ചത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി; മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെ അടുത്ത ദിവസം സെഷന്‍സ് കോടതിയെ സമീപിക്കും; പത്ത് വര്‍ഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയത് കോടതിയില്‍ തിരിച്ചടിയായി; നാളെ സംയുക്ത പ്രതിഷേധത്തിന് ക്രൈസ്തവ സംഘടനകള്‍; എംപിമാര്‍ക്ക് മുന്നില്‍ തങ്ങള്‍ അനുഭവിച്ച ദുരന്തം വിവരിച്ച് കന്യാസ്ത്രീകള്‍
ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി
ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ തള്ളി. മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ഇവര്‍ ഇനി ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിക്കും. നാളെ സെഷന്‍സ് കോടതിയെ സമീപിക്കുമെന്ന് അഭിഭാഷകര്‍ വ്യക്തമാക്കി. മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ചായിരുന്നു കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തത്. പത്ത് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന ഗുരുതര വകുപ്പുകള്‍ ചുമത്തിയതു കൊണ്ടാണ ജാമ്യം ലഭിക്കാതിരുന്നത്.
സിസ്റ്റര്‍ പ്രീതിയെ ഒന്നാം പ്രതിയാക്കിയും വന്ദനയെ രണ്ടാം പ്രതിയാക്കിയുമാണ് കേസെടുത്തിരിക്കുന്നത്. ശനിയാഴ്ചയാണ് ഛത്തീസ്ഗഡിലെ ദുര്‍ഗില്‍ മനുഷ്യക്കടത്ത് ആരോപിച്ചായിരുന്നു കണ്ണൂര്‍ തലശ്ശേരി ഉദയഗിരി ഇടവകയില്‍ നിന്നുള്ള സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ്, അങ്കമാലി എളവൂര്‍ ഇടവക സിസ്റ്റര്‍ പ്രീതി മേരി എന്നിവരെ അറസ്റ്റ് ചെയ്തത്. അസീസി സിസ്റ്റേഴ്‌സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിലെ അംഗങ്ങളാണിവര്‍.
നാരായന്‍പുര്‍ ജില്ലയില്‍ നിന്നുള്ള മൂന്ന് പെണ്‍കുട്ടികളോടൊപ്പമായിരുന്നു കന്യാസ്ത്രീകള്‍ സഞ്ചരിച്ചിരുന്നത്. 19 മുതല്‍ 22 വയസ്സുള്ളവരായിരുന്നു ഇവര്‍. റെയില്‍വേ സ്റ്റേഷനിലെത്തിയ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ ഇവര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനവും മനുഷ്യക്കടത്തും നടത്തുകയാണെന്ന് ആരോപിക്കുകയായിരുന്നു. തുടര്‍ന്ന് കന്യാസ്ത്രീകളെ തടഞ്ഞുവക്കുകയും ചെയ്തു.
കന്യാസ്ത്രീകള്‍ നടത്തുന്ന ആശുപത്രിയില്‍ ജോലിക്ക് പോവുകയാണെന്ന് പെണ്‍കുട്ടികള്‍ പറഞ്ഞു. മൂവരുടെയും രക്ഷിതാക്കള്‍ ജോലിക്ക് പോവാന്‍ നല്‍കിയ അനുമതി പത്രവും തിരിച്ചറിയല്‍ കാര്‍ഡുകളും പെണ്‍കുട്ടികള്‍ ഹാജരാക്കി. തങ്ങള്‍ നേരത്തെ തന്നെ ക്രൈസ്തവരാണെന്നും പെണ്‍കുട്ടികള്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇതൊന്നും അംഗീകരിക്കാന്‍ ബജ്‌റംഗ്ദളോ പൊലീസോ തയ്യാറായില്ലെന്നാണ് ആരോപണം.
വിഷയം കേരളത്തില്‍ ബിജെപിക്ക് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്് ഭയന്ന് ബിജെപി സംസ്ഥാന ഘടകം ഈ വിഷയത്തില്‍ ഇടപെടല്‍ നടത്തുകയും അനൂപ് ആന്റണിയെ ഛത്തിസ്ഗഡിലേക്ക് അയക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ യുഡിഎഫ് എംപിമാരുടെ സംഘവും ചത്തീസ്ഡിലേക്ക് എത്തിയിട്ടുണ്ട്. ഇവര്‍ക്ക് ജയിലില്‍ പ്രവേശിക്കാന്‍ ആദ്യം അനുമതി നല്‍കിയില്ലെങ്കിലും പിന്നീട് അനുമതി ലഭിച്ചു. ഇത് പ്രകാരം കന്യാസ്ത്രീകളെ കണ്ട എംപിമാരുടെ സംഘത്തോട് അവര്‍ തങ്ങളുടെ ദുരിതകങ്ങള്‍ വിവരിച്ചു. തങ്ങളെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തുവെന്നാണ് എംപിമാരോട് ക്‌ന്യാസ്ത്രീകള്‍ പറഞ്ഞത്.
