നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് വന്‍ പണം ചെലവഴിക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാറിന് പണി കൊടുത്തു കേന്ദ്രം; മൂന്ന് മാസത്തേക്ക് കടമെടുക്കാന്‍ ബാക്കിയുണ്ടായിരുന്ന 12,516 കോടി രൂപയില്‍നിന്ന് 6880 കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചു; കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും അധിക വായ്പ്പ എടുത്തെന്ന് കാണിച്ചു വെട്ടിക്കുറക്കല്‍ നടപടി; ക്ഷേമ പെന്‍ഷന്‍ വിതരണം പ്രതിസന്ധിയിലേക്കോ?

നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് വന്‍ പണം ചെലവഴിക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാറിന് പണി കൊടുത്തു കേന്ദ്രം

Update: 2025-12-18 01:48 GMT

തിരുവനന്തപുരം: തുടര്‍ഭരണം ലക്ഷ്യമിട്ടു സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് മേല്‍ കേന്ദ്ര സര്‍ക്കാറിന്റെ കടുംവെട്ട്. ക്ഷേമപെന്‍ഷനും ശമ്പള വര്‍ധനവും ഡിഎയും അടക്കം വിവിധ ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഇനി നന്നേ പാടുപെടേണ്ടി വരും. നിയമസഭാ തെരഞ്ഞെടുപ്പു ലക്ഷ്യമിട്ട് വന്‍ പണം ചെലവഴിക്കാന്‍ ലക്ഷ്യമിടുന്ന സര്‍ക്കാറിന് പണി കൊടുത്തു കേന്ദ്രം സര്‍ക്കാര്‍ തീരുമാനം. സംസ്ഥാന സര്‍ക്കാറിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതാണ് കേരള സര്‍ക്കാറിന് വലിയ തിരിച്ചടി ആയിരിക്കുന്നത്.

ഇനിയുള്ള 3 മാസത്തേക്ക് കടമെടുക്കാന്‍ ബാക്കിയുണ്ടായിരുന്ന 12,516 കോടി രൂപയില്‍നിന്ന് 6880 കോടി രൂപ ഒറ്റയടിക്ക് വെട്ടിക്കുറച്ചാണു കേന്ദ്ര ധനമന്ത്രാലയത്തിന്റെ കത്ത്. ബജറ്റിനു പുറത്ത് കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും അടക്കമുള്ള സ്ഥാപനങ്ങള്‍ അധിക വായ്പയെടുത്തു എന്ന കാരണമാണു ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാറിന്റെ നടപടി. ഇക്കാലയളവില്‍ ഇനി കടമെടുക്കാന്‍ കഴിയുക 5944 കോടി മാത്രമാകും. ഇതോടെ ക്ഷേമപെന്‍ഷന്‍ വിതരണം അടക്കം പ്രതിസന്ധിയിലാകുമോ എന്ന ആശങ്കയുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ട് ക്ഷേമപെന്‍ഷന്‍ സര്‍ക്കാര്‍ വര്‍ധിപ്പിച്ചിരുന്നു. ഇതു കൂടാതെ ശമ്പളവും ഡിഎയും അടക്കം നല്‍കേണ്ട അവസ്ഥയും ഉണ്ടാകും. നിര്‍മാണങ്ങള്‍ പൂര്‍ത്തിയാക്കുന്ന പദ്ധതികള്‍ക്കും പണം കണ്ടെത്തേണ്ടി വരും. ഇതെല്ലാം പ്രതിസന്ധിയിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തോടെ നീങ്ങുന്നത്.

ജനുവരി മുതല്‍ മാര്‍ച്ച് വരെ കരാറുകാര്‍ക്ക് അടക്കം ബില്ലുകള്‍ പാസാക്കി നല്‍കാന്‍ മാത്രം 20,000 കോടി വേണം. ശമ്പളവും പെന്‍ഷനും നല്‍കാന്‍ വേണ്ടത് 15,000 കോടിയിലേറെ. 2000 രൂപയായി വര്‍ധിപ്പിച്ച ക്ഷേമ പെന്‍ഷനും നല്‍കണം. നികുതി അടക്കമുള്ള വരുമാനങ്ങള്‍ കൊണ്ട് ഇതിനു കഴിയില്ലെന്നാണ് ധനവകുപ്പിന്റെ വിലയിരുത്തല്‍. സംസ്ഥാന സര്‍ക്കാര്‍ ഗാരന്റി നില്‍ക്കുന്ന സ്ഥാപനങ്ങള്‍ വായ്പകള്‍ തിരിച്ചടച്ചില്ലെങ്കില്‍ ഉപയോഗിക്കാനായുള്ള കരുതല്‍ഫണ്ട് രൂപീകരിക്കാത്തതിനാല്‍ 3300 കോടി രൂപ നേരത്തേ കടമെടുപ്പുപരിധിയില്‍നിന്നു കേന്ദ്രം വെട്ടിക്കുറച്ചിരുന്നു.

