രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പ്രസിഡന്റ് സ്ഥാനം രണ്ടര വര്‍ഷ വീതം പങ്കിടാന്‍ ധാരണ; രണ്ടര വര്‍ഷം കഴിഞ്ഞിട്ടും രാജിവയ്ക്കാന്‍ രാജേന്ദ്രന്‍ നായര്‍ വിസമ്മതിച്ചതോടെ അവിശ്വാസ അട്ടിമറി; സിപിഎം പിന്തുണയില്‍ കോണ്‍ഗ്രസ് വിമതര്‍ അധികാരത്തിലുമെത്തി; എന്നിട്ടും കോണ്‍ഗ്രസ് കേസിന് പോയില്ല; ബിജെപിയുടെ പോരാട്ടം വിജയിച്ചു; അഞ്ച് കൂറുമാറ്റക്കാരും അയോഗ്യര്‍; കാരോട്ടെ വിധിയില്‍ തെളിയുന്നത്

Update: 2025-10-23 08:56 GMT

തിരുവനന്തപുരം കാരോട് പഞ്ചായത്ത് ഭരണം സി.പി.എം പിന്തുണയോടെ പിടിച്ചെടുത്ത കോണ്‍ഗ്രസ് വിമതര്‍ക്ക് പണി കിട്ടി. ബിജെപിയുടെ നിയമ പോരാട്ടമാണ് നിര്‍ണ്ണായകമായത്. കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട സി.എല്‍ ജോസ് പ്രസിഡന്റും സൂസി മോള്‍ വൈസ്പ്രസിഡന്റുമായും തിരഞ്ഞെടുക്കപ്പെട്ടത് 2023ലാണ്. കോണ്‍ഗ്രസിന്റെ ആറ് അംഗങ്ങളും ബിജെപിയും വിട്ടുനിന്നതോടെ തിരഞ്ഞെടുപ്പ് ഏകപക്ഷീയമായി അന്ന് മാറിയിരുന്നു. ഈ വിഷയത്തില്‍ കൂറുമാറ്റ നിരോധന പ്രകാരം ബിജെപി കേസിന് പോയി. ബിജെപിയുടെ സംസ്ഥാന നേതാവ് കൂടിയായ അഡ്വ ജെ ആര്‍ പത്മകുമാറാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനില്‍ കേസ് വാദിച്ചത്. ഒടുവില്‍ കൂറുമാറിയ എല്ലാവരേയും ആയോഗ്യരാക്കി വിധി വന്നു. ആറു വര്‍ഷത്തേക്കാണ് അയോഗ്യത. അതുകൊണ്ട് തന്നെ അടുത്ത തിരഞ്ഞെടുപ്പില്‍ ഇവര്‍ക്ക് മത്സരിക്കാന്‍ കഴിയില്ല.

ജോസിനും സൂസിമോള്‍ക്കും പുറമേ വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനായ എഡ്വിന്‍ സാം, ജാസ്മിന്‍ പ്രഭ, എയ്ഞ്ചല്‍ കുമാരി എന്നിവരേയും കമ്മീഷന്‍ ആയോഗ്യരാക്കി. ഇവര്‍ക്കാര്‍ക്കും ആറു കൊല്ലത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിയില്ല. ഇടത്പക്ഷത്തെ ആറ് അംഗങ്ങളുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കപ്പെട്ട സിഎല്‍ ജോസ് കാരോട് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലും ഇതാവര്‍ത്തിച്ചു. സിഎല്‍ ജോസിനൊപ്പം പാര്‍ട്ടിയില്‍ നിന്ന് പുറത്തായ സൂസി മോള്‍ വൈസ് പ്രസിഡന്റ്. പുതിയ ഭരണസമിതിയെ അനുമോദിക്കാന്‍ പാറശാല ഏരിയ സെക്രട്ടറി അജയന്‍ ഉള്‍പ്പെടേയുള്ള സി.പി.എം നേതാക്കള്‍ നേരിട്ടെത്തുകയെ ചെയ്തത് അന്ന് വാര്‍ത്തയായിരുന്നു. പഞ്ചായത്തില്‍ ഭരണസ്തംഭനം ഒഴിവാക്കാനാണ് കോണ്‍ഗ്രസ് വിമതര്‍ക്ക് പിന്തുണ നല്‍കിയതെന്ന് ഏരിയ സെക്രട്ടറി പറഞ്ഞിരുന്നു.

