മാനത്ത് ശവ്വാൽ അമ്പിളിക്കല തെളിഞ്ഞു; പള്ളികൾ ഉണർന്നു; പടക്കം പൊട്ടിച്ചും കൈയിൽ മൈലാഞ്ചി പുരട്ടിയും പെരുന്നാൾ ഗംഭീരമാക്കാൻ ഒരുങ്ങി കുട്ടികൾ; കേരളത്തിൽ നാളെ ചെറിയ പെരുന്നാൾ; പ്രാർത്ഥനയോടെ ഇസ്‌ലാം മത വിശ്വാസികൾ!

Update: 2025-03-30 14:30 GMT

തിരുവനന്തപുരം: മാനത്ത് ശവ്വാൽ അമ്പിളിക്കല തെളിഞ്ഞു. ഇതോടെ സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആചരിക്കും. ശവ്വാൽ മാസപ്പിറ ദൃശ്യമായതോടെ പള്ളികൾ എല്ലാം ഉണർന്നു വിശ്വാസികൾ പ്രാർത്ഥനകളിൽ മുഴുകി. കുട്ടികൾ പുതിയ കുപ്പായങ്ങൾ വാങ്ങിയും പടക്കം പൊട്ടിച്ചും കൈയിൽ മൈലാഞ്ചി പുരട്ടിയും പെരുന്നാൾ ഗംഭീരമാക്കാൻ ഒരുങ്ങുന്നു. വിവിധ ജില്ലകളിലെ നഗരങ്ങളിലെ പെരുന്നാൾ കച്ചവടവും പൊടിപൊടിക്കുകയാണ്.

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കും. റംസാൻ 29 പൂർത്തിയാക്കിയാണ് വിശ്വാസികൾ നാളെ ചെറിയ പെരുന്നാൾ ആഘോഷിക്കുന്നത്. മാസപ്പിറവി ദൃശ്യമായതായി സംയുക്ത മഹല്ല് ഖാസി ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവി എന്നിവർ അറിയിച്ചു.

കോഴിക്കോട് മാസപ്പിറവി ദൃശ്യമായെന്നാണ് ഇബ്രാഹീമുൽ ഖലീൽ ബുഖാരി തങ്ങൾ അറിയിച്ചത്. പാണക്കാട് മാസപ്പിറവി കണ്ടതായി സാദിഖലി ശിഹാബ് തങ്ങൾ അറിയിച്ചു. നന്തൻകോട് പള്ളിയുടെ മുകളിൽ മാസപ്പിറവി ദർശിച്ചെന്ന് പാളയം ഇമാം ഡോ. വി.പി സുഹൈബ് മൗലവിയും അറിയിച്ചു.

ലഹരിക്കെതിരായ ശക്തമായ പോരാട്ടം നടത്തണമെന്ന് മാസപ്പിറവി ദൃശ്യമായെന്ന് അറിയിച്ച് കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങൾ പറഞ്ഞു. പെരുന്നാൾ ആഘോഷങ്ങൾ മറ്റുള്ളവർക്ക് പ്രയാസം വരാതെ നടത്തണം, സ്നേഹബന്ധങ്ങൾ ഊട്ടിയുറപ്പിക്കണം, ദുരിതം അനുഭവിക്കുന്നവർക്ക് വേണ്ടി പ്രാർത്ഥിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ഞായറാഴ്ച ഈദുൽ ഫിത്ർ ആഘോഷിച്ചു. ഒമാനിൽ തിങ്കളാഴ്ചയാണ് ഈദുൽ ഫിത്ർ ആഘോഷിക്കുന്നത്. പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ ആഘോഷ പരിപാടികളാണ് ഗൾഫിലെങ്ങും നടന്നത്.

തിങ്കളാഴ്ച ചെറിയ പെരുന്നാൾ ആകുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നതിനാൽ വിശ്വാസികൾ നേരത്തെ ഒരുക്കം തുടങ്ങിയിരുന്നു. കുട്ടികൾ പടക്കം പൊട്ടിക്കാനും മൈലാ‍ഞ്ചി ഇടാനും ആരംഭിച്ചു. വിശപ്പും ദാഹവും അടക്കിപ്പിടിച്ച പകലുകൾക്ക് വിട പറഞ്ഞുകൊണ്ട് ഈദുൽ ഫിത്ർ ഗംഭീരമായി ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ. രാവിലെ മുതൽ വിവിധ സ്ഥലങ്ങളിൽ ഈദ് ഗാഹ് നടക്കും.

Tags:    

Similar News