കേരള തീരത്തു കണ്ടെയ്നര്‍ കപ്പല്‍ മുങ്ങിയതിന്റെ പാരിസ്ഥിതിക ചര്‍ച്ചകളുമായി ആഗോള മാധ്യമങ്ങള്‍; ചോദ്യമുനകള്‍ വിഴിഞ്ഞത്തേക്ക്; കണ്ടെയ്നര്‍ കൈകാര്യം ചെയ്യുന്നതില്‍ മാസങ്ങള്‍ മാത്രം പരിചയമുള്ള വിഴിഞ്ഞം പോര്‍ട്ടിന്റെ വീഴ്ചയുണ്ടായോ എന്നതു ലോകമാധ്യമങ്ങള്‍ക്ക് ചൂടന്‍ വിഷയം; മലയാളികളുടെ പല തലമുറയെ രോഗികളാക്കാന്‍ മുങ്ങിയ കപ്പലിന് ശേഷിയുണ്ടെന്ന ആശങ്ക ശക്തം; ലോകത്ത് ഏറ്റവും കൂടുതല്‍ മലിനമായ കടല്‍ കൊച്ചിയിലേതാകുമോ?
കണ്ടെയ്നര്‍ കപ്പല്‍ മുങ്ങിയതിന്റെ പാരിസ്ഥിതിക ചര്‍ച്ചകളുമായി ആഗോള മാധ്യമങ്ങ
ലണ്ടന്‍: ലൈബീരിയന്‍ ഉടമസ്ഥതയില്‍ ഉള്ള കണ്ടെയ്‌നര്‍ കപ്പല്‍ കേരള തീരത്തിന് വിളിപ്പാടകലെ മുങ്ങിയത് മലയാളിയെ തേടിയെത്തുന്ന ആദ്യ പാരിസ്ഥിതിക ദുരന്തമായി മാറുമോ എന്ന ആശങ്ക പങ്കിട്ടു ലോക മാധ്യമങ്ങളും പരിസ്ഥിതി സംഘടനകളും. സ്ഫോടനാത്മകമായ വിഷവസ്തുക്കളുമായി സഞ്ചരിച്ച കപ്പല്‍ മുങ്ങിയത് ലോകത്തിന്റെ ശ്രദ്ധയിലേക്ക് എത്തിക്കുകയാണ് ലോജിസ്റ്റിക് രംഗത്തെ വിദഗ്ധരും. സംഭവിക്കാന്‍ പാടില്ലാത്ത ദുരന്തമായി മാറുന്ന കപ്പല്‍ ഛേദത്തില്‍ കടലും കാലാവസ്ഥയും ഒക്കെയാണ് പ്രതികള്‍ എന്ന ആദ്യ പ്രതികരണം കേരളത്തില്‍ നിന്നും തന്നെ ഉണ്ടായെങ്കിലും പ്രവര്‍ത്തനം തുടങ്ങി മാസങ്ങള്‍ മാത്രം പിന്നിട്ട വിഴിഞ്ഞം പോര്‍ട്ടിന്റെ കാര്യശേഷിയും വൈദഗ്ധ്യവും ഒക്കെയാണ് ഇപ്പോള്‍ ചോദ്യമുനകളായി ഉയരുന്നത്. പ്രത്യേകിച്ചും കണ്ടെയ്‌നറുകള്‍ കപ്പലില്‍ ഉറപ്പിക്കുന്നതിലെ സാങ്കേതിക പരിജ്ഞാനം, ഇപ്പോള്‍ മുങ്ങിയ എംഎസ്സി എല്‍സ 3 പോലെ ഭാരം കയറ്റിയ കണ്ടെയ്‌നറുകളും ഒഴിഞ്ഞ കണ്ടെയ്‌നറുകളും ഒന്നിച്ചു വഹിക്കുമ്പോള്‍ പാലിക്കേണ്ട ബാലന്‍സിംഗ് തിയറിയും ഒക്കെ ഇപ്പോള്‍ വിഴിഞ്ഞം പോര്‍ട്ട് ഉത്തരം നല്‍കേണ്ട ചോദ്യമായി മാറുകയാണ്. കടലില്‍ കലര്‍ന്ന എണ്ണയും രാസമാലിന്യങ്ങളും ഉയര്‍ത്തുന്ന പാരിസ്ഥിതിക വിഷയങ്ങള്‍ റോയിട്ടേഴ്‌സ് ഏജന്‍സി ലോകമെങ്ങും എത്തിക്കുമ്പോള്‍ ബ്രിട്ടീഷ് മാധ്യമങ്ങളായ ദി ഹെറാള്‍ഡ്, സ്‌കോട്ടിഷ് നാഷണല്‍, ടൈംസ് ആന്‍ഡ് സ്റ്റാര്‍, ഡെറം ടൈംസ് എന്നിവയൊക്കെ 640 കണ്ടെയ്‌നറുകള്‍ കടലില്‍ എത്തിയതിന്റെ ദുരന്ത വ്യാപ്തിയാണ് വരച്ചു കാട്ടുന്നത്. വേള്‍ഡ് കാര്‍ഗോ ന്യൂസ്, ലോജിസ്റ്റിക് ഇന്‍സൈഡര്‍ പോലെയുള്ള പോര്‍ട്ടലുകള്‍ ദുരന്തത്തിന്റെ വിശദംശങ്ങള്‍ അടക്കമുള്ള റിപ്പോര്‍ട്ടുകളാണ് നല്കികൊണ്ടിരിക്കുന്നത്.