20 അംഗങ്ങളുള്ള കാരോട് പഞ്ചായത്തില്‍ കോണ്‍ഗ്രസിന് 11 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. രണ്ട് ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാന്‍ പ്രസിഡന്റ് സ്ഥാനം രണ്ടര വര്‍ഷ വീതം പങ്കിടാന്‍ ധരണയുണ്ടായിരുന്നു. രണ്ടര വര്‍ഷം കഴിഞ്ഞിട്ടും, ധാരണപ്രകാരം രാജിവയ്ക്കാന്‍ മുന്‍ പ്രസിഡന്റ് രാജേന്ദ്രന്‍ നായര്‍ വിസമ്മതിച്ചതോടെ രണ്ടാമൂഴത്തില്‍ പ്രസിഡന്റാകേണ്ട സി.എല്‍ ജോസും ഒപ്പമുള്ള നാല് അംഗങ്ങളും വിമതക്കൊടി ഉയര്‍ത്തി. ഇതോടെ ഭരണം പോയി. വിമതര്‍ ജയിക്കുകയും ചെയ്തു. ഇതിന് ശേഷം കോണ്‍ഗ്രസ് നിയമ നടപടിക്ക് പോയില്ല. എന്നാല്‍ പഞ്ചായത്തിലെ ബിജെപി അംഗമായ കാന്തള്ളൂര്‍ സജി നിയമ പോരാട്ടത്തിന് ഇറങ്ങി. അഡ്വ ജെ ആര്‍ പത്മകുമാര്‍ അഭിഭാഷകനുമായി.

ഇതിനിടെ ഡിസിസി പ്രസിഡന്റായിരുന്ന പാലോട് രവിയെ അടക്കം സാക്ഷിയായി വിസ്തരിക്കേണ്ട അവസ്ഥ വന്നു. എന്നാല്‍ പാലോട് രവി മൂന്ന് തവണ ഹാജരായില്ല. കോണ്‍ഗ്രസ് വിമതര്‍ക്ക് നല്‍കിയ വിപ്പില്‍ വ്യക്തത വരുത്താനായിരുന്നു ഇത്. പലോട് രവി ഹാജരാകാതെ വന്നതോടെ സാക്ഷിപ്പട്ടികയില്‍ എന്നും ഡിസിസി പ്രസിഡന്റിനെ ഒഴിവാക്കി നിയമ പോരാട്ടം നടത്തി. ഹര്‍ജിയില്‍ അടക്കം മാറ്റം വരുത്തുകയും ചെയ്തു. ഈ പോരാട്ടമാണ് 2025ല്‍ വിജയം കാണുന്നത്. 2024 ജനുവരിയിലാണ് കേസുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനെ കാന്തള്ളൂര്‍ സജി സമീപിച്ചത്.

വീണു കിട്ടിയ വടി കൊണ്ട് കാരോട് പഞ്ചായത്തില്‍ നേട്ടം ഉണ്ടാക്കിയത് സിപിഎം ആയിരുന്നു. കോണ്‍ഗ്രസിലെ ഭിന്നത തക്കസമയം ചൂഷണം ചെയ്ത സിപിഎം നേതാക്കള്‍ വിഘടിച്ചു നിന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ക്ക് ഭാരവാഹിത്വം വാഗ്ദാനം നല്‍കി ഒപ്പം എത്തിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ഭരണം തന്നെ അട്ടിമറിക്കുകയായിരുന്നു. തന്ത്രങ്ങളിലെ അതിബുദ്ധി ആയിരുന്നു ഇതിന് കാരണം. വിപ്പ് അടക്കം ഭീഷണികള്‍ക്കു മുന്നില്‍ പകുതി പേരെങ്കിലും തിരിച്ചെത്തുന്നതും കാത്തിരുന്ന കോണ്‍ഗ്രസ് നേതൃത്വത്തിനു അഞ്ചു പേരില്‍ ഒന്നിനെ പോലും തിരിച്ചെത്തിക്കാന്‍ കഴിയാത്തത് വലിയ നഷ്ടമായിരുന്നു.

വിപ്പ് ലംഘിച്ചതിനു നിയമ നടപടിയുമായി കോണ്‍ഗ്രസ് മുന്നോട്ടുപോയാല്‍ ഒപ്പം കൂടിയവരുടെ അംഗത്വം നഷ്ടമാകുന്നതിനൊപ്പം തുടര്‍ തിരഞ്ഞെടുപ്പുകളില്‍ അയോഗ്യതയ്ക്കും സാധ്യത ഉണ്ടായിരുന്നു അങ്ങനെ സംഭവിച്ചാല്‍ നടപടിക്ക് ഇരയാകുന്ന അംഗങ്ങളുടെ വാര്‍ഡുകളില്‍ തുടര്‍ന്ന് നടക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഇവരുടെ തന്നെ സഹായത്തോടെ സഹതാപ തരംഗം ഉയര്‍ത്തി എല്‍ഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വിജയം ഉറപ്പിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെ സിപിഎം തന്നെ ഭരണം ഉറപ്പിക്കുമെന്ന വിലയിരുത്തല്‍ കോണ്‍ഗ്രസിനുണ്ടായിരുന്നു. അതുകൊണ്ടാണ് അവര്‍ നിയമ നടപടിക്ക് പോകാത്തത്.

Tags:    

Similar News