ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ആംബുലന്‍സ് ഉപയോഗിക്കാമായിരുന്നല്ലോ? കോടതിയുടെ കര്‍ശന നിര്‍ദ്ദേശം മറികടന്നു; അജിത് കുമാറിന്റെ പ്രവര്‍ത്തി മനഃപൂര്‍വ്വം; സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയി; എഡിജിപി എം ആര്‍ അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയെ വിമര്‍ശിച്ച് ഹൈക്കോടതി; ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോര്‍ട്ട് നിര്‍ണായകം

എം ആര്‍ അജിത് കുമാറിന്റെ ട്രാക്ടര്‍ യാത്രയെ വിമര്‍ശിച്ച് ഹൈക്കോടതി

Update: 2025-07-16 06:30 GMT

കൊച്ചി: എഡിജിപി എം ആര്‍ അജിത് കുമാറിന്റെ വിവാദ ശബരിമല ട്രാക്ടര്‍ യാത്രയില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. ശബരിമല സ്‌പെഷ്യല്‍ കമ്മീഷണറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ വിമര്‍ശനം. എഡിജിപിയുടെ ട്രാക്ടര്‍ യാത്ര നിര്‍ഭാഗ്യകരമെന്നും ഹൈക്കോടതി വ്യക്തമാക്കി. അജിത് കുമാറിന്റെ പ്രവര്‍ത്തി മനഃപൂര്‍വ്വമെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

സംഭവം ദൗര്‍ഭാഗ്യകരമായിപ്പോയെന്നും ശബരിമല സ്പെഷല്‍ കമ്മിഷണറുടെ റിപ്പോര്‍ട്ടില്‍ നിന്നും അജിത് കുമാറിന്റെ പ്രവര്‍ത്തി മനപ്പൂര്‍വ്വമാണെന്ന് വ്യക്തമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അജിത് കുമാറിന് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെങ്കില്‍ ആംബുലന്‍സ് ഉപയോഗിക്കാമായിരുന്നല്ലോയെന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച് ചോദിച്ചു.

'യാത്രയ്ക്ക് വേണ്ടിയുള്ള ട്രാക്ടറല്ലല്ലോ ഉപയോഗിച്ചത്. ചരക്ക് കൊണ്ടുപോകുന്ന വാഹനമാണ് ഉപയോഗിച്ചത്. ട്രാക്ടര്‍ യാത്ര ഹൈക്കോടതിയുടെ വിധിക്ക് വിരുദ്ധമാണ്', ഹൈക്കോടതി പറഞ്ഞു. ദേവസ്വം ബെഞ്ചാണ് ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നത്. യാത്രയുടെ ചിത്രങ്ങള്‍ പരിശോധിച്ചുവെന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് വ്യക്തമാക്കി. സ്വാമി അയ്യപ്പന്‍ റോഡ് വഴി ആരും യാത്ര ചെയ്യരുതെന്നും അത് നിയമവിരുദ്ധമാണെന്നുമാണ് ഹൈക്കോടതി വ്യക്തമാക്കിയത്. 2021ലാണ് ട്രാക്ടര്‍ യാത്രയില്‍ ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. ഏതൊക്കെ ചരക്കുകള്‍ ഏതൊക്കെ സമയങ്ങളില്‍ സ്വാമി അയ്യപ്പന്‍ റോഡ് വഴി കടത്താമെന്ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ട്രാക്ടറില്‍ ഡ്രൈവറല്ലാതെ മറ്റാരും പോകരുതെന്നും ഉത്തരവുണ്ടായിരുന്നു. ഒരു ഘട്ടത്തിലും ട്രാക്ടര്‍ വഴി യാത്ര ചെയ്യരുതെന്നും ഉത്തരവുണ്ട്. എന്നാല്‍ ഇവ ലംഘിച്ചാണ് എഡിജിപി യാത്ര നടത്തിയിരിക്കുന്നത്.

ശബരിമലയിലേക്ക് എം ആര്‍ അജിത് കുമാര്‍ നടത്തിയ ട്രാക്ടര്‍ യാത്ര ചട്ടവിരുദ്ധമെന്നാണ് സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂവെന്ന കോടതിയുടെ കര്‍ശന നിര്‍ദ്ദേശം മറികടന്നായിരുന്നു എ ഡി ജി പിയുടെ നടപടി. പൊലീസിന്റെ ട്രാക്ടറിലാണ് അജിത് കുമാര്‍ പമ്പയില്‍ നിന്നും സന്നിധാനത്തേക്ക് കഴിഞ്ഞ ദിവസം ദര്‍ശനത്തിനായി പോയത്.