പ്രതികള്‍ കടലും കാലാവസ്ഥയും; ഒരു തലമുറയുടെ ആരോഗ്യത്തിനു ആരുത്തരം നല്‍കും?
എത്രയൊക്കെ ഉത്തരങ്ങളും വിശദീകരണങ്ങളും വന്നാല്‍ ആത്യന്തികമായി ആരാണ് ഉത്തരവാദി എന്ന ചോദ്യത്തില്‍ സര്‍ക്കാരും പോര്‍ട്ട് നിക്ഷേപക പങ്കാളിയും ഒക്കെ ഒഴിഞ്ഞുമാറാനുള്ള സാധ്യതയാണ് തുടക്കത്തിലേ കടലിനെയും കാലാവസ്ഥയെയും പ്രതിയാക്കി മാറ്റിയതില്‍ നിറയുന്നത്. ഓരോ വികസനവും ഓരോ ദുരന്തമായി മാറും എന്ന ചൊല്ല് വിഴിഞ്ഞത്തിന്റെ കാര്യത്തില്‍ ഏറ്റവും വേഗത്തില്‍ സംഭവിച്ചു എന്നാണ് എംഎസ്സി എല്‍സയുടെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്നത്. കപ്പലില്‍ കണ്ടെയ്‌നറുകള്‍ കയറ്റിയതിന്റെ ഉത്തരവാദിത്തം വിഴിഞ്ഞം പോര്‍ട്ടിനു ആണെന്ന് വ്യക്തമാകുമ്പോള്‍ ബാഹ്യ ശക്തികളുടെ ഇടപെടല്‍ ഈ ദുരന്തത്തില്‍ സംശയിക്കപ്പെടാന്‍ സാധ്യത കുറവാണെങ്കിലും അന്വേഷണ പരിധിയില്‍ എത്തേണ്ടതാണ് എന്ന വാദങ്ങളും ഉയര്‍ന്നു കഴിഞ്ഞു. ടോക്സിക് കപ്പലാണ് മുങ്ങിയത് എന്ന് തലക്കെട്ട് നല്‍കി അറബ് ന്യൂസ് അടക്കമുള്ള മാധ്യമങ്ങള്‍ ദുരന്തത്തിന്റെ വ്യാപ്തി ലോകത്തിന്റെ ശ്രദ്ധയില്‍ എത്തിക്കുമ്പോള്‍ മലയാള മാധ്യമങ്ങള്‍ ആറുമാസം മാത്രം പ്രാധാന്യമുള്ള നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിന് പിന്നാലെ പാഞ്ഞു സ്വയം പരിഹാസ്യരാകുകയാണ് എന്ന വിമര്‍ശനവും ഒരു തലയ്ക്കല്‍ ഉയര്‍ന്നിട്ടുണ്ട്.
