കൈക്കൊണ്ട മാര്‍ക്ക് പുനഃക്രമീകരണം ഉന്നത സ്‌കോര്‍ നേടി തുടര്‍പഠനത്തിന് തയ്യാറെടുത്തിരുന്ന ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളെ മാനസിക സമ്മര്‍ദ്ദത്തിലും പ്രതിസന്ധിയിലുമാക്കിയെന്നും ആരോപണമുണ്ടായിരുന്നു.

മെരിറ്റിന് തുല്യപ്രാധാന്യം നല്‍കാതെ കേന്ദ്ര സിലബസില്‍ പഠിച്ചതിനാല്‍ അര്‍ഹതപ്പെട്ട ഉന്നതപഠന പ്രവേശന പരീക്ഷമാനദണ്ഡങ്ങളില്‍ സി.ബി.എസ്.ഇ വിദ്യാര്‍ത്ഥികളോട് കാണിക്കുന്ന വിവേചനം ഖേദകരമാണെന്നും അഭിപ്രായം ഉയര്‍ന്നിരുന്നു. മികച്ച അക്കാഡമിക് നിലവാരമുള്ളവര്‍ക്ക് അര്‍ഹിക്കുന്ന ഉന്നതപഠനത്തിന് അവസരം ഉറപ്പാക്കണമെന്ന് നാഷണല്‍ കൗണ്‍സില്‍ ഒഫ് സി.ബി.എസ്.ഇ സ്‌കൂള്‍ സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിര രാജന്‍ ആവശ്യപ്പെട്ടിരുന്നു.

കീം പ്രവേശന പരീക്ഷയുടെ ട്രയല്‍ അലോട്ട്മെന്റ് ഒരാഴ്ചയ്ക്കകം പ്രസിദ്ധീകരിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചിരുന്നു. ട്രയല്‍ അലോട്ട്മെന്റിന് തൊട്ടടുത്ത ദിവസംതന്നെ ഒന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍. ആഗസ്ത് 13ന് അഡ്മിഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കും. പ്രവേശന പരീക്ഷയെഴുതിയ 86549 പേരില്‍ 67505 പേരാണ് റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടത്. ഇവരുടെ വിവിധങ്ങളായ വെയിറ്റേജുകള്‍ പരിഗണിച്ചാണ് അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുന്നത്.

ഈ വര്‍ഷം കേരള സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മികച്ച റാങ്ക് നേട്ടം കൈവരിക്കാനായി. അതേസമയം സിബിഎസ്ഇ, ഐസിഎസ്-ഇ സിലബസുകാരും തങ്ങളുടെ റാങ്കുകള്‍ മുന്‍വര്‍ഷത്തേത് പോലെ നിലനിര്‍ത്തിയെന്നാണ് വാദം. ആദ്യ 5000 പേരില്‍ കേരള സിലബസില്‍ പഠിച്ച 2539 പേര്‍ ഉള്‍പ്പെട്ടു. സിബിഎസ്ഇ, ഐസിഎസ്ഇ സിലബസുകളില്‍ പഠിച്ച 2220 പേരും പട്ടികയിലുണ്ട്. ആദ്യ പത്ത് റാങ്കുകാരില്‍ ആറുപേരും കേരള സിലബസിലെ വിദ്യാര്‍ഥികളായിരുന്നു.

2024ല്‍ ആദ്യ 5000ല്‍ കേരള സിലബസിലെ വിദ്യാര്‍ഥികളായ 2034 പേരായിരുന്നു ഇടംനേടിയത്. 2785 പേര്‍ സിബിഎസ്ഇ വിദ്യാര്‍ഥികളുമായിരുന്നു. മുന്‍ വര്‍ഷങ്ങളില്‍ എന്‍ജിനിയറിങ് പ്രവേശന പരീക്ഷയുടെ മാര്‍ക്ക് സമീകരണ രീതിയില്‍ കേരള സിലബസ് വിദ്യാര്‍ഥികള്‍ക്ക് സിബിഎസ്ഇ വിദ്യാര്‍ഥികളെക്കാള്‍ 15 മുതല്‍ 20 വരെ മാര്‍ക്ക് കുറയുന്നതായി പരാതി ഉയര്‍ന്നിരുന്നു. ഇപ്പോഴത്തെ കോടതി വിധിയോടെ വിദ്യാര്‍ഥികള്‍ ശരിക്കും വെട്ടിലായിരിക്കായാണ്.

Tags:    

Similar News