വനനിയമ ഭേദഗതിയിലൂടെ വരുന്നത് 'ഫോറസ്റ്റ് രാജെ'ന്ന ആരോപണം ശക്തം; എതിര്‍പ്പുയര്‍ന്നിട്ടും ഗൗനിക്കാതെ വനം മന്ത്രി; ജോസ് കെ മാണിയുടെ ഉടക്കില്‍ മുഖ്യമന്ത്രി തിരുത്തുമെന്ന് പ്രതീക്ഷ; വനം മന്ത്രിക്ക് നേരം വെളുത്തിട്ടില്ലെന്ന് പറഞ്ഞ് പരിഹസിച്ചു ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയിലും
വനനിയമ ഭേദഗതിയിലൂടെ വരുന്നത് 'ഫോറസ്റ്റ് രാജെ'ന്ന ആരോപണം ശക്തം
കോഴിക്കോട്: സംസ്ഥാന സര്‍ക്കാറിന്റെ വനം നിയമ ഭേദഗതിക്കെതിരെ വിമര്‍ശനം വിവിധ കോണുകളില്‍ നിന്നും ഉയരുകയാണ്. എല്‍ഡിഎഫിനുള്ളിലും ആക്ഷേപം ശക്തമാണ്. ജോസ് കെ മാണി അടക്കം വിഷയത്തിലുള്ള എതിര്‍പ്പ് ശക്തമാക്കിയിട്ടുണ്ട്. ഇതിനിടെ മന്ത്രി ശശീന്ദ്രന്‍ വിഷയത്തില്‍ വനംവകുപ്പിനെ ന്യായീകരിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്. അതേസമയം ശക്തമായ ഭാഷയില്‍ പ്രതികരിച്ചു കൊണ്ട് താമരശ്ശേരി ബിഷപ്പ് മാര്‍ റമിജിയോസ് ഇഞ്ചനാനിയില്‍ രംഗത്തുവന്നു.
വനം മന്ത്രിക്ക് നേരം വെളുത്തിട്ടില്ല, അടിയന്തരാവസ്ഥകാലത്തെ പോലെയുള്ള നിയമമാണ് കൊണ്ടുവന്നിട്ടുള്ളത്. ഇതിനെതിരേ ശക്തമായ പ്രതിഷേധമുയരുമെന്നും ബിഷപ്പ് റെമിജിയോസ് ഇഞ്ചനാനിയില്‍ വ്യക്തമാക്കി. മതമേലധ്യക്ഷന്‍മാരില്‍ നിന്ന് കുറച്ച് കൂടി പക്വത പ്രതീക്ഷിക്കുന്നു എന്ന വനം മന്ത്രിയുടെ പ്രസ്ഥാവനയേയും ബിഷപ്പ് വിമര്‍ശിച്ചു. പക്വതയില്ലാതെ പെരുമാറുന്നത് ആരാണ്? ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ഞങ്ങളാണോ എന്നും ബിഷപ്പ് ചോദിച്ചു. ഈ നിയമം നിയമസഭയില്‍ പാസ്സാകും എന്ന് കരുതുന്നില്ലെന്നും ബിഷപ്പ് പറഞ്ഞു.
നേരത്തെ വിവാദങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്തിരിയണമെന്നാണ് സര്‍ക്കാരിന്റെ അഭ്യര്‍ത്ഥനയെന്നും കര്‍ഷക വിരുദ്ധമെന്നാണ് പലരും ഉന്നയിക്കുന്നതെന്നും മന്ത്രി ശശീന്ദ്രന്‍ പറഞ്ഞിരുന്നു. എല്ലാവരോടും സംസാരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാണെന്നും സര്‍ക്കാരിന് മുന്‍വിധിയില്ലെന്നും മന്ത്രി പറഞ്ഞു. ഇപ്പോഴത്തെ നിയമത്തില്‍ വനംവകുപ്പ് വാച്ചര്‍ക്ക് വാറന്റ് കൂടാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരമുണ്ടെന്നും ഈ അധികാരം എടുത്തുകളയുകയാണ് ഭേദഗതിയിലൂടെ ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു.