വെള്ളവുമായി പ്രതിപ്രവര്‍ത്തനം നടത്തിയാല്‍ സ്ഫോടന തുല്യമായ തീഗോളങ്ങള്‍ വരെ രൂപപ്പെടുത്താന്‍ കഴിവുള്ള കാല്‍സ്യം കാര്‍ബൈഡ് അടക്കമുള്ള മനുഷ്യ ശരീരത്തിന് ദോഷമാകുന്ന അതി മാരക വിഷവസ്തുക്കള്‍ അടങ്ങിയ കണ്ടെയനറുകള്‍ ആണ് കൊച്ചി തീരത്തു ജലബോംബ് കണക്കെ ഒഴുകി നടക്കുന്നത് എന്ന ആശങ്ക ഏവരിലും ഉണ്ടെങ്കിലും ആരും അതിന്റെ തീവ്രത പുറത്തു പറയാന്‍ പോലും തയാറാകുന്നില്ല എന്നത് 40 വര്ഷം മുന്‍പുണ്ടായ ഭോപ്പാല്‍ ദുരന്ത ശേഷം നിശബ്ദമായി മാറിയ ഭരണകൂടങ്ങളെയാണ് ഓര്‍മ്മപ്പിക്കുന്നത്. അമേരിക്കന്‍ ഉടമസ്ഥതില്‍ ഉള്ള യൂണിയന്‍ കാര്‍ബൈഡ് എന്ന കുത്തക സ്ഥാപനത്തെ ഭോപ്പാലില്‍ നിന്നും രക്ഷപെടാന്‍ സഹായിച്ചത് ഇന്ത്യന്‍ സര്‍ക്കാരും ഉദ്യഗസ്ഥരും ആണെന്ന ആക്ഷേപം അന്നും ഇന്നും അന്തരീക്ഷത്തില്‍ നില്‍ക്കവേ ഇപ്പോള്‍ മുങ്ങിയ എംഎസ്സി എല്‍സ ദുരന്തത്തിന്റെ ഉത്തരവാദികള്‍ ആരെന്നതും അവര്‍ നിയമത്തിന്റെ മുന്നില്‍ എത്തുമോ എന്നതുമൊക്കെ ഒരുത്തരവും ഇല്ലാത്ത ചോദ്യങ്ങളായി മാറുകയാണ് അതിവേഗത്തില്‍ എന്ന് സംശയിക്കപ്പെടും വിധത്തില്‍ ഉള്ള പ്രതികരണമാണ് ഉത്തരവാദിത്തപ്പെട്ട കേന്ദ്രങ്ങളില്‍ നിന്നും പുറത്തു വരുന്നത്.
കടല്‍ കലര്‍ന്ന എണ്ണപപ്പടകള്‍ അടക്കമുള്ള മാലിന്യങ്ങള്‍ മനുഷ്യ ഭക്ഷ്യ ശൃംഖലയില്‍ കലരും എന്നുറപ്പായതോടെ മലയാളികളുടെ എത്ര തലമുറകളാകും ഈ കടല്‍ ദുരന്തത്തിന് ഇരകളായി മാറേണ്ടി വരിക എന്ന ചോദ്യവും ഇപ്പോള്‍ പലരും മറ്റു വിവാദങ്ങളില്‍ മുക്കി കളയാന്‍ വെമ്പല്‍ കൊള്ളുന്നവരാണ്. കടലില്‍ മുങ്ങിയ കപ്പലില്‍ നിന്നും അടര്‍ന്നു വീണ കണ്ടെയ്‌നറുകള്‍ ആലപ്പുഴ, എറണാകുളം, കൊല്ലം, തിരുവനന്തപുരം തീരവാസികള്‍ക്ക് സമീപ -വിദൂര ഭാവിയിലെ ദുരന്ത പേടകങ്ങളായി മാറുകയാണ് എന്ന മുന്നറിയിപ്പ് ശാസ്ത്ര ലോകം ഉയര്‍ത്തി കഴിഞ്ഞു. ദുരന്ത ശേഷവും അതിനെ നേരിടാനുള്ള വൈദഗ്ധ്യമില്ലായ്മ ലോകത്തെ ബോധ്യപ്പെടുത്തും വിധമുള്ള ''നനഞ്ഞ'' പ്രതികരണങ്ങളാണ് സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായതു എന്നതും ഭാവിയില്‍ ലോകം ചര്‍ച്ച ചെയ്യാന്‍ സാധ്യത ഏറെയാണ്. എണ്ണപ്പാട നക്കിയെടുക്കാന്‍ ശേഷിയുള്ള പൗഡറുകള്‍ വിമാനത്തില്‍ നിന്നും കടലില്‍ നിക്ഷേപിച്ചത് അടക്കമുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ടെങ്കിലും വെള്ളത്തില്‍ കലര്‍ന്ന അതി മാരക രാസപദാര്‍ത്ഥങ്ങള്‍ എങ്ങനെ കൈകാര്യം ചെയ്യും എന്നതില്‍ ആഗോള വൈദഗ്ധ്യം ഉള്ള ശാസ്ത്ര സംഘത്തിന്റെ സേവനം കൊച്ചിയില്‍ അനിവാര്യമായിരിക്കുകയാണ്. പക്ഷെ ഇതിനുള്ള നടപടിക്രമങ്ങള്‍ ഇനിയും ആരംഭിച്ചിട്ടില്ല എന്നതാണ് മലയാളികളെ ഞെട്ടിപ്പിക്കേണ്ടത്. പ്രത്യേകിച്ചും ഇത്തരം അതി തീവ്ര സ്വഭാവമുള്ള ദുരന്തങ്ങള്‍ ലോകത്തു തന്നെ അപൂര്‍വം ആയതിനാല്‍ അത് കൈകാര്യം ചെയ്യാനുള്ള വിഭവ ശേഷിയും അതിവേഗം ലഭ്യമാകുന്നതായിരിക്കില്ല.
