നിരാശനായി മടങ്ങിയ കോഹ്ലിയെ ഗ്യാലറി യാത്രയാക്കിയത് സ്റ്റാന്‍ഡിങ്ങ് ഒവേഷനോടെ; ഗ്ലൗസ് കൊണ്ട് തിരിച്ച് അഭിവാദ്യം ചെയ്ത് കോഹ്ലിയുടെ അപ്രതീക്ഷിത പ്രതികരണം; 'കിങ്ങിന്റെ' വേറിട്ട പ്രതികരണത്തിന്റെ പൊരുളെന്ത്? വിരമിക്കലോ? ചര്‍ച്ചകള്‍ സജീവമാക്കി ക്രിക്കറ്റ് ലോകം
കോഹ്ലിയുടെ അപ്രതീക്ഷിത പ്രതികരണം
അഡ്‌ലെയ്ഡ്: രണ്ടാം ഏകദിനത്തിലും അക്കൗണ്ട് തുറക്കാനാകാതെ നിരാശനായി ഡ്രസിങ്ങ് റൂമിലേക്ക് മടങ്ങുന്ന കോലി.. തല കുനിച്ച് മടങ്ങിയ താരത്തെ അതിശയിപ്പിച്ച് സ്റ്റാന്‍ഡിങ്ങ് ഒവേഷനോടെ കൈയ്യടിച്ച് യാത്രയാക്കുന്ന കാണികള്‍.. പക്ഷെ ഏവരെയും സംശയത്തിലാക്കി തികച്ചും അപ്രതീക്ഷിതമായിരുന്നു കോഹ്ലിയുടെ പ്രതികരണം.. തല മുഴുവനായി ഉയര്‍ത്താത്തെ തന്റെ ഗ്ലൗസ് ഗ്യാലറിക്ക് നേരെ വീശി അഭിവാദ്യം ചെയ്താണ് വിരാട് കോഹ്ലി മടങ്ങിയത്. അഡ്‌ലെയ്ഡില്‍ ഇന്ത്യ- ഓസ്‌ട്രേലിയ രണ്ടാം ഏകദിനത്തിലെ ഈ ദൃശ്യം ഇപ്പോള്‍ കായിക ലോകത്തിന്റെ തന്നെ ചര്‍ച്ച വിഷയമായി മാറിയിരിക്കുകയാണ്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും പരാജയപ്പെട്ട കോഹ്ലി തന്റെ വിരമിക്കലിന്റെ സൂചനയാണോ ഈ പ്രതികരണത്തിലൂടെ ഉദേശിച്ചത് എന്നാണ് ക്രിക്കറ്റ് ലോകം ഒരു പോലെ ചോദിക്കുന്നത്.
ഇത് വിടവാങ്ങലോ.. ചര്‍ച്ചയാക്കി ക്രിക്കറ്റ് ലോകം
ഇതോടെയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ച തുടങ്ങിയത്.ഒരുപക്ഷേ തന്റെ പ്രിയപ്പെട്ട ഗ്രൗണ്ടിലെ അവസാന മത്സരത്തിനു ശേഷം മടങ്ങുന്നതു കൊണ്ടാകാം കോലി ഇതുചെയ്തതെന്ന് ചിലര്‍ അഭിപ്രായപ്പെട്ടപ്പോള്‍ ക്രിക്കറ്റില്‍ നിന്നു തന്നെയുള്ള കോലിയുടെ വിടവാങ്ങലാണ് ഇതെന്നു വരെ ചിലര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഏകദിനത്തിലെ കോഹ്ലിയുടെ അവസാനത്തെ അഞ്ച് ഇന്നിങ്ങ്‌സുകളിലെ പ്രകടനം ചൂണ്ടിക്കാട്ടിയാണ് വിരാട് ഫാന്‍സ് ഇതിന് മറുപടി പറയുന്നത്. ഒരു സെഞ്ച്വറി, ഒരു 84, ഒര് 11, പിന്നിട് ഈ പരമ്പരയിലെ 2 ഡക്ക്..ഇങ്ങനെയുള്ള ഒരു താരത്തെ എങ്ങിനെയാണ് വിരമിക്കലിനൊക്കെ കുറിച്ച് ചിന്തിക്കാന്‍ പറ്റുന്നതെന്നാണ് ഫാന്‍സ് ചോദിക്കുന്നത്. പക്ഷെ പെട്ടെന്നു തീരുമാനം എടുക്കുന്ന പ്രകൃതക്കാരനായ കോലി വിരമിക്കല്‍ പ്രഖ്യാപിക്കുമോ എന്ന ആകാംക്ഷയും സജീവമായിട്ടുണ്ട്.