''ഭേദഗതി സംബന്ധിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. വനനിയമ ഭേദഗതി കുറ്റകൃത്യം ചെയ്യുന്നവര്‍ക്ക് ശിക്ഷ ഉറപ്പാക്കുന്നുണ്ട്. അതുകൊണ്ട് കുറ്റം ചെയ്യുന്നവര്‍ക്ക് പൊള്ളുമെന്നും എ.കെ ശശീന്ദ്രന്‍. കേരള കോണ്‍ഗ്രസ് നേതാക്കള്‍ റോഷി അഗസ്റ്റിനെ തള്ളിപ്പറയുകയാണോ എന്നറിയില്ല. റോഷി അഗസ്റ്റിന്‍ മന്ത്രിസഭാംഗമാണ്. അദ്ദേഹത്തിന് നോട്സ് കിട്ടിയിട്ടുണ്ട്. മതമേലധ്യക്ഷന്‍മാരില്‍ കുറച്ചുകൂടി പക്വത പ്രതീക്ഷിക്കുന്നു, എങ്കിലും അവര്‍ അവരുടെ ഉത്കണ്ഠയാണ് അറിയിക്കുന്നത്.' - മന്ത്രി കോഴിക്കോട്ട് പറഞ്ഞു.
വനപാലകര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കുന്നതാണ് ഭേദഗതിയെന്ന് കേള കര്‍ഷക കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള സ്വകാര്യഭൂമി തുച്ഛമായ വിലയ്ക്ക് വാങ്ങി വില്‍ക്കുന്ന മാഫിയാസംഘങ്ങള്‍ സജീവമാണെന്നും കര്‍ഷക കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. അതേസമയം വനനിയമ ഭേദഗതി കരട് പ്രസിദ്ധീകരിച്ചത് പൊതുജനാഭിപ്രായ സ്വരൂപീകരണത്തിനാണെന്നും അഭിപ്രായ സമന്വയത്തിലൂടെ മാത്രമേ അന്തിമ നിയമം തയ്യാറാക്കുകയുള്ളൂവെന്നും മന്ത്രി പ്രസ്താവിച്ചിരുന്നു.
അതേസമയം വനനിയമ ഭേദഗതി നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയെന്ന് ജോസ് കെ മാണി എം.പി വ്യക്തമാക്കി. നിലവിലെ ഭേദഗതി ജന വിരുദ്ധവും കര്‍ഷക വിരുദ്ധവുമാണ്. ആശങ്കകള്‍ മുഖ്യമന്ത്രിയുമായി പങ്ക് വെച്ചെന്നും, ഗൗരവമായി പരിശോധിക്കാമെന്ന് അദേഹം ഉറപ്പ് നല്‍കിയെന്നും മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ജോസ് കെ. മാണി പറഞ്ഞു.
ഭേദഗതിയിലെ വാറണ്ട് ഇല്ലാതെ അറസ്റ്റ് ചെയ്യാം എന്ന പുതിയ വ്യവസ്ഥയാണ് ഏറ്റവും ഗുരുതരം. ഇത് അധികാര ദുരുപയോഗത്തിന് വഴി വെക്കും. റിസര്‍വ്വ് ഫോറസ്റ്റ് അല്ലാത്ത മേഖലയില്‍ കൂടി നിയമം വ്യാപിപ്പിക്കുന്നത് പ്രശ്നം ഉണ്ടാക്കും മാങ്കുളം പോലെ തര്‍ക്കം നിലനില്‍ക്കുന്ന പ്രദേശങ്ങള്‍ ഉണ്ട്. ഇവിടെ നിയമം നടപ്പാക്കുന്നത് ജനവിരുദ്ധമാണ്. സര്‍ക്കാര്‍ കൊണ്ടുവരുന്ന നിയമത്തില്‍ മാറ്റം ഉണ്ടാക്കാനുള്ള ഇടപെടല്‍ ഉണ്ടാകും. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ കാരണമായത് കേരള കോണ്‍ഗ്രസിന്റെ നിലപാടാണ്.