ആകെ ഗാരന്റി നില്‍ക്കുന്ന തുകയുടെ അര ശതമാനം വീതം 5 വര്‍ഷം കൊണ്ടു രണ്ടര ശതമാനം കരുതല്‍ ഫണ്ടില്‍ നിക്ഷേപിക്കാമെന്നു കേരളം സമ്മതിച്ചതോടെ തടഞ്ഞുവച്ച ഈ 3300 കോടി അനുവദിക്കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ രണ്ടര ശതമാനം തുകയും ഒറ്റയടിക്കു ഫണ്ടിലേക്കു മാറ്റണമെന്ന പുതിയ നിര്‍ദേശമെത്തിയതോടെ അക്കാര്യത്തിലും സര്‍ക്കാരിന്റെ പ്രതീക്ഷയറ്റു.

കേന്ദ്രസര്‍ക്കാര്‍ തൊഴിലുറപ്പ് നിയമം അടക്കം മാറ്റുന്ന അവസ്ഥയുണ്ട്. ഇതും കേരളത്തിനാണ് തിരിച്ചടിയുക്കുന്നത. തൊഴിലുറപ്പ് നിയമം ഭേദഗതി ചെയ്യുന്നതോടെ കേരളത്തില്‍ ലക്ഷങ്ങള്‍ പുറത്താകും. നിലവിലുള്ള 22 ലക്ഷം പേരില്‍ വലിയ പങ്കും പദ്ധതിക്ക് പുറത്താകുമെന്നാണ് വിലയിരുത്തല്‍. പദ്ധതിക്കുള്ള കേന്ദ്ര വിഹിതവും കുറയും. മറ്റ് കേന്ദ്ര പദ്ധതികളെ പോലെ കുടിശിക കൂടിയായാല്‍ പദ്ധതി പൂര്‍ണമായി നിര്‍ജ്ജീവമാകും.

മഹാത്മാ ഗാന്ധി ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിയമം പൊളിച്ച് വിബി ജി റാം ജി നിയമം വരുമ്പോള്‍ കേരളത്തില്‍ പദ്ധതിയെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് പേര്‍ക്കാണ് തിരിച്ചടിയാകുന്നത്. നിലവില്‍ അംഗങ്ങളായ 22 ലക്ഷം പേരില്‍ പകുതിയിലധികം പദ്ധതിക്ക് പുറത്തു പോകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. തൊഴില്‍ ദിനങ്ങള്‍ 125 ഉയര്‍ത്തുമെന്ന് ഭേദഗതി നിയമത്തില്‍ പറയുന്നുണ്ടെങ്കിലും, നിലവില്‍ ലഭിക്കുന്ന നൂറ് ദിവസം പോലും എത്താന്‍ സാധ്യത വിരളമാണ്.

പദ്ധതി നടപ്പാക്കുന്ന ഗ്രാമീണ മേഖലകള്‍ കേന്ദ്രമാണ് വിജ്ഞാപനം ചെയ്യുക. അതോടെ പദ്ധതി ചുരുങ്ങും. കാര്‍ഷിക സീസണില്‍ 60 ദിവസം വരെ തൊഴിലുറപ്പ് പാടില്ലെന്ന് നിബന്ധനയും തൊഴില്‍ ദിനങ്ങള്‍ കുറയ്ക്കും. തൊഴിലുറപ്പിലൂടെ നടപ്പാക്കിയിരുന്ന കാര്‍ഷിക ജോലികളെയും മാലിന്യ സംസ്‌കരണത്തെയും പുതിയ നിയമം ബാധിക്കും. നിലവില്‍ 4000 കോടി രൂപയാണ് തൊഴിലുറപ്പ് പദ്ധതിയുടെ വാര്‍ഷിക വിഹിതമായി കേരളത്തിന് ലഭിക്കുന്നത്.

പദ്ധതി ചെലവിന്റെ 40% സംസ്ഥാനം വഹിക്കണമെന്നാണ് പുതിയ നിബന്ധന. ഇതനുസരിച്ച് കേരളം 1600 കോടി രൂപ മുടക്കണം. കേന്ദ്ര ഫണ്ട് ഉപാധികളും ഉണ്ട്. നിശ്ചയിച്ചതിന്മപ്പുറം ചെലവായാല്‍ സംസ്ഥാനം വഹിക്കണം. വേതനം വൈകിയാല്‍ നഷ്ടപരിഹാരവും തൊഴിലില്ലെങ്കില്‍ അലവന്‍സും സംസ്ഥാനമാണ് നല്‍കേണ്ടത്. പുതിയ നിബന്ധനകള്‍ എല്ലാം തൊഴിലുറപ്പിനെ ആശ്രയിക്കുന്ന ലക്ഷക്കണക്കിന് പേര്‍ക്കും സംസ്ഥാനത്തിനും തിരിച്ചടിയാകുമെന്ന് ചുരുക്കം.

Tags:    

Similar News