പെര്‍ത്തില്‍ നടന്ന ആദ്യ ഏകദിനത്തിന് മുന്‍പ്, തന്റെ ഫിറ്റ്‌നസിനെക്കുറിച്ചും പരമ്പരയ്ക്കുള്ള തയാറെടുപ്പിനെക്കുറിച്ചും കോലി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ഇതിനുശേഷം നടന്ന രണ്ടു മത്സരങ്ങളിലും റണ്ണൊന്നുമെടുക്കാനാകാതെ വന്നതോടെ ടീമില്‍ കോലിയുടെ സ്ഥാനം ചോദ്യചിഹ്നത്തിലാണ്. ആദ്യ മത്സരത്തില്‍ കുറച്ചു നാളായി തന്നെ വേട്ടയാടുന്ന ബലഹീനത തന്നെയാണ് കോഹ്ലിക്ക് വില്ലനായത്. മിച്ചല്‍ സ്റ്റാര്‍ക്കിനെതിരെ ഫ്‌ലാഷി ഡ്രൈവിന് ശ്രമിച്ച കോലിയെ പോയിന്റില്‍ കൂപ്പര്‍ കൊണോളി പറന്നു പിടിക്കുകയായിരുന്നു. ഏറെ നാളുകളായി ഓഫ് സൈഡിലെ കെണി കോഹ്ലിയെ വേട്ടയാടുന്നുണ്ടായിരുന്നു. ഓഫ്‌സൈഡിന് പുറത്തെത്തുന്ന പന്തില്‍ ബാറ്റുവെച്ച് കോഹ്ലി മടങ്ങുന്നത് കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുള്ള പ്രശ്‌നമായിരുന്നു. ഇത് ആവര്‍ത്തിക്കുന്ന പ്രകടനമാണ് ആദ്യമത്സരത്തില്‍ താരം നടത്തിയത്. ഓഫ്‌സൈഡിലെത്തിയ എക്‌സ്ട്രാ ബൗണ്‍സ് പന്തിലാണ് കോഹ്ലിയുടെ മടക്കമെന്നതാണ് എടുത്തു പറയേണ്ടത്. കോഹ്ലിക്ക് ഈ ദൗര്‍ബല്യം പരിഹരിക്കാനാവാത്തത് ഇന്ത്യക്ക് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്.
രണ്ടാം ഏകദിനത്തില്‍ സേവ്യര്‍ ബാര്‍ട്ട്‌ലെറ്റാണ് കോലിയെ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്.ആദ്യ ഏകദിനത്തില്‍ എട്ടു പന്തു നേരിട്ട കോലി, രണ്ടാം ഏകദിനത്തില്‍ നാലു പന്തു മാത്രമാണ് നേരിട്ടത്. ലെങ്ത് ബോളാണ്, ഇന്‍സ്വിങ് ചെയ്ത് മിഡില്‍ സ്റ്റമ്പ് ലൈനില്‍. ഏത് ഉറക്കത്തിലും അയാള്‍ക്ക് അനായാസം ആ പന്ത് ഫ്‌ലിക്ക് ചെയ്ത് മിഡ് വിക്കറ്റിലൂടെ ബൗണ്ടറി റോപ്പുകള്‍ക്ക് അപ്പുറം എത്തിക്കാനാകും. പക്ഷേ, അഡ്ലെയ്ഡ് ഓവലില്‍ പാടിപ്പുകഴ്ത്തിയ ആ കൈവേഗമുണ്ടായില്ല, എംആര്‍എഫ് ബാറ്റ് കടന്ന് പന്ത് പാഡില്‍ പതിച്ചിരിക്കുന്നു. ബാര്‍റ്റ്‌ലെറ്റ് അപ്പീലിന് തിരിഞ്ഞ മാത്രയില്‍, അമ്പയര്‍ സാം നൊഗാജ്സ്‌കി ചൂണ്ടുവിരല്‍ ഉയര്‍ത്തി. നാല് പന്തില്‍, വിരാട് കോഹ്ലിയുടെ ഇന്നിങ്‌സ് അവസാനിച്ചിരിക്കുന്നു. പൂജ്യം. അഡ്ലെയ്ഡില്‍ പൊടുന്നനെ നിശബ്ദത ആഴ്ന്നിറങ്ങി.ഇതോടെ പതിനേഴു വര്‍ഷത്തെ ഐതിഹാസിക കരിയറില്‍ ഒടുവില്‍ അങ്ങനെയൊന്നു കൂടി സംഭവിച്ചു.തുടര്‍ച്ചയായ രണ്ട് ഏകദിന മത്സരത്തില്‍ വിരാട് കോലി പൂജ്യത്തിന് പുറത്തായി.അഡ്ലെയ്ഡ് ഓവലില്‍ നടക്കുന്ന രണ്ടാം ഏകദിനത്തില്‍ അഡ്ലെയ്ഡില്‍ മികച്ച റെക്കോര്‍ഡുള്ള കോലിയുടെ മിന്നും പ്രകടനം പ്രതീക്ഷിച്ച ആരാധരെ ഇതു നിരാശരാക്കി.അഡ്ലെയ്ഡില്‍ ഇതിനു മുന്‍പു കളിച്ച രണ്ട് ഏകദിനങ്ങളിലും കോലിക്ക് സെഞ്ചറിയുണ്ട്. 2015 ഏകദിന ലോകകപ്പില്‍ പാക്കിസ്ഥാനെതിരെയും 2019ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെയുമായിരുന്നു രണ്ട് സെഞ്ചറികള്‍.
