മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കോടതി ഉത്തരവുകളടക്കം ഉണ്ടായിരിക്കെ കമീഷനെ വെച്ചത് എന്ത് അധികാരത്തില്‍? ഭൂമി അങ്ങനെയല്ലെന്ന് സര്‍ക്കാറിനും ഫാറൂഖ് കോളജിനും പറയാന്‍ കഴിയുമോ? ഹൈക്കോടതിയുടെ ചോദ്യങ്ങളില്‍ വെട്ടിലായി സര്‍ക്കാര്‍; മുനമ്പം വിഷയത്തില്‍ പരിഹാരം അകലെ

മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കോടതി ഉത്തരവുകളടക്കം ഉണ്ടായിരിക്കെ കമീഷനെ വെച്ചത് എന്ത് അധികാരത്തില്‍?

Update: 2025-02-04 02:14 GMT

കൊച്ചി: മുനമ്പത്തേത് വഖഫ് ഭൂമിയാണെന്ന കോടതി ഉത്തരവുകളടക്കം സര്‍ക്കാറിന്റെ മുന്നിലുള്ളപ്പോള്‍ ഇതിന്റെ സാധുത പരിശോധിക്കാന്‍ അന്വേഷണ കമീഷനെ നിയമിക്കാന്‍ സര്‍ക്കാറിന് എന്ത് അധികാരമെന്ന് ആവര്‍ത്തിച്ച് ഹൈകോടതി ചോദ്യം ഉയര്‍ത്തിയതോടെ വെട്ടിലായി സര്‍ക്കാര്‍. മുനമ്പം കമ്മീഷന്റെ നിയമനവും പ്രവര്‍ത്തനവും ഇതോടെ അവതാളത്തിലായി.

വഖഫ് എന്ന് സിവില്‍ കോടതിയും ഹൈകോടതി ഡിവിഷന്‍ ബെഞ്ചും വിധിച്ച ഭൂമി അങ്ങനെയല്ലെന്ന് സര്‍ക്കാറിനും ഫാറൂഖ് കോളജിനും പറയാന്‍ കഴിയുമോയെന്ന് കോടതി ചോദിച്ചു. വഖഫ് ബോര്‍ഡിന്റെ ഉത്തരവ് അന്തിമമാണെന്നിരിക്കെ ഇതില്‍ ഭേദഗതി വരുത്താതെ എങ്ങനെയാണ് കമീഷനെ നിയമിക്കാനാവുക. നിയമപരമായ ഉത്തരവ് എങ്ങനെയാണ് സര്‍ക്കാറിന് മാറ്റാനാവുക. പ്രതിഷേധിക്കുന്ന ചിലരുടെ കൈവശം ഈ ഭൂമിയുണ്ടെന്നതിന്റെ പേരില്‍ എങ്ങനെയാണ് ആ ഭൂമിയുടെ അവകാശം അവര്‍ക്കുണ്ടെന്ന് സാധൂകരിക്കാനാവുകയെന്നും ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് വാക്കാല്‍ ചോദിച്ചു.

വഖഫ് സ്വത്ത് വാങ്ങാന്‍ ആര്‍ക്കാണ് അവകാശമുള്ളത് വഖഫ് ട്രൈബ്യൂണലിന്റെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ എങ്ങനെ കമീഷന്‍ സാധ്യമാകും വഖഫ് സ്വത്ത് അധികാരമില്ലാതെ വിറ്റു. അത് ചിലര്‍ വാങ്ങി താമസിക്കുന്നു. വഖഫ് സ്വത്ത് എന്ന നിലയില്‍ നടപടി ആരംഭിച്ചപ്പോള്‍ ഇവര്‍ പ്രതിഷേധിക്കുന്നുവെന്ന പേരില്‍ ഇതെങ്ങനെ പൊതു പ്രാധാന്യമുള്ള വിഷയമാകും കമീഷന് എന്ത് ശിപാര്‍ശയാണ് മുന്നോട്ടു വെക്കാനാവുകയെന്നും കോടതി ചോദിച്ചു.

