'എംവി രാഘവന് സാധ്യമല്ലാത്തത് പുതിയകാലത്ത് സാധ്യമാകുമെന്ന് ആര്‍ക്കും സ്വപ്നം കാണാം; പക്ഷേ എട മോനെ, ഇത് വേറെ പാര്‍ട്ടിയാണ്, പോയി തരത്തില്‍ കളിക്ക്!' പി.വി അന്‍വറിനെതിരെ പോസ്റ്റുമായി മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി
എം വി രാഘവനെ പരാമര്‍ശിച്ചാണ് അന്‍വറിന്റെ പേര് പറയാതെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ്
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും സിപിഎമ്മിനുമെതിരെ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ച് എല്‍ഡിഎഫ് വിട്ട പി.വി അന്‍വര്‍ എംഎല്‍എയ്ക്ക് എതിരെ ഫേസ്ബുക്ക് പോസ്റ്റുമായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറി പി എം മനോജ്. പാര്‍ട്ടി വേറെ ലെവലാണെന്നും അന്‍വര്‍ തരത്തില്‍ പോയി കളിക്കണമെന്നുമാണ് ഫേസ്ബുക്ക് കുറിപ്പിലെ പരാമര്‍ശം. എംവി രാഘവന് സാധ്യമല്ലാത്തത് പുതിയകാലത്ത് സാധ്യമാകുമെന്ന് ആര്‍ക്കും സ്വപ്നം കാണാമെന്നും പിഎം മനോജ് പരിഹസിക്കുന്നു.
എം വി രാഘവന്റെ പൊതുയോഗങ്ങള്‍ കാണുന്ന ആര്‍ക്കും ഇനി സിപിഐഎം ഉണ്ടാകുമോ എന്ന് തോന്നുമായിരുന്നു. പക്ഷേ ഒന്നും സംഭവിച്ചില്ല. 1987 ല്‍ വന്‍ ഭൂരിപക്ഷം നേടി എല്‍ ഡി എഫ് വന്നു. എം വി ആറിന്റെ പാര്‍ട്ടി സഭയിലെ ഏകാംഗ കക്ഷിയായി. ഇത് വേറെ പാര്‍ട്ടിയാണെന്നും മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി ഫേസ്ബുക്കില്‍ കുറിക്കുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ അന്‍വര്‍ ആരോപണമുന്നയിക്കുമ്പോഴാണ് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും രാഷ്ട്രീയ പരാമര്‍ശവുമായി എഫ് ബി പോസ്റ്റ്.
എം വി രാഘവനെ പരാമര്‍ശിച്ചാണ് അന്‍വറിന്റെ പേര് പറയാതെയുള്ള ഫെയ്‌സ്ബുക്ക് പോസ്റ്റ്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന പ്രസ് സെക്രട്ടറിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ചട്ടവിരുദ്ധമാണെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു.
പിഎം മനോജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
എണ്‍പതുകളുടെ തുടക്കത്തില്‍ എന്റെ ഏറ്റവും പ്രിയപ്പെട്ട നേതാവ് എം വി ആര്‍ ആയിരുന്നു. ബദല്‍ രേഖ വന്നപ്പോഴും എം വി ആറിനോട് ആരാധന തന്നെ. അന്ന് സമരത്തില്‍ പങ്കെടുത്ത് അടിയും കൊണ്ട് തെറിയും കേട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടക്കുമ്പോള്‍ അവിടെ ജലക്ഷാമം രൂക്ഷം. എം വി ആര്‍ ജയിലില്‍ എത്തി.
ഞങ്ങളോട് വ്യക്തിപരമായ അന്വേഷണങ്ങള്‍. മുറിവുകള്‍. തൊട്ട് നോക്കി ആശ്വാസ വാക്കുകള്‍. ചികിത്സ നല്‍കാന്‍ ജയില്‍ സൂപ്രണ്ടിന് കഠിന നിര്‍ദേശം. അഞ്ചരക്കണ്ടിയില്‍ നിന്ന് വെള്ളം കൊണ്ടുവരാന്‍ ഉഗ്രശാസന..!
ഞങ്ങള്‍ ജയിലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ എം വി ആറിന്റെ പുതിയ പാര്‍ട്ടിയുടെ ഒരുക്കങ്ങള്‍ നടക്കുന്നു. നാടാകെ യോഗങ്ങള്‍. ഓരോന്നിലും വന്‍ ജനാവലി. അന്ന് ചാനലുകള്‍ ഇല്ല. പത്രങ്ങള്‍ വിധിയെഴുതി. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തീര്‍ന്നു!
എം വി ആറിന്റെ പൊതുയോഗങ്ങള്‍ കാണുന്ന ആര്‍ക്കും തോന്നുമായിരുന്നു. ഇനി സി പി ഐ എം ഉണ്ടാകുമോ എന്ന്.
ഒന്നും സംഭവിച്ചില്ല. 1987 ല്‍ വന്‍ ഭൂരിപക്ഷം നേടി എല്‍ ഡി എഫ് വന്നു. എം വി ആറിന്റെ പാര്‍ട്ടി സഭയിലെ ഏകാംഗ കക്ഷിയായി.
എം വി ആറിന് സാധിക്കാത്തത്.
ഈ പുതിയ കാലത്ത് സാധ്യമാകുമെന്ന് കരുതാന്‍ ആര്‍ക്കും സ്വപ്നാവകാശമുണ്ട്.
പക്ഷേ എട മോനെ
ഇത് വേറെ പാര്‍ട്ടിയാണ്.
പോയി തരത്തില്‍
കളിക്ക്!