അവസാന പരമ്പരയാകുമോ ഇത് ! കോലിയുഗത്തില്‍ ഇനിയെന്ത്?
2027ലെ ഏകദിന ലോകകപ്പ് എന്ന സ്വപ്നം ഉപേക്ഷിച്ചിട്ടില്ലെന്നു പരമ്പരയ്ക്ക് മുന്നെ പരോക്ഷമായി പറഞ്ഞ താരത്തിന് ആശാവഹമായ പ്രകടനമല്ല ഇപ്പോള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. എട്ടു മാസത്തിനു ശേഷം കളിക്കളത്തിലേക്കു തിരിച്ചെത്തിയ താരത്തിന് തന്റെ ഫിറ്റ്‌നസിനോടൊ കാഴ്ച്ചപാടിനോടൊ നീതി പുലര്‍ത്താന്‍ സാധിച്ചിട്ടില്ല.പക്ഷെ ഒരു പരമ്പരകൊണ്ട് അവസാനിക്കുന്നതായിരിക്കില്ല കോഹ്ലിയുടെ കരിയര്‍.
അങ്ങനെ അവസാനിപ്പിക്കാനാണെങ്കില്‍ അതൊരു അപൂര്‍ണ്ണതയാകും. കാരണം ഏകദിന ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ബാറ്റര്‍ തന്റെ അവസാന സെഷനില്‍ അര്‍ഹിക്കുന്ന ചിലതുണ്ട്. അവസാനം കളിച്ച ഏകദിന ടൂര്‍ണമെന്റ് ചാമ്പ്യന്‍സ് ട്രോഫിയായിരുന്നു. ടൂര്‍ണമെന്റിലുടനീളം സ്ഥിരത പുലര്‍ത്തിയ ബാറ്ററായിരുന്നു കോഹ്ലി. അഞ്ച് കളികളില്‍ 54 ശരാശരിയില്‍ 218 റണ്‍സ് നേടി.
പരമ്പരയിലെ അവസാന മത്സരം സിഡ്‌നിയിലാണ്.പക്ഷെ കോഹ്ലിക്ക് മികച്ച റെക്കോര്‍ഡുള്ള മൈതാനമല്ല സി ഡ്‌നി. ഏഴ് ഏകദിനങ്ങളില്‍ നിന്ന് 146 റണ്‍സ് മാത്രമാണ് താരത്തിന് അവിടെ നേടാനായത്. എന്നാല്‍ ഇത്തരം നിര്‍ണ്ണായകമായ ഇത്തരം അവസരങ്ങളിലാണ് കോഹ്ലിയുടെ മികച്ച പ്രകടനങ്ങള്‍ പിറവി കൊണ്ടത്. അതിന് അയാള്‍ക്ക് ഒരു പൂര്‍വ്വ ചരിത്രത്തിന്റെയും പിന്‍ബലം ആവശ്യമില്ല.അതുകൊണ്ട് ഓസീസ് മണ്ണില്‍ നിന്ന് വെറും കയ്യോടെ മടങ്ങാനും തയാറായേക്കില്ല അ പോരാളി. തിരിച്ചുവരവിലെ ഈ പ്രതിസന്ധിയെ ഒരു പക്ഷെ അയാള്‍ മറികടക്കുന്നത് തനിക്ക് വെല്ലുവിളി ഉയര്‍ത്തിയ ആ പിച്ചിലാവും.. കാത്തിരിക്കാം.. അത്തരമൊരു കോഹ്ലി മാജിക്കിനായി.