വന്യമൃഗത്തെ വനത്തിനുള്ളില്‍ നിര്‍ത്തുക എന്നതതാണ് വനം വകുപ്പിന്റെ ചുമതല. കര്‍ഷകന്റെ ഭൂമിയിലേക്ക് മൃഗങ്ങള്‍ ഇറങ്ങി വന്നാല്‍ എന്ത് ചെയ്യും. കര്‍ഷകരുടെ ഭൂമിക്ക് സംരക്ഷണം നല്‍കേണ്ടതുണ്ട് എന്നും ജോസ് കെ. മാണി കൂട്ടിച്ചേര്‍ത്തു.
വിറകു പെറുക്കാന്‍ വനത്തില്‍ കയറിയാല്‍ പിഴ 25,000 രൂപ!
വനനിയമത്തിന്റെ സെക്ഷന്‍ 27, 62 വകുപ്പുകള്‍ പ്രകാരം വനത്തിനുള്ളില്‍ പ്രവേശിക്കുകയോ വിറക് ശേഖരിക്കുകയോ ചെയ്കാല്‍ 1000 രൂപ വരെയായിരുന്നു വനം വകുപ്പിന് ചുമത്താവുന്ന പിഴ. ഇത്തരം കാര്യങ്ങളില്‍ വനംവകുപ്പ് പലപ്പോഴും പിഴ ചുമത്തിയിരുന്നില്ല. പുതിയ നിയമം വരുന്നതോടെ പിഴ 25,000 രൂപയായി ഉയരും.
വനത്തിലൂടെ സഞ്ചരിക്കുന്നതും വനാതിര്‍ത്തികളിലൂടെ ഒഴുകുന്ന പുഴയില്‍ കുളിക്കുന്നതും മീന്‍ പിടിക്കുന്നതും വളര്‍ത്തുമൃഗങ്ങളെ മേയ്ക്കുന്നതും വലിയ പിഴ ചുമത്താവുന്ന കുറ്റകൃത്യങ്ങളായി മാറും. വനത്തിനുള്ളില്‍ അനുമതിയില്ലാതെ പ്രവേശിച്ചാല്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനുള്ള അധികാരവും പുതിയ നിയമം വനംവകുപ്പിന് നല്‍കുന്നു.
1961 ലെ വനനിയമത്തിലെ സെക്ഷന്‍ 27, 52, 61, 63 തുടങ്ങിയ വകുപ്പുകളുടെ ഭേദഗതികളാണ് ജനങ്ങളില്‍ കടുത്ത പ്രതിഷേധം ഉയര്‍ത്തിയിരിക്കുന്നത്. വനനിയമ ലംഘനത്തിന് ഇപ്പോള്‍ ചുമത്തുന്ന പിഴയൊന്നും പോരെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായം. മുമ്പ് ആയിരം രൂപ ഈടാക്കിയിരുന്ന കുറ്റകൃത്യങ്ങള്‍ക്കുള്ള പിഴ 5000 രൂപയാക്കി ഉയര്‍ത്തി.