രണ്ടാം ലോകയുദ്ധത്തില്‍ ജര്‍മന്‍ യുദ്ധക്കപ്പല്‍ ജോണ്‍ മാന്‍, 80 വര്ഷം മുന്‍പ് മെര്‍ക്കുറിയുമായി ജര്‍മ്മന്‍ മുങ്ങിക്കപ്പ , കൊച്ചിയുമായി താരതമ്യം ചെയുമ്പോള്‍ അളവ് തീരെ കുറവ്
ലോക മഹായുദ്ധത്തില്‍ ജര്‍മ്മന്‍ യുദ്ധ ക്കപ്പല്‍ കടലില്‍ താഴ്ന്നു മാരക രാസ മാലിന്യങ്ങള്‍ കലര്‍ന്നതും 1945 ല്‍ ജര്‍മ്മന്‍ മുങ്ങിക്കപ്പല്‍ കടലില്‍ താഴ്ന്നു 67 ടണ്‍ മെര്‍ക്കുറി കടലില്‍ കലര്‍ന്നതും ഒക്കെയാണ് കടലില്‍ എത്തിയ ഭീമന്‍ രാസ ദുരന്തങ്ങള്‍. പക്ഷെ ഇപ്പോള്‍ കൊച്ചിയില്‍ മുങ്ങിയ എല്‍സ എന്ന കപ്പലില്‍ ആയിരക്കണക്കിന് ടണ്‍ രാസമാലിന്യങ്ങള്‍ ഉണ്ടായിരുന്നു എന്ന വിവരം പുറത്തു വരുമ്പോള്‍ ലോകത്തിലെ ഏറ്റവും മലിനമായ കടലായി കൊച്ചി മാറാന്‍ ഉള്ള സാധ്യതയാണ് ശാസ്ത്ര ലോകം ഭയപ്പെടുന്നത്. തീരത്തേക്ക് കാലവര്‍ഷത്തില്‍ അടിച്ചു കയറുന്ന കടല്‍ വെള്ളം അതിമാരക രാസലായിനി ആയി മാറിയാല്‍ ലോകത്തിന് മുന്നിലേക്ക് കേരളം ഒരു ദുരന്ത ഭൂമിയായി മാറുന്നതാകും ഈ കാലാവര്‍ഷക്കാലം സമ്മാനിക്കുക. ദുരന്തത്തിന് ഒപ്പം തന്നെ കാലവര്‍ഷവും എത്തി എന്നത് ഈ സാധ്യതക്ക് വലിയ നിലയില്‍ ഉള്ള സംഭവനയാകും നല്‍കുക. ഇത്തരം കാര്യങ്ങളോട് പൊതുവെ മലയാളികള്‍ കാര്യമായ ഗൗരവം നല്‍കി പ്രതികരിക്കാറില്ല എന്നതും രാസ ദുരന്തത്തിന് അതിവേഗത്തില്‍ കടല്‍ തീരത്തേക്ക് എത്താനുള്ള സാധ്യതയും വര്‍ധിപ്പിക്കുകയാണ്.