മുനമ്പം വഖഫ് ഭൂമിയുമായി ബന്ധപ്പെട്ട് കമീഷനെ നിയോഗിച്ചത് ചോദ്യം ചെയ്യുന്ന ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. ഹൈകോടതിയില്‍ കേസുള്ളതിനാല്‍ ജുഡീഷ്യല്‍ കമീഷന്‍ പ്രവര്‍ത്തനം നിര്‍ത്തിവെച്ചെന്ന് അറിഞ്ഞതായി കക്ഷികള്‍ അറിയിച്ചു. പൊതു പ്രാധാന്യത്തിന്റെ പേരില്‍ മുനമ്പത്തെ വഖഫ് ഭൂമിയിലെ താമസക്കാരെ എങ്ങനെ സംരക്ഷിക്കാനാവും എന്നതുസംബന്ധിച്ച് പരിശോധിക്കാനാണ് സര്‍ക്കാര്‍ കമീഷനെ നിയമിച്ചതെന്ന് ഹരജിക്കാര്‍ പറഞ്ഞു. വഖഫ് ഭൂമിയാണെന്ന് നിയമപരമായി ഉത്തരവുകളുള്ള സാഹചര്യത്തില്‍ അവിടെ നിലവിലുള്ളതെല്ലാം കൈയേറ്റമാണ്.

കൈയേറ്റക്കാരുടെ എന്ത് അവകാശം സംരക്ഷിക്കാനാണ് സര്‍ക്കാറിന് ബാധ്യതയുള്ളത്. നിയമപരമായി തീരുമാനിച്ച കാര്യത്തില്‍ സര്‍ക്കാറിന് പുനഃപരിശോധന സാധ്യമല്ല. സര്‍ക്കാര്‍ നടപടി നിയമവാഴ്ചക്കും ധാര്‍മികതക്കും എതിരാണ്. സാധുതയുള്ള ഒരു രേഖയുമില്ലാതെ ഭൂമി കൈയേറിയവര്‍ക്ക് എന്ത് അവകാശമാണുള്ളതെന്നും ഹരജിക്കാര്‍ ചോദിച്ചു.

വ്യവഹാര കാര്യസ്ഥന് കോളജ് മാനേജ്‌മെന്റിന്റെ പേരില്‍ സത്യവാങ്മൂലം നല്‍കാന്‍ അധികാരമില്ലെന്ന വാദമാണ് കോളജിന് അനുകൂലമായി ഉയര്‍ന്നത്. ഭൂമി വഖഫ് ഭൂമിയല്ലെന്നും ഇഷ്ടദാനം നല്‍കിയതാണെന്നുമടക്കം ചൂണ്ടിക്കാട്ടി മാനേജ്‌മെന്റിന് അനുകൂലമായി കക്ഷി ചേരാന്‍ നല്‍കിയ അപേക്ഷകളും കോടതി പരിഗണിച്ചു. തുടര്‍ന്നാണ് എതിര്‍ വിശദീകരണങ്ങളുണ്ടെങ്കില്‍ സമര്‍പ്പിക്കാന്‍ സമയം അനുവദിച്ച് കോടതി വിഷയം വ്യാഴാഴ്ചത്തേക്ക് മാറ്റിയത്.

അതേസമയം മുനമ്പം ഭൂമി തര്‍ക്കം പഠിക്കാന്‍ വേണ്ടി നിയോഗിച്ച മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനം തത്ക്കാലത്തേക്ക് നിര്‍ത്തിവച്ചിട്ടുണ്ട്. കമ്മിഷന്റെ പ്രവര്‍ത്തനത്തെ ചോദ്യം ചെയ്തുള്ള ഹൈക്കോടതിയിലെ കേസ് തീര്‍പ്പാക്കിയ ശേഷം തുടര്‍നടപടികള്‍ ആരംഭിക്കുക എന്ന് മുനമ്പം കമ്മീഷന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു. കേസ് പെട്ടെന്ന് തീര്‍പ്പാക്കിയാല്‍ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. കമ്മിഷന്റെ പ്രവര്‍ത്തനം നിയമ പ്രകാരം ആണ്. എന്‍ക്വയറി ആക്ട് പ്രകാരമാണ് കമ്മീഷന്‍ രൂപീകരിച്ചത്. സര്‍ക്കാരിന്റെ വശം സര്‍ക്കാര്‍ പറയുമെന്നും ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ പറഞ്ഞു.

Tags:    

Similar News