5000 രൂപ പിഴ ഉണ്ടായിരുന്നത് 25000 രൂപയാക്കി വര്‍ധിപ്പിച്ചു. സാധാരണ ജനങ്ങളെ പിഴിയാനും പിടിച്ചുപറിയിലൂടെ സര്‍ക്കാരിന്റെ വരുമാനം കൂട്ടാനുമാണ് ഓരോ വിഭാഗത്തിലുമുള്ള പിഴതുക അഞ്ചിരട്ടിയാക്കി വര്‍ധിപ്പിച്ചതെന്നതാണ് ഉയരുന്ന പ്രധാന ആക്ഷേപം. വനാതിര്‍ത്തിയില്‍ നിന്ന് അറിയാതെ വനത്തിനുള്ളില്‍ കടക്കുന്നതിനും വിറകു ശേഖരിക്കുന്നതിനും പശുവിനെ മേയ്ക്കുന്നതിനുമെല്ലാം പിഴ ഈടാക്കാന്‍ ഇനി വനപാലകര്‍ക്കാകും.
വനമേഖലയില്‍ കയറി പുല്ലു ചെത്തിയാലും വനാതിര്‍ത്തിയിലുള്ള പുഴയില്‍ നിന്നു മീന്‍ പിടിച്ചാലും വന്യമൃഗത്തിന്റെ നിര്‍വചനത്തിന്റെ പരിധിയില്‍ വരുന്ന മൃഗങ്ങള്‍ക്ക് തീറ്റ കൊടുത്താലും പിഴ കൊടുക്കണം. ആദിവാസികള്‍ ഔഷധത്തിനും ചികിത്സയ്ക്കും വേണ്ടി മരത്തിന്റെ പുറംതൊലിയെടുത്താല്‍ പുതിയ നിയമത്തില്‍ അതും കൊടുംകുറ്റമാകും. വനത്തോടു ചേര്‍ന്നു കിടക്കുന്ന മലയോരങ്ങളിലെ കര്‍ഷകരെയും ആദിവാസി ജനവിഭാഗങ്ങളെയും ഞെരുക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് സെക്ഷന്‍ 27 ന്റെ ഭേദഗതി.
1961 ലെ വനനിയമത്തില്‍ പുതുതായി എഴുതി ചേര്‍ത്ത സെക്ഷന്‍ 63 ന്റെ രണ്ടാം ഉപവകുപ്പ് കൂടുതല്‍ ആപത്കരമാണ്. ഈ വകുപ്പു പ്രകാരം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസറുടെ റാങ്കില്‍ കുറയാത്ത ഏതൊരു ഫോറസ്റ്റ് ഓഫീസര്‍ക്കും ആ ഓഫീസറെയോ അയാളുടെ കീഴുദ്യോഗസ്ഥരെയോ ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തി എന്ന പേരില്‍ മജിസ്ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതിയോ വാറന്റോ ഇല്ലാതെ അറസ്റ്റ് ചെയ്യുകയും കസ്റ്റഡിയില്‍ വയ്ക്കുകയും ചെയ്യാം. നിയമപരമായ കസ്റ്റഡിയില്‍ നിന്നു ചാടിപ്പോകുന്ന ആളെയും ഈ വകുപ്പു പ്രകാരം മുന്‍കൂര്‍ അനുമതിയില്ലാതെ അറസ്റ്റു ചെയ്യാം.
കോതമംഗലത്തെ കുട്ടമ്പുഴയില്‍ എല്‍ദോസ് വര്‍ഗീസിനെ കഴിഞ്ഞയാഴ്ച കാട്ടാന ചവിട്ടി കൊന്നത് ജനങ്ങളുടെ വന്‍ പ്രതിക്ഷേധത്തിന് ഇടയാക്കിയിരുന്നു. വന്യജീവി ആക്രമണത്തില്‍ നിരന്തരമുണ്ടാകുന്ന മരണങ്ങളില്‍ ഇടുക്കിയിലെയും വയനാട്ടിലെയും വനവുമായി അതിര്‍ത്തി പങ്കിടുന്ന മറ്റു മേഖലകളിലെയും ജനകീയ പ്രക്ഷോഭങ്ങള്‍ ശക്തി പ്രാപിക്കുകയാണ്. ഇത്തരം പ്രതിഷേധ സമരങ്ങളെ നിശബ്ദമാക്കാനുള്ള ഗൂഢശ്രമമാണ് ഈ ഭേദഗതിക്കു പിന്നിലെന്ന് വ്യാപക ആക്ഷേപമുണ്ട്.