ഏറെക്കാലം ശബരിമലയുടെ ചുമതല വഹിച്ചിരുന്ന പൊലീസ് ഉന്നതന്‍ തന്നെ നിയമം ലംഘിച്ചുവെന്നാണ് കണ്ടെത്തല്‍. ദര്‍ശനത്തിനായി എം ആര്‍ അജിത് കുമാര്‍ ട്രാക്ടറില്‍ യാത്ര ചെയ്തത് ചട്ടലംഘനമെന്നായിരുന്നു സ്‌പെഷ്യല്‍ കമ്മീഷണര്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നല്‍കിയത്. നവഗ്രഹ പ്രതിഷ്ഠാ പൂജയ്ക്കായി നട തുറന്നിരിക്കെ കഴിഞ്ഞ ശനിയാഴ്ച വൈകിട്ടാണ് എം ആര്‍ അജികുമാര്‍ പമ്പയില്‍ എത്തിയത്. തുടര്‍ന്ന് പൊലീസിന്റെ ട്രാക്ടറില്‍ സന്നിധാനത്തേക്ക് പോയി. ദര്‍ശനം നടത്തി അടുത്ത ദിവസം വീണ്ടും ട്രാക്ടറില്‍ മലയിറങ്ങി. അപകടസാധ്യത മുന്‍നിര്‍ത്തി ട്രാക്ടറില്‍ ആളെ കയറ്റുന്നത് ഹൈക്കോടതി നിരോധിച്ചിട്ടുണ്ട്. ചരക്കു നീക്കത്തിന് മാത്രമേ ട്രാക്ടര്‍ ഉപയോഗിക്കാവൂ. തീര്‍ത്ഥാടനത്തിനായി നട തുറന്നിരിക്കുമ്പോള്‍ ഉത്തരവ് കര്‍ശനമായി നടപ്പാക്കണമെന്നും ഹൈക്കോടതി ആവര്‍ത്തിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുമുണ്ട്. സംഭവത്തില്‍ ശബരിമല കമ്മീഷനോടും ദേവസ്വം ബോര്‍ഡിനോടും ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. അതേസമയം യാത്രയില്‍ കേസെടുത്തതായി സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. പൊലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലാണ് അജിത്കുമാര്‍ യാത്ര നടത്തിയത്. പൊലീസ് ഉദ്യോഗസ്ഥനായിരുന്നു ഡ്രൈവര്‍.

പമ്പയില്‍നിന്ന് ശബരിമല സന്നിധാനത്തേക്കും തിരിച്ചുമായിരുന്നു അജിത്കുമാറിന്റെ യാത്ര. വൈകീട്ട് ആറുമണിയോടെയാണ് എഡിജിപി പമ്പയിലെത്തിയത്. പമ്പ ഗണപതിക്ഷേത്രത്തില്‍ തൊഴുതശേഷം അദ്ദേഹം സ്വാമി അയ്യപ്പന്‍ റോഡ് വഴി കുറച്ചുദൂരം നടന്നു. ഈ റോഡിനെ മുറിച്ചുകടക്കുന്ന ചെറിയ അരുവി കഴിഞ്ഞ് ഒന്നാംവളവിന് അടുത്തുവെച്ചാണ് പോലീസിന്റെ ഉടമസ്ഥതയിലുള്ള ട്രാക്ടറിലേക്ക് കയറിയത്. ഇവിടെനിന്ന് സന്നിധാനം വരെയുള്ള ഭാഗത്ത് സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്നില്ലെന്നാണ് വിവരം.

സന്നിധാനത്ത് യു ടേണിനു മുമ്പ് ചെരിപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് ട്രാക്ടര്‍ നിര്‍ത്തി. അവിടെ എഡിജിപി ഇറങ്ങി. പിന്നീട് നടന്നാണ് പോയത്. യു ടേണ്‍ മുതല്‍ ദേവസ്വംബോര്‍ഡിന്റെ സിസിടിവി ക്യാമറയുണ്ട്. ഞായറാഴ്ച നവഗ്രഹ പ്രതിഷ്ഠാച്ചടങ്ങുകളില്‍ പങ്കെടുത്തശേഷം എഡിജിപി, വൈകീട്ടോടെ ചെരിപ്പ് സൂക്ഷിക്കുന്ന സ്ഥലത്ത് എത്തി ട്രാക്ടറില്‍ പമ്പയിലേക്ക് തിരിച്ചു. സ്വാമി അയ്യപ്പന്‍ റോഡില്‍ ഒന്നാം വളവില്‍ത്തന്നെ വന്നിറങ്ങി പമ്പയിലേക്ക് നടന്നു.

എഡിജിപിയുടെ ട്രാക്ടര്‍ യാത്രയുടെ ഫോട്ടോ ഒരാള്‍ എടുത്തതാണ്, വിഷയം ഹൈക്കോടതിവരെ എത്താനിടയാക്കുന്നത്. സ്‌പെഷ്യല്‍ കമ്മിഷണര്‍ക്ക് രഹസ്യമായി ഫോട്ടോ അയച്ചുകൊടുത്തെന്നാണ് വിവരം. സിസിടിവി ക്യാമറകള്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങള്‍ ഒഴിവാക്കാനാണ് കയറാനും ഇറങ്ങാനും നിശ്ചിതസ്ഥലങ്ങള്‍ തിരഞ്ഞെടുത്തതെന്നാണ് സൂചന.

അയ്യപ്പന്‍മാരെ കസേരയിലിരുത്തി ചുമത്ത് സന്നിധാനത്തെത്തിക്കുന്ന ഡോളി തൊഴിലാളികളാണ്, ട്രാക്ടറുകളില്‍ യാത്രക്കാരെ കൊണ്ടുപോകുന്നത് 12 വര്‍ഷം മുമ്പ് ഹൈക്കോടതിയില്‍ ഹര്‍ജിയായി എത്തിച്ചത്. പണം വാങ്ങി സ്വാമിമാരെ കൊണ്ടുപോകുന്നത് തങ്ങളുടെ വരുമാനത്തെ ബാധിക്കുന്നു എന്നായിരുന്നു അവരുടെ വാദം. ട്രാക്ടര്‍ യാത്രാവാഹനമല്ലാത്തതും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Tags:    

Similar News