ബദല്‍ രാഷ്ട്രീയ സമീപനത്തിന് അവധി! കുട്ടികള്‍ക്ക് കിട്ടേണ്ട ഫണ്ട് എന്തിനു പാഴാക്കണമെന്ന മന്ത്രി വി ശിവന്‍കുട്ടിയുടെ നിലപാട് വിജയിച്ചു; സിപിഐയുടെ എതിര്‍പ്പുകളെ മറികടന്ന് കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചു; കിട്ടുന്നത് 1500 കോടിയുടെ ഫണ്ട്; വാര്‍ത്ത സത്യമെങ്കില്‍ അത് മുന്നണി മര്യാദയുടെ ലംഘനമെന്ന് ബിനോയ് വിശ്വം

കേന്ദ്രത്തിന്റെ പി എം ശ്രീ പദ്ധതിയില്‍ സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവച്ചു

Update: 2025-10-23 16:52 GMT

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ വിദ്യഭ്യാസ പദ്ധതിയായ 'പി.എം. ശ്രീ'യില്‍ (പ്രധാന്‍ മന്ത്രി സ്‌ക്കൂള്‍സ് ഫോര്‍ റൈസിങ് ഇന്ത്യ) സംസ്ഥാന സര്‍ക്കാര്‍ ഒപ്പുവെച്ചു. ഇതിലൂടെ 1500 കോടി രൂപയുടെ കേന്ദ്ര ഫണ്ട് കേരളത്തിന് ലഭ്യമാകും. ധാരണാപത്രത്തില്‍ ഒപ്പിടാത്തതിനാല്‍ കേന്ദ്രഫണ്ട് തടഞ്ഞുവെച്ചിരിക്കുകയായിരുന്നു. പൊതുവിദ്യാഭ്യാസ സെക്രട്ടറി കെ. വാസുകിയാണ് ഡല്‍ഹിയില്‍ വെച്ച് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.

മൂന്നു വര്‍ഷത്തോളമായി ഈ പദ്ധതി നടപ്പാക്കുന്നതിനെതിരെ കേരളം ഉള്‍പ്പെടെ പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എതിര്‍പ്പ് നിലനിര്‍ത്തിയിരുന്നു. പദ്ധതിയില്‍ ചേര്‍ന്നാല്‍ പുതിയ കേന്ദ്ര വിദ്യാഭ്യാസ നയം നടപ്പാക്കേണ്ടി വരുമെന്നതായിരുന്നു പ്രധാന ആശങ്ക. എന്നാല്‍, സിപിഐയുടെ എതിര്‍പ്പുകളെ മറികടന്നാണ് വിദ്യാഭ്യാസ വകുപ്പ് ഈ ധാരണാപത്രത്തില്‍ ഒപ്പിട്ടത്.

നേരത്തെ, മന്ത്രിസഭായോഗത്തില്‍ സിപിഐ മന്ത്രിമാര്‍ ഈ വിഷയത്തില്‍ വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. എല്‍ഡിഎഫോ മന്ത്രിസഭയോ ചര്‍ച്ച ചെയ്യാത്ത വിഷയത്തില്‍ സ്വന്തം നിലയ്ക്ക് തീരുമാനമെടുത്തത് മുന്നണി മര്യാദയുടെ ലംഘനമാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. 'വാര്‍ത്ത സത്യമാണെങ്കില്‍ അത് മുന്നണി മര്യാദയുടെ ലംഘനമാണ്,' അദ്ദേഹം പറഞ്ഞു. സിപിഐയുടെ സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ ചേരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പദ്ധതിയില്‍ ചേരുന്നതോടെ കേരളം ഉയര്‍ത്തിപ്പിടിക്കുന്ന ബദല്‍ രാഷ്ട്രീയ സമീപനം ഇല്ലാതാകുമോ എന്ന് ആശങ്കയുണ്ടെന്ന് ബിനോയ് വിശ്വം മുന്‍പ് പറഞ്ഞിരുന്നു. എന്നാല്‍, സിപിഐ ഭരിക്കുന്ന കൃഷിവകുപ്പ് അടക്കമുള്ളവ കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടുകള്‍ സ്വീകരിച്ചിട്ടുണ്ടെന്നും, അതിനാല്‍ പി.എം. ശ്രീ പദ്ധതിയില്‍ പങ്കാളികളാകുന്നതില്‍ തെറ്റില്ലെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ന്യായീകരണം ഉന്നയിച്ചിരുന്നു.

ഈ വിഷയത്തില്‍ മുമ്പ് മന്ത്രിസഭയിലെത്തിയ ശേഷം സിപിഐ മന്ത്രിമാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം എല്‍ഡിഎഫില്‍ ചര്‍ച്ചക്കായി മാറ്റിവെച്ചിരുന്നു. ഇത്തരം സാഹചര്യങ്ങളില്‍, എല്‍ഡിഎഫില്‍ ചര്‍ച്ച ചെയ്ത ശേഷം മന്ത്രിസഭയില്‍ വീണ്ടും തീരുമാനമെടുക്കുകയാണ് പതിവ്. എന്നാല്‍, ഈ രണ്ടു നടപടികളും ഒഴിവാക്കിയാണ് വിദ്യാഭ്യാസ വകുപ്പ് കേന്ദ്രത്തിന് വഴങ്ങാന്‍ തീരുമാനമെടുത്തത്. എല്‍ഡിഎഫ് ചര്‍ച്ച ചെയ്യുമെന്ന സിപിഎം ജനറല്‍ സെക്രട്ടറി എം.വി. ബേബിയുടെ ഉറപ്പ് പോലും പരിഗണിക്കാതെയാണ് ഈ നീക്കം.

2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി 2022 സെപ്റ്റംബര്‍ 7-ന് അവതരിപ്പിച്ച 'പി.എം. ശ്രീ' പദ്ധതി, രാജ്യത്തെ 14,500 സര്‍ക്കാര്‍ സ്‌കൂളുകളെ മാതൃകാ സ്ഥാപനങ്ങളാക്കി ഉയര്‍ത്താനാണ് ലക്ഷ്യമിടുന്നത്. സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യ വികസനമാണ് ഇതിന്റെ മുഖ്യ ഉദ്ദേശ്യം. 27,000 കോടി രൂപയാണ് പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ വകയിരുത്തിയിട്ടുള്ളത്. ഈ പദ്ധതിയില്‍ അംഗമാകുന്നതിന് സ്‌കൂളുകള്‍ക്ക് ചില മാനദണ്ഡങ്ങള്‍ നിശ്ചയിച്ചിരുന്നു. ഈ സാഹചര്യത്തില്‍, എഐഎസ്എഫ് പദ്ധതിക്കെതിരെ പ്രതിഷേധിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.

Tags:    

Similar News