സെക്ഷന്‍ 61 ന്റെ ഒന്നാം ഉപവകുപ്പിന്റെ ഭേദഗതി പ്രകാരം ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കു വരെ അറസ്റ്റു ചെയ്യാം. വനപാലകന് ഒരു സംശയം തോന്നിയാല്‍ മതി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കോ അല്ലെങ്കില്‍ അതില്‍ കുറയാത്ത റാങ്കുള്ള ഫോറസ്റ്റ് ഓഫീസര്‍ക്കോ അല്ലെങ്കില്‍ ഏതെങ്കിലും പോലീസ് ഓഫീസര്‍ക്കോ ഒരു വ്യക്തി വന നിയമത്തിന്റെ ലംഘനവുമായി ബന്ധപ്പെട്ട കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ന്യായമായ സംശയം തോന്നിയാല്‍ മജിസ്ട്രേറ്റിന്റെ മുന്‍കൂട്ടിയുള്ള അനുവാദമോ വാറന്റോ ഇല്ലാതെ അറസ്റ്റ് ചെയ്യാം. , അയാള്‍ക്കെതിരേ ചുമത്തപ്പെട്ടേക്കാവുന്ന കുറ്റകൃത്യങ്ങള്‍ക്കു മേലുള്ള വിചാരണയ്ക്കു ഹാജരാകുമെന്ന് ബോധ്യമില്ലാത്ത സാഹചര്യത്തില്‍ ഇങ്ങനെ ചെയ്യാം എന്നാണ് ഭേദഗതി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്കു പോലും സംശയത്തിന്റെ പേരില്‍ വാറന്റില്ലാതെ അറസ്റ്റ് ചെയ്യാമെന്ന വ്യവസ്ഥ കര്‍ഷകരെ ഭയപ്പെടുത്താന്‍ ലക്ഷ്യമിട്ടുള്ളതാണ്.
സെക്ഷന്‍ 63 ന്റെ ഉപവകുപ്പ് മൂന്നു പ്രകാരം അറസ്റ്റു ചെയ്യപ്പെടുന്ന ഏതൊരു വ്യക്തിയെയും കഴിയുന്ന വേഗത്തില്‍ അറസ്റ്റിന്റെ കാരണം ബോധ്യപ്പെടുത്തുകയും കാലതാമസം കൂടാതെ യഥാവിധി ഏറ്റവും അടുത്തുള്ള ഫോറസ്റ്റ് സ്റ്റേഷനിലോ പോലീസ് സ്റ്റേഷനിലോ അതതിന്റെ ചുമതലയുള്ള ഓഫീസര്‍ക്കു മുമ്പാകെയോ അന്വേഷണ ഉദ്യോഗസ്ഥന്റെ മുന്നിലോ ഹാജരാക്കുകയും വേണം. ബന്ധപ്പെട്ട ഓഫീസര്‍ നിയമപരമായ മേല്‍ നടപടി സ്വീകരിക്കുകയും വേണം. ഈ നിയമത്തിന്‍ കീഴിലുള്ള എല്ലാ അറസ്റ്റുകളും 2023ലെ ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരമുള്ള നടപടി ക്രമങ്ങള്‍ പാലിച്ചു കൊണ്ടായിരിക്കണം. വനനിയമ ഭേദഗതി സംബന്ധിച്ച് നവംബര്‍ ഒന്നിന് ഗസറ്റ് വിജ്ഞാപനം വന്നിരുന്നു. ബില്ലിന് മന്ത്രിസഭ അംഗീകാരവും നല്‍കിയിരുന്നു. ജനുവരിയില്‍ ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ ബില്‍ നിയമമാക്കാനുള്ള തയ്യാറെടുപ്പിലാണ് വനംവകുപ്പ്.