ചുരുക്കത്തില്‍ രാസമാലിന്യങ്ങള്‍ വലിയ തോതില്‍ കടല്‍ ജലത്തില്‍ കലരുകയും അത് തീരത്തിനടുത്തു സംഭവിക്കുമ്പോള്‍ എങ്ങനെ ദുരന്ത ഭവിഷ്യത്ത് പരമാവധി കുറയ്ക്കുകയും ചെയ്യാം എന്ന കാര്യത്തില്‍ സംസ്ഥാന കേന്ദ്ര സര്‍ക്കാരുകള്‍ ഗോള്‍ഡന്‍ അവേഴ്സ് നഷ്ടമാക്കിയോ എന്ന ചോദ്യവും ഇപ്പോള്‍ ഉയരുകയാണ്. എണ്ണപ്പാട കടലില്‍ കലരുന്നത് സ്വാഭാവികമായി സംഭവിക്കുന്ന ദുരന്തം ആയതിനാല്‍ അത് കൈകാര്യം ചെയ്യുന്നതിലെ വൈദഗ്ധ്യം മിക്ക ലോക രാഷ്ട്രങ്ങളും നേടിയിട്ടുണ്ട്. ഇക്കാര്യത്തില്‍ കൊച്ചിയിലും നടപടികള്‍ വേഗത്തില്‍ ഉണ്ടാവുകയും ചെയ്തു എന്നാണ് വാര്‍ത്തകളില്‍ നിന്നും പുറം ലോകം അറിയുന്നത്. എന്നാല്‍ രാസ മാലിന്യത്തിന്റെ കാര്യത്തില്‍ എന്താണ് നടപടിക്രമങ്ങള്‍ എന്ന കാര്യത്തില്‍ ലോകത്തു തന്നെ വൈദഗ്ധ്യം നേടിയവരുടെ എണ്ണം വിരളമാണ് എന്നതും കൊച്ചി തീരവും മനുഷ്യരും നേരിടുന്ന ദുരന്തത്തിന്റെ വ്യാപ്തി കൂട്ടാന്‍ കാരണമായി മാറും.
തീരത്തു മുന്നറിയിപ്പ് ഫലപ്രദം, കടലിനെ എങ്ങനെ സുരക്ഷിതമാക്കും? മല്‍സ്യ കയറ്റുമതിയില്‍ വലിയ ഭീക്ഷണയിയായി രാസ കടല്‍ ജലം
കോസ്റ്റ് ഗാര്‍ഡ് അടക്കമുള്ള സംവിധാനവും ഇന്ത്യന്‍ നേവിയും ഒക്കെ ചേര്‍ന്ന് തീരമേഖലയില്‍ നിരീക്ഷണം ശക്തിപ്പെടുത്തിയെങ്കിലും കടലില്‍ കലര്‍ന്ന മാലിന്യങ്ങളെ എങ്ങനെ നിര്‍വീര്യമാക്കിയെടുക്കും എന്ന ചോദ്യമാണ് ലോക മാധ്യമങ്ങളുടെ പലതിന്റെയും തലക്കെട്ട്. മല്‍സ്യ സമ്പത്തിനെ അടക്കം കാലങ്ങളോളം ദോഷകരമായി ബാധിക്കാന്‍ മലിനമായ കടല്‍ ജലം കാരണമായി മാറും എന്നതും ലോകത്തിന്റെ ആശങ്കയായി മാറുന്നു. ഇതിനകം ഈ മാലിന്യങ്ങളുടെ ഇരകളായി മാറിയ മല്‍സ്യങ്ങള്‍ മനുഷ്യ ഭക്ഷ്യ ശ്രെണിയില്‍ എത്തുന്നത് വഴി കേരളത്തില്‍ മാത്രമല്ല വിദേശ കയറ്റുമതി വഴി ലോകമെങ്ങും ഈ രാസ മാലിന്യ മല്‍സ്യങ്ങള്‍ എത്താനും സാധ്യതയെറെ ആണ് എന്ന നിഗമനവും എത്തിക്കഴിഞ്ഞു. പ്രത്യേകിച്ചും ശ്രീലങ്കന്‍ തീരവും ഇപ്പോള്‍ അപകടം നടന്ന മേഖലയില്‍ നിന്നും അധികം ദൂരെ അല്ലാത്തത് വിപത്തു അങ്ങേട്ടേക്കും വ്യാപിക്കും എന്ന നിരീക്ഷണവും ശാസ്ത്ര മേഖലയില്‍ ഉള്ള പ്രസിദ്ധീകരണങ്ങള്‍ ചര്‍ച്ച ആക്കുന്നുണ്ട്. ഇതുവഴി ഇന്ത്യയില്‍ നിന്നും ശ്രീലങ്കയില്‍ നിന്നുമുള്ള മല്‍സ്യ കയറ്റുമതിയും ഭാവിയില്‍ പ്രതിസന്ധി നേരിടാന്‍ സാധ്യത ഏറെയാണ്. കടലില്‍ കലര്‍ന്ന രാസ വസ്തുക്കള്‍ മലിനമാക്കിയ ജലം പല സ്രോതസുകളിലൂടെ എങ്ങനെ മനുഷ്യരില്‍ എത്താതിരിക്കാന്‍ ഉള്ള കരുതല്‍ എടുക്കാം എന്ന കാര്യത്തിലാണ് ഇനി ശാസ്ത്ര ലോകത്തിന്റെ ശ്രദ്ധ പതിയേണ്ടത് എന്ന മുന്നറിയിപ്പും എത്തിക്കഴിഞ്ഞു.