എന്‍.കെ.പ്രേമചന്ദ്രന്‍, ഫ്രാന്‍സിസ് ജോര്‍ജ്, ബെന്നി ബഹന്നാന്‍ എന്നിവരടങ്ങിയ സംഘമാണ് ഛത്തീസ്ഗഡിലെ ദുര്‍ഗയിലെത്തിയത്. ഇവര്‍ക്കൊപ്പം സിസ്റ്റര്‍ പ്രീതി മേരിയുടെ സഹോദരനും എത്തിയിരുന്നു. എന്നാല്‍ ഇവര്‍ക്ക് ജയിലിലേക്ക് പ്രവേശനം നിഷേധിക്കുകയായിരുന്നു. തുടര്‍ന്ന് എംപിമാര്‍ നടത്തിയ കനത്ത പ്രതിഷേധത്തിനൊടുവിലാണ് അനുമതി നല്കിയത്. ഛത്തിസ്ഗഡ് മുന്‍ മുഖ്യമന്ത്രി ഭൂപേഷ് ഭാഗല്‍ ഇടപെട്ടതോടെയാണ് എംപിമാര്‍ക്ക് അനുമതി ലഭിച്ചത്.
അതേസമയം ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്തും നിര്‍ബന്ധിത മതപരിവര്‍ത്തനവും ആരോപിച്ചുള്ള വിവാദ അറസ്റ്റില്‍ പ്രതികരിച്ച് കന്യാസ്ത്രീകള്‍ക്കൊപ്പം വന്ന പെണ്‍കുട്ടികള്‍ രംഗത്തെത്തി. കന്യാസ്ത്രീകള്‍ക്ക് ഒപ്പം പോകുന്നത് വീട്ടുകാരെ അറിയിച്ചതാണെന്നും നേരത്തെ തന്നെ തങ്ങള്‍ ക്രിസ്തു മത വിശ്വാസികള്‍ ആണെന്നും പെണ്‍കുട്ടി പറയുന്നു. ബജ്‌റംഗ്ദളിന്റെയും പൊലീസിന്റെയും ആരോപണം തള്ളിയ ഇവര്‍, അറസ്റ്റ് നടന്ന ദിവസം പ്രാദേശിക മാധ്യമത്തോട് സംസാരിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. ഈ ദൃശ്യങ്ങള്‍ ഇപ്പോള്‍ പുറത്തുവന്നു.
മാതാപിതാക്കളുടെ അനുമതിയോടെ പെണ്‍കുട്ടികള്‍ കന്യാസ്ത്രീകള്‍ക്കൊപ്പം ആഗ്രയിലേക്ക് ജോലിക്കായി പോകുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. നിര്‍ബന്ധിച്ചല്ല ഇവരെ കൊണ്ടുപോയത്. അഞ്ച് വര്‍ഷമായി ക്രൈസ്തവ വിശ്വാസികളാണ് കുടുംബം. കന്യാസ്ത്രീകളെ എത്രയും വേഗം മോചിപ്പിക്കണമെന്നും നാരായണ്‍പൂരില്‍നിന്നുള്ള പെണ്‍കുട്ടിയുടെ സഹോദരി പറഞ്ഞു. കന്യാസ്ത്രീകള്‍ നഴ്‌സിങ് ജോലിക്കായി തന്റെ സഹോദരിയെ കൊണ്ടുപോയതാണെന്ന് മറ്റൊരു പെണ്‍കുട്ടിയുടെ മൂത്ത സഹോദരി പറഞ്ഞു.
'മാതാപിതാക്കള്‍ നഷ്ടപ്പെട്ടവരാണ് ഞങ്ങള്‍. ഞാനും അവരുടെ (കന്യാസ്ത്രീകളുടെ) സ്ഥാപനത്തില്‍ ലക്‌നൗവില്‍ ജോലി ഏറ്റെടുത്തിരുന്നു. എന്റെ സഹോദരിക്കും ഇത്തരത്തില്‍ സ്വയംപര്യാപ്തത നേടാനാകുമെന്ന് കരുതി. അവള്‍ പൂര്‍ണ സമ്മതത്തോടെയാണ് പോയത്. അറസ്റ്റിലായ സുഖ്മാന്‍ മാണ്ഡവിയെയും കുടുക്കിയതാണ്'. സഹോദരിമാരെ മാണ്ഡവിക്കൊപ്പമാണ് അയച്ചതെന്നും അവര്‍ പറഞ്ഞു.
മാതാപിതാക്കളുടെ അനുമതിയോടെ വീട്ടുജോലിക്കായി എത്തിയ പെണ്‍കുട്ടികളെയും ബന്ധുവിനെയും കൂട്ടാനെത്തിയ കന്യാസ്ത്രീകളെയും വെള്ളിയാഴ്ച പകല്‍ എട്ടരയോടെ ബജരംഗ്ദളുകാര്‍ ട്രെയിനില്‍ തടഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കം. ടിടിഇ അറിയിച്ചതനുസരിച്ചാണ് ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ റെയില്‍വെ സ്റ്റേഷനിലെത്തി ആള്‍ക്കൂട്ട വിചാരണയ്ക്കും അതിക്രമത്തിനും കന്യാസ്ത്രീകളെ വിധേയരാക്കിയത്. മതപരിവര്‍ത്തനമല്ലെന്നും ജോലിക്കായി പോകുകയാണെന്ന് പറഞ്ഞിട്ടും ചെവിക്കൊണ്ടില്ല. മാതാപിതാക്കളുടെ സമ്മതപത്രം കാണിച്ചിട്ടും അതിക്രമം തുടര്‍ന്നു. ബജ്രംഗ്ദളുകാര്‍ തന്നെയാണ് കന്യാസ്ത്രീകളെ പൊലീസ് സ്റ്റേഷനിലെത്തിച്ചത്.
കന്യാസ്ത്രീകള്‍ക്കെതിരെ 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗുരുതര വകുപ്പുകളും ചുമത്തിയിട്ടുണ്ട്. സിസ്റ്റര്‍ പ്രീതി മേരിയെ ഒന്നാംപ്രതിയും സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസിനെ രണ്ടാം പ്രതിയുമാക്കിയാണ് കേസ്. നിര്‍ബന്ധിത മതപരിവര്‍ത്തനം (ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമം- നാലാം വകുപ്പ്), മനുഷ്യക്കടത്ത് (ഭാരതീയ ന്യായ സംഹിത- 143-ാം വകുപ്പ്), രാജ്യവിരുദ്ധ പ്രവര്‍ത്തനം(ബിഎന്‍എസ് 152-ാം വകുപ്പ്) തുടങ്ങി ഗുരുതര വുകപ്പുകളാണ് ചുമത്തിയിരിക്കുന്നത്. 10 വര്‍ഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കാം. ആദ്യ എഫ്ഐആറില്‍ പൊലീസ് 'നിര്‍ബന്ധിത മതപരിവര്‍ത്തനം' കുറ്റം ചുമത്തിയിരുന്നില്ല. ബജ്രംഗ്ദളിന്റെ സമ്മര്‍ദത്തെഫലമായി പിന്നീട് ഈ വകുപ്പും രാജ്യവിരുദ്ധ പ്രവര്‍ത്തനത്തിനുള്ള 152-ാം വകുപ്പും ഉള്‍പ്പെടുത്തിയത്.
മനുഷ്യക്കടത്തിനും മതപരിവര്‍ത്തനത്തിനും ശ്രമിച്ചതിനുള്ള അതീവ ഗുരുതര കേസാണ് കന്യാസ്ത്രീകള്‍ക്കെതിരെയുള്ളതെന്നായിരുന്നു ഛത്തീസ്ഗഡ് മുഖ്യമന്ത്രി വിഷ്ണുദേവ് സായിയുടെ പ്രതികരണം. അതേസമയം വിഷയത്തില്‍ നാളെ വിവിധ സഭകള്‍ ചേര്‍ന്ന് പ്രതിഷേധം സംഘടിപ്പിക്കാന്‍ ഒരുങ്ങുകയാണ്. വിഷയം ദേശീയ തലത്തില്‍ അടക്കം വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിട്ടുണ്ട്.